മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുക എന്ന, ഈ കോവിഡ് കാലം നല്‍കിയൊരു നല്ലശീലത്തിന് ഹൈദരാബാദുകാരിയായ വത്സമ്മ ടീച്ചറും അടിമപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഇവരിവിടെ കുടുംബസമേതം താമസിച്ചുവരികയാണ്. 90 കളുടെ തുടക്കത്തില്‍ ആന്ധ്രപ്രദേശില്‍ എത്തിപ്പെട്ടതാണ് വത്സമ്മ. മുണ്ടക്കയത്തെ ഒരു പാവം കര്‍ഷകന്റെ എട്ടു മക്കളില്‍ ഒരാള്‍. പ്രീഡിഗ്രി കഴിഞ്ഞ് വെറുതെ വീട്ടില്‍ ഇരിക്കുന്ന കാലത്താണ് ആന്ധ്രപ്രദേശിലേക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ടീച്ചറാവന്‍ വേണ്ടി ഒരു സംഘം പുറപ്പെടുന്നുണ്ടെന്ന് ആ കൗമാരക്കാരി അറിഞ്ഞത്. പ്രീഡിഗ്രി അത്ര മോശമല്ലാത്ത ഡിഗ്രിയായതിനാല്‍ തന്റെ സര്‍ട്ടിഫിക്കറ്റ് ബാഗിലാക്കി വത്സമ്മയും അവരുടെകൂടെ കൂടി. ഒടുവില്‍ ഇവിടെയെത്തി നഴ്സറി സ്‌കൂള്‍ ടീച്ചര്‍ ആയി. അന്നൊക്കെ മലയാളി ടീച്ചര്‍മാര്‍ക്ക് ആന്ധ്രപ്രദേശില്‍ നല്ല വിലയും നിലയുമായിരുന്നു. കാണാന്‍ കൊള്ളാവുന്ന മലയാളിപെണ്‍കൊടികളെ ഇവിടത്തെ തെലുങ്കന്‍മാര്‍ നോട്ടമിട്ടിരുന്നു.അങ്ങനെ ഒരു 'യാദഗിരി' യുടെ നോട്ടം വത്സമ്മയില്‍ തട്ടി. ആ തെലുങ്കന്‍ വത്സമ്മയുമായി വര്‍ഷങ്ങളോളം നടത്തിയ പ്രേമമത്സരത്തില്‍ അവന്‍ ജയിച്ചു. വിജയശ്രീലാളിതനായ അദ്ദേഹത്തിന് വത്സമ്മ രണ്ടു 'ട്രോഫികള്‍' സമ്മാനിച്ചു. ആട്രോഫികളുമായി ഇരുവരും ജീവിച്ചുവരുന്നതിനിടയിലാണ് ചൈനക്കാരന്‍ കൊവിഡ് വന്നത്.
കഷ്ടപ്പാടുകളുണ്ടെങ്കിലും അഭിമാനിയായ മലയാളിയായതുകൊണ്ടുതന്നെ ആരുടേയും സഹായത്തിനായി വത്സമ്മ കൈനീട്ടാറില്ല.മൂന്നുവര്‍ഷത്തിലൊരിക്കലൊക്കെ മുണ്ടക്കയത്തേക്ക് ഒന്നോടിപ്പോയി അമ്മയെയും അങ്ങളമാരെയും കണ്ടു മടങ്ങുന്ന വത്സമ്മയെവീട്ടുകാരും വിട്ടമട്ടാണ്. സാമാന്യം നല്ല നിലയില്‍ ജീവിക്കുന്ന അങ്ങളമാരോട് പോലും ഒരു സഹായവും ഇവര്‍ ഇതുവരെ ആവശ്യപ്പെട്ടില്ല.
കോവിഡ് വന്ന് കഷ്ടപ്പെടുത്തിയിട്ടുപോലും അവരുടെ ഉള്ളിലെ അഭിമാനി തലകുനിച്ചില്ല ആരുടെ മുന്നിലും.കുറച്ചുവര്‍ഷം മുമ്പുള്ള ഒരു വേനലവധിക്കാണ് വത്സമ്മയും മക്കളും അവസാനമായി മുണ്ടക്കയത്തെ വീട്ടില്‍ പോയത്. അന്ന് മുണ്ടക്കയം പള്ളിയില്‍ വെച്ച് വത്സമ്മയുടെ മനോചിന്തയെ മാറ്റിമറിച്ച ഒരു സംഭവവുമുണ്ടായി. പള്ളിയില്‍ തന്റെ കുട്ടിക്കാലത്തുണ്ടായിരുന്ന വികാരിയെ അതേ പള്ളിമുറ്റത്തുവച്ചുതന്നെ വത്സമ്മ കണ്ടു. ആന്ധ്രയില്‍ പോയതും അവിടെ ഒരാളെ പ്രേമിച്ച് കെട്ടിയത്തും വീട്ടുകാര്‍ അടുപ്പിക്കാത്തത്തും തെല്ലു കുറ്റബോധത്തോടെ വത്സമ്മ കുമ്പസാരക്കൂട്ടിലെന്നപോലെ അച്ഛനോട് പറഞ്ഞു. ഒന്നാലോചിച്ച വികാരി ചോദിച്ചു -വത്സമ്മേ നീ ഇടതുകൈക്കാരിയല്ലേ...എഴുതുന്നത് അതേ കൈകൊണ്ടാണോ..? ചെറുപ്പത്തില്‍ ഇടതു കൈ കൊണ്ടായിരുന്നെന്നും ആങ്ങളമാരും ടീച്ചര്‍മാരും അടിച്ചും തൊഴിച്ചും എഴുത്ത് വലത്തോട്ട് മറ്റിച്ചതാണെന്നും വത്സമ്മ മറുപടി നല്‍കി. പെട്ടന്നാണ് അച്ഛന്‍ ആ വലിയ രഹസ്യം വെളിപ്പെടുത്തിയത്.-വത്സമ്മേ നിന്റെ ജീവിത രേഖയാണ് അവര്‍ മറ്റികളഞ്ഞത്.. നീ ഇടതു കൈ കൊണ്ടുള്ള എഴുത്ത് തുടര്‍ന്നിരുന്നെങ്കില്‍ നിന്റെ ജീവിതം ഇങ്ങനെ വഴി മറിപോകില്ലായിരുന്നൂ.. നീ ഈ മുണ്ടക്കയത്ത് ഒരു നല്ല ഇടതുപക്ഷക്കാരനായ ക്രിസ്ത്യാനി ചെറുപ്പക്കാരനെയും കെട്ടി ഇവിടെ ഇങ്ങിനെ സുഖമായി ജീവിക്കു മായിരുന്നു.... അവരെല്ലാം കൂടി നിന്റെ ജീവിതമാ മാറ്റി മറിച്ചു കളഞ്ഞത്... കഷ്ടം- ഇതും പറഞ്ഞ് അച്ഛന്‍ അച്ഛന്റെ പാട്ടിനുപോയി.
പക്ഷേ വത്സമ്മയുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.. തൊട്ടുപുറകെ ഇടിയുമെത്തി. താന്‍ ആന്ധ്രപ്രദേശിലേക്ക് ടീച്ചറാകാന്‍ പോയതും പ്രേമത്തില്‍ കുടുങ്ങി വിവാഹിതയായതും അന്യനാട്ടില്‍ ഒറ്റപ്പെട്ടുപോയതുമെല്ലാം തന്റെ ചെറുപ്പകാലത്തെ അവിവേകം കൊണ്ടായിരുന്നെന്നും ഹൈദരാബാദില്‍ ഒരിക്കലും രക്ഷപ്പെട്ടുപോകാന്‍ വയ്യാത്ത വിധം കെട്ടുപിണഞ്ഞു പോയത് തന്റെ മാത്രം വിധിയാണെന്നുമാണ് വത്സമ്മ ഇതുവരെ ധരിച്ചിരുന്നത്... തന്റെ ജീവിതം ഇങ്ങനെയായതിന് കാരണക്കാരെ കണ്ടെത്തിയതോടെ വലിയ അമര്‍ഷവും അതിലേറെ അവരോടുള്ള ദേഷ്യവുമായാണ് അവിടെ നിന്ന് വത്സമ്മ ഹൈദരാബാദിലേക്ക് വണ്ടികയറിയത്. പിന്നീട് വേനലവധിക്ക് നാട്ടില്‍ പോകാന്‍ തോന്നാതെയായി. എന്നിരുന്നാലും മനസ്സുകൊണ്ട് വത്സമ്മ എല്ലാ വേനലവധിക്കും നാട്ടില്‍ പോയിവന്നു.
ടീച്ചര്‍ ഇപ്പോള്‍ താമസിക്കുന്ന വനസ്ഥലിപുര നഗരം തെലങ്കാനയിലെ പ്രധാന കോവിഡ് ഹോള്‍സെയില്‍ കേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രധാന അപ്പാര്‍ട്ട്മെന്റകളിലെല്ലാം കോവിഡ് റീട്ടെയില്‍ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. അപ്പാര്‍ട്ടുമെന്റുകളില്‍ എല്ലാവരും പൊതുവായി ഉപയോഗിക്കുന്ന ലിഫ്റ്റ് വഴിയാണ് കോവിഡ് വൈറസുകളെ വിറ്റുകൊണ്ടിരുന്നത്. ഒന്നുമറിയാത്ത ആളുകള്‍ ഇഷ്ടം പോലെ വൈറസുകള്‍ ഫ്രീയായി വാങ്ങിക്കൂട്ടുകയും ചെയ്തു. അതോടെ റോഡുകളും കടകളും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.
വത്സമ്മയുടെ അപ്പാര്‍ട്ടുമെന്റിന്റെ തൊട്ടു പിറകില്‍ ഒരു അമേരിക്കന്‍ ചെറുപ്പക്കാരന്‍ ക്വാറന്റൈനാണ്. അതിനടുത്ത വീട്ടില്‍ ഒരു കുടുംബത്തിലെ നാലു പേര് കോവിഡ് വാങ്ങിച്ച് എപ്പോ തട്ടിപ്പോകും എന്ന അവസ്ഥയിലും. ചുറ്റുവട്ടത്തെ തികച്ചും അരക്ഷിതവും ഭീതിതവുമായ ഈ സാഹചര്യത്തിലും സഖാവ് പിണറായി വിജയന്‍ പത്രസമ്മേളനം തുടങ്ങാന്‍ മൈക്ക് ശരിയാക്കുമ്പോളേക്കും വത്സമ്മ ടിവിക്ക് മുന്നിലെത്തിയിരിക്കും. പാര്‍ട്ടി അനുഭാവി ഒന്നും അല്ല അവര്‍. വത്സമ്മ ടീച്ചര്‍ക്ക് തന്റെ നാട്ടിലെ കോവിഡ് കര്യങ്ങള്‍ അറിയണം അതും വിശ്വസ്ഥനായ മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് നേരിട്ട്. അറിഞ്ഞവിവരങ്ങള്‍ വള്ളിപുള്ളി തെറ്റാതെ സുഹൃത്തുക്കളോട് പങ്കുവെക്കുകയാണിപ്പോള്‍ ഇവരുടെ പ്രധാന ലോക്ഡൗണ്‍ വിനോദം. പത്രസമ്മേളനം കഴിഞ്ഞയുടനെ തന്റെ ഹൈദരാബാദ് മലയാളി സഹപ്രവര്‍ത്തകയ്ക്കായി ഫോണില്‍ കുത്തും. എടീ..ഇന്ന് കോട്ടയത്ത് രണ്ട് കേസുണ്ടെടീ.... കണ്ണൂരില്‍ അഞ്ച് കേസുണ്ടെടീ... കാസര്‍കോട് 34... ക്വാറന്റൈന്‍ ലംഘിച്ച് ചുറ്റിനടന്ന കോവിഡ് പടര്‍ത്തിയ കാസര്‍കോട്കാരന്‍ ഇങ്ങ് ഹൈദരാബാദിലിരുന്ന് ടീച്ചര്‍ വിളിച്ച തെറി കേട്ടിരുന്നെങ്കില്‍ അയാള്‍ ചന്ദ്രഗിരി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തേനെ.
കേരളത്തില്‍ കൊറോണ കുറഞ്ഞു വരുന്ന ദിവസങ്ങളില്‍ ടീച്ചര്‍ വലിയ ഉത്സാഹവതിയായി മാറും.'കേരളം രക്ഷപെട്ടു... എടീ..,നമ്മുടെ മുഖ്യനെ കണ്ട് പഠിക്കണം ഇവന്മാര്‍..! കേരളത്തിലെ കമ്മ്യൂണിറ്റി കിച്ചെന്‍, പെന്‍ഷന്‍, ഭക്ഷ്യ കിറ്റ്, അരി വിതരണം, മികച്ച സര്‍ക്കാര്‍ ആശുപത്രികള്‍... എല്ലാം വിവരിക്കുമ്പോള്‍ ടീച്ചര്‍ ആവേശഭരിതയും ഉള്‍പുളകിതയും ആവും. ആരോഗ്യ മന്ത്രി ടീച്ചറമ്മയുടെ കട്ട ആരാധികയാണ് ഇപ്പൊള്‍ വത്സമ്മ.. ഈ ഇടയായി വസ്ത്രത്തിലും, നടപ്പിലും, വര്‍ത്തമനരീതിയിലും, മുടി കെട്ടുന്നതിലും ഒരു ടീച്ചറമ്മടച്ച് വരുത്തിയിട്ടുണ്ട് വത്സമ്മ. .....അങ്ങിനെ ഇരിക്കെയാണ് മുണ്ടക്കയത്ത് രണ്ട് കൊറോണ കേസുകള്‍ ഉണ്ടെന്ന വിവരം മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് അത് കേട്ടതും വീട്ടിലെ ഭര്‍ത്താവും മക്കളും പിന്നീട് കണ്ടത് തികച്ചും വ്യത്യസ്തയായ വത്സമ്മ ടീച്ചറെയാണ്.. നാഗവല്ലി കൂടിക്കേറിയ ഗംഗയെ പോലെ അടിമുടി മാറി..,'സണ്ണി' യോട് തട്ടിക്കയറല്‍,ചോദ്യംചെയ്യല്‍ 'നകുല'നോടുള്ള പക... 'രാമനാഥ'നോടുള്ള അടുപ്പം....അമിതമായ ആശങ്ക...തന്റെ മുണ്ടക്കയത്തുവന്ന കോവിഡിനോടുള്ള ദേഷ്യത്താല്‍ ഗംഗയെപ്പോലെ ഒറ്റക്കൈകൊണ്ട് കട്ടില്‍ പൊന്തിച്ചില്ലെന്നേയുള്ളു അവര്‍.
നാട്ടിലെ തന്റെ അമ്മ,സഹോദരന്മാര്‍ ഇവരെകുറിച്ചുള്ള ആധി വത്സമ്മയെ പിടികൂടി. മുണ്ടക്കയത്ത് രണ്ട് കേസുകളില്‍ ഒരാള്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആണത്രേ.. അവന്‍ ഓട്ടോയും കൊണ്ട് എവിടെയെല്ലാം പോയിക്കാണും.?എത്ര പേര് ഓട്ടോയില്‍ കയറി ക്കാണും? എന്റെ ആങ്ങളമാര്‍ കയറിയിരിക്കുമോ? എന്റെ ഷുഗര്‍ രോഗി ആയ മൂത്ത ചേട്ടനും കിഡ്നിക്ക് വയ്യാത്ത നാത്തൂനും അവന്റെ ഓട്ടോയിലായിരിക്കുമോ ആശുപത്രിയില്‍ പോയത്....? ഓട്ടോയുടെ റൂട്ട് മാപ്പ് കിട്ടാന്‍ വല്ല വഴിയും ഉണ്ടോ..?
ആശങ്കയുടെ മുള്‍മുനയില്‍ നിന്നുകൊണ്ട് ടീച്ചര്‍ തന്റെ സഹപ്രവര്‍ത്തകയെ വിളിച്ചു.എടീ... മുണ്ടക്കയത്ത് രണ്ട് കൊറോണ കേസുകള്‍ ..ഉണ്ടെടീ.. എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ലെടീ.... എന്റെ അമ്മയും ആങ്ങളമാരും എങ്ങനെ ഉണ്ടാവും ദൈവമേ..!
'എടീ വത്സമ്മേ.... കോവിഡ് നിന്റെ മുണ്ടക്കയത്ത് നിന്ന് ശബരി എക്സ്പ്രസ്സ് കയറി ഹൈദരാബാദിലേക്ക് വരത്തൊന്നുമില്ല കെട്ടോ... അമ്മക്കും ചേട്ടന്‍മാര്‍ക്കും കോവിഡ് വന്നാ അത് നോക്കാനും മാറ്റാനും നല്ല അന്തസുള്ള സര്‍ക്കാറുണ്ട് നാട്ടില്‍ നല്ല ആസ്പത്രിയും മിടുക്കരായ ഡോക്ടര്‍മാരുമുണ്ട്...നീ നിന്റെ കാര്യം നോക്ക്.. നീയറിഞ്ഞോ വേറൊരു കാര്യം സായിസദന്‍ അപ്പാര്‍ട്ട് മെന്റിലെ 405 ല്‍ അല്ലേ നിന്റെ താമസം...205 ലേയും 207 ലേയും താമസക്കാര്‍ക്ക് കോവിഡുണ്ട് നീ സൂക്ഷിക്ക്.. താഴോട്ടൊന്നും ഇറങ്ങണ്ട.. ലിഫിറ്റിലും കയറണ്ട.. നിന്റെ കെട്യോനോടും പറ..'
' അത് ഇവിടെ അല്ലേടീ..അങ്ങനാന്നോ നമ്മുടെ നാട്ടില്‍ കോവിഡ് വന്നാല്‍.. മ്മളെ വേരുള്ളത് അവിടല്ലേ..മ്മളെ വേണ്ടപ്പെട്ടോര്‍ അവിടല്ലേ... അവര്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ എങ്ങിനെ സഹിക്കാന്‍ പറ്റും..? വത്സമ്മയുടെ മറുപടി കേട്ട് അപ്പുറത്ത് നിന്ന് തെലുങ്കും മലയാളവും കലര്‍ന്ന ഒരു മുട്ടന്‍ തെറി കൂട്ടുകാരിയില്‍ നിന്ന് പറന്നെത്തി... അതിവിടെ പറയാന്‍ പറ്റാത്തതുകൊണ്ട് സിനിമയില്‍ ചീത്തവിളിക്കുന്ന സമയത്ത് വരാറുള്ള കൂ...കൂ..കൂ....ശബ്ദം മാത്രം ഇവിടെയിടാം...
Content Highlights: Corona lockdown Experience shared by Valsala teacher from Hyderabad written by P.V.K Raman