ഒരു വൃക്കദിനംകൂടി  പിന്നിടുമ്പോൾ

ലോകജനസംഖ്യയുടെ പത്തുശതമാനംപേർക്ക്‌ ഏതെങ്കിലുംതരത്തിലുള്ള വൃക്കരോഗമുള്ളതായി കാണുന്നു. ഇതിൽ ചിലർക്ക്‌ സ്ഥായിയായ വൃക്കസ്തംഭനമുണ്ടായേക്കാം. ഡയാലിസിസ്‌, വൃക്ക മാറ്റിവെക്കൽ തുടങ്ങിയ സങ്കീർണവും ചെലവേറിയതുമായ ചികിത്സകൾ വേണ്ടിവന്നേക്കാം. 

പുതിയ കണക്കനുസരിച്ച്‌ അടുത്ത പത്തുവർഷത്തിൽ വൃക്കരോഗബാധിതരുടെ എണ്ണം 17 ശതമാനം വർധിക്കും. വൃക്കകളുടെ പ്രവർത്തനം 70-75 ശതമാനം നഷ്ടമായശേഷം മാത്രമേ എന്തെങ്കിലും ലക്ഷണങ്ങൾ മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുള്ളൂ. അതിനാൽ ആരംഭദശയിൽ രോഗം പലപ്പോഴും കണ്ടുപിടിക്കാതെപോകാം. എന്നാൽ, ലളിതമായ ഏതാനും പരിശോധനകളിലൂടെ (B.P., S. Creatinine, Urine Protein) വൃക്കകളുടെ രോഗം കണ്ടെത്താം. നേരത്തേ കണ്ടുപിടിച്ചാൽ വൃക്കരോഗങ്ങൾ സുഖപ്പെടുത്താൻ കഴിയും; അല്ലെങ്കിൽ നിയന്ത്രിച്ചുനിർത്താം.

മുതിർന്നവർ മാത്രമല്ല കുട്ടികളും ശിശുക്കളും വൃക്കരോഗബാധിതരാവാറുണ്ട്‌. സ്ഥായിയായ വൃക്കസ്തംഭനമുണ്ടാകുമ്പോൾ വൃക്കമാറ്റിവെക്കലിനു വിധേയരാകുന്നവരിൽ ഭൂരിഭാഗവും 20-നും 40-നും ഇടയിൽ വയസ്സുള്ള യുവാക്കളാണ്‌. അവരിൽ പലരിലും വൃക്കരോഗത്തിന്റെ തുടക്കം കുട്ടിക്കാലത്തോ ശൈശവത്തിലോ ചിലപ്പോൾ ഗർഭാവസ്ഥയിൽത്തന്നെയോ ആയിരിക്കും. അതുകൊണ്ട്‌ വൃക്കരോഗങ്ങൾ വരാതെനോക്കാനോ സുഖപ്പെടുത്താനോ കഴിയണമെന്നുണ്ടെങ്കിൽ ബാല്യകാലത്ത്‌ കൂടുതൽ ശ്രദ്ധപതിപ്പിച്ചേ മതിയാവൂ.

കുട്ടികളിൽ സ്ഥായിയായ വൃക്കസ്തംഭനത്തിന്‌ പ്രധാന കാരണം വൃക്കകളിലോ മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ ജന്മനാ ഉള്ള ഘടനാപരമായ വൈകല്യങ്ങളാണ്‌. മൂത്രനാളിയിലെ തടസ്സം, പൂർണവളർച്ചയെത്താത്ത വൃക്കകൾ, മൂത്രനാളി മൂത്രസഞ്ചിയുമായി ചേരുന്ന ഭാഗത്തെ പ്രശ്നങ്ങൾ എന്നിവയാണ്‌ സാധാരണയായി കാണുന്നത്‌.

ആൺകുട്ടികളിൽ ശക്തികുറഞ്ഞ മൂത്രപ്രവാഹം, മൂത്രത്തിൽ പഴുപ്പ്‌, നിയന്ത്രണമില്ലാതെ മൂത്രം പോവുക എന്നിവ ബാഹ്യലക്ഷണങ്ങളായി കാണാം. ഗർഭാവസ്ഥയിൽ അൾട്രാസൗണ്ട്‌ സ്കാനിങ്ങിൽ കാണപ്പെടുന്ന വൈകല്യങ്ങൾ തുടർപരിശോധനകൾക്കും ആവശ്യമായ ചികിത്സകൾക്കും വിധേയമാക്കേണ്ടതാണ്‌. നവജാതശിശുക്കളിൽ ജനനശേഷം 48 മണിക്കൂറിനുള്ളിൽ മൂത്രം പോയിരിക്കണം. വൃക്കകളുടെയും മൂത്രനാളിയുടെയും ഘടനാപരവും പ്രവർത്തനപരവുമായ പ്രശ്നങ്ങൾ തക്കസമയത്ത്‌ കണ്ടുപിടിച്ച്‌ വേണ്ട ചികിത്സ നൽകിയില്ലെങ്കിൽ സ്ഥായിയായ പ്രവർത്തനക്കുറവായിമാറാം. 

മാസംതികയാതെ ജനിക്കുന്നവരിലും തൂക്കക്കുറവുള്ള നവജാതശിശുക്കളിലും ഭാവിയിൽ വൃക്കരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന്‌ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. തൂക്കക്കുറവുമായി ജനിക്കുന്ന കുട്ടിയെ മറ്റുള്ള കുട്ടികൾക്കൊപ്പമെത്തിക്കാനുള്ള മാതാപിതാക്കളുടെ വ്യഗ്രത അമിതഭക്ഷണം ശീലമാക്കാനും അമിതവണ്ണമുണ്ടാകാനും കാരണമാകുന്നു. ഇത്‌ കൂടുതൽ ജോലിഭാരം നൽകുന്നത്‌ വൃക്കയുടെ പ്രവർത്തനക്കുറവിനു കാരണമായേക്കാം.
കുട്ടികളിൽ മൂത്രത്തിലെ പഴുപ്പ്‌ നിസ്സാരമായി കരുതാനാവില്ല. അണുബാധയ്ക്കു കാരണമായ ഘടനാപരമായ വൈകല്യങ്ങൾ പലപ്പോഴും ഇത്തരം കുട്ടികളിൽ കണ്ടെത്താൻ കഴിയും. ഓരോതവണ മൂത്രത്തിൽ അണുബാധയുണ്ടാകുമ്പോഴും മൂത്രം കൾച്ചർചെയ്യുന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തുകയും മരുന്നുകളുപയോഗിച്ച്‌ അണുബാധ പൂർണമായും മാറ്റിയെടുക്കുകയും വേണം.

ഉയർന്ന രക്തസമ്മർദം വൃക്കസംബന്ധമായ അസുഖങ്ങളുടെ പ്രതിഫലനമാവാം. ആവർത്തിച്ചുള്ള പരിശോധനകളിലൂടെ രക്തസമ്മർദം തിട്ടപ്പെടുത്തുകയും മരുന്നുകൾ ആവശ്യമാണെങ്കിൽ ചിട്ടയായും കൃത്യമായും കഴിക്കുകയും വേണം.

പ്രമേഹം മുതിർന്നവരിൽ വൃക്കസ്തംഭനത്തിനുള്ള പ്രധാന കാരണമാണല്ലോ. ബാല്യത്തിൽത്തന്നെ ക്രമമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും ശീലിക്കുകവഴി പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ശ്രമിക്കണം. ജങ്ക്‌ ഫുഡ്‌, ധാരാളം മധുരം കലർന്ന കാർബണേറ്റഡ്‌ ശീതളപാനീയങ്ങൾ എന്നിവ തീർച്ചയായും ഒഴിവാക്കേണ്ടതുണ്ട്‌.

നിർജലീകരണം (Dehydration) വൃക്കയ്ക്ക്‌ ദോഷകരമാണ്‌. ആവശ്യത്തിന്‌ വെള്ളം കുടിക്കുന്നില്ലെങ്കിൽ ക്ഷീണം വർധിക്കുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യും. 

മൂത്രത്തിൽ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്ന രോഗമാണ്‌ നെഫ്രോട്ടിക്‌ സിൻഡ്രോം. ഈ രോഗമുള്ള മിക്ക കുട്ടികളിലും ദീർഘനാളത്തെ ചികിത്സ വേണ്ടിവന്നേക്കാം. ചെറിയ ശതമാനം കുട്ടികളിൽ സ്ഥായിയായ വൃക്കസ്തംഭനത്തിന്‌ കാരണമായേക്കാം. പാർശ്വഫലങ്ങളുള്ള മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്നതിനാൽ വിദഗ്‌ധരുടെ മേൽനോട്ടത്തിലായിരിക്കുന്നതാണു നല്ലത്‌. സ്വയംചികിത്സ അപകടം വിളിച്ചുവരുത്തും.

മരുന്നുകളുടെ അമിതോപയോഗം വൃക്കയ്ക്ക്‌ ദോഷകരമാവാറുണ്ട്‌. പ്രത്യേകിച്ച്‌ വേദനസംഹാരികൾ, ഹെവിമെറ്റലുകളടങ്ങിയ മരുന്നുകൾ, ബോഡി ബിൽഡിങ്ങിന്‌ ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ തുടങ്ങിയവ.
കുട്ടികളിലെ വൃക്കരോഗങ്ങൾ എത്രയും നേരത്തേ മനസ്സിലാക്കി വിദഗ്‌ധപരിശോധനകളും ചികിത്സകളും നൽകിയാൽ വൃക്കകൾ പൂർണമായും പ്രവർത്തനരഹിതമാകുന്നത്‌ നല്ല അളവുവരെ തടയാൻ കഴിയും.

(വൃക്കരോഗവിദഗ്‌ധനും അമൃത ആസ്പത്രിയിൽ പീഡിയാട്രിക്‌ നെഫ്രോളജി വിഭാഗം  മേധാവിയും ക്ലിനിക്കൽ പ്രൊഫസറുമാണ്‌ ലേഖകൻ)