ഭൂമിയിലെ ന്യൂനപക്ഷവർഗമാണ് ഹോമോസാപ്പിയൻസ് അഥവാ മനുഷ്യവംശം. ഭൂമിയിലുള്ള മനുഷ്യരുടെ എണ്ണത്തെക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് ഒരു ടീസ്‍പൂൺ മണ്ണിലടങ്ങിയിട്ടുള്ള ബാക്ടീരിയയുടെ എണ്ണം. നവീന സംസ്കാരവും ശാസ്ത്രവും പകർച്ചവ്യാധികളെ പൂർണമായി കീഴ്‍‍പ്പെടുത്തിയെന്ന ഗർവ് നിറഞ്ഞ ശുഭാപ്തിവിശ്വാസത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. എന്തൊരു മിഥ്യാധാരണയാണത്. നമ്മുടെ ബുദ്ധിശക്തിയെയും ഔഷധശേഖരങ്ങളെയും രോഗാണുക്കൾ അക്ഷരാർഥത്തിൽ പരിഹസിക്കുകയാണ്.
എബോള വൈറസിന്റെ തീവ്രതയ്ക്കുമുന്നിൽ ആഫ്രിക്കൻ വൻകരയുടെ ചരിത്രം ഒട്ടേറെതവണ പകച്ചുനിന്നിട്ടുണ്ട്. എന്നാൽ, 2014-ൽ ഒഴികെ അത്രയധികം പേരുടെ ജീവനെടുക്കാൻ എബോളയ്ക്കു കഴിഞ്ഞിരുന്നില്ല. എബോള അതിന്റെ മുഴുവൻ ശൗര്യത്തോടെ താണ്ഡവമാടിയ 2014-ൽ 12,000 ആഫ്രിക്കക്കാരെയാണ് അത് ഭൂമിയിൽനിന്ന് തുടച്ചു
മാറ്റിയത്.

 2015-ൽ സൗദി അറേബ്യയിലെ ജിദ്ദയിൽ മിഡിൽ ഈസ്റ്റ് കൊറോണ വൈറസ് അഞ്ഞൂറിലേറെപ്പേരുടെ ജീവനെടുത്തിരുന്നു. 2008 മുതൽ മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നൂറുകണക്കിലേറെപ്പേരാണ് നിപ വൈറസ് ബാധയിൽ മരിച്ചത്. 2001-ലും 2007-ലും പശ്ചിമബംഗാളിൽ നിപ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അമ്പതോളം പേരാണ് ഇതിൽ മരിച്ചത്.
കുരങ്ങുകളായിരുന്നു എബോളയുടെ ഉറവിടം. മിഡിൽ ഈസ്റ്റ് കൊറോണയുടെ ഉറവിടം ഒട്ടകങ്ങളും നിപയുടേത് വവ്വാലുകളുമായിരുന്നു. എന്നാൽ, ഈ വൈറസ്ബാധകളുടെയെല്ലാം പൊതുവായ ഘടകം അത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടർന്നുവെന്നതും ഒട്ടേറെ ആരോഗ്യപ്രവർത്തകരുടെ ജീവനെടുക്കാൻ കാരണമായി എന്നതുമാണ്. അതേസമയം, വികസിതരാജ്യങ്ങളിൽ ഈ വൈറസ്ബാധ സ്ഥിരീകരിച്ച സമയത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ജീവഹാനിയുണ്ടാകാത്ത തരത്തിൽ അവയെ വളരെ വേഗം നിയന്ത്രണവിധേയമാക്കാൻ അവർക്ക് കഴിഞ്ഞുവെന്നതാണ് വസ്തുത.

അപര്യാപ്തമായ സംവിധാനങ്ങൾ
മാരകമായ ഈ പകർച്ചവ്യാധികളെ ഫലപ്രദമായി തടയാനാകുന്ന മരുന്നൊന്നും ലോകത്തെവിടെയും ഇതുവരെ ലഭ്യമല്ല. എന്തുകൊണ്ടാണ് ഈ വൈറസുകൾ മരണംവിതയ്ക്കാനുള്ള യുദ്ധക്കളമായി വികസ്വരരാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത്? വികസ്വരരാജ്യങ്ങളിലെ അപര്യാപ്തമായ ചികിത്സാ സൗകര്യങ്ങൾ രോഗം തിരിച്ചറിയുന്നത് വൈകുന്നതിനും തെറ്റായ ചികിത്സ നൽകുന്നതിലേക്കും നയിക്കുന്നു. അണുബാധ നിയന്ത്രിക്കുന്നതിന് ആശുപത്രികളിൽ നിലവിലുള്ള അപര്യാപ്തമായ സംവിധാനങ്ങൾ രോഗികളിൽനിന്ന് രോഗികളിലേക്കും രോഗികളിൽനിന്ന് ആരോഗ്യപ്രവർത്തകരിലേക്കും ഇവ പകരുന്നതിന് കാരണമാകുകയും ചെയ്യുന്നു.

കോഴിക്കോട് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള നിപ ബാധ കേരളത്തിന് ഒരു പാഠമാണ്. രോഗബാധ നേരത്തേ കണ്ടുപിടിക്കപ്പെട്ടതും പിന്നീട് ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും മാധ്യമങ്ങളും ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയനേതൃത്വവുമെല്ലാം ഒരേ മനസ്സോടെ നിന്ന് പ്രവർത്തിച്ചത് തുടക്കത്തിൽത്തന്നെ നിപയെ പിടിച്ചുകെട്ടാൻ സഹായിച്ചിട്ടുണ്ട്. 14 പേർ മരിച്ചുവെന്നത് സങ്കടകരം തന്നെയാണ്. എങ്കിലും കേരളത്തെ സംബന്ധിച്ച് രോഗം വളരെ നേരത്തേ തിരിച്ചറിയാനായിട്ടുണ്ട്. നിപയുടെ ഗതിയെങ്ങോട്ടെന്ന് വ്യക്തമായറിയാൻ ഇനിയും രണ്ടാഴ്ചയും നിപ പൂർണമായി നിയന്ത്രണവിധേയമായി എന്ന് പ്രഖ്യാപിക്കാൻ ഇനിയും ഒരു മാസവും കൂടി നമുക്ക് കാത്തിരിക്കേണ്ടി 
വരും. 

അണുബാധ നിയന്ത്രണ 
സംവിധാനങ്ങൾ മെച്ചപ്പെടണം

സംസ്ഥാനത്ത് നടന്ന നിപ നിയന്ത്രണ പ്രവർത്തന നടപടികളിൽ തുടക്കം മുതൽതന്നെ ഭാഗഭാക്കാകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നിപ ബാധയോട് വളരെ തുറന്ന സമീപനം പാലിച്ച സർക്കാർ അധികൃതരോടും ഈ പ്രശ്നത്തെ ക്രിയാത്മകമായി സമീപിച്ച എല്ലാ പ്രധാന രാഷ്ട്രീയപ്പാർട്ടി നേതാക്കളോടും ഇപ്പോൾ നന്ദി പറയുകയാണ്. അണുബാധ വിഷയ വിദഗ്ധൻ, രാജ്യത്തെ ആന്റിബയോട്ടിക് ആൻഡ് ഇൻഫെക്‌ഷൻ കൺട്രോൾ പോളിസിയുടെ ഉപദേശക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളെന്ന നിലയ്ക്ക് ഇക്കാര്യത്തിലെ എന്റെ ചില നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക്, അത് വൈറസ്ബാധയോ അല്ലെങ്കിൽ മരുന്നിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ബാക്ടീരിയൽ സൂപ്പർബഗ് പ്രശ്നങ്ങളോ എന്തുമായിക്കോട്ടെ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുടെയും അണുബാധ നിയന്ത്രണ സംവിധാനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുകയെന്നതാണ് ഏറ്റവും പ്രധാനം. 

എല്ലാ ആരോഗ്യപ്രവർത്തകരും ശുചിത്വനടപടികൾ സ്വീകരിക്കുകയും ഗ്ലൗസ്, മാസ്ക് എന്നിവ ധരിക്കുകയെന്ന മുൻകരുതലുകളെടുക്കുകയും ചെയ്യുന്നത് നിപ മാത്രമല്ല മറിച്ച് മാരകമായ മറ്റ് വൈറൽ, ബാക്ടീരിയ അണുബാധകളെ പ്രതിരോധിക്കുകയും ചെയ്യും. ദേശീയ ആൻറിബയോട്ടിക്, അണുബാധ നിയന്ത്രണ നയങ്ങൾ കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനായുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.  ഈ നിർദേശം നടപ്പാക്കുന്ന പ്രവൃത്തികൾ പൊതുജനപങ്കാളിത്തത്തോടെ അടിയന്തരപ്രാധാന്യം നൽകി നമ്മൾ വേഗത്തിൽ നടപ്പാക്കണം. വികസ്വരരാജ്യങ്ങളുടെ പശ്ചാത്തലത്തിൽനിന്നുകൊണ്ട് നമ്മുടെ ആന്റിബയോട്ടിക്, അണുബാധ നിയന്ത്രണ നയങ്ങളിലെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കാമെന്ന് മെഡിക്കൽ സൊസൈറ്റീസ് ഇൻ ഇന്ത്യയുടെ ചെന്നൈ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എബോള വൈറസിനെ തുടക്കത്തിൽത്തന്നെ കണ്ടെത്തി ഫലപ്രദമായി തടയാനായ രാജ്യങ്ങളിലൊന്നാണ് നൈജീരിയ. എബോള ബാധ സ്ഥിരീകരിച്ച സമയത്ത് അണുബാധ നിയന്ത്രിക്കുന്നതിൽ ചെന്നൈ പ്രഖ്യാപനത്തിലെ നിർദേശങ്ങൾ എങ്ങനെ സഹായകമായി എന്നതിനെക്കുറിച്ച് പ്രമുഖ മെഡിക്കൽ ജേണലിൽ നൈജീരിയയിലെ ഒരു സംഘം ഡോക്ടർമാർ വിശദമാക്കിയിട്ടുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ സൂക്ഷ്മാണുസംബന്ധിയായ രോഗങ്ങളെ പ്രതിരോധിക്കുന്നതെങ്ങനെയെന്നുള്ള റിപ്പോർട്ടാണ് മെഡിക്കൽ സൊസൈറ്റീസ് ഇൻ ഇന്ത്യയുടെ ചെന്നൈ പ്രഖ്യാപനത്തിന്റെ കാതൽ. 2012 ഡിസംബറിലെ മെഡിക്കൽ സൊസൈറ്റീസ് ഇൻ ഇന്ത്യയുടെ ആദ്യ സംയുക്തസമ്മേളനത്തിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.  
നിപയുൾപ്പെടെയുള്ള മാരക വൈറസുകളെ പ്രതിരോധിക്കാൻ നമുക്ക് ഉന്നത സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഗവേഷണങ്ങളാവശ്യമാണെന്നതിൽ തർക്കമില്ല. എന്നാൽ, അണുബാധ നിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാനനടപടികൾ നമ്മുടെ ആശുപത്രികളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയും സമൂഹത്തിലെ ശുചിത്വസംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന വസ്തുതയും നമ്മൾ മറന്നുപോകരുത്. പകർച്ചവ്യാധികൾ തടയുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. നിപ പഠിപ്പിച്ച പാഠമുൾക്കൊള്ളാൻ നമുക്ക് കഴിയട്ടെ.

(ചെന്നൈ അപ്പോളോ ആശുപത്രിയിൽ 
അഡ്ജങ്‍ക്റ്റ് പ്രൊഫസറും നാഷണൽ 
ആന്റിബയോട്ടിക് ആൻഡ് ഇൻഫെക്‌ഷൻ കണ്‌ട്രോൾ പോളിസി ടെക്നിക്കൽ അഡ്വൈസറി അംഗവുമാണ് ലേഖകൻ)