covidകോവിഡിന്റെ മൂന്നാം തരംഗം വരുമെന്നും അത് കുട്ടികളെ കൂടുതൽ ബാധിക്കുമെന്നും മാധ്യമങ്ങളിലൂടെ നാം കേൾക്കുന്നുണ്ട്. ഇത് ശാസ്ത്രീയമായ ഒരു വിശകലനമാണോ അതോ ഊഹാപോഹമാണോ എന്നു പരിശോധിക്കാം.

എന്തുകൊണ്ട് കുട്ടികൾ

കോവിഡിന്റെ ഒന്നാം തരംഗത്തിൽ വിദേശരാജ്യങ്ങളിൽ പ്രായമായവരെയാണ് രോഗം കൂടുതലായി ബാധിച്ചത്. രോഗബാധ തടയാനായി വയോജനങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. ഇതേത്തുടർന്ന് രോഗബാധ മധ്യവയസ്കരിലും ചെറുപ്പക്കാരിലും കേന്ദ്രീകരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. പിന്നീട് 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകുന്നതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തി. അതായത്, 18 വയസ്സിനുമേലുള്ള എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കിവരുന്നു. കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌ എടുക്കാതെ അവശേഷിക്കുന്ന ഏകവിഭാഗം ഇനി കുട്ടികൾ മാത്രമാണ്. കൂടാതെ, ഒരു വർഷത്തിലേറെയായി  വീടുകളിലാണ് കുട്ടികൾ കഴിയുന്നത്. അന്തരീക്ഷത്തിലുള്ള രോഗാണുക്കളുമായി അവർക്ക് സമ്പർക്കം ഉണ്ടാകുന്നില്ല. ഇത് രോഗത്തിനെതിരേ പ്രതിരോധ ശക്തി ആർജിക്കാനുള്ള സ്വാഭാവിക കഴിവ് കുട്ടികളിൽ വളർത്തുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടായാൽ അത് കൂടുതലായി ബാധിക്കുന്നത് കുട്ടികളെ ആയിരിക്കുമെന്ന നിഗമനത്തിലെത്തിച്ചത്.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള കോവിഡ് ബാധിതരുടെ കണക്കുകൾ പരിശോധിച്ചാൽ ഏകദേശം നാലുശതമാനം പേർ മാത്രമാണ് പത്തുവയസ്സിനു താഴെയുള്ള കുട്ടികൾ. 20 വയസ്സുള്ളവരുടെ കണക്കുകൾ പരിശോധിച്ചാലും ഇത് 10 മുതൽ 12 ശതമാനത്തിലധികം വരുന്നില്ല.
കോവിഡ് രണ്ടാം തരംഗത്തിലെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ മൊത്തം കോവിഡ് രോഗികൾ അധികരിച്ചതിന് ആനുപാതികമായൊരു വർധന മാത്രമേ കുട്ടികളിൽ ഉണ്ടായിട്ടുള്ളൂ. അതായത്, ഇപ്പോഴും കോവിഡ് രോഗികളിൽ നാലുശതമാനം മാത്രമാണ് കുട്ടികൾ. അതിനാൽ കോവിഡ് രോഗപ്പകർച്ച കുട്ടികളിൽ കുറവാണെന്ന് അനുമാനിക്കുന്നു.

കുട്ടികളിൽ എപ്രകാരം ബാധിക്കും

കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടായി അത് കുട്ടികളെ ബാധിക്കുന്നതിൽ വർധനയുണ്ടാകുന്ന സാഹചര്യം വന്നാൽ അത് അവരെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിക്കാം. 90 മുതൽ 95 ശതമാനം കുട്ടികളിലും ഒരുവിധ രോഗലക്ഷണങ്ങളും ഉണ്ടാകാതിരിക്കുകയോ ലഘുവായ രോഗലക്ഷണങ്ങൾ മാത്രം ഉണ്ടാകുകയോ ചെയ്യാം. ഇതിൽ ആശുപത്രിച്ചികിത്സ ആവശ്യമുള്ള കുട്ടികൾ അഞ്ചുശതമാനവും തീവ്രപരിചരണം ആവശ്യമുള്ളവർ ഒരു ശതമാനത്തിൽ താഴെയുമായിരിക്കും. അതിനാൽ, നമ്മുടെ നിലവിലുള്ള ആരോഗ്യസംവിധാനങ്ങളെ തകിടംമറിക്കുന്ന രീതിയിൽ കുട്ടികളിലെ കോവിഡ് രോഗബാധ ഗുരുതരമാകാൻ സാധ്യതയില്ല. എന്നാലും ഇത്തരം ഒരു അവസ്ഥ സംജാതമാകുകയാണെങ്കിൽ അവ നേരിടാൻ സർക്കാർമേഖലയിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തിവരുകയാണ്. 

തയ്യാറെടുപ്പുകൾ നടത്തണം

യഥാർഥത്തിൽ കോവിഡ് രോഗമല്ല, കോവിഡ് രോഗാനന്തരം മൂന്നുമുതൽ ആറാഴ്ച കഴിഞ്ഞ് ഉണ്ടാകുന്ന എം.ഐ.എസ്‌.സി. (Multisystem Inflammatory Syndrome in Children – MIS-C) എന്ന പ്രതിഭാസമാണ് കുട്ടികളിൽ ഗുരുതര പ്രശ്നം ഉണ്ടാക്കുന്നത്. ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തിവരുകയാണ്.
മൂന്നാംതരംഗം ഉണ്ടായാൽ അത് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് ഇതുവരെ പ്രതിപാദിച്ചത്. എന്നാൽ, മൂന്നാം തരംഗം വരാൻതന്നെ സാധ്യതയുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സാധാരണഗതിയിൽ വളരെ ഗുരുതരമായ ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ രോഗികളുടെ അതിവ്യാപനംമൂലം സമൂഹത്തിന് സ്വാഭാവിക രോഗപ്രതിരോധശക്തി ഉണ്ടാവുകയും പിന്നീടുള്ള തരംഗങ്ങളിൽ രോഗതീവ്രത കുറയുകയുമാണ് പതിവ്. എന്നാൽ, കോവിഡിനെ സംബന്ധിച്ചിടത്തോളം ജനിതകമാറ്റം സംഭവിച്ച രോഗാണു കൂടുതൽ ശക്തിയോടെ പടർന്നുപിടിച്ചതാണ് രണ്ടാം തരംഗത്തിന് കാരണം. കൂടുതൽ പ്രഹരശേഷിയുള്ള ജനിതകമാറ്റം പ്രകൃതിയിൽ അപൂർവമാണ്. അതിനാൽ, പ്രഹരശേഷി കൂടുതലായുള്ള മറ്റൊരു ജനിതകമാറ്റം വന്ന കോവിഡ് തരംഗം ഉടനെ പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.
18 വയസ്സിനുമേലുള്ള എല്ലാവരും, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും വാക്സിനെടുക്കുകയും ശരിയായവിധം മാസ്ക് ധരിക്കുകയും ചെയ്താൽ കോവിഡ് രോഗം കുട്ടികളിലേക്ക് പകരാനുള്ള സാധ്യത വിരളമാണ്. വിദേശരാജ്യങ്ങളിലെ കുട്ടികളിലെ രോഗാവസ്ഥ പരിശോധിച്ചാൽ കോവിഡ് രോഗപ്പകർച്ചയ്ക്കെതിരേ വാക്സിൻ എടുത്തതും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുള്ള സ്കൂളുകളിലെ കുട്ടികൾക്ക് അപൂർവമായേ രോഗം വന്നിട്ടുള്ളൂ. അതും സ്കൂളിനു പുറത്ത് മറ്റു സമ്പർക്കങ്ങൾ മുഖേനയാണ് രോഗബാധ ഉണ്ടായിട്ടുള്ളത്.
കുട്ടികളിൽ ഉണ്ടാവുന്ന കോവിഡ് രോഗബാധ ലഘുവാണ്, സർക്കാർ വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, മറ്റൊരു ജനിതകമാറ്റം വന്ന് മൂന്നാംതരംഗമുണ്ടായാൽ അത് നേരിടാൻ നാം തയ്യാറാവേണ്ടതുണ്ട്.

സ്റ്റേറ്റ് മെഡിക്കൽ ബോർഡ് ഫോർ കൊറോണ മുൻ ചെയർമാനും തിരുവനന്തപുരം മെഡിക്കൽ കോളേജ് പീഡിയാട്രിക്സ് വിഭാഗം മുൻ മേധാവിയുമാണ് ലേഖകൻ