• 0.37% സംസ്ഥാനത്ത്‌ രോഗബാധിതരായ 5,71,873 പേരിൽ   ഇതുവരെ മരിച്ചത്‌ 2096 പേര്‍
  • 1.46%  ഇന്ത്യയിൽരോഗബാധിതരായ 92,00,407 പേരിൽ  ഇതുവരെ മരിച്ചത്‌ 1,34,477 പേര്‍

കേരളത്തിൽ കോവിഡ് മരണനിരക്ക് മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് വളരെയേറെ താഴെയാണെന്നത് ഏറെ ആശ്വാസകരമായ കാര്യമാണ്. സർക്കാർ രേഖകൾ പ്രകാരം ആകെ രോഗികളുടെ 0.3 ശതമാനത്തോളം മാത്രമാണ് കേരളത്തിൽ മരിച്ചത്. ഇന്ത്യയിലത് ഒന്നര ശതമാനത്തിനടുത്താണ്. പാശ്ചാത്യരാജ്യങ്ങളിലാകട്ടെ അഞ്ചുമുതൽ പത്തുശതമാനംവരെ മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരമായപ്പോഴും മരിക്കുന്നവരുടെ എണ്ണം 25-ൽ താഴെയായിരുന്നു. മറ്റു പല സ്ഥലങ്ങളിലും മരണനിരക്ക് ഉയർന്നുനിന്നപ്പോൾ കേരളത്തിൽ ഇത്രമാത്രം കുറഞ്ഞതിന്റെ കാരണം പഠനവിധേയമാക്കേണ്ടതുണ്ട്. മറ്റുസ്ഥലങ്ങളിലും സമാനമായ അവസ്ഥയിൽ ഉപകാരപ്രദമാകുന്ന ഒന്നാക്കിമാറ്റാൻ ഈ പഠനഫലങ്ങളെ ഉപയോഗിക്കാനാകുമെന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം.

റിവേഴ്‌സ്‌ ക്വാറന്റീൻ ഘടകം

മരണനിരക്ക് കൂടിയ വിദേശരാജ്യങ്ങളിലെ സ്ഥിതി പരിശോധിക്കുമ്പോൾ അനുമാനിക്കാവുന്ന ഒരു കാര്യമുണ്ട്. അവിടെ വൃദ്ധജനങ്ങളിൽ നല്ലൊരുപങ്കും വൃദ്ധസദനങ്ങളിലാണ് കഴിയുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ ഒരാൾക്ക് രോഗം വന്നാൽ അത് വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക്‌ പകരുകയും മരണസംഖ്യ ഉയരുകയും ചെയ്യും. ഈ വൃദ്ധസദനങ്ങളിലെ കെയർടേക്കർമാർ പൊതുവേ ചെറുപ്പക്കാരാണ്. ഇവർക്ക് പുറത്തുനിന്ന് രോഗം ലഭിച്ചാൽത്തന്നെ ലക്ഷണങ്ങളുണ്ടാകണമെന്നില്ല. അവരിൽനിന്ന് അന്തേവാസികളിലേക്ക് രോഗം പകർന്നാണ് പലയിടത്തും മരണനിരക്ക് വർധിക്കാനിടയായിട്ടുള്ളത്. ഇത്തരമൊരു സാഹചര്യമില്ലാത്തതും അപകടസാധ്യതയേറിയ വൃദ്ധരെ ഉൾപ്പെടെ റിവേഴ്‌സ് ക്വാറന്റീനിലാക്കാൻ സാധിച്ചതുമാകണം കേരളത്തിലെ മരണനിരക്ക് കുറച്ചുനിർത്താൻ സഹായകമായ ഒന്നാമത്തെ ഘടകമെന്നു കരുതാം.

രോഗം ഉണ്ടാകാൻ സാധ്യതയുള്ളവരെയും രോഗമുള്ളവരെയും മറ്റുള്ളവരിൽനിന്ന് അകറ്റി നിർത്തുന്നതാണ് ക്വാറന്റീൻ. ഇവരിൽനിന്ന് മറ്റാരിലേക്കും രോഗം പകരരുത് എന്ന ലക്ഷ്യത്തോടെയാണ് ക്വാറന്റീൻ നടപ്പാക്കുന്നത്. അതേസമയം, രോഗംവന്നാൽ അപകടസാധ്യത കൂടുതലുള്ള ആളുകളെ രോഗം പകർത്താൻ സാധ്യതയുള്ളവരിൽനിന്ന് അകറ്റി സംരക്ഷിച്ചു നിർത്തുന്നതാണ് റിവേഴ്‌സ് ക്വാറന്റീൻ എന്നു പറയുന്നത്. അറുപതിനുമുകളിൽ പ്രായമുള്ളവരും കാൻസർ, പ്രമേഹം, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങി കോവിഡ് ബാധിച്ചാൽ മരണകാരണമായേക്കാവുന്ന തരത്തിൽ അപകടസാധ്യതയുള്ളവരെയെല്ലാം റിവേഴ്‌സ് ക്വാറന്റീൻ ചെയ്യുകയെന്ന സന്ദേശം ആദ്യംമുതൽ കേരളം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നു.

താരതമ്യേന ഉയർന്ന ജീവിതനിലവാരമുള്ളതാണ് കേരളത്തിൽ റിവേഴ്‌സ് ക്വാറന്റീൻ ശക്തമായി നടപ്പാക്കാനായതിന്റെ കാരണം. നല്ലൊരുപങ്ക് വീടുകളിലും മുറികളോടനുബന്ധിച്ചുതന്നെ നമുക്ക് ടോയ്‌ലെറ്റകളുണ്ട്. പ്രായമായവർക്കും രോഗികൾക്കും വീടുകളിൽത്തന്നെ കഴിയാനുള്ള സാമൂഹികസാഹചര്യങ്ങളും ഉറപ്പാക്കാൻ സാധിച്ചു. കേരളത്തിനു പുറത്തെ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ റിവേഴ്‌സ് ക്വാറന്റീൻ നടപ്പാക്കാനുള്ള സൗകര്യങ്ങൾ വളരെ പരിമിതമാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരാണെങ്കിൽപ്പോലും ഫ്ളാറ്റുകളുടെയും മറ്റും പരിമിതികൾ പ്രശ്നം സൃഷ്ടിച്ചെന്നിരിക്കും. മുറികളോടനുബന്ധിച്ചുള്ള ടോയ്‌ലെറ്റുകളുടെ അപര്യാപ്തതയും സാമൂഹികമായ പിന്തുണ ലഭിക്കാത്തതുമൊക്കെ അവിടെ പ്രശ്നങ്ങളാണ്.

ജീവിതശൈലീരോഗങ്ങളെ നേരിടൽ

കേരളത്തിലെ ജീവിതശൈലീരോഗങ്ങളുടെ അവസ്ഥയും അതിനെ നേരിടുന്ന രീതിയുമാണ് രണ്ടാമത്തെ ഘടകം. രക്താതിസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങളൊക്കെ കേരളത്തിൽ വളരെ നേരത്തേതന്നെ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്യുന്നുണ്ട്. തികച്ചും സാധാരണക്കാരായവർക്ക് നമ്മുടെ സാമൂഹികാരോഗ്യകേന്ദ്രങ്ങൾ വഴിയും മറ്റും സൗജന്യമായി ആവശ്യമായ മരുന്നുകൾ കൃത്യമായി നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ഫീൽഡിൽ ജോലിചെയ്യുന്ന ആശാവർക്കർമാർമുതൽ മുകളിലേക്കുള്ളവർ പുലർത്തുന്ന ജാഗ്രത വളരെ വലുതാണ്. കൊളസ്‌ട്രോൾ കുറയാനുള്ള സ്റ്റാറ്റിൻസ്, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ക്ലോപ്പിഡോഗ്രിൽ, ആസ്‌പിരിൻ തുടങ്ങിയ മരുന്നുകൾ രക്താതിസമ്മർദമോ കൊളസ്‌ട്രോളോ ഉള്ള എല്ലാവരുംതന്നെ കഴിച്ചുവരുന്ന സാധാരണ മരുന്നുകളാണ്. രോഗിയിൽ അപകടാവസ്ഥ സൃഷ്ടിക്കുന്ന കോവിഡിന്റെ പത്തോഫിസിയോളജിക്ക് എതിരുനിൽക്കുന്ന മരുന്നുകളാണിവയെന്ന് അനുമാനിക്കുന്നു.

രക്തക്കുഴലുകളിൽ ചെറിയതോതിൽ രക്തം കട്ടപിടിക്കാൻ (Micro thrombi) കൊറോണ വൈറസുകൾ കാരണമാകുന്നതാണ് കോവിഡിനെ അപകടകാരിയാക്കുന്നത്. വളരെ ചെറിയ തരികളാണ് രൂപംകൊള്ളുന്നതെങ്കിലും അവ രക്തക്കുഴലുകളിലൂടെ പല സ്ഥലങ്ങളിലെത്തി അടിഞ്ഞ് വലുതായി ആ ഭാഗത്തെ തകരാറിലാക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കിൽ ഹൃദയാഘാതത്തിനും കാരണമാകും. ശ്വാസകോശം, വൃക്ക, കരൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളെയൊക്കെ ഇവ അപകടത്തിലാക്കും. അതിന് എതിരു നിൽക്കുന്നവയാണ് മേൽപ്പറഞ്ഞ മരുന്നുകൾ. അതാകാം കേരളത്തിൽ രോഗം ഗുരുതരമാകാതിരിക്കാനുള്ള മറ്റൊരു കാരണം.

പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ

പഠിക്കാൻ താരതമ്യേന ബുദ്ധിമുട്ടുള്ള രണ്ടു വിഷയങ്ങൾകൂടി ഇതിലുണ്ട്. കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ചത് വളരെ പതിയെയാണ്. പല സംസ്ഥാനങ്ങളിലും ഏപ്രിൽ, മേയ് മാസങ്ങളിൽ രോഗികളുടെ എണ്ണം മൂർധന്യത്തിലേക്കെത്തിയിരുന്നു. കേരളത്തിൽ അത് ഒക്ടോബറിലായിരുന്നു. ഈ കാലതാമസത്തിലൂടെ രോഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിനു നമുക്ക് സമയം കിട്ടി. കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും രോഗത്തെ നേരിടാനുള്ള പരിശീലനം ഡോക്ടർമാർക്കും നഴ്‌സുമാർക്കുമൊക്കെ നൽകാനും സാധിച്ചെന്നത് പ്രധാനമാണ്. വൈറസിൽ സംഭവിച്ചേക്കാവുന്ന മാറ്റമാണ് (മ്യൂട്ടേഷൻ) അവസാനത്തെ കാര്യമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അത് എത്രമാത്രം പ്രസക്തമാണെന്നറിയില്ല. വൈറസ് മാറിയാൽത്തന്നെ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ചൂറ്റളവിൽമാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല അത്. മറ്റു സ്ഥലങ്ങളിലും അതു പ്രതിഫലിക്കേണ്ടതാണ്. ഇന്ത്യയിൽ എല്ലായിടത്തും ഒരേ സ്വഭാവമുള്ള വൈറസാണ് പടർന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്.


ഗുണംചെയ്യും സർവേ

ഇത്തരം കാര്യങ്ങൾ കണ്ടെത്താനുള്ള ഒരു സർവേക്ക്‌ കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ സംഘം രൂപംകൊടുത്തിരിക്കുകയാണ്. റിവേഴ്‌സ് ക്വാറന്റീനും ജീവിതശൈലീരോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും കോവിഡ് മരണത്തെ പ്രതിരോധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളെയും ഗ്രാമങ്ങളെയും ഉൾപ്പെടുത്തിയാണ് സർവേ. ഇതിനായി ലഭ്യമാക്കിയിട്ടുള്ള ഗൂഗിൾ ഫോമിൽ ചോദിച്ചിട്ടുള്ള ചോദ്യങ്ങൾക്ക് ആളുകളിൽ നിന്ന് ഉത്തരം ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ പഠനം നടത്തി നിഗമനങ്ങളിലെത്തുകയുമാണ് ലക്ഷ്യം. ഇത്തരം പഠനങ്ങൾ വിദേശരാജ്യങ്ങളിലും നടന്നുവരുന്നുണ്ട്. ആഗോളതലത്തിൽ കൃത്യമായ നിഗമനങ്ങളിലേക്കെത്താനുതകുന്ന വിവരങ്ങൾ സംഭാവന ചെയ്യാനും ഈ സർവേയിലൂടെ സാധിക്കും. പരമാവധി ആളുകൾ സർവേയിൽ പങ്കെടുക്കുന്നതിലൂടെമാത്രമേ ഇത് വിജയിപ്പിക്കാനാകൂ.

(ദുരന്തസ്ഥലങ്ങളിലും മഹാമാരികൾ പടരുന്നിടത്തും സേവനം നടത്തുന്ന രാജ്യാന്തര സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്സിന്റെ സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ഡെപ്യൂട്ടി സൂപ്രണ്ടുമായ ലേഖകൻ കാസർകോട്‌ കോവിഡ്‌ ആശുപത്രിയുടെ ചുമതലക്കാരനും കേരളത്തിൽനിന്ന് മുംബൈയിൽ കോവിഡ്‌ പ്രതിരോധ ദൗത്യവുമായി പോയ സംഘത്തിന്റെ തലവനുമായിരുന്നു)

Content Highlights: covid 19 death in kerala