ഒരു വർഷമായി ഏറ്റവും കൂടുതൽ കേൾക്കുന്ന രണ്ടുവാക്കുണ്ട്; സാമൂഹിക അകലവും സമ്പർക്കവിലക്കും. ഓർക്കുമ്പോൾ ദൂരെയാണ് എല്ലാവരും. എന്നാൽ, ഓരോരുത്തരുടെയും പ്രശ്നങ്ങൾക്കിടയിൽ അത്ര അകലമില്ല. 

പൂട്ടിയിട്ട കളിക്കാലം

പുറംലോകത്തുനിന്ന്  കിട്ടേണ്ട എണ്ണമറ്റ പാഠങ്ങൾ നഷ്ടപ്പെട്ടുകൊണ്ടാണ് നമ്മുടെ കുട്ടികൾ ഈ കാലം കടന്നുപോവുന്നത്. അടച്ചിടലിൽ ജീവിക്കുന്ന കുട്ടികളിൽ പലരും അവരവരിൽ അതൃപ്തരാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ അതു വ്യക്തമാക്കുന്നു. 
മാനസികാരോഗ്യപദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട എട്ടുലക്ഷത്തോളം കുട്ടികളിൽ അരലക്ഷത്തോളവും പലതരം സങ്കീർണതകളിലാണ്. ഇതിനുപുറമേ, 12000-േത്താളം പേർ മാനസികപിരിമുറുക്കത്തിലും. എട്ടായിരത്തോളം കുട്ടികൾ തങ്ങൾ ഉത്കണ്ഠയിലാണെന്നുപറഞ്ഞു. ആറായിരത്തോളം കുട്ടികൾക്ക് പെരുമാറ്റപ്രശ്നങ്ങളുണ്ട്. മുന്നൂറിലേറെപ്പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നു. നാനൂറിലധികം പേർക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ട്. ഇതെല്ലാം മുതിർന്നവർ തിരിച്ചറിയുന്നുണ്ടോ? ഇല്ല.  ഓൺലൈൻ ക്ളാസുകൾ കുട്ടികളെ മൊബൈലിന്റെ അവകാശികളാക്കി. കുട്ടികളുടെ ഇൻറർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഇരട്ടിയിലും അധികമായെന്ന ൈസബർ സെല്ലിന്റെ കണക്കുകൾ ഇതിന്റെ ബാക്കിയാണ്. മറ്റൊരു കണക്ക് ആത്മഹത്യാശ്രമങ്ങളുടേതാണ്. ആയിരത്തിലധികം കുട്ടികൾ ഇക്കാലത്ത് ആത്മഹത്യക്ക് ശ്രമിച്ചു! 

‘ജനറേഷൻ ലോസ്റ്റ് ’

ഏറ്റവും ദൃഢചിത്തരെന്ന്‌ നമ്മൾ കരുതുന്ന യുവത കോവിഡിനുമുന്നിൽ പതറുകയാണ്‌. അവർക്ക്‌ നഷ്ടമായത്‌ കൂട്ടുകെട്ടും പിന്നെ ഭാവിയും.
‘‘പ്ലേസ്‌മെന്റ് ഇൻറർവ്യൂ അറ്റന്റ് ചെയ്യാൻ നിൽക്കുന്ന സമയത്താണ് കോവിഡ് എത്തിയത്. പകുതി കമ്പനികളും ഒഴിവായി. എനിക്ക് കയറിപ്പറ്റാനായില്ല’’ -എൻജിനിയറിങ് അവസാനവർഷക്കാരൻ ആലപ്പുഴ ചേർത്തലയിലെ അനൂപ് ദിവാകരൻ ഒരു വർഷംമുന്പ് വന്നുകയറിയ ദുരന്തത്തെക്കുറിച്ച്‌ പറഞ്ഞു. ‘‘കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇന്റേൺഷിപ്പ്െചയ്യാനാവില്ലെന്ന അറിയിപ്പുകൂടി വന്നതോടെ ഞാൻ തകർന്നു. വീട്ടിലിരിപ്പാണ് ഇപ്പോൾ. ആരോടും മിണ്ടാൻ തോന്നാറില്ല. കൂട്ടുകാരെപ്പോലും വിളിക്കാറില്ല. ചിലപ്പോൾ വല്ലാത്ത നെഞ്ചിടിപ്പ്. ഉള്ളിൽ മോശംചിന്തകളേയുള്ളൂ. മരിച്ചുകളഞ്ഞാലോ എന്നാലോചിക്കാറുണ്ട്’’ -അനൂപ് ആശ്രയമറ്റപോലെ പറഞ്ഞു.

അനൂപിനെ തടവിലാക്കിയത് വിഷാദരോഗമാണെന്ന്‌ വിദഗ്ധർ. അതേ സമയം, ജോലി നഷ്ടപ്പെടുമോ എന്ന ചിന്ത ഉത്കണ്ഠാരോഗികളാക്കി മാറ്റിയവരുമുണ്ട്. ലഖ്‌നൗ കിങ്‌ േജാർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധസംഘം 19-24 വയസ്സിനിടയിലുള്ളവരിൽ ഒരു സർവേ നടത്തി. അതിൽ 51.9 ശതമാനം പേരും മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നു. ആങ്‌സൈറ്റി, ഡിപ്രഷൻ, സ്െട്രസ്, അനുബന്ധരോഗങ്ങൾ ഇതിലേതെങ്കിലുമൊന്നുള്ളവരാണിവർ. ഇതിൽ പഠനം പൂർത്തിയാക്കത്തവരും ജോലി കാത്തിരിക്കുന്നവരും തൊഴിൽ നഷ്ടപ്പെട്ടവരുമുണ്ട്.
‘‘ജനറേഷൻ ലോസ്റ്റ് എന്നാണ് യൂറോപ്പിൽ കോവിഡ് കാലത്തെ യുവതലമുറയെപ്പറ്റി പറയുന്നത്’’ -തൃശ്ശൂരിലെ ഇൻ മൈൻഡ് മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറും ലണ്ടനിൽ ആരോഗ്യവിഭാഗത്തിൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റുമായ ഡോ. മനോജ് കുമാർ തേറയിൽ പറയുന്നു. മാനസികപ്രശ്നങ്ങൾക്കൊണ്ട് സ്വയം മുറിവേൽപ്പിക്കലും ആത്മഹത്യാപ്രവണതയുമാണ് ഇവിടങ്ങളിൽ കൂടുതൽ. ‘ജനറേഷൻ ലോസ്റ്റ്’ന് മാത്രമായി 500 േകാടിയുടെ േപ്രാജക്ടാണ് യു.കെ.സർക്കാർ കൊണ്ടുവന്നത്.

കേരളത്തിലേക്കുവന്നാൽ മറ്റുചില പ്രശ്നങ്ങൾകൂടി കാണാറുണ്ട്. മദ്യലഭ്യത കുറഞ്ഞതോടെ ഇവിടെ മറ്റുലഹരികൾക്കുവേണ്ടിയുള്ള അന്വേഷണം കൂടി. അതുകിട്ടാതെ വരുമ്പോഴുള്ള മാനസികപ്രശ്നങ്ങളുമായി വരുന്നവർ ഒട്ടേറെ. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് എത്തുന്ന കുട്ടികളുടെ എണ്ണവും കൂടി. വീട്ടിലെപ്പോഴും ആളുകൾ. സന്പർക്കം കൂടുന്നു; പീഡനവും’’ -ഡോ. മനോജ് കുമാർ മറ്റൊരു വിപത്തുകൂടി തുറന്നുകാട്ടി.

ലോക്ഡൗൺ കാലത്ത് മനുഷ്യർ അടച്ചിട്ടത് കുടുംബങ്ങളിലാണ്. ചിലർക്കെല്ലാം അത് ഒന്നിക്കലിന്റെ നാളുകളാണ്. എന്നാൽ, സമൂഹത്തിൽനിന്ന് വേരറ്റുപോയ മനുഷ്യർ കുടുംബങ്ങൾക്കുള്ളിലിരുന്ന് മനസ്സുരുക്കിയിട്ടുണ്ട്. അതേക്കുറിച്ച് നാളെ.

പുറത്തുനിൽക്കുന്നുേണ്ടാ മരണം?

കേരളത്തിലുണ്ടായ പതിനായിരത്തിലധികം കോവിഡ് മരണങ്ങളിൽ ഏകദേശം 70 ശതമാനവും  60-നു മുകളിൽ പ്രായമുള്ളവരാണ്. ഈ കണക്കുകേൾക്കുമ്പോഴേ ആധിയാണ് പ്രായംെചന്നവർക്ക്. 
കുട്ടികളുടേതുപോലെത്തന്നെ ഇവരുെട മാനസികപ്രശ്നങ്ങളും ‘പ്രായത്തിന്റെ പ്രശ്‌നങ്ങൾ’ ആയി എഴുതിത്തള്ളപ്പെടുന്നു. ഉത്കണ്ഠാരോഗങ്ങളും വിഷാദരോഗലക്ഷണങ്ങളും ഇവർക്കുമുണ്ട്. മിക്കപ്പോഴും പുറത്തുവരുന്നത് ശാരീരികവേദനകളുടെ രൂപത്തിലാണെന്നുമാത്രം.  പത്രത്തിൽ ഇവർ കാണുന്നതിൽ കൂടുതലും സമപ്രായക്കാരുടെ കോവിഡ് മരണവാർത്തകൾ.
 ‘‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്‌ പദ്ധതി പ്രായമായവരെ പ്രത്യേകം ചേർത്തുപിടിക്കുന്നു. സമൂഹത്തിൽ 8മുതൽ 25ശതമാനം ആളുകൾ പൊതുവേ അമിത ഉത്കണ്ഠയുള്ളവരാണ്. കോവിഡ് വന്നതോടെ അതു കൂടി. ഓക്സിജൻ കിട്ടാത്തതും കിടക്ക കിട്ടാത്തതുമൊക്കെ കേൾക്കുമ്പോൾ ഉത്കണ്ഠ കൂടുകയേയുള്ളൂ. ആവശ്യം വന്നാലോ എന്നുപേടിച്ച് ആശുപത്രി ബെഡ് ബുക്ക് ചെയ്തിട്ടവർവരെയുണ്ട്. എറണാകുളത്തായിരുന്നു ഇത് കൂടുതൽ’’ 
-സംസ്ഥാന മാനസികാരോഗ്യപദ്ധതിയുടെ നോഡൽ ഓഫീസർ ഡോ. കിരൺ പി.എസ്. പറയുന്നു.

ചെറിയ കുട്ടികൾ അടിപ്പെട്ടത് മൊബൈൽ ഗെയിമുകൾക്കാണ്. പുറത്തിറങ്ങാറേയില്ല അവർ. സൂര്യനെ കാണുന്നില്ല. 13 മുതൽ 18 വയസ്സുവരെയുള്ളവരിൽ ഞങ്ങൾ നടത്തിയ പഠനത്തിൽ എട്ടുശതമാനം കുട്ടികൾക്കും വിറ്റാമിൻ ഡിയുെട കുറവുണ്ട്. അത് നിസ്സാരമല്ല. പകലുറക്കം, ശ്രദ്ധക്കുറവ്, ഓർമക്കുറവ്, വിജ്ഞാനവിശകലനശേഷിക്കുറവ് ഇവയ്ക്കെല്ലാം അത് കാരണമാവാം. മാത്രമല്ല, ശരീരത്തിൽ വിറ്റാമിൻ ഡി 60നുമുകളിൽ ഉണ്ടെങ്കിൽ കോവിഡ് ബാധിച്ചാലും സങ്കീർണമാവാതിരിക്കാൻ അത് സഹായിക്കും. 
അരുൺ ബി. നായർ
സൈക്യാട്രിസ്റ്റ്, 
തിരുവനന്തപുരം 
ഗവ. മെഡിക്കൽ കോളേജ്

(തുടരും)