കോവിഡ് വാക്സിനേഷൻ ഇന്ത്യയിൽ ആരംഭിക്കുമ്പോൾ ‘ജൻ ആന്തോളൻ കോവിഡ്-19 വാക്സിനേഷൻ’ പരിപാടിയുടെ ഭാഗമായി ഇന്ത്യൻ ജനതയ്ക്ക് ശാസ്ത്രീയമായി വിജയിച്ച സുരക്ഷിതമായ വാക്സിൻ ലഭ്യമാക്കുമെന്നാണ് നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി തുല്യനീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു വിതരണ സമ്പ്രദായമാണ് കോവിഡ് വാക്സിന്റെ കാര്യത്തിൽ കൈക്കൊള്ളുക എന്നും പറയുകയുണ്ടായി. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, മറ്റ് കോവിഡ് മുൻനിരപ്രവർത്തകർ, 60 വയസ്സിന് മുകളിലുള്ളവർ, 45 വയസ്സിനു മുകളിലുള്ള ഗുരുതര രോഗമുള്ളവർ എന്നിവർക്കായി വാക്സിൻ നിജപ്പെടുത്തുകയുംചെയ്തു. പിന്നീട് 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനായി കേന്ദ്രം തീരുമാനിച്ചു.

ഇന്ത്യയിൽ ഇന്ന് ഉത്പാദിപ്പിക്കുന്നത് രണ്ടുതരം വാക്സിൻ ആണ്. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്സ്‌ഫഡ് ആസ്ട്രസെ​നെക്ക-കോവീഷീൽഡ് വാക്സിനും ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കോവാക്സിനും. ഇപ്പോൾ റഷ്യ ഉത്പാദിപ്പിക്കുന്ന സ്പുട്‌നിക് വാക്സിനും ഇറക്കുമതി അനുമതി നൽകിയിട്ടുണ്ട്. തുടക്കംമുതൽ ഇന്നുവരെ ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവൻ വാക്സിനും കേന്ദ്രസർക്കാർ നേരിട്ട് എടുക്കുകയും സംസ്ഥാനങ്ങൾക്ക് സൗജന്യമായും സ്വകാര്യ ആശുപത്രികൾക്ക് ഉപഭോക്താക്കളിൽനിന്ന് ഒരു ഡോസിന് 250 രൂപ നിരക്കിൽ ഈടാക്കാൻ അനുമതി നൽകിക്കൊണ്ട്‌ വിതരണം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. ഇതിനിടെ ഇന്ത്യ 84 രാജ്യങ്ങളിലേക്കായി 65 ദശലക്ഷം ഡോസ് വാക്സിൻ കയറ്റുമതി ചെയ്തതായി പറയപ്പെടുന്നു. വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുമ്പോൾ വാക്സിൻ കയറ്റുമതി ചെയ്യുക എന്നത് അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇന്ത്യയിൽ രണ്ട്‌ ഡോസും ലഭിച്ചവർ ആകെ 16.7 ദശലക്ഷം, ഒരു ഡോസ് മാത്രം ലഭിച്ചവർ 109.6 ദശലക്ഷം.

മാറുന്ന കേന്ദ്രനയം

2021 മേയ് ഒന്നാം തീയതി പ്രാബല്യത്തിൽ വരുന്നവിധത്തിൽ കേന്ദ്രനയം വളരെ നാടകീയമായി മാറുകയാണ്. മേയ് ഒന്നുമുതൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചുകഴിഞ്ഞു. വാക്സിൻ സംഭരണത്തിൽ കാതലായ മാറ്റം വരുത്തിക്കൊണ്ട് ഇതുവരെ തുടർന്നുവന്ന വാക്സിൻനയം തന്നെ തിരുത്തിക്കുറിക്കുകയാണ് കേന്ദ്രസർക്കാർ. ഇനിമുതൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ രണ്ടായി വിഭജിക്കും. 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം പൊതുമാർക്കറ്റിൽ വിൽപ്പനയ്ക്കും. വിൽപ്പനയ്ക്കുള്ള 50 ശതമാനം സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ നൽകാൻ സംവിധാനമുള്ള മറ്റ് സ്ഥാപനങ്ങൾക്കും വാങ്ങാവുന്നതാണ്.

പ്രത്യാഘാതങ്ങൾ

ഇന്ത്യയിലെ പ്രധാന ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകംതന്നെ അവരുടെ നയം വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രസർക്കാരിന് ഡോസ് ഒന്നിന് 150 രൂപവെച്ച് നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും 600 രൂപയ്ക്കും മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്നാണ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വില നിശ്ചയിക്കുന്നതിൽ കേന്ദ്രസർക്കാർ ഏതെങ്കിലും തരത്തിൽ ഇടപെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. കേരളത്തെപ്പോലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സംസ്ഥാന സർക്കാരിന് താങ്ങാനാവാത്ത ആഘാതം തന്നെയാണിത്. കേന്ദ്രം വാങ്ങുന്ന 50 ശതമാനം വാക്സിൻ മുഴുവൻ കയറ്റുമതി ചെയ്യുമോ, കുറച്ചെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകുമോ എന്നും വ്യക്തതയില്ല. ഇപ്പോൾത്തന്നെ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതിന്റെ പത്തുശതമാനം മാത്രമാണ് ലഭ്യമാകുന്നത്. നേരിട്ട് ഫാക്ടറിയിൽനിന്ന് വാങ്ങുമ്പോൾ പലഘടകങ്ങളും വിൽപ്പനയെ ബാധിച്ചേക്കാം. മുൻകൂർ പണം നൽകുന്നവർക്കായിരിക്കും മുൻഗണന ലഭിക്കാൻ സാധ്യത. ഉത്പാദകർക്ക് എപ്പോൾ വേണമെങ്കിലും വിലകൂട്ടാം. ചുരുക്കത്തിൽ ഇന്ത്യയിലെ പാവപ്പെട്ടവന് വാക്സിൻ അപ്രാപ്യമാകുമെന്ന് സാരം.

സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവർക്കുതന്നെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 600 രൂപയ്ക്ക് വാക്സിൻ ലഭിക്കാൻ ഒരു സാധ്യതയുമില്ല. ആശുപത്രിയിലുണ്ടാകുന്ന ചെലവും സർവീസ് ചാർജും ഉൾപ്പെടെ ഒരു ഡോസിന് 800-1000 രൂപയാകാനാണ് സാധ്യത. വൻ മുതലാളിത്ത രാജ്യമായ അമേരിക്കപോലും അവരുടെ പൗരന്മാർക്ക് സൗജന്യമായി വാക്സിൻ നൽകുമ്പോഴാണ് നമ്മൾ ഇന്ത്യക്കാർക്ക് ഈ ഗതി വരുന്നത് എന്നോർക്കണം.

സിറം ഇൻസ്റ്റിറ്റ്യൂട്ട് 150 രൂപയ്ക്ക് കേന്ദ്രസർക്കാരിന് വാക്സിൻ നൽകുമ്പോൾപോലും അവർക്ക് വാക്സിൻ ഉത്പാദനം നഷ്ടത്തിൽ അല്ലെന്നു മാത്രമല്ല, ചെറിയ ലാഭം ലഭിക്കുന്നുമുണ്ട്‌. എന്നാൽ, 400/600 രൂപയ്ക്ക് വാക്സിൻ നൽകുമ്പോൾ അവരുടെ ലാഭം എത്ര വർധിക്കുമെന്ന് ഊഹിക്കാവുന്നതാണ്. കോവാക്സിനും സ്പുട്‌നിക് വാക്സിനും ഇനി വരാൻപോകുന്ന വാക്സിനുകളുമൊക്കെ ഇത്തരത്തിൽ ലാഭം ഉണ്ടാക്കും. ഈ മഹാമാരിയിൽ ഏറ്റവും കൂടുതൽ തടിച്ചുകൊഴുക്കാൻ പോകുന്ന ഭീമന്മാർ വാക്സിൻ നിർമാതാക്കളായിരിക്കും എന്ന കാര്യത്തിൽ സംശയംവേണ്ടാ.

ചുരുക്കത്തിൽ കോവിഡ്-19ന്റെ രണ്ടാം തരംഗത്തെക്കാൾ വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുകയോ, 60 ശതമാനം ജനങ്ങൾക്ക് വാക്സിൻ നൽകി സമൂഹപ്രതിരോധം (herd immunity) സൃഷ്ടിക്കുകയോ ചെയ്യുക എന്നത് ദിവാസ്വപ്നം മാത്രമാണ്. ഈ ഘട്ടത്തിൽ നമ്മുടെ ഏറ്റവും വലിയ പ്രതിരോധം അടിസ്ഥാന തന്ത്രങ്ങളായ സോപ്പ്/സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം (SMS) പാലിക്കലും കൂട്ടംകൂടൽ (crowding), അടഞ്ഞമുറികൾ (closed room) അടുത്ത സമ്പർക്കം (close contact) ഒഴിവാക്കലുമാണ്. വാക്സിൻ ലഭിച്ചാലും ഇല്ലെങ്കിലും ഇതു മറക്കാൻ പാടില്ല. ഭരണനേതൃത്വം വാർഡുതലംമുതൽ സംസ്ഥാനതലംവരെ വിവിധ വകുപ്പുകൾ, ഏജൻസികൾ, സംഘടനകൾ, സ്വകാര്യ ആശുപത്രികൾ, സ്ഥാപനങ്ങൾ ആരോഗ്യ വൊളന്റിയേഴ്‌സ് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ കൂട്ടിയോജിപ്പിച്ച്‌ പ്രവർത്തിച്ചാൽ ഈ രണ്ടാംതരംഗത്തെ നമുക്ക് വിജയകരമായി അതിജീവിക്കാൻ കഴിയും.

(ആരോഗ്യ വകുപ്പ് മുൻ ഡയറക്ടറും സംസ്ഥാന ആർദ്രം മിഷൻ ചീഫ് കൺസൽട്ടൻറുമാണ്‌ ലേഖിക)