ജലവിതരണം, ജലസേചനം, ഊർജം എന്നിങ്ങനെ മഹാഭൂരിപക്ഷവും എൻജിനിയർമാർ നയിക്കുന്ന സംസ്ഥാന സാങ്കേതിക വകുപ്പുകളിലും കേന്ദ്ര സർവീസിലുള്ളപ്പോൾ കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, കേന്ദ്ര ജലക്കമ്മിഷൻ എന്നിവരുമായി അടുത്ത് പ്രവർത്തിച്ചതിന്റെയും അനുഭവത്തിൽ, നമ്മുടെ പൊതുനിർമാണം-പരിസ്ഥിതി പരിപാലനത്തിനും വികസനത്തിനും കേരളം അടിയന്തരമായി ചെയ്യേണ്ടത് കെ.എ.എസ്. മാതൃകയിൽ ഒരു കേരള എൻജിനിയറിങ്‌ സർവീസ് രൂപവത്‌കരിക്കുകയാണ്. നിലവിലെ പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി., ജലസേചന വകുപ്പ്, ഇലക്‌ട്രിസിറ്റി ബോർഡ്, ഇവയോടനുബന്ധിച്ചുള്ള മറ്റു കമ്പനികൾ എന്നിവയിലെയും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർതലംമുതൽ ചീഫ് എൻജിനിയർ, എൻജിനിയർ-ഇൻ-ചീഫ് എന്നിങ്ങനെ ഉയർന്ന എൻജിനിയർ തസ്തികകളിലെല്ലാം സംസ്ഥാന എൻജിനിയറിങ്‌ സർവീസുകാരെ നിയമിക്കണം.

പരിശീലനം എങ്ങനെ

വാർഷിക പി.എസ്.സി. പരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്ന കെ.ഇ.എസ്. എൻജിനിയർമാർക്ക് ദേശീയ-അന്തർദേശീയ എൻജിനിയറിങ്‌-മാനേജ്‌മെന്റ് പബ്ലിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹകരണത്തോടെ ലോകത്തെ മികച്ചതും കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾക്കുതകുന്നതുമായ ഒന്നരവർഷത്തെ ഇൻസർവീസ് ട്രെയിനിങ് നൽകണം. മൂന്നിൽ രണ്ടു സീനിയർ തസ്തികകളും മത്സരപരീക്ഷാടിസ്ഥാനത്തിൽ നിയമിക്കണം. പ്രൊഫഷണൽ ട്രെയിനിങ്ങിൽത്തന്നെ കേരളത്തിലെ ഭൂമിശാസ്ത്ര-പരിസ്ഥിതി-ജലവിഭവ പശ്ചാത്തലം യുവ എൻജിനിയർമാരെ ബോധ്യപ്പെടുത്തണം. ‘ട്രേഡ്’ സിവിലോ ഇലക്‌ട്രിക്കലോ, ഇലക്‌ട്രോണിക്സോ, കംപ്യൂട്ടർ സയൻസോ ആയാലും പ്രാഥമികമായി കേരളത്തിന്റെ സിവിൽ-ഇലക്‌ട്രിക്കൽ-മെക്കാനിക്കൽ പശ്ചാത്തലം, കേരളത്തിലെ സുപ്രധാന പശ്ചാത്തല സൗകര്യങ്ങളുടെ പരിചയം, മാറുന്ന മെറ്റീരിയൽ സയൻസ്, പദ്ധതി സമ്പദ്ഘടന, പദ്ധതി ധനകാര്യം, പ്രോജക്ട് മാനേജ്‌മെന്റ്, എൻജിനിയറിങ്‌ സേഫ്റ്റി, ഡിസൈൻ, ക്വാളിറ്റി മാനേജ്‌മെന്റ് എന്നിങ്ങനെ മാറുന്ന എൻജിനിയറിങ്‌ തൊഴിൽ പരിസ്ഥിതിയുടെ വിവിധവശങ്ങളിൽ ശക്തമായ പൊതുപരിചയം നിയമിതർക്ക് ഒരു വർഷത്തിൽ ഒരു കേന്ദ്രീകൃത സ്ഥാപനം നൽകണം. ഐ.ഐ.ടി., ഐ.ഐ.എം. തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പദ്ധതി സമഗ്രമാക്കണം. ഒരു അന്തർദേശീയ സ്ഥാപനത്തിലും അന്തർദേശീയ പരിശീലനം വേണ്ട സാഹചര്യങ്ങളിൽ അവഗാഹം നൽകണം.

 മികവിന്റെ വിനിയോഗം 

എൻജിനിയർമാർ ‘ട്രേഡിന്റെ’ വിദഗ്‌ധരായാൽ പോരാ മികച്ച ഭാഷയും പെരുമാറ്റവും ആധുനിക സർക്കാർ-ബിസിനസ് എന്നിവയുടെ മൂല്യവിചാരവും പെരുമാറ്റവും ശീലിക്കണം. ഒരു 360 ഡിഗ്രി പ്രൊഫഷണൽ സമീപനവും സീനിയർ എൻജിനിയറിങ്-മാനേജീരിയൽ തൊഴിലുകളിൽ ശോഭിക്കാനുള്ള ആധുനികമായ ഭാഷയും പെരുമാറ്റവും വിശകലന സാമർഥ്യവും അവർക്കു നൽകണം. ചീഫ് എൻജിനിയർമാരായി കുറഞ്ഞത് 3-5 വർഷം ലഭിക്കുന്ന ഒരു സേവന കാലയളവ് എൻജിനിയറിങ്‌ സർവീസുകാർക്കു നൽകണം. എക്സിക്യുട്ടീവ്-സൂപ്രണ്ടിങ്‌-ചീഫ് തലത്തിൽ ഏഴുവർഷം വീതം പരിചയം നൽകണം. പത്തുവർഷം ശരാശരി സർവീസുള്ള അൻപതിലധികം ചീഫ് എൻജിനിയർമാരെ സംസ്ഥാനത്തിന് അതിന്റെ നിലവിലെ പദ്ധതി നിർവഹണം സജീവമാക്കാൻ ആവശ്യമാണ്. സ്വന്തം ട്രേഡിലും കേഡറിലും ഇരുപതുവർഷവും ഏഴു വർഷമെങ്കിലും മറ്റു സ്ഥാപനങ്ങളിലും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉയർന്ന തസ്തികകളിൽ അവർ പ്രവർത്തിക്കണം.

മാനേജീരിയൽ വൈദഗ്‌ധ്യം തെളിയിക്കുന്നവരെ ഇതര പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമിക്കണം. കെ.എ.എസ്. പൊതുഭരണരംഗത്ത് നേടുന്ന ചലനാത്മകത സംഭവിച്ചാൽ അതിനനുസൃതമായ മുന്നൊരുക്കം ഇല്ലാത്ത പബ്ലിക് എൻജിനിയറിങ്‌ സർവീസ് കൂടുതൽ വിടവുകൾക്കും ഭരണ മന്ദീഭവിക്കലിനും ഇടനൽകും. നിലവിലെ പബ്ലിക് എൻജിനിയറിങ് സർവീസുകൾക്ക് നിലവാരക്കുറവുണ്ട് എന്ന വിവക്ഷയില്ല. ലോകത്തിലെ മികവുറ്റ എൻജിനിയർമാരെ പൊതുമരാമത്തിലും ജലവിഭവത്തിലും ഇലക്‌ട്രോണിക്സിലുമൊക്കെ നമ്മൾ സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാൽ, അത് വളരെ സാർവത്രികമാക്കേണ്ടതുണ്ട്. മികവ് സാർവത്രികമാവണം. ഒറ്റപ്പെട്ട ധ്രുവനക്ഷത്ര സമാനമാവരുത്.

നിലവിലെ എൻജിനിയർമാരെ കേഡറിൽ നിയമിക്കുന്ന വിവിധ സ്ഥാപനങ്ങൾക്കൊക്കെ ഓപ്ഷൻ അടിസ്ഥാനത്തിൽ സർവീസ് അംഗങ്ങളെ അലോട്ട് ചെയ്യാം. യു.പി.എസ്.സി. കേന്ദ്ര എൻജിനിയറിങ്‌ സർവീസുകാരെ നിയമിക്കുന്ന മാതൃകയിൽ നിയമനവും കേഡറിനു പുറത്ത് കൂടുതൽ പരിചയം നൽകുന്ന ഡെപ്യൂട്ടേഷനുകളും നൽകാം. ഐ.എ.എസ്./ കെ.­എ.എസ്. മാതൃകയിൽ കരിയർ വികസന സൗകര്യങ്ങളും അക്കാദമിക് പഠന സൗകര്യങ്ങളും നൽകിയാൽ രാജ്യത്തെത്തന്നെ മികച്ച എൻജിനിയറിങ് കേഡറായി കെ.ഇ.എസിന്‌ ഭാവിയിൽ മാറാൻ കഴിയും.

മികവിന് ഒരിടം

ഇന്ന് എൻജിനിയറിങ്‌ ബിരുദം ഏതാണ്ട് ഒരടിസ്ഥാന യോഗ്യതയായി കേരളത്തിൽ മാറിയിട്ടുണ്ട്. വളരെ വിജയശതമാനം കുറഞ്ഞ ഒരു കോഴ്‌സാണ് എൻജിനിയറിങ്. ശരാശരിക്കാർ ധാരാളവും മികവുള്ളവർ അതിലല്പം കുറവുമുള്ള ഒരു പ്രതിഭാസം ചില മേഖലകളിലുള്ളതുപോലെ എൻജിനിയറിങ്ങിനെയും വേട്ടയാടുന്നു. അഭിരുചിക്കുറവുള്ള ഏറെപ്പേർ ഇതിൽ കുടുങ്ങിയും കിടക്കുന്നു. ഇന്റഗ്രിറ്റിയിൽ ഒട്ടും കലർപ്പില്ലാതെ മികവു പുലർത്തുന്നവർക്ക് മറ്റു രംഗങ്ങളിലെപ്പോലെ വെല്ലുവിളികളും മനോവ്യഥയും കൂടുതലുമാണ്. മികവിന് സ്ഥിരമായി ഒരിടം ഒരുക്കിക്കൊണ്ടേ നമുക്ക് കേരളത്തിലെ എൻജിനിയറിങ്ങിനെ ലോകോത്തരമാക്കാനാവൂ. ജർമനിയെപ്പോലെ ഡിസൈനിൽ അഥവാ നിർമിതിയിൽ മികവുള്ള ഒരിടമായി കേരളത്തിനു മാറാം. ഏതു മേഖലയിലും പ്രഗല്‌ഭതയും പ്രശസ്തിയും കഠിനാധ്വാനികൾക്കും പ്രതിഭാശാലികൾക്കും ഉണ്ടാകണം എന്നില്ല. എന്നിരിക്കിലും ഇന്ത്യയിലെ പ്രഗല്‌ഭ എൻജിനിയർമാരുടെ പട്ടികയിൽ ഇന്ന് ഇടം പിടിച്ചിരിക്കുന്ന മലയാളികളുടെ സംഖ്യ ഇനിയും വളരെ കൂട്ടേണ്ടതുണ്ട്.

മികവുറ്റ മനുഷ്യവിഭവ ശേഷി ഹയർ എൻജിനിയറിങ്‌ സർവീസിൽ എല്ലാ വർഷവും തുടർച്ചയായി ലഭിക്കുമ്പോൾത്തന്നെ എൻജിനിയറിങ്‌ വകുപ്പുകളുടെ സമ്പ്രദായങ്ങൾ  മെച്ചപ്പെടും. രാജ്യത്തെ ഐ.ഐ.ടി., എൻ.ഐ.ടി. ശൃംഖലകളിൽനിന്ന് ഒട്ടേറെ ബിരുദധാരികൾ സർക്കാരിൽവരും. ഏതു സിസ്റ്റവും അതിലെ മനുഷ്യവിഭവശേഷിയെ രൂപപ്പെടുത്തുന്നതാണ്. ഇൻവെസ്റ്റിഗേഷൻ, പ്രൊക്യുർമെന്റ്, കോൺട്രാക്റ്റ് മാനേജ്‌മെന്റ്, എന്റർപ്രൈസ് സൊല്യൂഷൻസ് എന്നിങ്ങനെ സാങ്കേതിക വിദ്യക്കും മാനേജ്‌മെന്റിനും ഇടയിൽ ഒട്ടേറെ ഇടത്തരം സിദ്ധികൾ എൻജിനിയറിങ് വകുപ്പുകൾ പ്രകടിപ്പിക്കേണ്ടതുണ്ട്. കേവലം സാങ്കേതിക സിദ്ധികൊണ്ട് ഒരു പൊതു നയസംവിധാനത്തിൽ വിജയിക്കാനാകില്ല. ഏതു സാങ്കേതികവിദ്യയും നിർവഹണസാധ്യതയും പൊതുനയത്തിലെ സ്വീകാര്യതയിലുമാണ് വിജയിക്കുന്നത്. ‘ചാന്ദ്രയാൻ’ വിജയിക്കാൻ റോക്കറ്റ് സാറ്റലൈറ്റ് പ്രൊപ്പൽഷൻ മാത്രം വിജയിച്ചാൽ പോരാ. ചാന്ദ്രയാൻ പദ്ധതി അംഗീകരിക്കുന്ന നിശ്ചയങ്ങൾ എടുക്കുന്ന സംവിധാനത്തിന് പൊതു പിന്തുണയും വേണം. ചാന്ദ്രയാൻ വിജയം ഒരു പൊതുബോധ്യമാകുന്നിടത്താണ് സങ്കേതം ആത്യന്തികമായി വിജയിക്കുന്നത്. കംപ്യൂട്ടിങ് ശേഷിയും സൗന്ദര്യത്തികവും ഒത്തിണക്കുമ്പോഴാണ് ‘ആപ്പിൾ’ ഹിറ്റാകുന്നത്.

ഇപ്രകാരം പദ്ധതികളും സമീപനങ്ങളും ജനസ്വീകാര്യതയിൽ ഉറപ്പിക്കാനും ധനകാര്യമാനേജീരിയൽ നവീകരണത്തോടെയും സുതാര്യതയ്ക്കും സ്വഭാവ ദാർഢ്യത്തിനും ഭംഗമില്ലാതെയും ജോലി സമയബന്ധിതമായി ചെയ്തുതീർക്കാനും പുതിയ ഉദ്ഗ്രഥിത പബ്ലിക് എൻജിനിയറിങ് സർവീസിനു കഴിയണം. ചീഫ് എൻജിനിയർമാർക്കു മീതെ കേഡർ കൺട്രോൾ ചുമതലകൂടിയുള്ള ഒരു എൻജിനിയർ-ഇൻ- ചീഫിനെ ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിൽ നിയമിക്കുന്നതും ആലോചിക്കാവുന്നതാണ്. സർക്കാർതല സാധാരണ വിശകലന സംവിധാനത്തിന് യഥാസമയം അപഗ്രഥിച്ചു പരിഗണിക്കാൻ കഴിയുന്ന വേഗത്തിനപ്പുറത്താണ് ഇന്ന് എൻജിനിയറിങ്ങിലെ വികാസപരിണാമങ്ങൾ.

കേവലം മെയിന്റനൻസ്-റിവേഴ്‌സ് എൻജിനിയറിങ്ങുകൾക്കപ്പുറം ഉയർന്നുവരുന്ന പാരിസ്ഥിതികവും സാങ്കേതികവും ധനകാര്യപരവും മാനേജീരിയലും വിവര സാങ്കേതികനേട്ട പശ്ചാത്തലത്തിലും മികവും ഉത്സാഹബുദ്ധിയുമുള്ള ഒരു പുതിയ എൻജിനിയറിങ്‌ സർവീസിനേ കഴിയൂ. കെ.എ.എസിനെ തുടർന്ന് കെ.ഇ.എസും കേരളം ഗൗരവമായി ചർച്ചയ്ക്കെടുക്കേണ്ട സമയമായി എന്നു തോന്നുന്നു. നിശ്ചയിച്ചാൽ രണ്ടുവർഷംകൊണ്ട് കേരളാ എൻജിനിയങ് സർവീസ് നിലവിൽ വരുകയും ഇന്ന് കേരളത്തിനു പുറത്തേക്ക് ഒഴുകുന്ന എൻജിനിയറിങ് പ്രതിഭ നാട്ടിൽത്തന്നെ ഏറക്കുറെ ലഭിക്കുകയും ചെയ്യാൻ സാഹചര്യം ഒരുങ്ങും.

(കെ.എസ്‌.ഇ.ബി. ചെയർമാനാണ്‌ ലേഖകൻ)