രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങൾക്ക് വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷനൽകുമെന്ന് അവകാശപ്പെട്ട് 2018-ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഒരുവർഷം പൂർത്തിയാവുകയാണ്. ‘ആരോഗ്യമന്ഥൻ’ എന്ന പേരിൽ ഒന്നാം വാർഷികാഘോഷപരിപാടി ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ഉദ്ഘാടനംചെയ്തിട്ടുണ്ട്. ലോകത്തെത്തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യപദ്ധതിയെന്നാണ് ചില മാധ്യമങ്ങൾ ആയുഷ്മാൻ ഭാരതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
പദ്ധതി നടപ്പാക്കാനുള്ള ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരും. മാത്രമല്ല, ഈ പദ്ധതിയനുസരിച്ച് പ്രയോജനംലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ കേന്ദ്രമാനദണ്ഡപ്രകാരം ഇപ്പോൾ സംസ്ഥാനങ്ങൾ നൽകുന്നതിനെക്കാൾ കുറവുവന്നുകൂടെന്നില്ല. ഇതെല്ലാം കണക്കിലെടുത്ത് കേരളസർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിമിതികൾ ചൂണ്ടികാട്ടിക്കൊണ്ടാണെങ്കിലും പദ്ധതിയിൽ പങ്കാളിയായി. ഒഡിഷ, ഡൽഹി, തെലങ്കാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ പദ്ധതിയിൽ ഇതുവരെ ചേർന്നിട്ടില്ല.
ആശുപത്രികളുടെ തട്ടിപ്പ്
8571 സർക്കാർ ആശുപത്രികളും 9666 സ്വകാര്യ ആശുപത്രികളുമടക്കം 18,236 ആശുപത്രികൾ പദ്ധതിയിൽ എംപാനൽചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, എത്ര ആശുപത്രികൾ ഗുണമേന്മയുള്ള ചികിത്സനൽകുമെന്ന് ഉറപ്പുവരുത്താനായിട്ടില്ല. കാരണം, ഇതിൽ 605 ആശുപത്രികൾക്കുമാത്രമാണ്, ആശുപത്രികളുടെ ഗുണനിലവാരം നിശ്ചയിക്കുന്നതിനുള്ള എൻ.എ.ബി.എച്ചിന്റെ (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ) അംഗീകാരം ലഭിച്ചിട്ടുള്ളത്. ഒരു വർഷത്തിനിടെ 46.5 ലക്ഷം രോഗികൾക്ക് ചികിത്സനൽകാൻ കഴിഞ്ഞെങ്കിലും കാര്യങ്ങൾ സുഗമമായല്ല മുന്നോട്ടുപോകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെതന്നെ വാർഷികാവലോകനപ്രസംഗം വ്യക്തമാക്കുന്നു. അനാവശ്യ ചികിത്സനൽകുകയോ അമിതഫീസ് ഈടാക്കുകയോചെയ്തു തട്ടിപ്പുനടത്തിയ 341 കേസിൽ 16 സംസ്ഥാനങ്ങളിൽനിന്നായി രണ്ടുകോടി മുപ്പതുലക്ഷംരൂപ തിരികെപ്പിടിക്കേണ്ടിവന്നിട്ടുണ്ട്.
ചിലതരം ശസ്ത്രക്രിയകൾ, ആൻജിയോപ്ലാസ്റ്റി, ഇടുപ്പെല്ല് പുനഃസ്ഥാപനം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് നിരക്ക് ഏകീകരിക്കാതിരുന്നതുകൊണ്ട് ആശുപത്രികൾ രോഗികളുടെമേൽ അമിതച്ചെലവ് അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രിതന്നെ സമ്മതിച്ചിരിക്കുന്നു. സേവനംനൽകേണ്ട ആശുപത്രി പട്ടികയിൽനിന്ന് ഇതിനകം 111 ആശുപത്രികളെ നീക്കംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വെട്ടിപ്പുനടത്തുന്ന ആശുപത്രികളുടെ വിവരങ്ങൾ നാഷണൽ ഹെൽത്ത് അതോറിറ്റി (എൻ.എച്ച്.എ.) വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും തീരുമാനമായി. എന്നാൽ, എൻ.എച്ച്.എ. വെബ്സൈറ്റിൽ വിവിധ ചികിത്സാരീതികൾക്കുംമറ്റുമുള്ള നിരക്കുകൾ നൽകിയിട്ടില്ല എന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്. പ്രൊഫഷണൽ സംഘടനകളുടെയും കോർപ്പറേറ്റ് ആശുപത്രികളുടെയും സമ്മർദത്തിനുവഴങ്ങി ഇതിനകം 270 ചികിത്സാപാക്കേജുകളുടെ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്.
അനിശ്ചിതത്വം നിറഞ്ഞ് ആരോഗ്യ സൗഖ്യകേന്ദ്രങ്ങൾ
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയോടൊപ്പം സബ് സെന്ററുകളെ കേന്ദ്രീകരിച്ച് ഒന്നരലക്ഷം ആരോഗ്യ സൗഖ്യകേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിപ്രകാരം തീരുമാനിച്ചു. പൊതുവിൽ 5000 പേർക്കും പട്ടിക ജാതി-വർഗ പിന്നാക്ക പ്രദേശങ്ങളിൽ 3000 പേർക്കുമായി ഒരു കേന്ദ്രം എന്നാണ് വിഭാവനംചെയ്തിട്ടുള്ളത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, പ്രത്യേകിച്ച് ദീർഘസ്ഥായി രോഗങ്ങൾക്കുള്ള തുടർചികിത്സ ആരോഗ്യസൗഖ്യ കേന്ദ്രങ്ങളിൽ നൽകേണ്ടതാണ്. എന്നാൽ, ഫാർമസിസ്റ്റുകൾമാത്രമേ മരുന്നുകൾ നൽകാവൂവെന്ന് കേരളമടക്കം ചില സംസ്ഥാനങ്ങളിൽ ഹൈക്കോടതിവിധിയുള്ളതുകൊണ്ട് മരുന്നുവിതരണം സബ്സെന്ററുകൾവഴി നടത്താൻ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രം നിയമഭേദഗതി കൊണ്ടുവരണം.
ആരോഗ്യസൗഖ്യ കേന്ദ്രങ്ങളിൽവേണ്ട മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നു. ഒരു മധ്യതല ആരോഗ്യസേവകൻ അല്ലെങ്കിൽ ഡോക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, അഞ്ച് ആശാവർക്കർമാർ എന്നിവരടങ്ങിയ ടീം സബ്സെന്ററുകളിൽ ഉണ്ടായിരിക്കണമെന്നാണ് നിർദേശം. മധ്യതല ആരോഗ്യസേവകനായി ചികിത്സാപാരമ്പര്യമുള്ള, ഔപചാരിക വൈദ്യപരിശീലനം ലഭിക്കാത്തവരെ നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഇതിനിടെ വലിയ വിവാദംസൃഷ്ടിച്ചിട്ടുണ്ട്. ഫലത്തിൽ ഇത് വ്യാജചികിത്സകർക്ക് അംഗീകാരം നൽകുന്നതിന് തുല്യമാണെന്ന് പ്രൊഫഷണൽ സംഘടനകൾ ആശങ്കയുയർത്തുന്നു. ഇവർക്കുപകരമായി ആരോഗ്യസൗഖ്യകേന്ദ്രങ്ങളിൽ ബി.എസ്സി./ജനറൽ നഴ്സിനെ നിയമിക്കുന്നതാവും ഉചിതമെന്ന നിർദേശത്തോടും കേന്ദ്രം പ്രതികരിച്ചിട്ടില്ല.
25,000 കേന്ദ്രങ്ങൾ ഒരു വർഷത്തിനകം തുടങ്ങിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. മാത്രമല്ല, ഇത്രയും കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള തുകയും ബജറ്റിൽ വകയിരുത്തിയിട്ടില്ല. ഇതിലേക്കായി കഴിഞ്ഞ വർഷത്തെ ബജറ്റിൽ 1200 കോടി രൂപമാത്രമാണ് മാറ്റിവെച്ചിരുന്നത്. 10,000 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കാൻമാത്രമേ ഈ തുക മതിയാവൂ. ഒന്നരലക്ഷം കേന്ദ്രങ്ങൾ സംഘടിപ്പിക്കാൻ 15,000 കോടി രൂപയെങ്കിലും വേണ്ടിവരും. ഇത്തവണത്തെ ബജറ്റിലാവട്ടെ ഇതിലേക്കായി കേവലം 2799.85 കോടിമാത്രമാണ് നീക്കിെവച്ചത്.
സർക്കാർവിഹിതം വർധിപ്പിക്കണം
ആശുപത്രിയിൽ അഡ്മിറ്റാവുന്ന രോഗികൾക്കുമാത്രമാണ് ആരോഗ്യ ഇൻഷുറൻസ് എന്നതിനാൽ ഒ.പി. ചികിത്സയ്ക്കാവശ്യമായ ചെലവ് രോഗികൾതന്നെ വഹിക്കേണ്ടിവരും. ആരോഗ്യച്ചെലവിന്റെ 40 ശതമാനത്തിലേറെ ഔഷധങ്ങൾക്കാണ് ചെലവിടേണ്ടിവരുന്നത്. പൊതുമേഖലാ ഔഷധക്കമ്പനികളിലൂടെ അവശ്യമരുന്നുകൾ ആവശ്യാനുസരണം ഉത്പാദിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ചുമതല കേന്ദ്രസർക്കാരിനുണ്ട്.
സാർവത്രിക ആരോഗ്യസേവനം ഉറപ്പാക്കാൻ സർക്കാർ ആരോഗ്യസംവിധാനം കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് താത്കാലികാശ്വാസം നൽകാനുള്ള ഹ്രസ്വകാല നടപടിമാത്രമാണ് ഇൻഷുറൻസ് പദ്ധതികൾ. മാത്രമല്ല, സ്വകാര്യാശുപത്രികളിലെ സേവനങ്ങൾക്ക് സർക്കാർ ഇൻഷുറൻസ് പദ്ധതികളിലൂടെ പണം നൽകുന്നത് സർക്കാരിന്റെയും ജനങ്ങളുടെയും പണമുപയോഗിച്ച് സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുന്നതോടൊപ്പം ആരോഗ്യരംഗത്തെ സർക്കാരിന്റെ മുതൽമുടക്കും വർധിപ്പിക്കേണ്ടതുണ്ട്.
എൻ.ഡി.എ. സർക്കാർ അംഗീകരിച്ച ആരോഗ്യനയരേഖയിൽ 2.5 ശതമാനമായി ആരോഗ്യവിഹിതം വർധിപ്പിക്കുമെന്ന് വാഗ്ദാനംചെയ്തിരുന്നു. ഇതിനായി വർഷംതോറും ആരോഗ്യവിഹിതം 30 ശതമാനംവീതം വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷവും അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യത്തിനായി മാറ്റിെവച്ച തുകയിൽ നേരിയ വർധനയുണ്ടായിരുന്നെങ്കിലും വിലവർധന കണക്കിലെടുക്കുമ്പോൾ ഒട്ടും വർധനയുണ്ടായിട്ടില്ലെന്ന് കാണാൻകഴിയും. ഇപ്പോഴും ആരോഗ്യവിഹിതം ദേശീയ വരുമാനത്തിന്റെ 1.1 ശതമാനംമാത്രമായി തുടരുകയാണ്. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെമാത്രം കേന്ദ്രീകരിച്ചുള്ളതും പൊതു ആരോഗ്യസംവിധാനങ്ങളെ അവഗണിച്ചുകൊണ്ടുള്ളതുമായ സങ്കുചിതമായ സമീപനമാണ് ആരോഗ്യമേഖലയോട് കേന്ദ്രസർക്കാർ പൊതുവിൽ സ്വീകരിച്ചുവരുന്നത്. പൊതുപണം സ്വകാര്യമേഖലയിലേക്ക് മാറ്റപ്പെടുന്നു എന്നതാണ് ഇൻഷുറൻസ് മാതൃകമാത്രം പിന്തുടർന്നാൽ സംഭവിക്കുകയെന്ന് ഒട്ടേറെ രാജ്യങ്ങളുടെ അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്.
(കേരള സർവകലാശാല മുൻ വൈസ് ചാൻസലറും പൊതുജനാരോഗ്യ വിദഗ്ധനുമാണ് ലേഖകൻ)