‘‘മോൻ വളരുകയാണ്. 13 വയസ്സായെങ്കിലും അവനിതുവരെ നാണം എന്തെന്നറിയില്ല. നിന്നിടത്തുനിന്ന് വസ്ത്രം ഉരിഞ്ഞിടും. വാതിൽ തുറന്നിട്ട് ടോയ്‌ലറ്റിൽ പോകും... ഇത്രയും കാലം അവൻ കുട്ടിയാണെന്ന പരിഗണന ഉണ്ടായിരുന്നു. വലുതാകുമ്പോൾ അതുണ്ടാകില്ലല്ലോ... അമ്മയായ എനിക്കവൻ എന്നും കുഞ്ഞാണ് പക്ഷേ, മറ്റുള്ളവർക്ക്... രണ്ടുവയസ്സുള്ളപ്പോൾ മുതൽ അവനുവേണ്ടി ഓടിത്തുടങ്ങിയതാണ് തളർന്നുതുടങ്ങി. ഒരുനേരം പോലും സ്വസ്ഥതയില്ല, മനസ്സിലെപ്പോഴും പിരിമുറുക്കങ്ങൾ, ഉറക്കത്തിൽ പോലും വേവലാതിയാണ്... മകന്റെ വളർച്ചയെ ആധിയോടെ നോക്കിക്കാണാൻ മാത്രമേ മലപ്പുറത്തെ സ്പെഷ്യൽ സ്കൂളിൽനിന്ന് പരിചയപ്പെട്ട ഈ അമ്മയ്ക്ക് സാധിക്കുന്നുള്ളൂ. 

ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. എന്നാൽ നമുക്കില്ലാത്തത് സഹജീവികളോടുള്ള അനുതാപമാണ്. ദുർബലനെ കണ്ടാൽ അപഹസിക്കാനും സംഘംചേർന്ന് മർദിക്കാനും, തച്ചുകൊല്ലാനും മുതിരുന്നത് അതുകൊണ്ടാണ്. 

കൈകോർക്കാം, പരിശ്രമിക്കാം  

ശൈശവ പ്രാരംഭ ഇടപെടലുകൾക്കുള്ള (Early Intervention) സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് പ്രാഥമികമായി ചെയ്യാനുള്ളത്. സാമൂഹികമായ കുട്ടിയുടെ ഇടപെടലുകളിൽ വളരെ പെട്ടെന്നുതന്നെ മാറ്റം കൊണ്ടുവരാനാകും എന്നുമാത്രമല്ല കുട്ടിക്ക് താത്‌പര്യമുള്ള വിഷയങ്ങൾ വളരെ നേരത്തേതന്നെ തിരിച്ചറിയാനും അനുയോജ്യമായ വിദ്യാഭ്യാസം നൽകാനുമാകും. അങ്കണവാടി ജീവനക്കാർക്ക് പരിശീലനം നൽകുകയാണ് അതിനുള്ള ആദ്യപടി. എങ്ങനെ ഓട്ടിസം തിരിച്ചറിയാം എന്നതുമുതൽ ഓട്ടിസക്കാരായ കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്നുവരെയുള്ള കാര്യങ്ങളിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവർക്ക് പരിശീലനം നൽകണം. ഓട്ടിസക്കാരായ കുട്ടികൾക്ക് അങ്കണവാടികളിൽ പ്രവേശനവും ഉറപ്പുവരുത്തണം. 

പൊതുവിദ്യാലയങ്ങളിൽ ഈ കുട്ടികൾക്ക് പ്രവേശനം നൽകണമെന്നുള്ളതാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം. Rights of Persons With Disablilities (RPWD) ആക്ടും വിദ്യാഭ്യാസ അവകാശനിയമവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സംയോജിത വിദ്യാഭ്യാസം (Inclusive Education) നടപ്പാക്കണമെന്നും അതിനാവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കണമെന്നും അനുശാസിക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ എത്ര പൊതുവിദ്യാലയങ്ങൾ ഇതിന് സജ്ജമാണ് ? വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരേ നടപടി മാത്രമല്ല, പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്യാനും സാധിച്ചാൽ മാത്രമേ സംയോജിത വിദ്യാഭ്യാസം എന്ന ആശയം ഫലപ്രദമാകൂ.

സംയോജിത വിദ്യാഭ്യാസം നടപ്പാക്കുന്നതിന് സ്വന്തമായ ഒരു പദ്ധതി പോലും നമുക്കില്ല. ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റൈൻ, ചാൾസ് ഡാർവിൻ, മൊസാർട്ട് തുടങ്ങിയ മഹാന്മാരെല്ലാം ഓട്ടിസ്റ്റിക്കായിരുന്നെന്ന് ജീവചരിത്രകാരന്മാർ പറയുന്നുണ്ട്. ഗായകനായ സുകേഷ് കുട്ടൻ, എട്ടുവയസ്സിനുള്ളിൽ രണ്ടു പുസ്തകങ്ങൾ എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് ഫിലോസഫറെന്ന ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കിയ നയൻ തുടങ്ങി ഒട്ടേറെ പ്രതിഭകൾ നമ്മുടെ കേരളത്തിലുമുണ്ട്. 

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്തു ചെയ്യുന്നു

വിവിധ ആശ്വാസ ധനസഹായങ്ങൾ ഭിന്നശേഷിയുള്ള കുട്ടികൾക്കായി നിലവിലുണ്ട്. എത്രപേർ ഇതിന്റെ ഗുണഭോക്താക്കളാണ് എത്രപേർക്കിത് ലഭിക്കുന്നുണ്ട് എന്നുള്ളതെല്ലാം അന്വേഷിക്കുമ്പോഴാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത മറനീക്കി പുറത്തുവരുന്നത്. ഭിന്നശേഷിയുള്ള കുട്ടിക്ക് യൂണിഫോം, പഠനോപകരണങ്ങൾ, എന്നിവ വാങ്ങുന്നതിനും യാത്രാബത്ത, വിനോദയാത്ര തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കുമായി 28,500 രൂപയുടെ സ്കോളർഷിപ്പ് സർക്കാർ അനുവദിച്ചിട്ടുള്ളതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത് നിർബന്ധമായും നൽകണമെന്ന് വ്യവസ്ഥയുമുണ്ട്. എന്നാൽ, ഭൂരിഭാഗം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. പരാതിപ്പെടാനെത്തുന്നവരെ മറ്റ്‌ ആനുകൂല്യങ്ങൾ തടയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. വകുപ്പുമന്ത്രിയോ, സോഷ്യൽ സെക്യൂരിറ്റി മിഷനോ ഇക്കാര്യത്തിൽ നേരിട്ടിടപെടുകയും സഹായധനം വിതരണം ചെയ്യുന്നതിന് മുൻകൈ എടുക്കുകയും ചെയ്തില്ലെങ്കിൽ അർഹതപ്പെട്ട അവകാശങ്ങൾ ഇവർക്ക് ലഭിക്കാതെ പോകും. 

ദുർബലരാണെന്ന പരിഗണന നൽകിക്കൊണ്ടുള്ള സ്കോളർഷിപ്പുകളും കടലാസിലുറങ്ങുന്ന പദ്ധതികളും കൊണ്ടുമാത്രം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ കൈപിടിച്ചുയർത്താൻ സാധിക്കില്ല. ഭിന്നശേഷി പുനരധിവാസ ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുന്ന നയങ്ങളും പദ്ധതികളും കൃത്യമായി ആസൂത്രണം ചെയ്ത് കാലതാമസമെടുക്കാതെ നടപ്പാക്കാനുള്ള ആർജവമാണ് ഇവിടെ വേണ്ടത്. സാമൂഹിക നീതിക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകൾ ഇതിനായി ഒന്നിച്ചുകൈകോർക്കണം. സംയുക്തമായി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും വേണം.

ഇവരും സമൂഹത്തിന്റെ ഭാഗമാണ്, നമ്മുടെ മക്കളാണ്. മറ്റാരെയും പോലെ എല്ലാ അവകാശങ്ങളോടെയും ഈ സമൂഹത്തിൽ ജീവിക്കാൻ അവകാശമുള്ളവർ. ഒന്നിച്ചുനിന്ന് അവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സാധിച്ചെങ്കിൽ മാത്രമേ തനിക്ക് ചുറ്റുമുള്ള ലോകം എന്തെന്നറിയാത്ത ഈ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അല്പമെങ്കിലും ആശ്വാസം പകരാൻ സാധിക്കുകയുള്ളൂ. ‘‘എന്നിലെ അമ്മയെ നിങ്ങൾ മഹത്ത്വവത്‌കരിക്കരുത്, ത്യാഗിയെന്ന് വിളിക്കരുത്..എനിക്ക് പരിഭവമുണ്ടൈന്ന്’’ പറയുന്ന അമ്മമാരുടെ നെഞ്ചിലെ കനൽ കെടുത്താനാകില്ലെങ്കിലും ആളിക്കത്താതിരിക്കാൻ ശ്രമിക്കാം. 

പാശ്ചാത്യരെ കണ്ടുപഠിക്കാം

ഓട്ടിസക്കാരായ കുട്ടികളെ ആദായകരമായ ഒരു തൊഴിലിലേക്ക് നയിക്കുന്നതിനായി പാശ്ചാത്യർ അവലംബിക്കുന്ന രീതി നാം കണ്ടുപഠിക്കണം. ഓട്ടിസക്കാരായ വ്യക്തികൾക്ക് ചില പ്രത്യേകജോലികൾ ചെയ്യാൻ സാധിക്കും അക്കൗണ്ടൻസി പോലുള്ള സങ്കീർണമായ ജോലികൾ സാധാരണ ജനങ്ങളെക്കാളും മെച്ചപ്പെട്ട രീതിയിൽ ചെയ്യാൻ സാധിക്കുന്നവരുണ്ട്. അതുകൊണ്ട് സമൂഹത്തിൽനിന്ന് അവരെ മാറ്റി നിർത്തുകയോ, തീർത്തും ലളിതമായ ജോലികൾ നല്കുകയോ ചെയ്യാതെ അവർക്ക് ശോഭിക്കാൻ കഴിയുന്ന മേഖലകൾ കണ്ടെത്തണം. അവരുടെ ജോലികളിലൂടെ സമൂഹം അവരെ അംഗീകരിക്കാൻ പഠിക്കും.- മുരളി തുമ്മാരുകുടി

സഹായത്തിന് ഐക്കൺസ് 

: ഭിന്നശേഷിയുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തുന്ന ദക്ഷിണേഷ്യയിലെതന്നെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആൻഡ് കൊഗ്നിറ്റീവ് ന്യൂറോസയൻസ്. സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം തിരുവനന്തപുരത്തും ഷൊർണൂരുമാണ് ഉള്ളത്. വരുമാനപരിധി നോക്കിയാണ് ഇവിടെ ചികിത്സാച്ചെലവുകൾ നിശ്ചയിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവർക്ക് സൗജന്യ ചികിത്സയാണ്. ഓട്ടിസമുള്ള കുട്ടികൾക്കായി സ്‌പെഷ്യൽ സ്‌കൂളുകൾ ഇവിടെയുണ്ട്. കൗമാരക്കാരായ ആൺകുട്ടികൾക്കായി തൊഴിലധിഷ്ഠിത പരിശീലനവും പുനരധിവാസവും മുന്നിൽക്കണ്ട് അഡോളസെന്റ് ഹോം തുടങ്ങാനുള്ള നീക്കത്തിലാണ് ഐക്കൺസ്. ഓട്ടിസവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ഇവിടെ നടക്കുന്നു. http://www.iccons.co.in/Home

വരും സമഗ്ര പദ്ധതി- ഡോ. ബി. മുഹമ്മദ് അഷീൽ (സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ) 

ഓട്ടിസം എന്ന വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തുമാണ് കാര്യമായ ഇടപെടലുകൾ ആവശ്യമായി വരുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ ശാക്തീകരണം, ഇവർക്കായുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസം സ്ഥാപനങ്ങളുടെ രൂപവത്‌കരണം തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സാമൂഹികനീതിക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാമൂഹിക സുരക്ഷാ മിഷൻ. ഓട്ടിസം സ്പെക്‌ട്രം ഡിസോർഡറുമായി ബന്ധപ്പെട്ട് സ്പെക്‌ട്രം എന്ന പേരിൽ സമഗ്രമായ പദ്ധതി അനുയാത്ര(ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതി)യുടെ ഭാഗമായി സാമൂഹിക സുരക്ഷാമിഷൻ വിഭാവനം ചെയ്യുന്നുണ്ട്. മാതാപിതാക്കളുടെ ശാക്തീകരണം, കുട്ടികൾക്കുള്ള പരിശീലനം തുടങ്ങി ഒമ്പതുഘടകങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ പദ്ധതിക്ക് ആറുകോടി രൂപയാണ് കണക്കാക്കുന്നത്. 

സാമൂഹികസുരക്ഷാ മിഷൻ ലക്ഷ്യമിടുന്നത് 

• ആറു മെഡിക്കൽ കോളേജുകളിലായി ഓട്ടിസം സെന്ററുകൾ ആരംഭിക്കും
 • ഓട്ടിസം വളരെ നേരത്തേതന്നെ തിരിച്ചറിയുന്നതിനായി ലളിതമായ മാർഗങ്ങൾ വിവരിക്കുന്ന വീഡിയോകൾ നിർമിക്കും • സ്റ്റാർട്ട് അപ്പ് മിഷനും ഐ.ടി. മിഷനുമായി സഹകരിച്ച് ഓട്ടിസം കുട്ടികൾക്കായി ഒരു ടെക്‌നോളജി സൊല്യൂഷൻ വികസിപ്പിച്ചെടുക്കും • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ ഓട്ടിസം സെന്റർ ഓഫ് എക്സലൻസാക്കി മാറ്റും • അടുത്ത വർഷം മുതൽ ഒക്യുപേഷണൽ തെറാപ്പി കോഴ്‌സുകൾ ആരംഭിക്കും •  വിവിധ വിഷയങ്ങളിൽ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിശീലനം നൽകും. (അവസാനിച്ചു)