ന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്താണ് രോഗാണുക്കൾക്കെതിരേ ആന്റിബയോട്ടിക് ഫലിക്കാതെ വരുന്ന അവസ്ഥ അഥവാ ആൻറിമൈക്രോബിയൽ റെസിസ്റ്റന്റ്സ് (എ.എം.ആർ.). സൂപ്പർബഗ് ക്രൈസിസ് എന്നും ഇതിനെ പറയുന്നു. അണുബാധകൾ ചികിത്സിച്ചുമാറ്റാൻ സാധിക്കാത്തവണ്ണം വൈദ്യശാസ്ത്രത്തിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യംചെയ്യുന്ന ഈ ആഗോള വിപത്ത് നേരിടാൻ 2018 ഒക്ടോബറിൽ കേരളം രൂപരേഖ തയ്യാറാക്കുകയുണ്ടായി. ഇന്ത്യയിൽ ആദ്യം എ.എം.ആർ. പദ്ധതി രൂപവത്കരിച്ച സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രിതന്നെ മുൻകൈയെടുത്ത് പുറത്തിറക്കിയ ഈ രൂപരേഖയുടെ പുരോഗതി ഒരുവർഷത്തിനുശേഷം പ്രതീക്ഷിച്ച നേട്ടം കൈവരിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.

2015-ൽ ലോകാരോഗ്യസംഘടനയും 2017-ൽ കേന്ദ്രസർക്കാരും രൂപരേഖ തയ്യാറാക്കി. ഇതിന്റെ ചുവടുപിടിച്ച് എല്ലാ സംസ്ഥാനങ്ങളും അവരുടെ രൂപരേഖ തയ്യാറാക്കുകയും നടപ്പാക്കുകയും വേണം. കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയനേതാക്കളെല്ലാം എ.എം.ആർ. വിഷയത്തിൽ തുടക്കത്തിൽ വളരെ താത്പര്യം കാട്ടിയിരുന്നു. എന്നാൽ, പിന്നീട് ഇവരുടെ സഹായവും പങ്കാളിത്തവും ഉറപ്പാക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. ആക്‌ഷൻ പ്ലാൻ കമ്മിറ്റി ഇതിനായി മുൻകൈയെടുത്തിട്ടില്ലെന്നുവേണം അനുമാനിക്കാൻ. ഇതു മാറണം.

രൂപരേഖയ്ക്കു സംഭവിച്ചതെന്ത്?
കേരള എ.എം.ആർ. മാർഗരേഖയിൽനിന്ന് പൊതുജനങ്ങളെയും കേരളത്തിലെ എൻ.ജി.ഒ.കളെയും അകറ്റിനിർത്തിയിരിക്കുകയാണ്. അതേസമയം, കേരളത്തിനുപുറത്തുള്ള എൻ.ജി.ഒ.കളെ ഉൾപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ എൻ.ജി.ഒ.കളും പൊതുജനങ്ങളും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നില്ല. സംസ്ഥാനപദ്ധതിക്ക് പ്രതീക്ഷിച്ച വിജയമുണ്ടാകാത്തതും ഇതിനാലാണ്. മെഡിക്കൽ സമൂഹംമാത്രം ശ്രമിച്ചാൽ നിലവിലെ അവസ്ഥ നേരിടാനാവില്ല.

മരുന്നുകമ്പനികൾ കേരള ആക്‌ഷൻ പ്ലാനിനെ ദുരുപയോഗംചെയ്യാൻ ശ്രമം നടത്തി. അവരുടെ പ്രധാനതാത്പര്യം മരുന്നുകൾ വിറ്റഴിക്കലാണ്. എ.എം.ആറിന്റെ ദീർഘകാല പ്രത്യാഘാതത്തെക്കാളും താത്കാലികലാഭത്തിലാണ് അവർക്ക് താത്പര്യം. എന്നാൽ, രാഷ്ട്രീയപ്രമുഖരുടെ യഥാസമയമുള്ള ഇടപെടൽമൂലം ഇത്തരം ശ്രമങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താനായി.

കേരളാനയം പ്രഖ്യാപിച്ച് ഒരുവർഷമായിട്ടും ഇപ്പോഴും ഡോക്ടറുടെ കുറിപ്പില്ലാതെ സംസ്ഥാനത്തെ ഫാർമസികളിൽ ആന്റിബയോട്ടിക്കുകൾ ലഭ്യമാണ്. സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് അടിയന്തരമായി ക്ഷണിക്കേണ്ടിയിരിക്കുന്നു.

കുടുംബശ്രീയെ കേരള എ.എം.ആർ. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സംഘടനയുടെയോ ഇതുപോലുള്ള മറ്റു സംഘടനകളുടെയോ സഹായം അഭ്യർഥിക്കാനോ പങ്കാളിത്തം ഉറപ്പാക്കാനോ ശ്രമിച്ചിട്ടില്ല.   

നമുക്കെന്തു ചെയ്യാം
പൊതുജനങ്ങളുടെകൂടി സഹകരണം ഉറപ്പാക്കണം. കേരളത്തിലെ പ്രധാനപ്പെട്ട എൻ.ജി.ഒ.കൾ, രാഷ്ട്രീയപ്പാർട്ടികൾ, ജനപ്രതിനിധികൾ, അധ്യാപക സംഘടനകൾ, യുവജനസംഘടനകൾ തുടങ്ങിയവയെ പദ്ധതിയിൽ ഉൾപ്പെടുത്തണം. പങ്കാളിത്തം ഉറപ്പാക്കുകയും വേണം. സംസ്ഥാനത്തിനകത്തെ പദ്ധതിയിൽ ഏറ്റവും ജനകീയമായി പങ്കെടുക്കാനാവുക ഇവിടത്തെ സംഘടനകൾക്കു തന്നെയാണ്.

ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും വൈദ്യസമൂഹത്തിലും മാത്രം ബോധവത്കരണം നടത്തിയാൽ മതിയാകില്ല. എല്ലാ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും സ്കൂളുകളിലും ബോധവത്കരണം നടത്തണം.

എം.ഇ.എസ്., എസ്.എൻ.ഡി.പി., കാത്തലിക് അസോസിയേഷൻ തുടങ്ങിയ സാമൂഹിക സാമുദായിക സംഘടനകളുടെ കീഴിൽ വളരെയധികം ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളുമുണ്ട്. ഇത്തരം സംഘടനകളെ നാം എ.എം.ആർ. പ്രവർത്തനങ്ങളിൽ ഭാഗഭാക്കാക്കണം.

കുടുംബശ്രീക്ക് പ്രചാരണത്തിൽ പ്രധാനപങ്കു വഹിക്കാനാവും. പിഴവുകളും വീഴ്ചകളും പരിഹരിക്കാം, രാജ്യത്തിന് മാതൃകയാവാം. ആഗോള സാമ്പത്തിക-സാമൂഹിക-ആരോഗ്യ-രാഷ്ട്രീയ ദുരന്തമായാണ് എ.എം.ആറിനെ ലോകാരോഗ്യസംഘടനയും യു.എന്നും വിലയിരുത്തുന്നത്. 2050-ആകുമ്പോഴേക്കും ഓരോ വർഷവും എ.എം.ആർ.മൂലം ലോകത്ത് ഒരുകോടിയോളം ആളുകൾ മരിക്കുകയും സാമ്പത്തികരംഗത്തിന് നൂറുലക്ഷം കോടി ഡോളർ നഷ്ടം സംഭവിക്കുമെന്നുമാണ് ലോകപ്രശസ്ത സാമ്പത്തികവിദഗ്ധരുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

സംസ്ഥാനങ്ങളുടെ സഹായവും സഹകരണവുമില്ലാതെ രാജ്യത്തിന് സൂപ്പർബഗ് പ്രതിസന്ധിയെ നേരിടാനാവില്ല. കേരള എ.എം.ആർ. ആക്‌ഷൻ പ്ലാനിൽ രാജ്യത്തിന് വളരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പുരോഗതിയിലേക്കെത്താനായില്ല. ഇതു മാറണം.

എ.എം.ആർ.പോലെ വളരെ സങ്കീർണമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ തുടക്കത്തിൽ പിഴവുകളും വീഴ്ചകളും സാധാരണമാണ്. എന്നാൽ, വീഴ്ചകൾ പരിഹരിച്ച് പദ്ധതി വിജയിപ്പിക്കണം.  മലയാളിസമൂഹത്തിന് അതിനു കഴിയും.