HEALTHസെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ ഗസറ്റ് നോട്ടിഫിക്കേഷനിൽ (ആയുർവേദ പി.ജി. എജ്യുക്കേഷൻ) വരുത്തിയ ഭേദഗതികൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ശല്യതന്ത്രത്തിൽ (ജനറൽ സർജറി) 39 തരം ശസ്ത്രക്രിയകളിലും ശാലാക്യതന്ത്രത്തിൽ (Ophthalmology and ENT)  19 തരം ശസ്ത്രക്രിയകളിലും പി.ജി. വിദ്യാർഥികൾ പ്രായോഗികപരിശീലനം നേടണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഇതിനെതിരേ ആധുനിക വൈദ്യമേഖലയിലെ സംഘടനകൾ ഒന്നടങ്കം രംഗത്തുവരികയുണ്ടായി. ഇന്ന് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലുള്ള 80 ശതമാനം ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് സർജൻമാരെ ലഭ്യമല്ല എന്ന് കണക്കുകൾ കാണിക്കുന്നു. സാധാരണക്കാരായ ജനങ്ങൾക്ക് പ്രൈവറ്റ് ആശുപത്രികളെ ഓപ്പറേഷനുവേണ്ടി സമീപിക്കുക ചിന്തിക്കാൻപറ്റാത്ത കാര്യമാണ്.

ഈ സാഹചര്യത്തിൽ കൂടുതൽ സർജൻമാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നത്‌ വ്യക്തം. പുതിയ സർജൻമാരെ കണ്ടെത്താൻ ആയുർവേദത്തെ ഉപയോഗപ്പെടുത്താനുള്ള തീരുമാനം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് നോക്കാം. ആയുർവേദത്തിലുള്ള മൂന്ന് പി.ജി. വിഭാഗങ്ങൾ സർജറിയുമായി ബന്ധപ്പെട്ട വിഭാഗങ്ങളാണ്. ശല്യതന്ത്രം (General Surgery), ശാലാക്യ തന്ത്രം (Ophthalmology and ENT), പ്രസൂതി തന്ത്രം (Obstetrics and Gynaecology) എന്നിവയാണ് ഈ വിഭാഗങ്ങൾ. ബി.എ.എം.എസ്. കോഴ്‌സിൽ കുട്ടികൾ നീറ്റ് എൻട്രൻസ് ടെസ്റ്റിൽക്കൂടി അഡ്മിഷനെടുക്കുന്നവരാണ്. ഇതിൽനിന്ന്‌ അഞ്ചരവർഷത്തെ കോഴ്‌സ് കഴിഞ്ഞ് മൂന്നുവർഷത്തെ പി.ജി. ഡിഗ്രിയും കഴിഞ്ഞാണ് ഒരു പി.ജി. ഡോക്ടർ പുറത്തിറങ്ങുന്നത്. പി.ജി. കോഴ്‌സിന്റെ പാഠ്യപദ്ധതിയിൽ സർജറിയുടെ പ്രായോഗികപരിശീലനംകൂടി നൽകിക്കൊണ്ട് സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം നേടാവുന്നതാണ്. ഇങ്ങനെ ഇറങ്ങുന്ന ആയുർവേദസർജന്മാർ ചെയ്യുന്ന ശസ്ത്രക്രിയകൾ വിദഗ്ധസമിതി സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് സർജിക്കൽ ഓഡിറ്റിന് വിധേയമാക്കുകയുംചെയ്താൽ അതിന്റെ ഫലസിദ്ധി പൂർണമായും ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കും. 

ആയുർവേദത്തിലെ ശസ്ത്രക്രിയാസിദ്ധാന്തങ്ങൾ
ഇനി ആയുർവേദത്തിൽ ശസ്ത്രക്രിയാ അനുബന്ധമായി പറഞ്ഞിട്ടുള്ള കാര്യങ്ങൾ നോക്കാം. ശസ്ത്രക്രിയയുടെ പിതാവായി ലോകം മുഴുവൻ അംഗീകരിച്ച സുശ്രുതാചാര്യന്റെ സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കിയാണ് ആയുർവേദശസ്ത്രക്രിയകൾ നടത്തിവരുന്നത്. സുശ്രുതസംഹിത എന്ന മഹദ്‌ഗ്രന്ഥത്തിൽ ശസ്ത്രകർമങ്ങളെപ്പറ്റി വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. വിവിധ ശസ്ത്രകർമങ്ങൾ അതിന്റെ ഉപവിഭാഗങ്ങൾ, 101 തരം യന്ത്രങ്ങൾ, 20 ശസ്ത്രങ്ങൾ, അനുശസ്ത്രങ്ങൾ, അനുശസ്ത്രകർമങ്ങൾ എന്നിവ വളരെ വ്യക്തമായും പ്രാധാന്യത്തോടും വിശദീകരിച്ചിട്ടുണ്ട്. യന്ത്രശസ്ത്രങ്ങളെപ്പറ്റിയും അവയുടെ പ്രയോഗരീതികളെപ്പറ്റിയും മറ്റൊരു ശാസ്ത്രത്തിലും ഇത്ര വിപുലമായി പ്രതിപാദിച്ചിട്ടില്ല. വിവിധ ശസ്ത്രക്രിയകൾക്കും ശരീരഘടനയ്ക്കും അനുസൃതമായാണ് ഓരോ ഉപകരണങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ആധുനികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഇവയോട് വളരെയധികം സാദൃശ്യമുള്ളവയാണ്. കാലാനുസൃതമാറ്റങ്ങൾ വരുത്തിയ അത്തരം ഉപകരണങ്ങൾ ആയുർവേദസർജൻമാർക്കും ഉപയോഗിക്കാവുന്നതാണ്. 
സുശ്രുതസംഹിതയിൽ പറഞ്ഞുെവച്ചിട്ടുള്ള ത്രിവിധകർമങ്ങൾ (പൂർവകർമം, പ്രധാന കർമം, പശ്ചാത് കർമം) എന്ന ആശയംതന്നെയാണ് ഇന്ന് നാം കാണുന്ന പ്രീ ഓപ്പറേറ്റീവ്, ഓപ്പറേറ്റീവ്, പോസ്റ്റ് ഓപ്പറേറ്റീവ് എന്ന ശസ്ത്രക്രിയയിലെ പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങൾ.

സൂക്ഷ്മാണുക്കളെപ്പറ്റിയും അവയുടെ നശീകരണത്തെപ്പറ്റിയും അതിന് ശസ്ത്രക്രിയയിലുള്ള പ്രാധാന്യത്തെപ്പറ്റിയും വളരെ വ്യക്തമായിത്തന്നെ ഈ ശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ട്. ധൂപനം (Fumigation), പരിഷേകം (Sprinkling),  തുടങ്ങിയ അണുനശീകരണപ്രവർത്തനങ്ങൾ അന്നത്തെപ്പോലെത്തന്നെ ഇന്നും പ്രയോഗത്തിലുള്ളവയാണ്. ഉദാഹരണമായി ഈയിടെ തൃശ്ശൂരിൽനടന്ന പഠനത്തിൽ അപരാജിത ധൂപചൂർണം പുകയ്ക്കുന്നതിലൂടെ 99 ശതമാനം അണുക്കളും നശിക്കുന്നതായി കണ്ടെത്തി. അണുബാധ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ ആയുർവേദത്തിലും ധാരാളമായി ഉപയോഗിക്കുന്നുണ്ട്.  

പൂർണമായ പാഠ്യപദ്ധതി
 മൂത്രാശയക്കല്ല്, ഹെർണിയ, ഹൈഡ്രോസീൽ, അർശസ്, ഭഗന്ദരം തുടങ്ങിയവയ്ക്കുള്ള ഫലപ്രദമായ ശസ്ത്രക്രിയകൾ ഈ ശാസ്ത്രത്തിലുണ്ട്. ശരീരത്തിന്റെ ഘടനയെപ്പറ്റിയും ശവച്ഛേദത്തിനെപ്പറ്റിയും (dissection)  ശരീരത്തിലുള്ള ഓരോ അവയവങ്ങളുടെ എണ്ണം, ഘടന എന്നിവയും ഇവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവയെല്ലാം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയും അതോടൊപ്പംതന്നെ ആധുനിക യുഗത്തിലെ പരിഷ്കരിച്ച അനാട്ടമിയും ഫിസിയോളജിയുമൊക്കെ ഹൃദിസ്ഥമാക്കുകയും ചെയ്തിട്ടാണ് ആയുർവേദ ഡോക്ടർമാർ സമൂഹത്തിലേക്ക് ഇറങ്ങുന്നത്. രക്തത്തെപ്പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും രക്തസ്രാവനിയന്ത്രണ സംവിധാനങ്ങളെപ്പറ്റിയും വിശദീകരിച്ചിട്ടുണ്ട്. ആധുനികസംവിധാനങ്ങളോട് കിടപിടിക്കാൻ കഴിയുന്ന രീതിയിലുള്ള രക്തസ്തംഭനനോപായങ്ങളായ ദഹനകർമം ക്ഷാരകർമം എന്നിവ ഫലപ്രദമായ രീതിയിൽ ചെയ്തുവരുന്നവയാണ്. അർശസിലും ഭഗന്തരത്തിലും ചെയ്യുന്ന ദഹനകർമം, ക്ഷാരകർമം, ക്ഷാരസൂത്രവിധി എന്നിവ ചെലവുകുറഞ്ഞരീതിയിൽ നിശ്ശേഷം രോഗത്തെ ഭേദമാക്കുന്നു. കേരളത്തിലെ സർക്കാർ ആയുർവേദ കോളേജ് ആശുപത്രികളിൽ വളരെ  തുച്ഛമായ നിരക്കിലാണ് ഇവ ചെയ്തുവരുന്നത്. ആധുനികവൈദ്യശാസ്ത്രത്തിൽ ഈ രോഗങ്ങളിൽചെയ്യുന്ന ശസ്ത്രക്രിയകൾ വളരെ ചെലവേറിയതും റക്കറൻസ്  ഉള്ളവയുമാകുന്നു. 

എല്ലാം പറഞ്ഞുവെച്ചവ
സർജറിയുടെ അടിസ്ഥാനഘടകമായ ഇൻസിഷൻ ആൻഡ്‌ ഡ്രൈനേജ് എന്ന കർമംചെയ്യേണ്ടവിധം വളരെ പ്രാധാന്യത്തിലും അവസ്ഥാനുസൃതമായും വിശദീകരിച്ചിട്ടുണ്ട്. മയരെല അഥവാ വിദ്രധിയുടെ അവസ്ഥാനുസാരേണയുള്ള ചികിത്സ ഇവിടെ പറയുന്നു. ശരിയായ രീതിയിൽ ചെയ്യാത്ത പക്ഷം അത് നാഡീവ്രണം (Sinus) ആകാനുള്ള സാധ്യതയും ഇവിടെ ചൂണ്ടിക്കാട്ടുന്നു.
അസ്ഥിഭംഗങ്ങളും (fracture), സന്ധി വിശ്ലേഷങ്ങളും (dislocation) അവയുടെ ചികിത്സാമാർഗങ്ങളും വളരെ വിശദമായി സംഹിതയിൽ പ്രതിപാദിച്ചിട്ടുണ്ട്.
വിവിധങ്ങളായ വ്രണങ്ങളും(wounds)  അവയുടെ ചികിത്സാവിധികളും വ്യക്തമായി വിശദീകരിക്കുകയും വ്രണചികിത്സയ്ക്കുവേണ്ട പ്രാധാന്യം നൽകുകയും ചെയ്തിരിക്കുന്നു. ഷഷ്ഠിരുപക്രമങ്ങൾ, (60 ചികിത്സാ രീതികൾ) വ്രണത്തിനുവേണ്ടിമാത്രമായി പറഞ്ഞിരിക്കുന്നു. സദ്യോവ്രണങ്ങൾക്ക്  (Traumatic Wounds) പ്രത്യേകം പ്രാധാന്യം നൽകി പറഞ്ഞിട്ടുണ്ട്. ഇതിന്റെ വിവിധ തരങ്ങളും അവയുടെ ശസ്ത്രക്രിയകളും ഉൾപ്പെടുന്നു. ഉദാഹരണമായി അവയവങ്ങൾക്കുവരുന്ന ക്ഷതങ്ങൾ, മുറിവുകൾ (Perforation & Rupture) എപ്രകാരം ചികിത്സിക്കണമെന്നും വിശദീകരിക്കുന്നുണ്ട്‌. കണ്ണിന്റെ ചികിത്സാരീതികളിൽ  തിമിരത്തിനും (cataract)  അർമത്തിനും (pterygium)  ലഗണം ( chalazion) തുടങ്ങിയവ ചെയ്യേണ്ട ശസ്ത്രക്രിയകൾ വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. ആദ്യമായി കോസ്മറ്റിക് സർജറിയും  പ്ലാസ്റ്റിക് സർജറിയും വിശദീകരിച്ചിരിക്കുന്നത് സുശ്രുതസംഹിതയിലാണ്. നാസാസന്ധാനം (rhinoplasty), ഓഷ്ഠസന്ധാനം ( Chieloplasty), കർണപാളി സന്ധാനം (auroplasty) എന്നിവയെല്ലാം വിശദമായിത്തന്നെ സുശ്രുത സംഹിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിൽ ഇന്ന് പ്രയോഗത്തിലുള്ള ഏതൊരു ശസ്ത്രക്രിയയും ആചാര്യൻ പറഞ്ഞുെവച്ച എട്ടുതരത്തിലുള്ള ശസ്ത്രകർമങ്ങൾക്കതീതമല്ല. അനസ്തേഷ്യയെപ്പറ്റി ആചാര്യൻ സംജ്ഞാഹരണം എന്ന ഭാഗത്ത് പ്രതിപാദിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കാവുന്നവയായ മദ്യവും അഹിഫേനവുമൊക്കെയാണ് ആചാര്യൻ ഇതിനായി പറയുന്നത്. ആദ്യകാലത്ത് ആധുനിക വൈദ്യശാസ്ത്രത്തിലും ഇവയൊക്കെത്തന്നെയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. അത്തരത്തിൽ നോക്കുമ്പോൾ സെൻട്രൽ കൗൺസിൽ ഓഫ്‌ ഇന്ത്യൻ മെഡിസിൻ മുന്നോട്ടുെവച്ച ഈ നടപടിപ്രകാരം പി.ജി. സിലബസിൽ 39+19=58 തരം ശസ്ത്രക്രിയകൾ പ്രായോഗികപഠനത്തിൽ ഉൾപ്പെടുത്തി മാറ്റം വരുത്തിയത് വലിയൊരു ശാസ്ത്രമുന്നേറ്റത്തിന് കാരണമാവും. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് വരുംനാളുകളിൽ ചെലവുകുറഞ്ഞ രീതിയിൽ ശസ്ത്രക്രിയാവിദഗ്ധരുടെ സേവനം ലഭിക്കാൻ  കാരണമാവുകയും ചെയ്യും.

ശസ്ത്രക്രിയയിൽ പരിശീലനംനൽകുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ബി.എച്ച്.യു. എന്നിവിടങ്ങളിലുള്ള പ്രമുഖ ആയുർവേദ ശാസ്ത്രവിദഗ്ധരെയും അനസ്തറ്റിസ്റ്റുകളെയും ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരത്തിൽ പരിശീലനം നേടിയതും ശസ്ത്രക്രിയകളിൽ പ്രാവീണ്യംനേടിയതുമായ പി.ജി. ഡോക്ടേഴ്‌സിനുമാത്രമേ സർജറിചെയ്യാൻ അനുവാദമുള്ളൂ. ഇത്തരത്തിൽ പരിശീലനംലഭിക്കാത്ത നിലവിലുള്ള ആയുർവേദ സർജന്മാർക്ക് സർജറികൾ ചെയ്യാമെന്ന് എവിടെയും പറയുന്നില്ല.  ആയുർവേദത്തിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ പുതിയ റിസർച്ച് സംരംഭങ്ങൾ തുടങ്ങേണ്ടതുണ്ട്. പുതിയ അനസ്തറ്റിക് ഡ്രഗ്‌സ്, ആന്റി ബയോട്ടിക്കുകൾ, വേദനസംഹാരികൾ തുടങ്ങിയവ ലഭ്യമാക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ തീരുമാനമെടുത്ത് കൂടുതൽ ഫണ്ടും വകയിരുത്തേണ്ടതുണ്ട്.  മോഡേൺ സർജറി ഉള്ളതുകൊണ്ട് ആയുർവേദത്തിലെ ഒരു പ്രധാന സ്പെഷ്യാലിറ്റിയായ സർജറി വളരേണ്ടെന്നും പ്രയോജനപ്പെടുത്തേണ്ടെന്നും  പറയുന്നത് ശരിയായ രീതിയല്ല. 
ഗവ. ആയുർവേദ കോളേജ് അധ്യാപക സംഘടനാ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ