കോവിഡിനെ പരാജയപ്പെടുത്തിയ വിജയാരവത്തിനിടയിലാണ്‌ വൈറസിന്റെ ജനിതക പരിവർത്തനത്തിലൂടെ രണ്ടാംതരംഗം കടന്നുവരുന്നത്‌. കോവിഡ്‌ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച്‌ നിൽക്കുന്ന ഭീതിദമായ അന്തരീക്ഷം എങ്ങനെയുണ്ടായിയെന്ന വിമർശനാത്മകമായ വിലയിരുത്തൽ ഈ ഘട്ടത്തിൽ അനിവാര്യമാണ്‌. ഇന്നത്തെ പ്രതിസന്ധിക്ക്‌ ഉത്തരവാദികൾ നാം തന്നെയല്ലേ? കോവിഡ്‌ രോഗബാധയുടെ ആദ്യഘട്ട‌ത്തിൽ നമുക്കുണ്ടായിരുന്ന സൂക്ഷ്മതയും ജാഗ്രതയും എങ്ങനെ കൈമോശം വന്നു? സങ്കുചിതമായ രാഷ്ട്രീയാധികാര താത്പര്യങ്ങൾക്കായി അമിതമായ അവകാശവാദങ്ങളുമായി മത്സരസ്വഭാവത്തോടെ ഭരണാധികാരികൾ രംഗത്തുവന്നു.

പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടുന്നതിനെക്കാൾ, കൈവരിച്ച നേട്ടങ്ങൾ പർവതീകരിച്ച്‌ പ്രചരിപ്പിക്കാനായിരുന്നു അധികാരകേന്ദ്രങ്ങൾ ശ്രദ്ധിച്ചത്‌. അതിന്റെ ഫലം നിയന്ത്രണാതീതമായ നിലയിലുള്ള കോവിഡ്‌ രോഗവ്യാപനത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാംസ്ഥാനത്തേക്കും ദേശീയ തലത്തിൽ കേരളം മുൻനിരയിലേക്കും വളർന്നുകൊണ്ടിരിക്കുന്നു. ജനിതകപരിവർത്തനത്തിലൂടെയുള്ള വൈറസിന്റെ തീവ്രതയെ സംബന്ധിച്ച്‌ ലോകാരോഗ്യസംഘടനയും ഐ.സി.എം.ആറും മതിയായ മുന്നറിയിപ്പുകൾ കാലേക്കൂട്ടി നൽകിയതാണ്‌. നിർഭാഗ്യവശാൽ വിജയയാരവത്തിനിടയിൽ നമുക്കത്‌ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

 മുന്നറിയിപ്പുണ്ടായിട്ടും നടപടിയുണ്ടായില്ല
കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ രൂപവത്‌കരിച്ച ഉദ്യോഗസ്ഥ തലത്തിലുള്ള 11 ഉന്നതാധികാര സമിതികളിലൊന്നായ 6-ാം ഗ്രൂപ്പ്‌ (EG-VI) 2020 ഏപ്രിൽ ഒന്നിന്‌ യോഗം ചേർന്ന്‌ രാജ്യത്തെ മെഡിക്കൽ ഓക്സിജൻ ലഭ്യതയെ സംബന്ധിച്ച്‌ ചർച്ചചെയ്തതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസെക്രട്ടറി ഗുരുപ്രസാദ്‌ മഹോപാത്രയുടെ നേതൃത്വത്തിൽ ഒൻപതംഗ സമിതിക്ക്‌ രൂപം നൽകി. കോവിഡിനെ നേരിടാൻ മതിയായ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുക എന്നത്‌ മാത്രമായിരുന്നു ഒരു വർഷംമുമ്പ്‌ രൂപവത്‌കരിച്ച സമിതിയുടെ പ്രധാന ദൗത്യം.

രാംഗോപാൽ യാദവ്‌ അധ്യക്ഷനായുള്ള ആരോഗ്യ കുടുംബക്ഷേമ പാർലമെന്ററികാര്യസമിതി രാജ്യത്തിന്‌ താങ്ങാൻ കഴിയുന്ന നിരക്കിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന ശുപാർശ അടങ്ങുന്ന റിപ്പോർട്ട് 2020 നവംബർ 21-ന്‌ പാർലമെന്റിൽ സമർപ്പിച്ചിരുന്നു. പാർലമെന്ററിതലത്തിലും ഉദ്യോഗസ്ഥതലത്തിലും വരാനിരിക്കുന്ന ഗുരുതരമായ ഓക്സിജൻ ദൗർലഭ്യത്തെക്കുറിച്ച്‌ ഒരുവർഷം മുമ്പുതന്നെ മുന്നറിയിപ്പ്‌ നൽകിയിട്ടും ഒരു തുടർനടപടിയും സ്വീകരിക്കാൻ കഴിഞ്ഞില്ലായെന്നത്‌ ഭരണപരമായ വീഴ്ചയാണ്‌.

ഇന്ത്യയിലെ 150 ജില്ലാ ആശുപത്രികളിലായി 201 കോടി രൂപ ചെലവഴിച്ച്‌ 162 ഓക്സിജൻ പ്ലാന്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ 2020 ഒക്ടോബറിൽ ടെൻഡർ വിളിച്ച്‌ ആറു മാസം കഴിഞ്ഞിട്ടും ഇതുവരെ സ്ഥാപിക്കാൻ കഴിഞ്ഞത്‌ കേവലം 33 പ്ലാന്റുകൾ മാത്രമാണ്‌.

വാക്സിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഗവൺമെന്റ്‌ കണക്കനുസരിച്ച്‌ 2021 ഓഗസ്റ്റോടെ 70 ശതമാനത്തിൽ അധികം പേർക്ക്‌ വാക്സിനേഷൻ നൽകാൻ കഴിഞ്ഞാൽ മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകൂ. ആഭ്യന്തരവിപണിയിൽ നാം ഉത്പാദിപ്പിക്കുന്നത്‌ പ്രതിമാസം ഏഴുകോടി മുതൽ പത്തുകോടി ഡോസ്‌ വരെ മാത്രം. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റണമെങ്കിൽ പ്രതിമാസം ആവശ്യമായി വരുന്നത്‌ 15 കോടി മുതൽ 20 കോടി ഡോസ്‌ വരെ. പ്രതിമാസം ആവശ്യമുള്ളതിന്റെ പകുതിമാത്രം ഉത്പാദിപ്പിക്കുന്ന നമ്മുടെ രാജ്യത്തിന്‌ എങ്ങനെ ലക്ഷ്യം കൈവരിക്കാൻ കഴിയും?

 ആരോഗ്യമേഖലയെ തകർക്കുന്ന വാക്സിൻനയം
കോവിഡ്‌ രോഗപ്രതിരോധ പ്രവർത്തനത്തിൽ പിന്നിലാക്കിയെന്ന്‌ നാം അവകാശപ്പെടുന്ന അമേരിക്ക 2020 ഓഗസ്റ്റിൽത്തന്നെ 40 കോടി വാക്സിൻ ഡോസിനും യൂറോപ്യൻ യൂണിയൻ 2020 നവംബറിൽ 80 കോടി വാക്സിൻ ഡോസിനും മുൻകൂറായി ഓർഡർ നൽകിക്കഴിഞ്ഞു. 16 കോടി വാക്സിൻ ഡോസിന്‌ ഇന്ത്യ ഓർഡർ നൽകുന്നത്‌ 2021 ജനുവരിയിൽ മാത്രം. നമുക്കാവശ്യമായ വാക്സിൻ ആഭ്യന്തരവിപണിയിൽ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോൾ വിദേശവിപണിയെ ആശ്രയിക്കുകമാത്രമാണ്‌ ഏകമാർഗം.

ഇപ്പോഴുള്ള സ്ഥിതിയാണ്‌ തുടരുന്നതെങ്കിൽ 2022 സെപ്‌റ്റംബറിൽ മാത്രമേ 70 ശതമാനം വാക്സിനേഷൻ പൂർത്തീകരിക്കാൻ കഴിയൂ. സർക്കാരിന്റെ പുതിയ വാക്സിൻനയം പൊതുജനാരോഗ്യ മേഖലയെ തകർക്കുന്നതാണ്‌.
ഒന്നാംസ്ഥാനത്തിനുവേണ്ടിയുള്ള അനാരോഗ്യകരമായ രാഷ്ട്രീയ മത്സരത്തിനിടയിൽ പൊലിഞ്ഞുവീഴുന്നത്‌ വിലപ്പെട്ട ജീവനുകളാണ്‌. അവകാശവാദങ്ങളും വെല്ലുവിളികളും അവസാനിപ്പിച്ച്‌ മഹാമാരിയെ അതിജീവിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിതമായ പ്രവർത്തനമാണ്‌ ആവശ്യം. വിജയാരവം മുഴക്കുകയല്ല, മറിച്ച്‌ കോവിഡിനെ അതിജീവിച്ച്‌ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരിക്കണം നമ്മുടെ ദൗത്യം.

Content Highlights: covid 19, public health