സർക്കാർ-സ്വകാര്യ ആസ്പത്രികളെയും ലബോറട്ടറികളെയും  നിയന്ത്രിക്കാനുള്ള ബിൽ (2017-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ രജിസ്‌ട്രേഷനും നിയന്ത്രണവും ബിൽ) നിയമസഭ ചർച്ചചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കയാണ്. സബ്ജക്ട് കമ്മിറ്റി പരിശോധിച്ചശേഷം ബിൽ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ജനാഭിപ്രായംകൂടി ആരാഞ്ഞതിനുശേഷം നിയമസഭ ചർച്ചചെയ്യാനായി സെലക്ട് കമ്മിറ്റിക്ക് വിടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശി മുരുകൻ സ്വകാര്യാസ്പത്രികളിൽനിന്നും മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽനിന്നും ചികിത്സ ലഭിക്കാതെ മരണമടഞ്ഞ ദാരുണസംഭവം പരിഗണിച്ചാവണം ബിൽ ഉടനടി പാസാക്കാൻ സർക്കാർ തീരുമാനിച്ചത്.   

വർഷങ്ങളായുള്ള ആവശ്യം

കേന്ദ്ര സർക്കാർ 2010 -ൽ അംഗീകരിച്ച ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ  [The Clinical Establishment (Registration and Regulation) Act]  മാതൃകയിലാണ് സംസ്ഥാന ബില്ലും തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തെ ക്ലിനിക്കൽ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഏറ്റവും കുറഞ്ഞനിലവാരം നിർണയിച്ച് ആതുര സേവനരംഗത്ത് ഐകരൂപ്യം കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് വിഭാവനം ചെയ്യപ്പെട്ടത്.  പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ക്ലിനിക്കൽ സ്ഥാപനങ്ങൾ (ആസ്പത്രികളും ലബോറട്ടറികളും) നൽകാവുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഏറ്റവും കുറഞ്ഞ നിലവാരം നിർണയിക്കുകയെന്ന ലക്ഷ്യത്തോടുകൂടി അവയുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾക്ക് രൂപം നൽകുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.

ആധുനിക വൈദ്യം, ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിൽപെട്ട സ്ഥാപനങ്ങളും ബില്ലിന്റെ പരിധിയിൽ വരും. ആസ്പത്രി, മെറ്റേണിറ്റി ഹോം, നഴ് സിങ്‌ ഹോം, ഡിസ്പെൻസറി, ക്ലിനിക്ക്, സാനിറ്റോറിയം, വിവിധ പരിശോധനകൾ നടത്തുന്ന ലബോറട്ടറികൾ എന്നിവയെല്ലാം നിയന്ത്രിക്കപ്പെടും. സർക്കാരിന്റെയും (സംസ്ഥാനം, തദ്ദേശ സ്വയംഭരണ സ്ഥാപനം, സഹകരണ സ്ഥാപനം), സ്വകാര്യ വ്യക്തികളുടെയും  ട്രസ്റ്റിന്റെയും  ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളെയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സായുധസേനയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ക്ലിനിക്കൽ സ്ഥാപനങ്ങളെ ബില്ലിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.Medical

ക്ലിനിക്കൽസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും നടപ്പാക്കാൻ സംസ്ഥാന തലത്തിൽ കൗൺസിൽ രൂപവത്‌കരിക്കും. ക്ലിനിക്കൽ സ്ഥാപനങ്ങളെ തരംതിരിക്കയും ഓരോ വിഭാഗത്തിനും വേണ്ട ഏറ്റവും കുറഞ്ഞ നിലവാരം നിശ്ചയിക്കുകയും  ചെയ്യുക എന്നതാണ് കൗൺസിലിന്റെ മുഖ്യ ചുമതല. പൊതുജനാരോഗ്യത്തിന് വിപരീതമായി പ്രവർത്തിക്കുന്ന ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനും ശിക്ഷവിധിക്കാനും കൗൺസിലിന് അധികാരമുണ്ട്.

രജിസ്‌ട്രേഷൻ ഉപാധികൾ
ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുള്ള ഉപാധികളും ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കും സ്ഥാപനത്തിന്റെ വിഭാഗത്തിനനുസൃതമായി സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിലവാരം ഉണ്ടായിരിക്കണം. മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാർക്ക് നിർണയിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്.  ചികിത്സാമാർഗങ്ങളുടെയും സുരക്ഷയുടെയും അണുബാധ നിയന്ത്രണത്തിന്റെയും കാര്യത്തിൽ വിജ്ഞാപനം ചെയ്യപ്പെടുന്ന നിലവാരം പുലർത്തിയിരിക്കണം. ഈ വിവരങ്ങളെല്ലാം സർക്കാരിനെ കാലാകാലങ്ങളിൽ അറിയിച്ചിരിക്കണം. ബിൽ പ്രാബല്യത്തിൽ വന്നാൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് താത്കാലിക രജിസ്‌ട്രേഷൻ നൽകും. നിർദേശിക്കപ്പെടുന്ന കാലാവധിക്കുള്ളിൽ ഏറ്റവും കുറഞ്ഞ നിലവാരം ഉറപ്പാക്കിയശേഷം സ്ഥിരം രജിസ്‌ട്രേഷന് അപേക്ഷിക്കാം. മൂന്നുവർഷമാണ് രജിസ്‌ട്രേഷന്റെ കാലാവധി. അതിനുശേഷം നിർണയിക്കപ്പെടുന്ന ഫീസ് ഒടുക്കി രജിസ്‌ട്രേഷൻ പുതുക്കാം.

രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി ആനുകാലിക പരിശോധന നടത്താൻ  സ്വതന്ത്ര  അസസ്സർമാരുടെ ഒരു പാനൽ കൗൺസിൽ വിജ്ഞാപനം ചെയ്യുന്നതാണ്. അസസ്‌മെന്റ് നടത്തുന്നതിനുള്ളവരുടെ യോഗ്യത കൗൺസിൽ വിജ്ഞാപനം ചെയ്യും. .  നിശ്ചയിക്കപ്പെട്ടിട്ടുള്ള നിലവാരം സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി രജിസ്റ്റർചെയ്യപ്പെട്ട എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തേണ്ടതും പരിശോധനയുടെ ഫലം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുമാണ്. അക്രെഡിറ്റേഷൻ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളെ പരിശോധനയുടെ പരിധിയിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. ബില്ലിലെ വ്യവസ്ഥ ലംഘിക്കുന്നവർക്കുള്ള ശിക്ഷയും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ബില്ലിലെ ഏതെങ്കിലും വ്യവസ്ഥയുടെ ആദ്യ ലംഘനത്തിന് പതിനായിരം രൂപ, രണ്ടാം ലംഘനത്തിന് അൻപതിനായിരം രൂപ, തുടർന്നുള്ള ലംഘനത്തിന് അഞ്ചു ലക്ഷം രൂപ എന്നീ നിരക്കുകളിൽ  പിഴശിക്ഷ വിധിക്കാം. എന്നാൽ കുറ്റം ഗുരുതരമാണെങ്കിൽ പിഴശിക്ഷയ്ക്ക് പുറമേ നോട്ടീസ് നൽകിയശേഷം ക്ലിനിക്കൽ സ്ഥാപനം അടച്ചുപൂട്ടുന്നതിന് കൗൺസിലിന് ഉത്തരവിടാം.

Medical

ബില്ലിലെ ഒരു പ്രധാനപ്പെട്ട വ്യവസ്ഥ ആസ്പത്രിഫീസിനെയും സേവനത്തെയും  മെഡിക്കൽ റെക്കോർഡുകളെയും സംബന്ധിച്ചുള്ളവയാണ്. ഓരോ ക്ലിനിക്കൽ സ്ഥാപനവും അവിടെ നൽകിവരുന്ന സേവനങ്ങൾക്കും ലഭ്യമായ സൗകര്യങ്ങൾക്കും ഈടാക്കുന്ന ഫീസ് നിരക്കും പാക്കേജ് നിരക്കും രോഗികളുടെ അറിവിലേക്കായി ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥലത്ത് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം.  പ്രദർശിപ്പിച്ചിട്ടുള്ളതിനെക്കാൾ കൂടുതൽ ഫീസോ പാക്കേജ് നിരക്കോ ഈടാക്കാൻ പാടുള്ളതല്ല. ക്ലിനിക്കൽ സ്ഥാപനങ്ങൾ രോഗികളുടെ രോഗനിർണയം, പരിശോധനാ ഫലം, നൽകിയ ചികിത്സ, വിടുതൽ സമയത്തുള്ള സ്ഥിതി, രോഗികൾക്ക് നൽകുന്ന ഉപദേശം എന്നിവ സംബന്ധിച്ച രേഖകൾ സൂക്ഷിച്ച് പോരേണ്ടതും അവയുടെ പകർപ്പ് രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ ലഭ്യമാക്കുകയുംവേണം. രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനും മറ്റേതെങ്കിലും ആസ്പത്രിയിലേക്ക് രോഗിയെ സുരക്ഷിതമായി എത്തിക്കുന്നതിനും ആവശ്യമായ തരത്തിൽ പരിശോധനയും ചികിത്സയും നൽകിയിരിക്കണം. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനവും നൽകേണ്ട ജീവൻരക്ഷാ സേവനങ്ങൾ കൗൺസിൽ വിജ്ഞാപനം ചെയ്യുന്നതാണ്. മറ്റൊരു പ്രധാന വ്യവസ്ഥ കോടതികളുടെ ഇടപെടലുകൾ സംബന്ധിച്ചുള്ളതാണ്. കൗൺസിലിന്റെയോ അതോറിറ്റിയുടെയോ അവയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥരുടെയോ ഉത്തരവിൽ ഇടപെടുന്നതിന് സിവിൽ കോടതിക്ക് അധികാരം  ഉണ്ടായിരിക്കുന്നതല്ല.

 അമിതമായ ഫീസീടാക്കിയും ഉചിതമായ ചികിത്സ നിഷേധിച്ചും കടുത്ത ചൂഷണത്തിന് വിധേയരാക്കപ്പെടുന്നവരുടെ ദാരുണമായ അനുഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നുണ്ട്. മാത്രമല്ല യാതൊരു ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രത്യേകിച്ചും പല  ലബോറട്ടറികളും പ്രവർത്തിക്കുന്നത്. ഇതിന്റെയെല്ലാം ഫലമായി ആരോഗ്യചെലവ് കേരളത്തിൽ കുതിച്ചുയരുകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിശീർഷ സ്വകാര്യച്ചെലവുള്ള സംസ്ഥാനം കേരളമാണ്. യാതൊരു യോഗ്യതയും പരിശീലനവുമില്ലാതെ അശാസ്ത്രീയചികിത്സകൾ നൽകി രോഗികളെ ചൂഷണംചെയ്യുന്ന ധാരാളം വ്യാജചികിത്സകരും കേരളത്തിലുണ്ട്. ഇവരുടെ വ്യാജ ചികിത്സ തടയാനും ബില്ലിലെ വ്യവസ്ഥകൾ സഹായിക്കും.

medical


വരുത്തേണ്ടമാറ്റങ്ങൾ

ബില്ലനുസരിച്ച്  ക്ലിനിക്കൽ സ്ഥാപനങ്ങളുടെ നിലവാരം നിശ്ചയിക്കാൻ കൗൺസിലിന് നൽകിയിട്ടുള്ള പരിധി രണ്ടു വർഷമാണ്. ഇത് വളരെ കൂടുതലാണെന്ന് പറയാതെവയ്യ. ബില്ലിന്റെ രണ്ടാം വായനയിൽ പരിധി ആറുമാസമെങ്കിലുമായി കുറയ്ക്കേണ്ടതാണ്. അല്ലെങ്കിൽ താത്കാലിക, സ്ഥിരം രജിസ്‌ട്രേഷനും പരിശോധനയും മറ്റുമായി നിയന്ത്രണപരിധിയിൽ സ്ഥാപനങ്ങളെ കൊണ്ടുവരുന്നത് വളരെ നീണ്ടുപോകും. അധികം കാലവിളംബം കൂടാതെ ബില്ലിലെ വ്യവസ്ഥകൾ നടപ്പാക്കേണ്ട ആവശ്യകതയും കേരളത്തിലുണ്ടെന്നത് ശ്രദ്ധിക്കപ്പെടാതെ പോവരുത്.  അടുത്ത രണ്ടുവർഷത്തിനിടെ കേരളം രണ്ട് പൊതു തിരഞ്ഞെടുപ്പുകളെ നേരിടാനുണ്ട്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പല സർക്കാർ നടപടികളും മരവിപ്പിക്കേണ്ടിവരും.

സ്വകാര്യാസ്പത്രികളിലെ ഫീസ് പ്രദർശിപ്പിക്കണമെന്നു മാത്രമാണ് ബില്ലിൽ നിഷ്കർഷിച്ചിട്ടുള്ളത്. വിവിധ ചികിത്സാവിധികൾക്കുള്ള ചികിത്സനിരക്ക് നിർണയിച്ച് പ്രസിദ്ധീകരിക്കാൻ കൗൺസിലിനെ ചുമതലപ്പെടുത്തണം.  കേന്ദ്ര ഡയറക്ടർജനറൽ ഇത്തരത്തിൽ ചികിത്സനിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസിന്റെ ഭാഗമായി കേരളത്തിലും ചികിത്സനിരക്കുകൾ നിലവിലുണ്ട്. ചികിത്സനിരക്ക് നിശ്ചയിച്ചിട്ടില്ലെങ്കിൽ കേവലം അവയുടെ പ്രദർശനംകൊണ്ട് മാത്രം ചികിത്സച്ചെലവ് കുറയ്ക്കാൻ കഴിയാതെവരും.

അക്രെഡിറ്റേഷൻ ലഭിച്ച സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അവയെ കാലാകാലങ്ങളിലുള്ള പരിശോധനകളിൽ നിന്നൊഴിവാക്കുമെന്നുമുള്ള വ്യവസ്ഥ പുനഃപരിശോധിക്കേണ്ടതാണ്. ഒരിക്കൽ അക്രെഡിറ്റേഷൻ ലഭിച്ചശേഷം നിലവാരത്തകർച്ചയുണ്ടായാൽ അതുസംബന്ധിച്ച് വിവരം ലഭിക്കണമെങ്കിൽ തുടർപരിശോധന ആവശ്യമാണ്. വൻകിട ആസ്പത്രികൾക്കാവും അക്രെഡിറ്റേഷൻ ലഭിക്കാൻ സാധ്യതയുള്ളതെന്നതും കണക്കിലെടുക്കേണ്ടതാണ്.  അസസ്സർമാരുടെ യോഗ്യത നിശ്ചയിക്കുന്നതിൽ കർശനമായ ഉയർന്ന മാനദണ്ഡം പാലിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യപ്പെട്ട ആസ്പത്രികളിൽ ചികിത്സാമാനദണ്ഡ(Treatment Protocols and Guidelines) പാലിച്ചിരിക്കേണ്ടതാണ് എന്ന വകുപ്പുകൂടി ബില്ലിൽ കൂട്ടിച്ചേർക്കേണ്ടതാണ്.

വിവിധതലത്തിലുള്ള ആസ്പത്രികളുടെ നിലവാരം നിശ്ചയിക്കുമ്പോൾ ഇടത്തരം-ചെറുകിട ആസ്പത്രികളുടെ കാര്യത്തിൽ ഉദാരമായ സമീപനം കൗൺസിൽ സ്വീകരിക്കേണ്ടതാണ്. വൻകിട കോർപ്പറേറ്റ് ആസ്പത്രികളുടെയും സ്വാശ്രയ സ്വകാര്യ മെഡിക്കൽ കോളേജുകളുടെയും വരവോടെ ഇത്തരം ആസ്പത്രികൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു.  കോർപ്പറേറ്റ് ആസ്പത്രികളുമായി തട്ടിച്ചുനോക്കുമ്പോൾ സാമൂഹിക ഉത്തരവാദിത്വത്തോടെ ചെലവ് കുറഞ്ഞ ചികിത്സ സമൂഹത്തിന് ലഭ്യമാക്കുന്ന സ്ഥാപനങ്ങളാണിവ എന്നത് പരിഗണിക്കേണ്ടതാണ്. ആസ്പത്രികളിലും ലബോറട്ടറികളിലും ലഭ്യമാക്കേണ്ട മിനിമം സൗകര്യങ്ങളും സേവനങ്ങളും നിശ്ചയിക്കുമ്പോൾ അതെല്ലാം സർക്കാർ ആസ്പത്രികൾക്കും ബാധകമാണെന്ന കാര്യം മറക്കരുത്.medical 

ആസ്പത്രികളുടെ മിനിമം നിലവാരം കൗൺസിൽ നിശ്ചയിച്ചുകഴിഞ്ഞാൽ അതെല്ലാം സർക്കാർ ആസ്പത്രികളിൽ ഉറപ്പാക്കേണ്ടതാണ്. മിനിമം സൗകര്യങ്ങളുടെകാര്യത്തിൽ സർക്കാർ ആസ്പത്രികൾ മാതൃകകാട്ടണം. സർക്കാർ ആസ്പത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ വിഭവശേഷിയും വർധിപ്പിക്കാൻ വേണ്ടിവരാനിടയുള്ള അധികചെലവ് കണക്കാക്കി ഇപ്പോഴേ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി  ജനസൗഹൃദമാക്കാനും താലൂക്ക് ജില്ലാ മെഡിക്കൽ കോളേജ്  ആസ്പത്രികൾ വികസിപ്പിക്കാനും സർക്കാർ തുടക്കംകുറിച്ചിട്ടുള്ള പദ്ധതികൾ  ബിൽ അവതരിപ്പിച്ച സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ത്വരഗതിയിലാക്കേണ്ടതാണ്.

(ഭിഷ്വഗരനും സാമൂഹിക നിരീക്ഷകനും മുൻ കേരള സർവകലാശാല വി.സി.യുമാണ്‌ ലേഖകൻ)