ആദ്യമൊക്കെ മഴ വീട്ടിനകത്തു വരെ വരുമായിരുന്നു. ഓടിനിടയിലുള്ള വിടവിലൂടെ വന്ന് താഴെ അമ്മച്ചി വച്ചിട്ടുള്ള പാത്രങ്ങളിലേക്ക് 'ട്പ്ലും ട്പ്ലും'ന്ന് വീഴും. പിന്നെ വാര്‍ക്കകെട്ടിടമായപ്പോ മഴ പടിയ്ക്കു പുറത്തായി. ജനലിലൂടേം വാതിലിലൂടേം ഒക്കെ പുറമേന്നു കൈവീശി കാണിക്കുന്ന ഒരു സുഹൃത്തിനെ പോലെ. ഇപ്പോ മൊത്തം കൊട്ടിയടച്ച് പുറത്തെ ഒന്നിനേം, ഇരുട്ടും വെളിച്ചവും കാറ്റും പോലും, കടത്തിവിടാത്ത ഓഫീസില്‍ ദിവസം കഴിച്ചു കൂട്ടുമ്പോള്‍ മഴ വരുന്നതും പോവുന്നതും ഒന്നും അറിയാറില്ല. ഓഫീസീന്നു പുറത്തിറങ്ങുമ്പോല്‍ മണ്ണു നനഞ്ഞു കിടക്കുന്നതു കാണാം. 'ഞാന്‍ വന്നിരുന്നു, നീ ബിസിയായതു കൊണ്ട് കാണാതെ പോവുന്നു' എന്ന് മഴയൊരു മെസേജ് ഇട്ടിട്ടു പോയ പോലെ. മഴയും ഞാനും തമ്മിലുള്ള അകലം കൂടിക്കൂടി വരുന്നു...

Coorg

മഴക്കാലത്തോടു മൊത്തത്തിലുള്ള ഈ സെന്റിമെന്റ്‌സൊക്കെ മാറ്റിവച്ചു ചിന്തിച്ചു നോക്കിയാല്‍ സത്യത്തില്‍ നമ്മുടെ നാട്ടിലെ മഴക്കാല സ്‌പെഷ്യല്‍ ചടങ്ങുകളെപറ്റിയോ ഭക്ഷണത്തെ പറ്റിയോ ഒന്നും എനിക്കൊരു പിടിപാടുമില്ല. വല്ലപ്പോഴും ടീവീല്‍ കര്‍ക്കിടക കഞ്ഞി, കര്‍ക്കിടക മരുന്ന് എന്നൊക്കെ കാണുമ്പോഴാണ് 'ശ്ശെടാ ഇങ്ങനേം സംഭവങ്ങളുണ്ടാരുന്നോ' എന്ന് അന്തം വിടുന്നത്. എങ്ങാനും ചാന്‍സൊത്തു കിട്ടിയാല്‍ ഇതൊക്കേം പരിചയപ്പെടണമെന്നുള്ള ആഗ്രഹോം കലശലാവും. എന്തായാലും ഈ കര്‍ക്കിടത്തില് ചാന്‍സൊത്തു കിട്ടി. മലയാളനാട്ടില്‍ നിന്നല്ല, അവിടുന്നു ഇത്തിരിപോരം മാറി കുടകുനാട്ടില്‍ നിന്ന്.

കാണുമ്പോ ആകെ ഇട്ടാവട്ടമേ ഉള്ളൂ എങ്കിലും കുടക് അങ്ങനെ ചില്ലറ സ്ഥലമൊന്നുമല്ല. പശ്ചിമഘട്ടനിരകളില്‍ മലകളും താഴ്‌വരകളും കാടും മഞ്ഞും മഴയും  ഒക്കെയായി കണ്ടാലും കണ്ടാലും കൊതിയാവുന്നത്രേം ഭംഗി. ഇന്നാട്ടിലെത്തിയ ആരായാലും പറഞ്ഞു പോകും 'എന്നാല്പ്പിന്നെ ഇവിടെ തന്നെ അങ്ങു കൂടിയാലോ' എന്ന്. അങ്ങനെ പല കാലഘട്ടങ്ങളില്‍ ആളുകള് വന്നും കൂടീം പോയുമൊക്കെ കുറെ കഴിഞ്ഞിട്ടിപ്പോ എന്തായി.. കൃഷി മുഖ്യ വരുമാനമാര്‍ഗമായിരുന്ന കുടകില്‍ ഇന്ന് കൂണ്‍ പോലെ മുളച്ചു പൊന്തുന്നത് ഹോം സ്‌റ്റേകളാണ്. വല്ലപ്പോഴും പോയി നാടു കണ്ടു മടങ്ങുന്ന നമ്മളെപോലുള്ളവര്‍ക്ക് ഇതു നല്ല സൗകര്യവുമാണ്. എന്നാല്‍ ഈ കടന്നു കയറ്റങ്ങളും മറ്റനവധി കാരണങ്ങളും കൊണ്ട് സംഭവിക്കുന്ന തകര്‍ച്ചയെ പറ്റി ഉത്കണ്ഠയുള്ള ഒരു കൂട്ടം ജനങ്ങള്‍ അവിടെയുണ്ട്. കുടകിലെ തനതു ജനവിഭാഗമായ  കൊഡവ കമ്യൂണിറ്റി. കുടകിലുള്ള പല കമ്യൂണിറ്റികളിലും വച്ച് ഏറ്റവും അംഗബലമുള്ളത് കൊഡവയ്ക്കാണ്.  

രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാരെന്ന് കരുതപ്പെടുന്ന ഇവര്‍ നല്ലൊന്നാന്തരം കൃഷിക്കാരാണ്. അതേ പോലെ തന്നെ മികച്ച പോരാളികളും. എന്തിനധികം പറയുന്നു, ലൈസന്‍സൊന്നും ഇല്ലാതെ തോക്കു കൈവശം വയ്ക്കാന്‍ ഇവര്‍ക്ക് അനുമതിയുണ്ടത്രേ. ഏതൊരു കമ്യൂണിറ്റിയുടെയും കൂട്ടായ്മ ഊട്ടിയുറപ്പിക്കാന്‍ പറ്റിയ അവസരങ്ങള്‍ ആഘോഷങ്ങളാണല്ലോ. അതു കൊണ്ടു തന്നെ ഒട്ടുമിക്ക കൊഡവ ആഘോഷങ്ങളും കമ്യൂണിറ്റിയംഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് ഒരുമിച്ചാണ് ഇപ്പോള്‍ ആഘോഷിക്കാറ്. കൊഡവരുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന ഇചഇ (ഇീറമ്മ ചമശേീിമഹ ഇീൗിരശഹ) ആണ് ഇതിനു മുന്‍കൈയെടുക്കുന്നത്. മഴയെ പൂര്‍ണ്ണമായും ആശ്രയിച്ചു കഴിയുന്ന ഒരു ജനതയെന്ന നിലയ്ക്ക് ഇവര്‍ക്കുമുണ്ട് ഒരു മഴസ്‌പെഷ്യല്‍ ആഘോഷം. അതാണ് കക്കട പതിനെട്ട്. മലയാളത്തില്‍ പറഞ്ഞാല്‍ കര്‍ക്കിടകം പതിനെട്ട്. അന്നാണ് കൊഡവരുടെ ഞാറു നടീല്‍ ദിവസം. ഞാറു നടീലും അതുമായി ബന്ധപ്പെട്ട പൂജകളും മാത്രമല്ല കക്കട സ്‌പെഷ്യല്‍ ഫുഡും അന്നത്തെ പ്രത്യേകതകളാണ്.

കക്കടപതിനെട്ടിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടി വളഞ്ഞു പുളഞ്ഞ റോഡിലൂടെ മലയിറങ്ങി ചെല്ലുമ്പോഴേ കണ്ടു കടുംപച്ചക്കളറില്‍ മടിക്കേരി ടൗണും അതിനിടയിലൂടെ 'ഒളിച്ചേ കണ്ടേ' കളിക്കുന്ന മഞ്ഞും. ഒരു ചൂടുചായേം കുടിച്ച് എവിടേലും പുതച്ചുമൂടി കിടന്നുറങ്ങാന്‍ പറ്റിയ കാലാവസ്ഥ. പക്ഷെ ഞാനാ പ്രലോഭനങ്ങളിലൊന്നും വീണില്ല. ഇന്നത്തെ ദിവസം പോയാല്‍ പിന്നെ അടുത്ത കൊല്ലമേ കക്കടപതിനെട്ടിനെ കാണാന്‍ കിട്ടൂ. അതോണ്ട് ഞാന്‍ എന്നെ തന്നെ വലിച്ചുകൊണ്ട് പൂജ നടക്കുന്ന റിസോര്‍ട്ടിലേക്കു വിട്ടു. ആദ്യം കണ്ടത് സി.എന്‍.സീടെ പ്രസിഡന്റ് നാച്ചപ്പയെ. കൊഡവ കമ്യൂണിറ്റിയെ പറ്റിയും സി.എന്‍.സിയെ പറ്റിയും സ്വന്തം സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഭാഷയെയും നാടിനെതന്നെയും സംരക്ഷിക്കാനുള്ള സി.എന്‍.സി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയുമൊക്കെ നാച്ചപ്പ ആ തിരക്കിനിടയിലും പറഞ്ഞു തന്നു. കൂടാതെ കൊഡവരുടെ ട്രെഡീഷണല്‍ 'കുപ്പായ'യെ പറ്റിയും. ഞാനിങ്ങനെ അദ്ദേഹത്തിന്റെ കുപ്പായത്തിലേക്ക് അന്തം വിട്ടു നോക്കുന്നതു കണ്ടിട്ടാവണം. എങ്ങനെ നോക്കാതിരിക്കും. ഷര്‍ട്ടിനു മുകളില്‍ മുട്ടൊപ്പമെത്തുന്ന ഫ്രോക്ക് പോലുള്ള ഒരു കറുത്തകോട്ട്. അതിന് നല്ല കസവുപണികളൊക്കെയുള്ള ഒരു അരപ്പട്ട. അതില്‍ തൂങ്ങുന്ന നല്ലൊന്നാന്തരം ഒരു കത്തി. പിന്നെ ഒരു തലെക്കെട്ടും. ഏതാണ്ട് ഹിസ്റ്ററി പുസ്തകത്തില്‍ നിന്ന് ഇറങ്ങി വന്ന പോലെ. നല്ല ഗെറ്റപ്പ്. കുപ്പായം കണ്ടാല്‍ തന്നെ ഒരു പോരാളി ലുക്ക് ആണ്.  ഈ ട്രെഡിഷണല്‍ വേഷം ഇതു പോലുള്ള ആഘോഷങ്ങള്‍ക്കും മറ്റു പ്രത്യേകദിവസങ്ങളിലും മാത്രമേ ഇടാറുള്ളൂ പോലും. ഇനി സ്ത്രീകളുടെ വേഷമാണെങ്കിലോ. നമ്മടെ സാരി തന്നെ. പക്ഷെ നമ്മള്‍ടേതു പോലെ സാരിതുമ്പ് എന്തു ചെയ്യണം, ചുമ്മാ തൂക്കിയിടണോ, വിരലില്‍ ചുറ്റിക്കൊണ്ടിരിക്കണോ, വലിച്ചെടുത്ത് എളിയില്‍ തിരുകണോ തുടങ്ങിയ ആശയക്കുഴപ്പങ്ങളൊന്നുമില്ല. അവര് ആ തുമ്പെടുത്ത് വലത്തെ തോളിലൂടെ വലിച്ച് മുന്‍പില്‍ പിന്‍ കുത്തി വെയ്ക്കും. യാതൊരു സൊല്ലയുമില്ല. സാരി ചുറ്റുന്നതിലും ചെറിയ വ്യത്യാസമുണ്ട് കേട്ടോ. സാരി കൂടാതെ അവര്‍ക്ക് തട്ടം പോലെ ഒരു ശിരോവസ്ത്രവുമുണ്ട്. നല്ല രസമാണ് കാണാന്‍.

കക്കഡപതിനെട്ട് ഫുഡിനുമുണ്ട് ഒരു പ്രത്യേകത. കുടകിലെ കാട്ടില്‍ കാണുന്ന ഒരു ചെടിയുടെ ഇലയാണ് അന്നത്തെ വി.ഐ.പി. ഫുഡ്ഡ്.  മദ്ദു (മരുന്ന്) തൊപ്പു എന്നാണ് ഇവരു വിളിക്കുക. സാധാരണ ദിവസങ്ങളിലൊക്കെ വെറും കാട്ടുചെടിയായി അധ:പതിച്ചു ജീവിക്കുന്ന ഈ ചെടി കര്‍ക്കിടകമാകുമ്പോള്‍ പെട്ടെന്നു കേറി ഹീറോ ആകും. കര്‍ക്കിടകം തുടങ്ങുമ്പോള്‍ മുതല്‍ ഇതില്‍ മരുന്നുഗുണങ്ങള്‍ നിറയുമത്രേ. അതും ഒന്നും രണ്ടുമല്ല, പതിനെട്ടോളം രോഗങ്ങളുടെ മരുന്നുകള്‍!!. അങ്ങനെ നിറഞ്ഞു നിറഞ്ഞ് കര്‍ക്കിടകം പതിനെട്ടാകുമ്പോള്‍ അത് ഏറ്റോം ഗുണമുള്ള അവസ്ഥയിലാകും. ഈ ഇലകളെടുത്ത് നല്ലോണം വെള്ളം ചേര്‍ത്ത് ഒന്നുരണ്ടു മണിക്കൂറുകളോളം തിളപ്പിച്ചാല്‍ നല്ല പര്‍പ്പിള്‍ നിറമാവും. ഈ വെള്ളം ചേര്‍ത്ത് പായസവും പുട്ടും ഉണ്ടാക്കും. ആകെപ്പാടെ ഒരു പര്‍പ്പിള്‍മയമാരിക്കും അന്നേ ദിവസം ഫുഡിന്. ഈ മരുന്നുഫുഡ് കഴിച്ചാല്‍ പിറ്റേദിവസം മൂത്രം നല്ല ചോരക്കളറില്‍ പോവുമെന്നാണ് കേട്ടുകേള്‍വി. രക്തശുദ്ധി നടക്കുന്നതു കൊണ്ടാണത്രേ..

 കക്കടപ്പതിനെട്ടിന്റെ ചടങ്ങുകളില്‍ ആദ്യം പൂജയാണ്. നെല്ലും അരിയും മദ്ദു ഇലകളും ആയുധങ്ങളും (ഒരു ഇരട്ടക്കുഴല്‍ തോക്കുള്‍പ്പെടെ)  ഒക്കെ വച്ചിട്ടുണ്ടായിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്നയാള്‍ പൂജയ്ക്ക് നേതൃത്വം കൊടുത്തു. അതിനു ശേഷം എല്ലാവരും കൂടെ ഞാറു നടാനായി പാടത്തേക്ക്. ഞാറ്റു കറ്റകള്‍ മാത്രമല്ല തോക്കും കൂടെ എടുത്താണ് ജാഥ പോലെയുള്ള ആ പോക്ക്. ഏതു ചടങ്ങിലും തോക്കു വേണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമാണെന്നു തോന്നുന്നു. അങ്ങനെ എല്ലാവരും പാടവരമ്പത്തെത്തി ആദ്യം ആ ഞാറ്റുകെട്ടുകള്‍ പങ്കിട്ടെടുത്തു. എന്നിട്ട് ആണുങ്ങളെല്ലാം പാടത്തേക്കിറങ്ങി. ഞാറു നടീല്‍ തുടങ്ങുന്നതിനു മുന്‍പേ ആ തോക്കെടുത്ത് ആകാശത്തേക്കു രണ്ടു വെടി. അതും ആചാരമാണത്രേ. അതിനു ശേഷം കൊഡവ ഭാഷയിലുള്ള ഞാറ്റു പാട്ട് ആരംഭിച്ചു. എല്ലാവരും പാട്ടൊക്കെ പാടി താളത്തില്‍ ഞാറു നടുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. ആ മൊത്തം സീനിന്റെ നിറപ്പകിട്ട്.. ഒരു ക്യാമറയ്ക്കും അതേ പോലെ പകര്‍ത്താനാവില്ല.  ചുറ്റും നല്ല കടും പച്ച നിറത്തിലുള്ള മലകള്‍. നീലനിറത്തിലുള്ള ആകാശം. അല്പം ചുവന്ന ചളിമണ്ണ്. അതില്‍ വരിവരിയായി ഇളം പച്ച നിറമുള്ള ഞാറുകള്‍. ഞാറു നടുന്നവരുടെ നിറപ്പകിട്ടുള്ള വസ്ത്രങ്ങളും തലപ്പാവും. ഒരു വലിയ ക്യാന്‍വാസില്‍ വരച്ച വര്‍ണ്ണചിത്രത്തിന്റെ ഭാഗമായതു പോലെ തോന്നിപ്പോയി. ആ കാഴ്ചയും കണ്ടു നിന്നപ്പോള്‍ ഉച്ചവെയിലും ചൂടും ക്ഷീണവുമൊന്നും അറിഞ്ഞില്ല. ഞാറു നടീല്‍ കഴിഞ്ഞ് എല്ലാവരും പാടത്തില്‍ നിന്നും കയറി. 

ഇനി ഭക്ഷണമാണ്..മദ്ദു സത്ത് ചേര്‍ത്തുണ്ടാക്കിയ പുട്ടില്‍ നിന്നു തന്നെ തുടങ്ങി. ഏതാണ്ട് നമ്മടെ വട്ടേപ്പത്തിന്റെ ലുക്കും ടേസ്റ്റും. നല്ല പര്‍പിള്‍ കളറാണതിന്. അടുത്തത് മദ്ദുപായസം. ഒന്നൂല്ല, പായസത്തില്‍ ഈ നീര് ചേര്‍ത്ത് നല്ല കളര്‍ഫുള്ളാക്കി വച്ചിരിക്കുന്നു. അത്ര തന്നെ. പിന്നെയാണ് മെയിന്‍ ഡിഷ്. കുടകു സ്‌പെഷ്യല്‍ കടമ്പുട്ടും (ഏതാണ്ട് ഫില്ലിംഗ്‌സൊന്നുമില്ലാത്ത കൊഴുക്കട്ട പോലിരിക്കും) ചോറും സാമ്പാറും പോര്‍ക്ക് കറിയും ചിക്കന്‍ കറിയും. ഈ ചിക്കനുമുണ്ടു കേട്ടോ ഒരു പ്രത്യേകത. കര്‍ക്കടകത്തില്‍ തവളകളിടുന്ന മുട്ടയൊക്കെ തിന്നുന്നതു കൊണ്ട് കോഴികള്‍ക്ക് ഔഷധഗുണവും രുചിയും കൂടുമത്രേ. ആ കോഴികളെയാണ് ഇന്നേ ദിവസം ശരിപ്പെടുത്തി കറിയാക്കുന്നത്. കക്കടകോളി എന്നൊരു പേരും കൊടുക്കും. ചുമ്മാ കരയ്ക്ക് നിന്ന് ഞാറു നടല്‍ കണ്ടു നിന്നേയുള്ളൂ. എങ്കിലും ഞാറു നട്ടു ക്ഷീണിച്ചവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാന്‍ എല്ലാം പിന്നേം പിന്നേം എടുത്തു കഴിച്ചു. ഇപ്പറയുന്നതു പോലെ ആ ചെടിക്കു ശരിക്കും ഔഷധഗുണമുണ്ടെങ്കില്‍ നമ്മളായിട്ടതു മിസ്സാക്കാന്‍ പാടില്ലല്ലോ..

 ലോകം മുഴുവന്‍ ഒരു ആഗോളഗ്രാമമായി  ചുരുങ്ങുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ ഭാഗമായി നടക്കുന്ന കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍ ഈ പാരമ്പര്യവിഭവങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമൊക്കെ എത്ര കാലം കൂടി പിടിച്ചുനില്‍ക്കാന്‍ പറ്റും? ഒരു പക്ഷേ കാലക്രമേണ ഇതൊക്കെ പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും നമുക്കനുഭവിക്കാന്‍ പറ്റിയേക്കാം. അല്ലെങ്കില്‍ ഒക്കേം ഒരു പഴങ്കഥ പോലെ മണ്‍മറഞ്ഞു പോയേക്കാം.  വെളിച്ചം മങ്ങി മങ്ങിപ്പോകുന്ന ഈ തിരിയെ കെടാതെ സൂക്ഷിക്കാന്‍ വേണ്ടി സി.എന്‍.സി. നടത്തുന്ന പരിശ്രമങ്ങള്‍ക്കു ഫലമുണ്ടാവട്ടെ എന്നാംശംസിക്കാം.. അല്ലേ?