കോവിഡ് പ്രതിരോധം
2020 ജൂൺമുതൽ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നത് സംസ്ഥാനത്തിനകത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവരുടെ ആക്ഷേപങ്ങളും അതോടൊപ്പം വർധിച്ചു. മഹാമാരിയുടെ വ്യാപ്തി വർധിക്കുകയും നിയന്ത്രണ സംവിധാനങ്ങൾ പാളുകയും ചെയ്യുന്നതോടെ മറ്റേതു സംസ്ഥാനത്തെയും പോലെ കേരളവും കോവിഡിനുമുന്നിൽ പകച്ചുപോകുമെന്ന ഒരു ധാരണ സംസ്ഥാനത്തിനകത്തും പുറത്തും ഇതിനകം വ്യാപിക്കുകയും ചെയ്തു. രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം പോലീസിനു കൈമാറുകയും പിന്നീടത് ആരോഗ്യ വകുപ്പിനുതന്നെ തിരികെ നൽകുകയുംചെയ്ത നടപടികളെല്ലാം ഈ ആശങ്കയുടെ പരിണതഫലങ്ങളാണ്.
എന്നാൽ, രോഗവ്യാപനം മന്ദഗതിയിലാക്കുന്നതിലും മരണനിരക്ക് കുറച്ചുനിർത്തുന്നതിലും കേരളം കൈവരിച്ച വിജയത്തെക്കുറിച്ചു മനസ്സിലാക്കാൻ മറ്റ് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വസ്തുതകൾ ഇവിടത്തെ വിദഗ്ധർ പരിശോധിക്കാത്തതെന്താണ്?
ഈ സംഖ്യകൾ എന്താണ് പറയുന്നത്
ഓഗസ്റ്റ് 22-ലെ കണക്കുപ്രകാരം, പത്തുലക്ഷത്തിൽ 6202 പേർക്ക് ആന്ധ്രാപ്രദേശിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇത് 4772 പേർക്കും കർണാടകത്തിൽ 3948 പേർക്കും തെലങ്കാനയിൽ 2548 പേർക്കുമാണ്. എന്നാൽ, കേരളത്തിലാകട്ടെ പത്തുലക്ഷത്തിൽ 1505 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ശരീരസ്രവങ്ങളിലൂടെ പകരുന്ന വ്യാധിയായതിനാൽ എല്ലാ സംസ്ഥാനത്തും ഒരേരീതിയിൽ രോഗം പടർന്നുപിടിക്കുമെന്ന സാഹചര്യംകൂടി നമ്മൾ പ്രതീക്ഷിക്കണം. എന്നാൽ, ഇതിൽ എടുത്തുപറയത്തക്ക കുറവുണ്ടായിട്ടുണ്ടെങ്കിൽ അത് രോഗം നിയന്ത്രണത്തിനായി സ്വീകരിച്ച നടപടികളുടെ ഫലം തന്നെയാണ്. രോഗവ്യാപനത്തിന്റെ വേഗം കുറയ്ക്കുന്നതിൽ കേരളം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു എന്നുതന്നെയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
സി.എഫ്.ആർ. താരതമ്യം
വൈറസിന്റെ തീവ്രതയും ആരോഗ്യക്ഷേമ സംവിധാനത്തിന്റെ നിലവാരവുമാണ് മരണനിരക്ക് നിശ്ചയിക്കുന്ന ഘടകങ്ങൾ. മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലെയെല്ലാം ആരോഗ്യരക്ഷാസംവിധാനം ഒരേ നിലവാരത്തിലുള്ളതാണെങ്കിൽ അവിടങ്ങളിലെ മരണനിരക്കിലും സാമ്യമുണ്ടാവണം. കേസ് മരണനിരക്ക് അഥവാ സി. എഫ്.ആർ. നമുക്ക് പരിശോധിക്കാം. നാലുതരത്തിലുള്ള കണക്കാണ് നമ്മുടെ പക്കലുള്ളത്. ആകെ രോഗികളുടെ എണ്ണം, ചികിത്സയിലുള്ളവർ, രോഗമുക്തി നേടിയവർ, മരിച്ചവർ. മരിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും കേസ് ഫയലുകൾ ക്ലോസ് ചെയ്തതാണ്. മരണസംഖ്യയും ക്ലോസ് ചെയ്ത ഫയലുകളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ് സി.എഫ്.ആർ.
സി.എഫ്.ആർ. കണക്കുകൾ സൂചിപ്പിക്കുന്നതെന്താണ്? -കർണാടകം 2.49, തമിഴ്നാട് 2.02, ആന്ധ്രാപ്രദേശ് 1.25, തെലങ്കാന 0.95, കേരളം 0.57 എന്നിങ്ങനെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സി.എഫ്.ആർ. നിരക്ക്. അതായത്, ഇതിലും ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തിൽത്തന്നെ. വീഴ്ചകളുണ്ടായാൽ അത് കണ്ടെത്തി തിരുത്തുകയും അതോടൊപ്പംതന്നെ പ്രശംസ അർഹിക്കുന്നവർക്ക് അത് നൽകുകയും വേണം.
മനോവീര്യം നഷ്ടപ്പെടരുത്, അമിത ആത്മവിശ്വാസവും വേണ്ടാ
ആഗോളതലത്തിൽത്തന്നെ കോവിഡിനെ ഏറ്റവും മികച്ചരീതിയിൽ കൈകാര്യംചെയ്തവരുടെ പട്ടികയിലാണ് കേരളം. മനോവീര്യം നഷ്ടപ്പെട്ടുപോകാതെ ഇതേ പാതയിൽത്തന്നെ മുന്നോട്ടുപോകുകയാണ് കേരളം ചെയ്യേണ്ടത്. ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകാം. എന്നാൽ, അമിത ആത്മവിശ്വാസം ഉണ്ടാകുകയുമരുത്. കോവിഡ് പ്രതിരോധ വാക്സിൻ യാഥാർഥ്യമാകുന്നതുവരെ ഇതേ വിജയം തുടർന്നുപോകാൻ കേരളത്തിനാകുകയും ചെയ്യും.
വാക്സിനേഷൻ ആസൂത്രണങ്ങൾ ഇപ്പോഴേ തുടങ്ങണം
വാക്സിനേഷൻ നടപടിക്രമങ്ങൾ കേരളം ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്തുതുടങ്ങണം. രോഗവ്യാപനം ഏറ്റവും മൂർധന്യാവസ്ഥയിലെത്തുകയും പതിയെ കുറഞ്ഞുവരുകയും ചെയ്താലും വൈറസിന്റെ സാന്നിധ്യം സമൂഹത്തിലുണ്ടാകുമെന്നത് തീർച്ചയാണ്. ഈ സാഹചര്യത്തെയാണ് ‘എൻഡെമിക്’ എന്നു പറയുന്നത്. എൻഡെമിക് കാലത്തെ വൈറസ് വ്യാപനം വളരെ മന്ദഗതിയിലായിരിക്കും. എന്നാൽ, വൈറസിന്റെ തീവ്രത ഇപ്പോഴുള്ളതുപോലെയോ അതിലും കൂടുതലോ ആകാം. പ്രായംചെന്നവരിലും മറ്റ് ഗുരുതര രോഗങ്ങളുള്ളവരിലും അത് മരണകാരണമായി ത്തീരുകയും ചെയ്യും.
അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ മുൻനിർത്തി എല്ലാക്കാലത്തും വൈറസ് ഭീഷണിയുണ്ടെന്ന വിശ്വാസത്തിൽ ശക്തമായ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. ഓരോരുത്തരും പ്രതിരോധ വാക്സിൻ സ്വീകരിക്കുകയോ അതുമല്ലെങ്കിൽ വൈറസ് പൂർണമായി തുടച്ചുമാറ്റപ്പെടുകയോ ചെയ്യുന്നതുവരെ ആരുടെയും ജീവിതം സാധാരണ നിലയിലേക്കെത്താൻ പോകുന്നില്ല.
കോവിഡിനെ തുരത്താൻ എന്തുചെയ്യണം
കോവിഡിനെ സംസ്ഥാനത്തുനിന്ന് തുരത്താൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? കോവിഡിനെതിരേ പ്രതിരോധശേഷി നേടുകയെന്നതാണ് ഇവിടെ നമ്മെ സഹായിക്കുക. കോവിഡ് വാക്സിൻ യാഥാർഥ്യമാകുമ്പോഴേക്കും രണ്ടു വിഭാഗത്തിലുള്ള ആളുകളാകും ഉണ്ടാകുക. ഒന്ന് രോഗം വന്നതുകാരണം പ്രതിരോധശേഷി നേടിയവരും ഇനി രോഗം വരാനുള്ളവരും. കുട്ടികൾ ജനിക്കുംതോറും ഇനിയും രോഗസാധ്യതയുള്ളവരുടെ വിഭാഗത്തിന്റെ സംഖ്യ കൂടിക്കൊണ്ടേയിരിക്കും. ഇതിൽ 75 ശതമാനം പേരെയും വാക്സിനേഷനിലൂടെ പ്രതിരോധശേഷിയുള്ളവരായി പരിവർത്തനപ്പെടുത്താനാകും. അതായത്. പ്രതിരോധശേഷിയുള്ളവർ 75 ശതമാനമാകുമ്പോഴേക്കും വൈറസ് വ്യാപനം പതിയെ അവസാനിച്ചുതുടങ്ങും എന്ന് പ്രതീക്ഷിക്കാം.
രോഗം വന്നിട്ടില്ലാത്ത മുഴുവൻ ആളുകളെയും ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാക്കാൻ കേരളത്തിനാകുമെങ്കിൽ, പരിശോധനാഫലം പോസിറ്റീവാകുന്നവരെ വാക്സിൻ നൽകുന്നതിൽനിന്നും ഒഴിവാക്കാം. വാക്സിന് ഔദ്യോഗികാനുമതി ലഭിക്കുന്ന അതേദിവസംതന്നെ ആന്റിബോഡി പരിശോധനയും ആരംഭിക്കണം. നെഗറ്റീവ് ആകുന്നവർക്കുമാത്രം വാക്സിൻ നൽകണം. ഇതിനായുള്ള ആസൂത്രണം ഇപ്പോൾത്തന്നെ തുടങ്ങുകയും കഴിയുന്നതുംവേഗം പൂർത്തിയാക്കുകയും വാക്സിൻ രജിസ്റ്റർ ചെയ്യുന്ന അതേദിവസംതന്നെ നടപടികൾ തുടങ്ങുകയും വേണം. ഒരുദിവസത്തെപ്പോലും അമാന്തമരുത്.
വൈറസ് നിർമാർജനം ആത്യന്തിക ലക്ഷ്യമായിക്കണ്ട് മുന്നോട്ടുപോകാൻ തയ്യാറായാൽ കോവിഡ് വെല്ലുവിളിയേറ്റെടുത്ത് മികച്ചപ്രകടനം നടത്തിയ സംസ്ഥാനമെന്ന അഭിമാനത്തിനുപുറമേ ആഗോള നേതൃമാതൃകയെന്ന ഖ്യാതിയും കേരളത്തിന് കൈവരും. വൈറസ് നിർമാർജനം എന്ന ലക്ഷ്യം മുന്നോട്ടുവെക്കപ്പെടുന്നത് ഒരുപക്ഷേ, ലോകത്തുതന്നെ ആദ്യമായിരിക്കും. പരാജയഭീതി കേരളത്തെ പിന്തിരിപ്പിക്കരുത്. ലോകം കേരളത്തെക്കണ്ടു പഠിക്കുന്ന കാലം വരും. അതാണ് ശരിയായ സ്വാശ്രയത്വം.
(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വൈറോളജി റിസർച്ച് സെന്റർ മുൻ തലവനാണ് ലേഖകൻ)