കോവിഡ് പ്രതിരോധിക്കാൻ ജീവൻവരെ പണയപ്പെടുത്തി ഒട്ടേറെ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും നിസ്വാർഥസേവനം നടത്തി വരുകയാണ്. ഇതിനകം ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക്‌ രോഗം ബാധിക്കയും ഒരു ഡോക്ടർ മരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് സാമൂഹിക പ്രതിബദ്ധതയോടെ വൈദ്യസമൂഹം പ്രവർത്തിച്ചുവരുന്നത്. കോവിഡ് രോഗികളെ കാലേക്കൂട്ടി കണ്ടെത്തി ഉചിതമായ ചികിത്സ നൽകുന്നതുകൊണ്ടാണ് കോവിഡ് മരണനിരക്ക് ഏറ്റവും കുറച്ചു കൊണ്ടുവരാൻ നമുക്ക് കഴിയുന്നത്. 

നമ്മുടെ ആതുരസേവന പാരമ്പര്യം
ഈ സാഹചര്യത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ. പൽപ്പു (1863-1950) പ്ലേഗ്, വസൂരി തുടങ്ങിയ മഹാമാരികൾക്കെതിരേ നടത്തിയ പ്രവർത്തനങ്ങൾ ഓർമിക്കപ്പെടേണ്ടതാണ്. 1896-ൽ െബംഗളൂരു നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് അദ്ദേഹം പോരാടിയത്.  ഡോ. പൽപ്പുവിന്റെ സീനിയർമാരായിരുന്ന ഡോക്ടർമാർ പ്ലേഗിനെ ഭയന്ന് സേവനരംഗത്തുനിന്ന്‌ ഒഴിഞ്ഞുമാറുകയാണുണ്ടായത് ഡോക്ടർ പൽപ്പുവായിരുന്നു പ്ലേഗ് നിവാരണത്തിനുള്ള സ്പെഷ്യൽ ഓഫീസർ. മൈസൂരുവിലെ പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായിരുന്നു അദ്ദേഹം. സ്വന്തം ജീവൻപോലും അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്ലേഗ് രോഗം ബാധിച്ചവരെ പരിചരിക്കാൻ അദ്ദേഹം തയ്യാറായി. മരണപത്രം നേരത്തേ കൂട്ടി ഒപ്പിട്ട് അധികാരികൾക്ക് സമർപ്പിച്ചിട്ടാണ് അദ്ദേഹം കർമനിരതനായത്. പ്ലേഗ് ക്യാമ്പിൽ ദിനംപ്രതി ശരാശരി അമ്പത് വീതം മരണമുണ്ടായിരുന്നു. ചില ദിവസങ്ങളിൽ നൂറ്റമ്പത് മരണംവരെ ഉണ്ടായിട്ടുണ്ട്. ബെംഗളൂരുവിൽ മാത്രം പതിനയ്യായിരം പേരാണ് പ്ലേഗ് മൂലം മരണമടഞ്ഞത്. ഡോ. പൽപ്പുവിന്റെ ക്യാമ്പിൽനിന്ന് നോക്കിയാൽ എട്ട് ശ്മശാനങ്ങളിൽ രാപകൽ ദേദമെന്യേ ശവം കത്തിക്കൊണ്ടിരിക്കുന്നത് കാണാമായിരുന്നു.  ഡോ. പൽപ്പു നാട്ടിലുള്ള തന്റെ ഒരു സ്നേഹിതനയച്ച കത്തിൽ ഇങ്ങനെ എഴുതി:‘എന്റെ ക്യാമ്പിന് ചുറ്റുമുള്ള എട്ടു ചുടലകളിലായി എട്ടു ശവങ്ങൾ ഇപ്പോൾ വെന്തുകൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങൾ വെന്തുകഴിഞ്ഞാൽ ഉടൻ ചിതയിൽവെക്കത്തക്കവിധം നാല്പത്തിമൂന്നു ശവങ്ങൾ കഴുകി തയ്യാറാക്കിെവച്ചിരിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ കാശിയിലെ ശ്മശാനത്തിൽ ദണ്ഡുമൂന്നി നിന്നിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിനെപ്പോലെ അധികാര ദണ്ഡുമായി ഞാൻ നിൽക്കുന്നു. മനുഷ്യൻ എലികളെപ്പോലെ ചത്തുവീഴുകയും ജീവിതത്തെക്കാൾ അധികം മരണത്തെ പ്രദർശിപ്പിക്കയും ചെയ്യുന്നു െബംഗളൂരു നഗരം. മരണം മരണവും ചുമതല ചുമതലയും.’ 

കർമയോഗിയായ മലയാളി
പ്ലേഗ് ബാധ ആപത്കരമാം വിധം പടരാതെ നിയന്ത്രിക്കാൻ പൽപ്പുവിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോൾ ഇന്ത്യൻ സർക്കാരിലെ സർജന്റ് ജനറലും സാനിറ്ററി കമ്മിഷണറും മൈസൂരു സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഡോ. പൽപ്പുവിന്റെ ക്യാമ്പുകൾ മറ്റ് ക്യാമ്പുകളെ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവർ കണ്ടെത്തി. ഡോക്ടർ പൽപ്പുവിന്റെ പൊതുജനാരോഗ്യ സംരക്ഷണപാടവത്തെ അവർ പുകഴ്ത്തി. ബ്രിട്ടീഷ് രാജ്ഞി ആഫ്രിക്കയിൽ ജോലി വാഗ്ദാനം നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. 

മാതൃകാപാഠങ്ങൾ
ഡോ. പൽപ്പുവിന്റെ നീതിബോധത്തെ ഓർമിപ്പിക്കുന്ന ഒരുസംഭവം എടുത്തു പറയേണ്ടതാണ് അദ്ദേഹം മൈസൂരുവിലെ ഡെപ്യൂട്ടി സാനിറ്ററി കമ്മിഷണറായിരുന്ന കാലത്ത്‌ ഒരു സംഭവമുണ്ടായി. മൈസൂരുവിൽ പടർന്നുപിടിച്ച വിഷൂചികയ്ക്ക് കാരണം കുഴൽവെള്ളത്തിൽനിന്നുള്ള രോഗാണുക്കൾ കലർന്ന കുടിവെള്ളമാണെന്ന് അദ്ദേഹം കണ്ടെത്തി. കെമിക്കൽ എക്‌സാമിനർ തന്റെ ബന്ധുവായ കുഴൽവെള്ള വിതരണക്കാരനെ രക്ഷിക്കാനായി - കുഴൽവെള്ളം ശുദ്ധമാണെന്ന് റിപ്പോർട്ട് ചെയ്തു. ഡോ. പൽപ്പു കുഴൽവെള്ളം പരിശോധനയ്ക്കായി ചെന്നൈ യിലേക്കും  മുംബൈയിലേക്കും അയച്ചു. അവിടെനിന്ന്‌ വെള്ളത്തിൽ രോഗാണുക്കളുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചു. ഉന്നതോദ്യോഗസ്ഥർക്ക് ഡോ. പൽപ്പുവിന്റെ സത്യസന്ധമായ നിലപാട് രസിച്ചില്ല. അദ്ദേഹത്തെ ഡിവിഷൻ സാനിറ്ററി ഓഫീസറായി തരംതാഴ്ത്തി. എങ്കിലും തന്റെ നിലപാടിൽ മാറ്റംവരുത്താനോ മേലധികാരികളുടെ മുന്നിൽ തലതാഴ്ത്താനോ അദ്ദേഹം തയ്യാറായില്ല.

ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യകാലത്ത് അദ്ദേഹം ജോലിനോക്കിയത്. എന്നാൽ, വാക്സിന് ഗുണനിലവാരമില്ല എന്ന പേരിൽ സർക്കാർ സ്ഥാപനം അടച്ചു. തുടർന്ന്, െബംഗളൂരുവിൽ മൈസൂരു സർക്കാരിന്റെ കീഴിൽ ഒരു പുതിയ വാക്സിൻ നിർമാണശാല തുടങ്ങിയപ്പോൾ ഡോ. പൽപ്പു അതിന്റെ മേൽനോട്ടക്കാരനായി നിയമിതനായി. എന്നാൽ, മേലുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരം മൂലം സ്ഥാപനം നിർത്തുകയാണുണ്ടായത്. എങ്കിലും ഡോ. പൽപ്പുവിന്റെ ശ്രമഫലമായി 120 രൂപ ലിംഫ് ശേഖരണത്തിനായി അദ്ദേഹം അനുവദിച്ചെടുത്തു. കന്നുകുട്ടികളെ വാങ്ങി അദ്ദേഹം വാക്സിൻ നിർമാണം പുനരാരംഭിച്ചു. അതിൽനിന്ന് വരുമാനം വർധിച്ചു തുടങ്ങി. താമസിയാതെ സർക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വർധിക്കുകയും ലിംഫ് നിർമാണത്തിന് കൂടുതൽ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറംരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയും മികച്ച ഗുണ നിലവാരത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം ലഭിക്കയുംചെയ്തു.

കോവിഡ് പ്രതിരോധിക്കുന്നതിൽ വൈദ്യസമൂഹം കാട്ടിവരുന്ന നിസ്വാർഥ സേവനതാത്പര്യവും ഉത്സാഹവും ഡോ. പൽപ്പു പ്ലേഗ് രോഗനിയന്ത്രണത്തിനും വാസ്കിൻ നിർമാണത്തിനും പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിനുമായി നടത്തിയ മഹനീയ സേവനങ്ങളെ അനുസ്മരിപ്പിക്കുന്നു. തന്റെ ജീവിതത്തിലൂടെ നൽകുന്ന സന്ദേശം ഡോ. പൽപ്പുവിന്റെ മഹത്തായ മാതൃക പിന്തുടർന്നുകൊണ്ടുള്ള ആധുനിക കാലത്തെ മുന്നോട്ടുള്ള പ്രയാണമായിട്ടാണ് വൈദ്യസമൂഹത്തിന്റെ കോവിഡ്‌കാലപ്രവർത്തനങ്ങളെ വിലയിരുത്തേണ്ടത്.