കോവിഡിന്റെ ആദ്യകാലത്ത് ക്വാറന്റീനിൽനിന്ന് ഇറങ്ങിയോടിയവരുണ്ടായിരുന്നു. അവരെ നാട്ടുകാർ പിടികൂടി. അമ്മയ്ക്ക് മരുന്നുവാങ്ങാനെന്നു പറഞ്ഞ് എന്നും വീട്ടിൽനിന്നിറങ്ങിയ ആൾ പോലീസ് പിടികൂടിയപ്പോൾ കാണിച്ചുകൊടുക്കാൻ മരുന്നുകുറിപ്പടിയില്ലാതെ വശംകെട്ടു. ഗൾഫിൽനിന്നെത്തി വീടിന്റെ രണ്ടാംനിലയിൽ ക്വാറന്റീനിൽ കഴിഞ്ഞയാളെ ഒരുനാൾ മരിച്ചനിലയിൽ കണ്ടെത്തി. ശരീരത്തിലല്ല, മനസ്സിലായിരുന്നു ഇവർക്കെല്ലാം വേദന. രോഗം എകാന്തതയും.

 ‘‘നമ്മുടെ ശരീരം നമ്മുടേതായിരിക്കുന്നതുപോലെ അതിന് ഒരു സാമൂഹിക അസ്തിത്വവുമുണ്ട്. അതില്ലാതായാൽ ശരീരവ്യവസ്ഥകൾ താളം തെറ്റും. പിന്നെ നമുക്ക് മാനസികമായി സ്വസ്ഥരായിരിക്കാൻ പറ്റില്ല.’’ -എഴുത്തുകാരൻകുടിയായ ഡോ. ജി.ആർ. സന്തോഷ് കുമാർ പറയുന്നു.

കനത്ത ഏകാന്തത പ്രതിരോധശേഷിക്കുറവുണ്ടാക്കും. ജറണ്ടോളജിക്കൽ െസാസൈറ്റി ഓഫ് അമേരിക്കയുെട ‌ഔദ്യോഗിക പ്രസിദ്ധീകരണമായ ദ ജേണൽ ഓഫ് ജറണ്ടോളജി പറയുന്നത് ഏകാന്തത മറവിരോഗത്തിന്റെ സാധ്യത 40 ശതമാനം കൂട്ടുമെന്നാണ്.

സന്പർക്കവിലക്ക് കടുത്ത ഏകാന്തതയായി മാറുന്നുണ്ടോ എന്ന് അറിയാതെ പോവരുത്. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

• ‌ അടുപ്പവും ഇഷ്ടവുമുള്ളവരെപ്പോലും ബന്ധപ്പെടാൻ തോന്നാതാവുന്നു
• ‌ ഒന്നിച്ചുകൂടാൻ പ്ലാനിടുന്നു. ആ പ്ലാൻ ഒഴിവായിപ്പോവുന്പോൾ വലിയ ആശ്വാസം
• ‌ ഉള്ള അവസ്ഥയിൽനിന്ന്, അതത്ര സുഖമുള്ളതല്ലെങ്കിൽപ്പോലും, മാറാൻ മടി.
• ‌ നിർവികാരത, ഉള്ളിലുള്ളത് പങ്കിടാൻ മടി.

േവണം, കൂടുതൽ കരുതൽ
കോവിഡിന്റെ വരവിനുംമുമ്പേ മാനസിക പ്രശ്നങ്ങളുള്ള വലിയൊരു വിഭാഗമുണ്ട് സമൂഹത്തിൽ. മാനസികാരോഗ്യ വിദഗ്ധരെ വീടുകളിൽപ്പോയി കണ്ടിരുന്നവർക്ക് കോവിഡ് അതിന് തടസ്സമുണ്ടാക്കി.
ഉന്മാദ വിഷാദ രോഗം (ബൈപോളാർ ഡിസീസ്), സ്കിസോഫ്രീനിയ (ചിത്തഭ്രമം) എന്നിവയുൾപ്പെടെ പല രോഗങ്ങളും മരുന്നുകിട്ടാതെ വന്നാൽ അധികരിക്കാനിടയുണ്ട്. ജില്ലാ ആരോഗ്യ പരിപാടി വഴി ഇവർക്കുള്ള മരുന്നുകൾ കോവിഡ് ഹെൽപ് സെന്ററുകളിൽ എത്തുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം.

സമൂഹത്തിൽ 33 ശതമാനത്തോളമാണ് ഒ.സി.ഡി. (‌‌ഒബ്സസ്സീവ് കംപൽസീവ് ഡിസോർഡർ) രോഗികൾ. ശുചിത്വ കാര്യങ്ങൾ അനാവശ്യമായി ആവർത്തിച്ചു ചെയ്യുന്നവരാണ് ഇവരിൽ പലരും. എപ്പോഴും കൈകഴുകുന്നതുപോലുള്ള കാര്യങ്ങൾ സമൂഹമൊട്ടാെക അനുവർത്തിക്കാൻ തുടങ്ങിയതോടെ ഒ.സി.ഡി. മാറിയവർ രോഗവുമായി തിരിച്ചുവന്ന സംഭവങ്ങളുമുണ്ട്്.

മാറ്റിയെടുക്കാം മരുന്നില്ലാതെ
മനസ്സിൽ സ്വസ്ഥരാവാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? തലച്ചോറിന്റെ പ്രവർത്തനങ്ങൾ അനുകൂലമാക്കുകയാണ് അതിനാവശ്യം. ഏതു കോവിഡിനിടയിലും ഒന്നു ശ്രമിച്ചാൽ അതിനാവും.
• ‌ ഒന്നും െചയ്യാനില്ലെന്ന തോന്നൽ ഒഴിക്കുകയാണ് ആദ്യം വേണ്ടത്. ഓരോ ദിവസവും കിടക്കുംമുന്പ് അടുത്ത ദിവസത്തേക്കുള്ള ചെറിയ പ്ലാനുകൾ തയ്യാറാക്കുക. ഇന്ന് ഇൗ വിഭവം ഉണ്ടാക്കും, പുസ്തകങ്ങൾ അടുക്കി വെക്കും, ഒരു സിനിമ കാണും... അങ്ങനെ എന്തെങ്കിലുമൊരു പ്ലാൻ. ബ്രെയിനിന് ചില്ലറ പണികൊടുത്താൽ അനാവശ്യ ചിന്തകൾ കുറയും.
• ‌ ഫോണിലോ ഇൻർനെറ്റിലോ ആവട്ടെ, മറ്റുള്ളവരുമായി കണക്ടഡ് ആയിരിക്കുക.
• ‌ എന്നും ചെറിയ വ്യായാമമെങ്കിലും െചയ്യുക. തത്സമയ ഓണലൈൻ വ്യായാമ ക്ളാസ് കിട്ടുമെങ്കിൽ അതും നല്ലതാണ്. ശ്വസന വ്യായാമം പതിവാക്കുക.
• ‌ പുതുതായെന്തെങ്കിലും പഠിക്കുക. സംഗീതോപകരണങ്ങളോ പുതിയ ഭാഷയോ എന്തുമാകാം. മനസ്സ് ആ കാര്യത്തിലാവുന്നത് മറ്റ് അസ്വസ്ഥതകൾ കുറയ്ക്കും.
• ‌  മറ്റുള്ളവർക്കുവേണ്ടി എെന്തങ്കിലും െചയ്യാൻ ശ്രമിക്കുക. രോഗം വരുമ്പോൾ ഒന്ന് ഫോൺചെയ്ത് അന്വേഷിക്കുന്നതോ ആശുപത്രി കാര്യങ്ങളിൽ സഹായിക്കുന്നതോ ഒക്കെയാവാം. അതുപോലെ, നമുക്കു കിട്ടുന്ന സഹായങ്ങളിൽ നന്ദിയുള്ളവരായിരിക്കാം. ഇതുരണ്ടും മനസ്സിനെ സന്തോഷിപ്പിക്കും.
• ‌ ആവശ്യത്തിൽ കൂടുതൽ സമയം സ്ക്രീനിൽ ചെലവഴിക്കരുത്. 10 മുതൽ 15 മിനുറ്റുവരെ സമയം വാർത്തകൾ അറിയാൻ മാറ്റിവെക്കാം. നെഗറ്റീവ് വാർത്തകൾ ഒഴിവാക്കുകയും വേണം.
• ‌ വരുംദിവസങ്ങളിൽ എന്ത് എന്നത് വ്യക്തികൾക്കുമാത്രമായി തീരുമാനിക്കാൻ ഇപ്പോഴാവില്ല. അതിൽ സ്റ്റേറ്റിന്റെ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് സാമൂഹിക പങ്കാളിത്തം ആവശ്യമുള്ള കാര്യങ്ങൾ തീരുമാനിക്കുമ്പോൾ അമിതപ്രതീക്ഷ അരുത്.
• ‌  ഉറ്റവരെ അവസാനമായി ഒന്നു കാണാതെ, മരണാനന്തരച്ചടങ്ങുകൾ നടത്താതെ അവരെ അനാഥരാക്കിയെന്ന തോന്നലുള്ളവരുണ്ട്. ജീവിച്ചിരിക്കുമ്പോൾ അവരെ സ്നേഹിച്ചതിന്റെ ഓർമകൾെക്കാണ്ട് മനസ്സിനെ ശാന്തമാക്കാം.
നിശ്ചയിക്കാം ‘വറി ടൈം’
മനസ്സിൽ എപ്പോഴും മോശം ചിന്തകളാണ്. എങ്കിൽ ഒരു പണിചെയ്യാം. ബേജാറാവാനായി ഒരു സമയം മാറ്റി വെക്കാം. ഒരു വറി ടൈം!
മനസ്സിൽ മോശം ആലോചനകൾ വരുേന്പാൾ ഒരു നിമിഷം ശ്രദ്ധകൊടുക്കുക. ആ ചിന്തയോടു പറയാം, ‘നിനക്കൊരു സമയം തരാം. അപ്പോൾ വന്നാൽ മതി.’ മനസ്സിൽ പലപ്പോഴായി വരുന്ന ഇത്തരം ചിന്തകളോടെല്ലാം ഇതുതന്നെ പറയുക. നമ്മൾ തലച്ചോറിനൊരു പ്രതീക്ഷ കൊടുക്കുകയാണ്. ഉത്കണ്ഠ പരിഹരിക്കാൻ ഒരു സമയം കിട്ടുമെന്ന പ്രതീക്ഷ. ഒരു അരമണിക്കൂർ സമയം അതിനായി മാറ്റിവെക്കാം. ആ സമയത്ത് മറ്റെല്ലാം മാറ്റിവെച്ച് ഓരോ ചിന്തകളെയായി വരാനനുവദിക്കാം.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, വറി ടൈമിൽ ഓരോ ചിന്തയ്ക്കും കാര്യകാരണ സഹിതമുള്ള, ഏറ്റവും യോജിക്കുന്ന ഉത്തരങ്ങൾ കണ്ടെത്താൻ കഴിയണമെന്നതാണ്. അതിനാവില്ലെങ്കിൽ ‘വറി ടൈം’ കൂടുതൽ ‘വറി’ ഉണ്ടാക്കുകയേയുള്ളൂ.
ഉത്കണ്ഠകളിലും വിഷാദത്തിലും ഉറഞ്ഞുപോയിട്ടുണ്ടാവാം നമ്മളിൽ പലരും . എങ്കിലും ഒന്നോർക്കാം. മനുഷ്യർ ഈ കാലവും കടന്നുപോവും. കൂടുതൽ  സുന്ദരമായ ഒരു നാളെയിലേക്ക് ലോകം ഉണരുമ്പോൾ നമ്മളും അതിൽ വേണം. ആരോഗ്യത്തോടെ, മാനസിക സ്വാസ്ഥ്യത്തോടെ.

വിളിക്കൂ, കൂടെ നിൽക്കാം
ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്-സൈക്കോ സോഷ്യൽ സപ്പോർട്ട് ഹെൽപ് ലൈൻ നന്പറുകൾ
ജില്ല    ഹെൽപ് ലൈൻ നന്പർ
തിരുവനന്തപുരം    9846854844
കൊല്ലം    8281086130
കോട്ടയം    9539355724
പത്തനംതിട്ട    8281113911
ഇടുക്കി    8330057178
ആലപ്പുഴ    7593830443
എറണാകുളം    9846996516
തൃശ്ശൂർ    0487-2383155
പാലക്കാട്    o491-2533323
മലപ്പുറം    7593843617
കോഴിക്കോട്    9495002270
വയനാട്     9400348670
കണ്ണൂർ    9495142091
കാസർകോട്‌    9072574748

മനസ്സിൽ ഇപ്പോഴും വൈറസ്

കോവിഡ് വന്നുപോയവരിലും മാനസികപ്രശ്നങ്ങളുണ്ട്. വൈറസ് ചിലരുടെ തലച്ചോറിൽ മാറ്റങ്ങളുണ്ടാക്കുന്നു. ചിന്താശക്തി, ഓർമശക്തി, പരിഹാരങ്ങൾ കണ്ടെത്താനുള്ള കഴിവ് എന്നിവ കുറയ്ക്കുന്നു.
രോഗ സങ്കീർണതകളുള്ളവരിൽ നാളെയെന്തു സംഭവിക്കും എന്ന ആധി കാണാറുണ്ട്. ഉള്ളം കൈയിൽ വിറയൽ, കൈകാൽ വേദന, നെഞ്ചിൽ കനം, ശ്വാസംകിട്ടാത്ത അവസ്ഥ... ഇതെല്ലാം അവർ എത്തിനിൽക്കുന്ന ഉത്കണ്ഠാ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗം മാറിയാലും പുറം ലോകത്തെ സ്നേഹിക്കാൻ അവർ അല്പം സമയമെടുക്കും. മാനസികാരോഗ്യം വീണ്ടെടുക്കാൻ അവർക്ക് സഹായം ആവശ്യമാണ്.
ഡോ. ഫിലിപ് ജോൺ
സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, പീജേസ് പോളി ക്ലിനിക്, എറണാകുളം

സഹായം വേണ്ടതെപ്പോൾ

അസ്വസ്ഥതകൾ മാനസികപ്രശ്നങ്ങളായി മാറിയിട്ടുണ്ടോയെന്നറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. ഉണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കാം.
*ആത്മഹത്യാചിന്തകൾ, *ഒന്നും െചയ്യാൻ തോന്നാത്ത അവസ്ഥ, *തുടർച്ചയായ ഉറക്ക പ്രശ്നങ്ങൾ, *വികാരങ്ങൾ നിയന്ത്രിക്കാനാവാതെ വരുന്നു, *നിങ്ങളുടെ പെരുമാറ്റവും പ്രതികരണങ്ങളും മറ്റുള്ളവരെ ബാധിക്കുന്നു, *സ്വയം അല്ലെങ്കിൽ മറ്റുള്ളവരെ ഉപദ്രവിക്കാൻ തോന്നുന്നു *ഭക്ഷണം വേണ്ടായ്ക-ഭാരം കുറയൽ,  *മാനസിക അസ്വസ്ഥതയ്ക്കൊപ്പം അമിതഭക്ഷണം-അമിത ഭാരം വെക്കൽ.

[അവസാനിച്ചു]