റണ്ടില്ല, ഫോണില്ല, റേഞ്ചില്ല.. തോല്‍ക്കാന്‍ കാരണം നിരവധിയുണ്ടായിരുന്നു. പക്ഷേ പരിമിതികള്‍ ഒഴിവുകഴിവിന് അവസരമായി ദിവ്യ കണ്ടില്ല. ഒന്നിന് മുന്നിലും ഈ മിടുക്കി തോറ്റുമാറി നിന്നില്ല. വിജയത്തില്‍ റെക്കോഡിട്ട പത്താം ക്ലാസ് ഫലത്തില്‍ ചിന്നാര്‍ കാട്ടിലേക്ക് ഊരിലേക്ക് ആലാംപെട്ടിയിലേക്ക്  ഫുള്‍ എപ്ലസ് എത്തുമ്പോള്‍ ദിവ്യ എന്ന മിടുക്കിയുടെ  പോരാട്ടത്തിനുള്ള അംഗീകാരമാകുന്നു അത്. ഒരു ഡോക്ടറാകണം എന്ന ആഗ്രഹമാണ് അവളെ നയിക്കുന്നത്. അപ്പോള്‍ തടസ്സങ്ങള്‍ക്ക് അവള്‍ക്ക് മുന്നില്‍ തോല്‍ക്കാനേ കഴിയൂ. 

കോവിഡില്‍ മൊബൈല്‍ ക്ലാസ്മുറികളായപ്പോള്‍ സ്വന്തമായി ഫോണില്ലാത്ത ദിവ്യയ്ക്ക്  അമ്മാവന്റെയും അച്ഛന്റെയും മൊബൈലിനായി കാത്തിരിക്കേണ്ടിവന്നു. വല്ലപ്പോഴുമൊക്കെ മൊബൈല്‍ കൈയ്യില്‍ കിട്ടിയപ്പോഴാകട്ടെ അവള്‍ക്ക്  റേഞ്ചിനായി ഓടേണ്ടിവന്നു. പാറപ്പുറത്തും മറ്റും വലിഞ്ഞുകേറിയാണ് ദിവ്യ പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുത്തത്. സോളാര്‍ മാത്രമുള്ള ആലാംപെട്ടിയില്‍ വെയില്‍ മാറി മഴവരുമ്പോഴെല്ലാം ഇരുട്ടിലുമായി. ഏകാധ്യാപക വിദ്യാലയത്തിലെ ടെലിവിഷനായിരുന്നു മറ്റൊരാശ്രയം മഴയില്‍ സോളാര്‍ പണിമുടക്കിയപ്പോഴെല്ലം ആ വഴിക്കുള്ള പഠനവും മുടങ്ങി. എന്നിട്ടും അവള്‍ കഠിനമായി പരിശ്രമിച്ചു. അങ്ങനെ കാടിനുള്ളിലേക്കും ഫുള്‍ എ പ്ലസ് എത്തി.  

ഓട്ടോ ഡ്രൈവറായ കണ്ണപ്പന്റെയും വേളാങ്കണ്ണിയുടെയും മൂന്ന് മക്കളില്‍ ഇളയവളാണ് ദിവ്യ. ചേച്ചിമാരെ നേരത്തെ വിവാഹം കഴിപ്പിച്ചുവിട്ടു.  

സയന്‍സ് ഐച്ഛികവിഷയമായി പഠിച്ച് ഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹം. മൊബൈല്‍ ആശുപത്രിമാത്രമുള്ള ആലാംപെട്ടിയില്‍ തന്നിലൂടെ ഒരു ഡോക്ടറെ ലഭിക്കുമെന്ന് അവള്‍ സ്വപ്നം കാണുന്നു. 
നിരവധി പേരാണ് ആലാംപെട്ടിയിലെ ആദ്യ ഫുള്‍ എ പ്ലസുകാരിയെ അഭിനന്ദിക്കാനായി എത്തിയത്. അങ്ങനെ ദിവ്യയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിക്കുകയും ചെയ്തു. 

ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ മള്‍ട്ടി ഗ്രേഡഡ് ലേണിങ്ങ് സെന്ററെന്ന ഏകാധ്യാപക വിദ്യാലയത്തിലാണ് ദിവ്യ പഠിച്ചത്.  നാലാം ക്ലാസിന് ശേഷം എസ്.സി കുട്ടികള്‍ക്കുള്ള പ്രവേശന പരീക്ഷ എഴുതി പാസായി ഏറ്റുമാനൂര്‍ എം.ആര്‍.എസില്‍ പ്രവേശനം നേടി. പത്താം ക്ലാസുവരെ തുടര്‍പഠനം അവിടെയായിരുന്നു.  

സുനിത ടീച്ചറുടെ അഭിമാനം 

ദിവ്യയെ കുറിച്ച് ടീച്ചര്‍മാര്‍ക്കും നൂറ് നാവാണ്.  ''കുഞ്ഞുനാള്‍ മുതല്‍ തന്നെ ആരായിത്തീരണമെന്ന വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടിയാണ് ദിവ്യ. അന്നേ അവള്‍ ഡോക്ടറാകണമെന്ന് പറയുമായിരുന്നു. എന്ത് പഠിക്കാന്‍ കൊടുത്താലും ദിവ്യ പഠിക്കുമായിരുന്നു''.  ഇടമലക്കുടി ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന സുനിത ടീച്ചര്‍ പറയുന്നു. ഏകാധ്യാപക വിദ്യാലയത്തില്‍ പഠിച്ച് എ പ്ലസ് നേടിയ ആദ്യത്തെ കുട്ടിയാണ് ദിവ്യ അതിനാല്‍ ടീച്ചറുടെ അഭിമാനം നൂറിരട്ടിയാണ്. ദിവ്യയെ ആദ്യം അക്ഷരം പഠിപ്പിച്ചതും സുനിത ടീച്ചറാണ്. അത് മാത്രമല്ല ടീച്ചറുടെ സന്തോഷത്തിന് കാരണം. 

ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്താന്‍ പോകുകയാണ്. അധ്യാപകര്‍ക്കെല്ലാം സ്ലീപ്പര്‍ പോസ്റ്റാണ് ഇനി നല്‍കാന്‍ പോകുന്നത്. പടിയിറങ്ങുന്ന സമയത്ത് ഏകാധ്യാപക വിദ്യാലങ്ങളിലെ അധ്യാപകര്‍ക്ക് കിട്ടുന്ന അവാര്‍ഡാണ് ദിവ്യയുടെ വിജയമെന്നും സുനിത ടീച്ചര്‍ പറയുന്നു.  

അച്ഛന്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന ഓട്ടോയെ ആശ്രയിച്ചാണ് ദിവ്യയുടെ കുടുംബം കഴിയുന്നത്. അതിനാല്‍ തന്നെ ഡോക്ടറെന്ന അവളുടെ ആഗ്രഹത്തിന് കടമ്പകള്‍ ഏറെയാണ്. ആരെങ്കിലും സ്പോണ്‍സര്‍ ചെയ്താല്‍ മാത്രമെ ദിവ്യയുടെ സ്വപ്നം  പൂവണിയുവെന്നും സുനിത ടീച്ചര്‍ പറയുന്നു.  

Content Highlight; Girl from tribal settlement in Chinnar wild wildlife sanctuary secured full A+ in SSLC