ന്യൂഡൽഹി: ഏറ്റവുംകൂടുതൽക്കാലം ‘ഫോർ സ്റ്റാർ ജനറൽ’ ആയ ബിപിൻ റാവത്ത് രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവി മാത്രമായിരുന്നില്ല-സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചയാൾ കൂടിയാണ്. കാർഗിൽ യുദ്ധത്തെക്കുറിച്ചു പഠിച്ച സുബ്രഹ്മണ്യൻ സമിതിയുടെ റിപ്പോർട്ടിലെ സൈനിക ഏകീകരണം എന്ന ആശയം നടപ്പാക്കാൻ ഏറ്റവും കൂടുതൽ വാദിച്ച വ്യക്തി.  

രാജ്യത്തിന്റെ പുതിയ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ മൂന്നു സൈന്യത്തെയും ഏകീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകുന്നതിന്റെ തിരക്കിലായിരുന്നു റാവത്ത്. പ്രതിരോധസേനകളുടെ പ്രവർത്തനത്തിൽ സമഗ്രമാറ്റങ്ങൾക്കു വഴിയൊരുക്കുന്ന തിയേറ്റർ കമാൻഡുകളുടെ രൂപവത്കരണമായിരുന്നു പ്രധാനം. കര, നാവിക, വ്യോമ സേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ രീതിക്കുപകരം മൂന്നു സേനകളിലെയും സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംയുക്ത കമാൻഡാണ് തിയേറ്റർ കമാൻഡ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച് വിവിധ സേനകളുടെ ആൾബലവും ആയുധബലവും അനുപാതത്തിലാക്കി പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിന് അടുത്ത വർഷത്തോടെ  അന്തിമ തീരുമാനമാവുമെന്നാണ് കരുതിയിരുന്നത്.

സേനയുടെ ആയുധം, അടിസ്ഥാന സൗകര്യം, ആസ്തി സംഭരണം തുടങ്ങിയ കാര്യങ്ങളിലും സ്വദേശി വത്കരണത്തിലും സീനിയർ ഓഫീസർമാരുടെ സ്ഥാനക്കയറ്റത്തിലുമൊക്കെ പുതിയ നയങ്ങൾ രൂപപ്പെടുത്തിയതും റാവത്താണ്. തന്നെക്കാൾ മുതിർന്ന ഉദ്യോഗസ്ഥരെ പിന്തള്ളി കരസേനാ മേധാവിയായെത്തിയ റാവത്ത്, പാകിസ്താൻ, ചൈന വിഷയങ്ങളിലും സേന നവീകരണ കാര്യത്തിലും കർക്കശക്കാരനും കടുംപിടിത്തക്കാരനുമാണ്. പാകിസ്താനും ചൈനയ്ക്കുമെതിരേ പരസ്യപ്രസ്താവന നടത്താൻപോലും റാവത്ത് മടി കാണിച്ചില്ല. 

എന്നും സൈനികർക്കായി നിലകൊണ്ട സേനാധിപൻ

ക്ഷേമനടപടികൾ ദുരുപയോഗം ചെയ്യുന്നതായി സൈനികർ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ പുതിയ പരാതിപരിഹാര സംവിധാനം ഒരുക്കിയും റാവത്ത് ശ്രദ്ധനേടി. സൈനികർ സാമൂഹികമാധ്യമങ്ങളിൽ പരാതി പറയാൻ തുടങ്ങിയാൽ സേനയുടെ മനോവീര്യം തകരുമെന്നും അതിനാൽ അത്തരം നടപടിക്ക് ആരെങ്കിലും മുതിർന്നാൽ ശിക്ഷിക്കുമെന്നും റാവത്ത് മുന്നറിയിപ്പുനൽകി. എന്തു പരാതിയും തന്നെ നേരിട്ടറിയിക്കാൻ സംവിധാനവുമൊരുക്കി. സൈനികമേധാവിക്കുള്ള നിർദേശങ്ങളും പരാതികളും പേരും റാങ്കും വെളിപ്പെടുത്താതെ നിക്ഷേപിക്കുന്നതിനുള്ള പരാതിപ്പെട്ടികൾ സേനാ ആസ്ഥാനത്തും കമാൻഡ് ആസ്ഥാനത്തും താഴത്തെ തലങ്ങളിലും സ്ഥാപിക്കാനായിരുന്നു നിർദേശം. റാവത്തിന്റെ ഭാര്യ മധുലിക റാവത്തും യുദ്ധത്തിൽ വീരമൃത്യു മരിച്ച ജവാന്മാരുടെ ഭാര്യമാർക്കും മക്കൾക്കും വേണ്ടി പ്രവർത്തിക്കുന്നവരായിരുന്നു. സൈനികാശുപത്രികളിലും ഇവരുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ നടന്നിരുന്നു.