സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ആശയങ്ങൾക്ക്‌ പകരം മൂത്രാശയങ്ങൾ മാത്രമുണ്ടായിരുന്നവൾ ഇന്നൊന്നിലും രണ്ടാമതല്ല. 

image
പ്രതീകാത്മകചിത്രം| Photo: Mathrubhumi 

കുറച്ചുമുമ്പാണ്‌, പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരേബെഞ്ചിൽ ഇടകലർന്നിരിക്കാൻ അനുവദിക്കാമോ എന്ന ചോദ്യം കോഴിക്കോട്ടെ ഒരു കോളേജിൽനിന്നുയർന്നു. അന്ന്‌ ഞാനതിൽ പ്രതികരിച്ചുകൊണ്ടെഴുതിയത്‌ കുട്ടികൾ ഒരേബെഞ്ചിൽ ഇടകലർന്നിരിക്കണം എന്നൊരു നിയമമുണ്ടെങ്കിൽ അതെത്രകുറ്റകരമാണോ അത്രതന്നെ കുറ്റകരമാണ്‌ കുട്ടികൾ ഇടകലർന്നിരിക്കരുത് എന്നൊരു നിയമമുണ്ടെങ്കിൽ അതും എന്നാണ്‌.

അതെല്ലാം ഇരിക്കേണ്ടവരുടെ താത്പര്യം. ക്ലാസിൽ വിദ്യാർഥികളേ വേണ്ടൂ, ആണോ പെണ്ണോ വേണ്ടാ. (വിദ്യാർഥി എന്നുപറഞ്ഞാൽ ആണാണ്‌ എന്നത്‌ മേൻ എന്നുപറഞ്ഞാൽ മനുഷ്യനാണ്‌ എന്നതുപോലെ ദീർഘകാലമായി തിരുത്തപ്പെടാതിരിക്കുന്ന, എന്നോ തിരുത്തപ്പെടേണ്ടിയിരുന്ന ഒരാണഹങ്കാരം). സമാനമായ അഭിരുചിയാണ്‌ കൂട്ടുകെട്ടുകളുടെ അടിസ്ഥാനമെങ്കിൽ ഒരു പെൺകുട്ടിയുടെ കൂട്ട്‌ ഒരു പെൺകുട്ടിതന്നെയാവണമെന്നില്ല. അഭിരുചിക്ക്‌ ലിംഗവ്യത്യാസമില്ല.

ഇപ്പോഴിതാ, കോഴിക്കോട്ടുനിന്നുതന്നെ, വീണ്ടുമൊരു ചോദ്യമുയർന്നിരിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സമാനമായ വസ്ത്രമാകാമോ, സ്കൂളിൽ പാന്റും ഷർട്ടുമിട്ട്‌ പെൺകുട്ടികൾക്ക്‌ വരാമോ? സവിശേഷമായ വസ്ത്രധാരണത്തിലൂടെയും നീട്ടിവളർത്തിയ മുടിയിലൂടെയും നടപ്പിലും നോക്കിലുമുള്ള സങ്കോചങ്ങളിലൂടെയും രൂപപ്പെട്ട, നിലനിർത്തപ്പെടുന്ന പെൺസ്വത്വത്തെ പെൺകുട്ടികൾക്ക്‌ ലംഘിക്കാമോ? പെണ്ണുടലുകളെക്കാൾ സ്ത്രൈണതയുള്ള പെൺവസ്ത്രങ്ങൾ ധരിച്ച്‌ അവൾ ഒന്നുകൂടി അവളാകുന്നതിന്‌ പകരം ഇങ്ങനെയൊരു വസ്ത്രമാറ്റത്തിന്‌ അവൾ നിൽക്കാമോ? സ്കൂളിനങ്ങനെ നിഷ്കർഷിക്കാനധികാരമുണ്ടോ? എന്ത്‌ ധരിക്കുമ്പോഴും അവൻ ഒന്നുകൂടി അവനാവണമെന്നും അവൾ ഒന്നുകൂടി അവളാവണമെന്നും ധരിക്കുന്ന മാമൂൽപ്രിയമായ പൊതുസമൂഹത്തെ (പൊതുസമൂഹം പുരുഷസമൂഹമായിരുന്നു ഇതുവരെ) ധിക്കരിക്കാമോ?

പൊതുഇടത്തിലോ തൊഴിലിടത്തിലോ പ്രത്യക്ഷപ്പെടാൻ തന്റെ ഇച്ഛയ്ക്കും സൗകര്യത്തിനുമൊത്ത വസ്ത്രം അവൻ തിരഞ്ഞെടുത്തപ്പോൾ അവന്റെ ഇച്ഛയ്ക്കൊത്ത വസ്ത്രം, തനിക്കെത്ര അസൗകര്യമായാലും തിരഞ്ഞെടുക്കാനേ അവൾക്കായുള്ളൂ. സ്വരാജിലായിരുന്നു (സ്വയം നിർണയാധികാരമുള്ള വ്യവസ്ഥ) ഒരുപരിധിവരെയെങ്കിലും പുരുഷനെങ്കിൽ അവന് നിർണയാധികാരമുള്ള വ്യവസ്ഥയിലായിരുന്നു അവൾ. പെൺകുട്ടികൾ ആൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ധരിക്കുമ്പോൾ ആ സ്വയംനിർണയാധികാരമുള്ള വ്യവസ്ഥയിലേക്ക്‌ പ്രവേശിക്കുകയാണ്‌, അയാളെ അനുകരിക്കുകയല്ല. അച്ഛന്റെയോ ഏട്ടന്റെയോ അലക്കാനിട്ട ഷർട്ട്‌ എടുത്തിട്ട്‌ അടുക്കളയിൽച്ചെന്ന്‌ അമ്മയോട്‌ പിറകിൽ കൈകെട്ടിനിന്ന്‌ നാട്ടുവർത്തമാനം പറഞ്ഞിരുന്ന ഒളിവിലെ പെൺകുട്ടിയാണിപ്പോൾ പാന്റിന്റെ ഇരുകീശയിലും കൈകളിട്ട്‌ പരസ്യമായിനിന്ന്‌ ഡയലോഗടിക്കുന്നത്‌. നല്ലതല്ലേ?

അത്ര നിസ്സാരമല്ല കാര്യങ്ങൾ. സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ആശയങ്ങൾക്ക്‌ പകരം മൂത്രാശയങ്ങൾ മാത്രമുണ്ടായിരുന്നവൾ ഇന്നൊന്നിലും രണ്ടാമതല്ല. ലളിതമെന്ന്‌ പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അത്ര ലഘുവാണോ പുതിയ വേഷമാറ്റത്തിലൂടെ കൈവന്നവ. ചില്ലറവെക്കാനും നോട്ടുവെക്കാനും എ.ടി.എം. കാർഡ്‌ വെക്കാനും ടവ്വൽ വെക്കാനും മൊബൈൽ വെക്കാനും സ്വകാര്യമായ എന്തെങ്കിലും കുലുമാലുണ്ടെങ്കിൽ അത്‌ വെക്കാനും വേറെ വേറെ പോക്കറ്റുകളുള്ള പാന്റ്സ്‌ പല അറകളുള്ള ഒരു സുഖമാണ്‌. പോരാത്തതിന്‌ പെന്നുകുത്താനും ഹാൾടിക്കറ്റ്‌ വെക്കാനും ആട്ടിൻചെവിപോലുള്ള ഫ്ളാപ്പുള്ള കീശയുള്ള, കാറ്റിനോടിക്കളിക്കാനിടമുള്ള ലൂസ്‌ ഷർട്ടും. ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും സ്കൂൾ, കോളേജ്‌ ഡേകൾക്കും ഉടുത്താൽ നൊടിയിടകൊണ്ട്‌ മുതിരുന്ന, സ്ത്രൈണഭംഗിയുള്ള, അവയവങ്ങളുടെ ഉച്ചഭാഷിണിയായ സാരിയുമാവാം. അതിജീവനത്തിന്‌ മാത്രമല്ലല്ലോ പൂക്കളോടും ശലഭങ്ങളോടും ഇടയ്ക്കൊന്നു മത്സരിക്കാനുമല്ലേ വസ്ത്രങ്ങൾ. ചോയ്സ്‌ കൂടുന്നതല്ലേ എല്ലാംകൊണ്ടും നല്ലത്‌. പലതാവുന്നതല്ലേ, പലരാവുന്നതല്ലേ, കാര്യക്ഷമമാവുന്നതല്ലേ, ഇടയ്ക്കാന്നാർഭാടമാകുന്നതുമല്ലേ സ്വാതന്ത്ര്യം, ശരിയും. 
നീത്ഷെ പറഞ്ഞപോലെയായിരുന്നു ഇക്കാലം വരെ കാര്യങ്ങൾ. അവൻ പറഞ്ഞു, എന്റെ ഇച്ഛ. അവൾ പറഞ്ഞു, അവന്റെ ഇച്ഛ. അത്‌ മാറണ്ടേ?