ഫ്രെഡ്രിക്‌ ഏംഗൽസിന്റെ 200-ാം ജന്മദിനം ഇന്ന്

കാൾ മാർക്സുമായി ചേർന്ന് ഫ്രെഡ്രിക്‌ ഏംഗൽസ് അർഥശാസ്ത്രമേഖലയിൽ നൽകിയിട്ടുള്ള സംഭാവനകളും ഏംഗൽസ് സ്വന്തംനിലയിൽ പ്രകൃതിയുടെ വൈരുധ്യാത്മകത എന്ന ഗ്രന്ഥത്തിൽ മുന്നോട്ടുവെച്ചിട്ടുള്ള പാരിസ്ഥിതിക കാഴ്ചപ്പാടുകളും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളെപ്പറ്റി ഏംഗൽസ് നൽകിയ സംഭവനകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
 

ഏംഗൽസിന്റെ നിരീക്ഷണം

മാർക്സിസ്റ്റ് സാഹിത്യത്തിൽ പൊതുവേ അവഗണിക്കപ്പെട്ടുപോയ ഏംഗൽസിന്റെ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി (Conditions of Working Class in England 1845) എന്ന പഠനഗ്രന്ഥത്തിലാണ് സമകാലീനമായി ഏറെ ചർച്ചചെയ്യപ്പെട്ടുവരുന്ന ആരോഗ്യവും സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകളും തമ്മിലുള്ള ബന്ധം (Social Determinants of Health) ആദ്യമായി വിശകലനം ചെയ്യപ്പെട്ടത്. വ്യവസായവത്കരണത്തിന്റെ ആദ്യകാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ ജീവിതദുരിതങ്ങളാണ് ഏംഗൽസ് ഈ പുസ്തകത്തിൽ പരിശോധിക്കുന്നത്. അക്കാലത്ത് തൊഴിലാളികളെ ബാധിച്ചിരുന്ന മിക്കരോഗങ്ങളും അവരുടെ ദുസ്സഹമായ ജീവിതസാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് ഏംഗൽസ് കണ്ടെത്തുന്നുണ്ട്. തൊഴിലാളികളുടെയിടയിൽ വ്യാപകമായി കണ്ടുവന്നിരുന്ന ക്ഷയം, സിലിക്കോസിസ്, ന്യൂമോകോണിയോസിസ് എന്നീ ശ്വാസകോശരോഗങ്ങളും ലെഡ്‌പോയിസണിങ് തുടങ്ങിയ രോഗങ്ങളും തൊഴിൽജന്യ കാരണങ്ങളാൽ ഉണ്ടാവുന്നതാണെന്ന്, വൈദ്യശാസ്ത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുന്നതിനെക്കാൾ ഒട്ടേറെ വർഷങ്ങൾക്കുമുമ്പ് തന്റെ പഠനത്തിൽ ഏംഗൽസ്  വ്യക്തമാക്കിയിരുന്നു. 
ജർമൻ ഡോക്ടറും രാഷ്ട്രീയപ്രവർത്തകനും മാർക്സിന്റെയും ഏംഗൽസിന്റെയും സമകാലീനനുമായിരുന്ന റഡോൾഫ് വിർക്കോ (Rudolf Virchow 1811-1902) രോഗത്തിന്റെയും രോഗാവസ്ഥയുടെയും സാമൂഹിക ഉറവിടങ്ങളെപ്പറ്റിയുള്ള ഏംഗൽസിന്റെ കാഴ്ചപ്പാട് പിന്നീട് തന്റെ അപ്പർ സിലേസ്യ റിപ്പോർട്ടിൽ കൂടുതൽ വികസിപ്പിച്ചെടുത്തു.  1848-ലെ അപ്പർ സിലേസ്യ റിപ്പോർട്ടിനെക്കാൾ മൂന്നുവർഷംമുമ്പ് 1845-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഏംഗൽസിന്റെ വേണ്ടത്ര പ്രചാരം കിട്ടാതെപോയ പുസ്തകത്തിലാണ് രോഗാവസ്ഥകളുടെ  സാമൂഹിക ഉറവിടങ്ങളെപ്പറ്റി ആദ്യമായി സൂചിപ്പിക്കപ്പെട്ടതെന്ന്  വിർക്കോ വെളിപ്പെടുത്തുന്നുണ്ട്. ജീവിതസാഹചര്യങ്ങളാണ് അടിസ്ഥാനപരമായി മനുഷ്യരുടെ ആരോഗ്യസ്ഥിതി നിശ്ചയിക്കുന്ന നിർണായക ഘടകങ്ങളെന്ന ഏംഗൽസിന്റെ  നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിർക്കോ അപ്പർ സിലേസ്യ റിപ്പോർട്ട്  തയ്യാറാക്കിയത്. 
 

അപ്പർ  സിലേസ്യ  റിപ്പോർട്ട്

1847-ൽ ജർമനിയിലെ പോളിഷ് ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ താമസിക്കുന്ന അപ്പർ  സിലേസ്യ (Upper Silesia) എന്ന പ്രദേശത്ത് ടൈഫസ് എന്ന പകർച്ചവ്യാധി ബാധിച്ച് ആയിരക്കണക്കിനാളുകൾ മരണമടഞ്ഞു. ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർ വിർക്കോയെ നിയോഗിച്ചു. വിർക്കോ അപ്പർ സിലേസ്യ സന്ദർശിക്കുകയും രോഗബാധയുടെ അടിസ്ഥാനകാരണങ്ങളെ സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും ചെയ്തു. വിർക്കോ തയ്യാറാക്കിയ അപ്പർ സിലേസ്യ റിപ്പോർട്ട് ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളെ അനാവരണം ചെയ്യുന്നതിലൂടെ ആധുനിക വൈദ്യശാസ്ത്രത്തിലെ അടിസ്ഥാന രേഖകളിലൊന്നായിമാറി. ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ ടൈഫസ്‌ രോഗങ്ങൾ തടയുന്നതിനായി സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും വരുത്തേണ്ട മാറ്റങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.  ആരോഗ്യത്തെ ഡോക്ടർ-ആശുപത്രി-മരുന്ന്‌ എന്ന സമവാക്യത്തിലൊതുക്കുന്ന പരമ്പരാഗതമായ രീതി വെടിഞ്ഞ് ആഹാരം-പാർപ്പിടം-ശുചിത്വം-തൊഴിൽ-രാഷ്ട്രീയസ്വാതന്ത്ര്യം തുടങ്ങിയ സാമൂഹിക ഘടകങ്ങളിലേക്ക് പുനഃപ്രതിഷ്ഠ നടത്തി എന്നതാണ് വിർക്കോ നൽകിയ സംഭാവന. ഇത്തരമൊരു കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കുന്നതിൽ വിർക്കോ ആശ്രയിച്ചത് ഏംഗൽസിന്റെ  ഇക്കാര്യത്തിലുള്ള നിരീക്ഷണങ്ങളാണ്.
 

അൽമ അത്താ പ്രഖ്യാപനം 

ഏംഗൽസും വിർക്കോയും മുന്നോട്ടുെവച്ച സമീപനത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയെ പരിവർത്തനം ചെയ്യുന്നതിനായി സാർവദേശീയതലത്തിൽ ആദ്യശ്രമം നടന്നത്  മുൻ സോവിയറ്റ് യൂണിയനിലെ അൽമ അത്തായിൽവെച്ച് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യസമ്മേളനത്തിലായിരുന്നു. സമ്മേളനത്തിൽവെച്ച് സമഗ്രമായ പ്രാഥമികാരോഗ്യസേവനത്തിൽ ഊന്നിനിന്നുകൊണ്ടുള്ള രണ്ടായിരാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെയുള്ള  പ്രഖ്യാപനം അംഗീകരിക്കപ്പെട്ടു. ജനങ്ങളുടെ ആരോഗ്യാവസ്ഥയെ നിർണയിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങൾക്ക് ഊന്നൽനൽകിക്കൊണ്ടുള്ള സമഗ്രമായ പരിപാടി അവതരിപ്പിച്ചു എന്നതാണ് അൽമാ അത്ത പ്രഖ്യാപനത്തിന്റെ സവിശേഷത.   
 

പ്രഖ്യാപനം അട്ടിമറിക്കപ്പെടുന്നു

അൽമ അത്താ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായ സമഗ്രമായ സാമൂഹികമാറ്റത്തിന് പലരാജ്യങ്ങളിലെയും ഭരണാധികാരികൾ തയ്യാറായിരുന്നില്ല. മാത്രമല്ല രോഗപ്രതിരോധത്തിലും സാമൂഹികാരോഗ്യത്തിലും ഊന്നിയ ആരോഗ്യപദ്ധതികളെ അട്ടിമറിക്കാൻ വൈദ്യലോകത്തെ പ്രതിലോമ സാമ്പത്തിക താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഔഷധ വ്യവസായ ഉപകരണനിർമാതാക്കളുടെ ലോബിയും വൈദ്യവ്യവസായ കൂട്ടുകെട്ടും അതിന് കൂട്ടുനിൽക്കുന്ന ചില പ്രൊഫഷണൽ സംഘടനകളും രംഗത്തുവന്നു. യൂണിസെഫ്, സമഗ്രമായ പ്രാഥമികാരോഗ്യ സേവനത്തിനു പകരമായി പരിമിതമായ പ്രാഥമികാരോഗ്യ സേവനം എന്ന പരിപാടി മുന്നോട്ടുവെച്ചു.  എന്നാൽ പോഷണം, വിദ്യാഭ്യാസം, ശുദ്ധജല ലഭ്യത, പരിസരശുചിത്വം തുടങ്ങിയ അടിസ്ഥാനഘടകങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത് അവഗണിച്ചതിനാൽ  ഈ പരിമിതമായ പരിപാടിപോലും വിജയിപ്പിക്കാനും ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവരാനും പലരാജ്യങ്ങൾക്കും കഴിഞ്ഞതുമില്ല. 
 

ഏംഗൽസിന്റെ  തിരിച്ചുവരവ്

ആഗോള ആരോഗ്യപ്രതിസന്ധികൾക്കു കാരണമായ സാമൂഹിക, സാമ്പത്തിക ഘടകങ്ങളെ സംബന്ധിച്ചു നടക്കുന്ന അന്വേഷണങ്ങൾ പൊതുജനാരോഗ്യപ്രവർത്തകരെ ഏംഗൽസിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ്. ഏംഗൽസും വിർക്കോയും വികസിപ്പിച്ചെടുത്ത ആരോഗ്യത്തിന്റെ പകർച്ചവ്യാധികൾക്കും ജീവിതരീതീരോഗങ്ങൾക്കും മറ്റും കാരണമായ സാമൂഹിക, സാമ്പത്തിക ഘടകങ്ങൾ പരിഗണിക്കപ്പെടാതെപോയതിനെ തുടർന്നുകൂടിയാണ് ലോകമെമ്പാടും ആരോഗ്യമേഖല പ്രതിസന്ധികളെ നേരിട്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പുനരാരംഭിച്ചിട്ടുള്ളത്. ആഗോള ആരോഗ്യ പ്രതിസന്ധി പരിഗണിച്ച്  ലോകാരോഗ്യസംഘടന ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളെക്കുറിച്ചു പഠിക്കാൻ ഒരു കമ്മിഷനെ (Commission on Social Determinants of Health) നിയോഗിക്കുകയുണ്ടായി. 2008 പ്രസിദ്ധീകരിച്ച കമ്മിഷന്റെ റിപ്പോർട്ട് ഏംഗൽസും റഡോൾഫ് വിർക്കോയും തുടക്കമിട്ട സാമൂഹികാരോഗ്യ സങ്കല്പങ്ങളൂടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.