ബുക്കുചെയ്ത് പോകാത്തവർക്ക്
= ഒരുതവണ ബുക്കുചെയ്തശേഷം പോകാൻ സാധിക്കാത്തവർ  വീണ്ടും ലോഗിൻ ചെയ്യുക. വാക്‌സിനേഷൻ ‘റീഷെഡ്യൂൾ ചെയ്യുക. സംശയങ്ങൾക്ക് 1075. ആദ്യതവണ പോകാൻ സാധിച്ചില്ലെന്നു കരുതി വാക്‌സിനേഷൻ ലഭിക്കാതിരിക്കില്ല. റീ ഷെഡ്യൂൾ ചെയ്താൽ മതി.

സ്ലോട്ട് ഇല്ലെങ്കിൽ, എന്തുചെയ്യാൻ പറ്റും
= ഏതുസമയത്താണ് ഓരോ കേന്ദ്രവും സ്ലോട്ട് വിവരം അപ്‌ഡേറ്റ് ചെയ്യുന്നതെന്നകാര്യം അവ്യക്തമാണ്. അതിനാൽ ഇടയ്ക്കിടയ്ക്ക് സൈറ്റ് പരിശോധിക്കുക മാത്രമാണ് പോംവഴി. പിൻകോഡ് വഴി വാക്‌സിനേഷൻ കേന്ദ്രം പരിശോധിക്കുന്നതിനെക്കാൾ ‘സെർച്ച് ബൈ ഡിസ്ട്രിക്ട്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയാണ് നല്ലത്. ഇടയ്ക്കിടെ സെർച്ച് ചെയ്യുകയാണ് ഏറ്റവും മികച്ചമാർഗം.  

വാക്‌സിൻ അനുവദിക്കുന്ന സമയം നിശ്ചയിക്കാൻ സാധിക്കുമോ
= വാക്‌സിൻകേന്ദ്രങ്ങളിൽ സ്ലോട്ട് അപ്‌ഡേറ്റ്  ചെയ്യുന്ന വിവരം പലയിടങ്ങളിലും അവ്യക്തമാണ്. മരുന്നിന്റെ ലഭ്യതയ്ക്കനുസരിച്ചാണ് ഈ വിവരം അതതിടങ്ങളിൽ അപ്‌ഡേറ്റ് ചെയ്യുന്നത്. തൊട്ടടുത്തുള്ള ദിവസത്തെ ലഭ്യതയ്ക്കനുസരിച്ചാണ് ഇപ്പോൾ ടോക്കൺ നൽകുന്നത്.  എല്ലാ ജില്ലകളിലും നിശ്ചിതസമയം പ്രഖ്യാപിച്ചാൽ ഇക്കാര്യം പരിഹരിക്കാനാകും. തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ചതൊട്ട്‌ ഉച്ചയ്ക്ക് മൂന്നുമണിമുതൽ നാലുമണിവരെയായി വാക്‌സിൻ അലോക്കേഷൻ സമയം നിശ്ചയിക്കാൻ തീരുമാനമെടുത്തു. വാക്‌സിൻ ലഭ്യതയ്ക്കനുസരിച്ച് അലോട്ട്‌മെന്റ് നടക്കും.

ഒ.ടി.പി. കിട്ടുന്നില്ല, കോവിൻ സൈറ്റ് ബ്ലോക്ക് ആകുമോ
= കോവിൻ പോർട്ടലിൽ കയറി രജിസ്റ്റർചെയ്യാൻ പറ്റുന്നില്ലെന്ന പരാതിയുണ്ട്. പലർക്കും ഒ.ടി.പി. ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. പലയിടങ്ങളിൽനിന്നായി ഒരേസമയം ഒരുപാട് ആളുകൾ രജിസ്റ്റർചെയ്യാൻ ശ്രമിക്കുന്നതുകൊണ്ടാണ്‌ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വീണ്ടും വീണ്ടും ശ്രമിക്കുകയെന്നതാണ് പരിഹാരം.

ജില്ലകളിലേക്കുള്ള വാക്‌സിൻ വിതരണം എങ്ങനെ
= കേന്ദ്രത്തിൽനിന്ന്‌ സംസ്ഥാനത്തിന് ലഭിക്കുന്ന വാക്‌സിന്റെ അളവനുസരിച്ചാണ് ജില്ലയിലേക്ക് അനുവദിക്കുന്നത്. ജില്ലയിലെ ഉപയോഗം, അവിടെ എത്ര വാക്‌സിൻ മിച്ചമുണ്ട്, ജനസംഖ്യ എന്നിവയും പരിഗണിച്ചാണ് വാക്‌സിൻ വിതരണം. ചൊവ്വാഴ്ചവരെയുള്ള കണക്കനുസരിച്ച് കോവാക്‌സിൻ 1,34,390 ഡോസും കോവിഷീൽഡ് 3,09,880 ഡോസും സംസ്ഥാനത്ത് മിച്ചമുണ്ട്. 59,47,414 പേർക്ക് വാക്‌സിനേഷൻ നൽകുകയും ചെയ്തു.

ജില്ലകളിൽനിന്നും വാക്‌സിൻ വിതരണം എങ്ങനെ
= മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സി.എച്ച്.സി., പി.എച്ച്.സി. എന്നിവിടങ്ങളിലേക്കാണ് വാക്‌സിൻ അലോട്ട് ചെയ്യുക. വാക്‌സിൻ യഥേഷ്ടം ഉള്ളപ്പോൾ താലൂക്കാശുപത്രി 300 ഡോസ്, പി.എച്ച്.സി., സി.എച്ച്.സി. എന്നിവിടങ്ങളിലേക്ക് നൂറ് ഡോസ് വീതവും മറ്റിടങ്ങളിലേക്ക് 500 ഡോസുമാണ് സാധാരണയായി അനുവദിക്കുക. മാസ് വാക്‌സിനേഷൻ സെന്ററുകളിലേക്ക് കൂടുതൽ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ചും വാക്‌സിൻ അനുവദിക്കാറുണ്ട്.  

രണ്ടാം ഡോസ് എടുക്കുന്നവർക്ക് പ്രാധാന്യം നൽകാൻ സാധിക്കുമോ
= സമയമായിട്ടും രണ്ടാം ഡോസ് എടുക്കാൻ സാധിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കോവിൻ പോർട്ടലിൽ രണ്ടാം ഡോസുകാർക്ക് മാത്രമായി രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമല്ല. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്നതാണ് രീതി. പോർട്ടലിൽ അത്തരമൊരു ഓപ്ഷൻ ഉണ്ടായെങ്കിൽ മാത്രമേ ഇതിന് പരിഹാരമുണ്ടാകൂ.

രജിസ്റ്റർ ചെയ്തവർക്ക് മരുന്ന് കിട്ടുമോ
= രജിസ്റ്റർചെയ്ത എല്ലാവർക്കും മരുന്ന് ലഭ്യമാകും. വാക്സിൻ ലഭ്യത കുറഞ്ഞാൽ ചിലസമയങ്ങളിൽ രജിസ്റ്റർചെയ്തവർക്ക് റദ്ദായതായി സന്ദേശം നൽകും. മാസ് വാക്സിനേഷൻ നടത്തുന്നിടങ്ങളിൽ ഇവർക്ക് തൊട്ടടുത്ത ദിനംതന്നെ മരുന്ന് നൽകാറുമുണ്ട്. അല്ലാത്തവർ വീണ്ടും രജിസ്‌ട്രേഷൻ നടത്തണം. സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷൻ നടക്കുന്നുണ്ട്. അവിടെയും ആവശ്യകതയ്ക്ക് അനുസരിച്ചാണ് വാക്‌സിൻ നൽകുന്നത്. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

വ്യത്യസ്ത കളർകോഡുകൾ
= വാക്സിനേഷൻ കേന്ദ്രത്തിന്റെ ലഭ്യത കാണിക്കുന്നതിനാണ് ഈ കളർകോഡ് ഉപയോഗിക്കുന്നത്. പച്ച കളർ കാണുകയാണെങ്കിൽ അവിടെ സ്ലോട്ട് ലഭ്യമാണെന്നാണ് അർഥം. ഓറഞ്ച് കളർ കോഡ് കാണുന്നുണ്ടെങ്കിൽ പത്തിൽതാഴെ  സ്ലോട്ടുകൾ മാത്രമാണ് മിച്ചമുള്ളതെന്നാണ് ഉദ്ദേശിക്കുന്നത്. ഇവിടെ വേഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സ്ലോട്ട് ലഭ്യമാകും. ഒരു വാക്സിനേഷൻ സെന്ററിൽ ലഭ്യമായ എല്ലാ സ്ലോട്ടുകളും ബുക്ക് ചെയ്തുകഴിഞ്ഞാൽ ആ കേന്ദ്രം കോവിൻ പോർട്ടലിൽ ലഭ്യമാകില്ല.

Content Highlights: Covid 19, Vaccine, lockdown