2019 നോവൽ കൊറോണ വൈറസ് (2019-nCoV)

സാധാരണ ജലദോഷപ്പനി മുതൽ സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) എന്നിവയുൾപ്പെടെയുള്ള മാരകരോഗങ്ങൾക്കുവരെ കാരണമാകുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ. ഡിസംബറിൽ ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസുൾപ്പെടെ ഏഴുതരം കൊറോണ വൈറസുകളെയാണ് ഇതുവരെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്ന സൂണോട്ടിക് വൈറസാണ് കൊറോണ. പ്രഭാവലയമെന്നർഥമുള്ള ലാറ്റിൻ വാക്കാണ് കൊറോണ. സൂര്യന്റെ പ്രഭാവലയത്തോട് രൂപസാദൃശ്യമുള്ളതിനാലാണ് ഈ വൈറസുകൾക്ക് കൊറോണയെന്ന പേരുകിട്ടിയത്.

ആർ.എൻ.എ. വൈറസ്

ജനിതകഘടകം ആർ.എൻ.എ. (റൈബോ ന്യൂക്ലിക് ആസിഡ്) ആയ വൈറസാണ് കൊറോണ. ഡി.എൻ.എ.യെപ്പോലെ ആർ.എൻ.എ.യ്ക്ക് ഇരട്ട ഗോവണിരൂപമില്ല. ഇവയുടെ ഘടനയിൽ ഒറ്റ ഇഴമാത്രമേയുള്ളൂ.

ഉറവിടം

പുതിയയിനം വൈറസിന്റെ ഉറവിടം ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. വവ്വാലിൽ നിന്നാകാം വൈറസ് ബാധ തുടങ്ങിയതെന്നാണ് പ്രധാന സംശയം. പാമ്പാണ് വൈറസിന്റെ ഉറവിടമെന്ന് മറ്റൊരു പഠനം പറയുന്നു.

ലക്ഷണങ്ങൾ
1). പനി
2). ചുമ
3). ശ്വാസതടസ്സം‌
4). കൂടിയ ഹൃദയമിടിപ്പ്
5). നെഞ്ചുവേദന
6). വിറയൽ
7) ന്യുമോണിയ
8). വൃക്കസംബന്ധമായ തകരാർ

പ്രതിരോധ വാക്സിൻ, ചികിത്സ
ഇതുവരെ കണ്ടെത്തിയിട്ടില്ല

പടരുന്ന വഴി
വൈറസ് ബാധിച്ചവരിൽനിന്നും മറ്റുള്ളവരിലേക്ക്. ഒരാളിൽനിന്ന് ശരാശരി നാലുപേർക്കുവരെ രോഗം പടരാം. (നിലവിലെ കണക്കുകൾ പ്രകാരം)

വ്യാപന കാലയളവ് (ഇൻക്യുബേഷൻ പീരീഡ്)
കൃത്യമായി കണ്ടെത്താനായിട്ടില്ല. വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അഞ്ചുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് ചില പഠനങ്ങൾ

മരണനിരക്ക്
മൂന്നുമുതൽ നാലുശതമാനംവരെ

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കൈകൾ വൃത്തിയായി സൂക്ഷിക്കുക. ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഹാൻഡ് വാഷുകളോ സോപ്പും വെള്ളവുമുപയോഗിച്ചോ പലതവണ കൈകൾ വൃത്തിയാക്കുക. 
ചുമച്ചതിനും തുമ്മിയതിനും ശേഷം.
ഭക്ഷണമുണ്ടാക്കുന്നതിനു മുൻപും ശേഷവും.
ഭക്ഷണം കഴിക്കുന്നതിനു മുമ്പ്
ശൗചാലയം ഉപയോഗിച്ചതിനു ശേഷം.
20 സെക്കൻഡ് എങ്കിലും നന്നായി കഴുകുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും 
ടിഷ്യൂപേപ്പറോ തുണി ഉപയോഗിച്ചോ മറയ്ക്കണം. ടിഷ്യൂ പേപ്പറാണെങ്കിൽ അവ എത്രയും വേഗം നശിപ്പിക്കുക. തുണി  അണുവിമുക്തമാക്കുക.
ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ, അവ എത്ര ചെറുതാണെങ്കിലും ഉടൻ വൈദ്യസഹായം തേടുക. എവിടേക്കൊക്കെ യാത്ര ചെയ്തിരുന്നുവെന്ന വിവരം ആരോഗ്യവിദഗ്ധരുമായി പങ്കുവെക്കുക. 
മത്സ്യം, മാംസം തുടങ്ങിയവ നന്നായി പാകം ചെയ്യാതെ കഴിക്കരുത്‌. 
പൊതുസ്ഥലങ്ങളിൽ തുപ്പരുത്.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

ചൈനയുൾപ്പെടെ 18 രാജ്യങ്ങളിലാണ് വൈറസ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഇവിടങ്ങളിൽ യാത്രചെയ്ത് തിരികെയെത്തിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • 28 ദിവസംവരെ നിർബന്ധമായും വീടിനുള്ളിൽത്തന്നെ ബാത്ത് അറ്റാച്ച്ഡ് മുറിയിൽ കഴിയുക. വൈദ്യസഹായത്തിനൊഴികെ അനാവശ്യമായി വീടുവിട്ട് പുറത്തുപോകാതിരിക്കുക. ആളുകൾ കൂടുന്നയിടങ്ങളിലേക്ക് (മാളുകൾ, തിയേറ്റർ,മാർക്കറ്റ്) പോകാതിരിക്കുക.
  • ഉപയോഗിക്കുന്ന പാത്രങ്ങൾ, കപ്പ്, ബെഡ്‍ഷീറ്റ്, തുണികൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവെക്കരുത്. കിടപ്പുമുറി, ടോ‌യ്‌ലെറ്റ്‌ ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ  ഉപയോഗിച്ച് അണുവിമുക്തമാക്കുക.
  • പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
  • ഓരോ ജില്ലയിലും മെഡിക്കൽ കോ​േളജുൾപ്പെടെ രണ്ട് ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷണം കണ്ടാൽ നിങ്ങളുടെ ജില്ലയിലെ ജില്ലാ സർവൈലൻസ് ഓഫീസറെയോ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെയോ ഫോണിലൂടെ വിവരമറിയിക്കുക. (ഫോൺ നമ്പർ ലഭിക്കുവാനായി ദിശ നമ്പറായ 0471-2552056-ലോ അല്ലെങ്കിൽ 1056-ലോ വിളിക്കുക). കേന്ദ്ര ഗവൺമെന്റിന്റെ ആരോഗ്യ മന്ത്രാലയം കൺട്രോൾ റൂം നമ്പറായ 911123978046 നമ്പറിൽ വിളിച്ചും വിവരങ്ങൾ അറിയാം
  • രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരോട് അടുത്തു പെരുമാറരുത്. സംസാരിക്കുമ്പോൾ മറ്റുള്ളവരിൽനിന്നും ഒരു  മീറ്ററെങ്കിലും അകലം പാലിക്കുക. നന്നായി വിശ്രമിക്കുക. പോഷകാഹാരങ്ങളും പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക. വെള്ളം (കഞ്ഞിവെള്ളമുൾപ്പെടെ) കുടിക്കുക.
    (അവലംബം: ലോകാരോഗ്യ സംഘടന, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത്  സർവീസ് കേരള)      
  •  

content highlights: corona virus outbreak