യേശുദേവൻ’ എന്ന ജീവചരിത്രത്തിൽ കെ.പി. കേശവമേനോൻ യേശുവിന്റെ ബാല്യകാലത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ജോസഫും മറിയവും നസ്‌റത്തിൽ താമസം തുടങ്ങിയപ്പോൾ യേശുവിന്‌ നാലുവയസ്സായിരുന്നു. അക്കാലംമുതൽ യേശുവിന്റെ ‘തിരുക്കുടുംബജീവിതം’ അനുകരണീയമായ ഒരു മാതൃകാജീവിതമായിട്ടാണ് മറ്റ് എഴുത്തുകാരെപ്പോലെ കെ.പി. കേശവമേനോനും രേഖപ്പെടുത്തിയിരിക്കുന്നത്. 

തിരുക്കുടുംബത്തെപ്പറ്റി ഇപ്പോൾ ഞാനോർത്തത് വാഴൂർ മറ്റത്തിൽ അന്ത്രയോസ് മത്തായിയുടെ ബാല്യകാലകഥകൾ നേരിട്ടുകേട്ടപ്പോഴാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ ഒമ്പതാമത്തെ കാതോലിക്കാ ആയി സ്ഥാനമേറ്റിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ജീവിതത്തിലേക്കു എത്തിനോക്കുമ്പോൾ എനിക്ക്‌ തിരുക്കുടുംബത്തിന്റെ അനുഭവമാണ് - മറ്റത്തിൽ അന്ത്രയോസ് മത്തായി എങ്ങനെ മലങ്കരസഭയുടെ അധിപതിയായി? 
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയത്‌ വാഴൂർ മറ്റത്തിൽ കുടുംബത്തിലെ ആ ജീവിതമായിരുന്നു. അപ്പൻ അന്ത്രയോസിനും അമ്മ മറിയാമ്മയ്ക്കും അഞ്ച്‌ മക്കൾ. എന്തൊരു ജീവിതമായിരുന്നു അവരുടേത്! ദാരിദ്ര്യം, രോഗങ്ങൾ, സാമ്പത്തിക ഞെരുക്കങ്ങൾ, ആകുലതകൾ, കഷ്ടപ്പാടുകൾ... അതിനെയെല്ലാം  അന്ത്രയോസും കുടുംബവും അതിജീവിച്ചത്‌ ‘തിരുക്കുടുംബ’ മാതൃക പകർത്തിക്കൊണ്ടായിരുന്നു. ഒന്നിച്ചുള്ള അധ്വാനം, ഒന്നിച്ചുള്ള പ്രാർഥന, ഒന്നിച്ചുള്ള ഭക്ഷണം, ഒന്നിച്ചുള്ള ആലോചനകൾ...

ഇങ്ങനെയൊരു ‘തിരുക്കുടുംബ’ത്തിൽ നിന്നാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉയർന്നുവന്നത്.  
ജീവകാരുണ്യപ്രവർത്തനങ്ങളിൽ മഹനീയമായ മാതൃക കാണിച്ചുകൊണ്ട് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽ പത്തുപതിനേഴ് പ്രസ്ഥാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അഭിവന്ദ്യ തിരുമേനി മാബൂഗിലെ വിശുദ്ധ പീലക്സിനോസിന്റെ വേദശാസ്ത്രപഠനത്തിലൂടെ വിശ്വവേദശാസ്ത്ര മണ്ഡലത്തിൽ മൗലികമായ ഒരു ക്രിസ്തുശാസ്ത്രം അവതരിപ്പിച്ചു. ചട്ടമ്പിസ്വാമികളുടെ അദ്വൈതസിദ്ധാന്തവും പൗലോസ് ശ്ലീഹായുടെ കോസ്മോളജി സിദ്ധാന്തവും താരതമ്യംചെയ്തു പഠിച്ചുകൊണ്ട് പുതിയൊരു മതദർശനം അന്വേഷിച്ച അഭിവന്ദ്യ തിരുമേനി, റഷ്യയിൽപോയി റഷ്യൻഭാഷ പഠിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ ബൈസന്റൈൻ വേദശാസ്ത്രജ്ഞനായ ബോളട്ടോവിന്റെ ചിന്തകളെപ്പറ്റി റഷ്യൻഭാഷയിൽ തീസിസ് എഴുതി. 

റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം ക്രിസ്തുശാസ്ത്രത്തിൽ ഗവേഷണം നടത്തിയത് ലോകത്തിലെ അറിയപ്പെടുന്ന ക്രിസ്തുശാസ്ത്രജ്ഞനായ ഓർട്ടിസ് ഡേ ഉർബീനയുടെ കീഴിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിലെ വിവിധ ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വേദശാസ്ത്രവിജ്ഞാനീയത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്ന അദ്ദേഹത്തിന്റെ പഠനത്തിന്റെ ഫലമായി ജർമനിയിൽ പ്രസിദ്ധീകരിച്ച ‘The Word become flesh’ എന്ന പുസ്തകം ലോകത്തിന് മലങ്കര ഓർത്തഡോക്സ് സഭ സമ്മാനിച്ച അതിവിശിഷ്ടമായൊരു ക്രിസ്തുവിജ്ഞാനീയ ഗ്രന്ഥമാണ്. പഠനകാലത്തെല്ലാം ക്ലാസിൽ ഒന്നാമനായിരുന്നു അദ്ദേഹം. പത്താംക്ലാസിൽ നേടിത്തുടങ്ങിയ ഒന്നാംസ്ഥാനം പ്രീഡിഗ്രി ക്ലാസിലും ഡിഗ്രി ക്ലാസിലും മാത്രമല്ല, വൈദികസെമിനാരിയിലെ വേദശാസ്ത്രപഠനത്തിലും നിലനിർത്തി. 

പൗരസ്ത്യ കാതോലിക്കായായി അഭിഷിക്തനാകുന്നതിനുമുമ്പ് അഭിവന്ദ്യ തിരുമേനിയെ ഞാൻ കാണുകയുണ്ടായി. അദ്ദേഹം അപ്പോൾ ഒരു മൗനവ്രതത്തിന് ഒരുങ്ങുകയായിരുന്നു. എന്റെ ചോദ്യങ്ങൾകൊണ്ട് ആ മൗനം ഭഞ്ജിക്കപ്പെടാൻ തോന്നിയെങ്കിലും ആ വാക്കുകളിൽ ഞാൻ മൗനത്തിനും അപ്പുറമുള്ള ഒരു മനസ്സ്  കണ്ടു. ആ മനസ്സിൽ മാത്രമല്ല, ആ വാക്കുകളുടെ വക്കിലും രക്തം പൊടിഞ്ഞിരിക്കുന്നതായി തോന്നി. 

‘ഞങ്ങളുടേത്‌ ഒരു നിർധനകുടുംബമായിരുന്നെന്നും അപ്പനും അമ്മയും പണിയെടുത്താണ് കുടുംബം പോറ്റിയതെന്നും’ പറയാൻ മലങ്കരസഭയുടെ പരമാധ്യക്ഷന് ഒരു മടിയുമില്ല. വീട്ടിൽ കുറച്ച് റബ്ബർ ഉണ്ടായിരുന്നു. അത് വെട്ടിയതിനുശേഷം മറ്റുള്ളവരുടെ വീടുകളിലെ റബ്ബർ വെട്ടിയും കൂലിപ്പണിയെടുത്തുമാണ് അപ്പൻ കുടുംബത്തെ പോറ്റിയത്. 

ഒരുദിവസം നാനൂറ്‌ റബ്ബർ വെട്ടുന്നതിന് കിട്ടിയിരുന്ന കൂലി ഒന്നേകാൽ രൂപയായിരുന്നു! ഒരുമാസം വരുമാനം മുപ്പത് രൂപ തികച്ചുണ്ടായിരുന്നില്ല. അതിനാൽ റബ്ബർവെട്ട് കഴിഞ്ഞാൽ അപ്പൻ ഇല്ലിവെട്ടാൻ പോകും. കൊപ്ര ഉണക്കാനുള്ള ഇല്ലിക്കൊട്ട ഉണ്ടാക്കും. ചന്തയിൽ അത് വിൽക്കാൻ പോകുന്നത് ബാലനായ മത്തായി ആയിരുന്നു. അഞ്ചുമക്കളെ പഠിപ്പിക്കാനും വളർത്താനും പണം തികയാത്തതിനാൽ അമ്മ അടുത്തുള്ള വീടുകളിൽ വേലയ്ക്ക് പോയിട്ടുണ്ട്. അപ്പനും അമ്മയും അങ്ങനെ കഠിനാധ്വാനം ചെയ്താണ് കുടുംബം പുലർത്തിയത്. ഞാൻ അപ്പോൾ ‘തിരുക്കുടുംബ’ത്തെ ഓർത്തു. മാതാപിതാക്കൾക്കൊപ്പം യേശു അധ്വാനം പങ്കുവെച്ച കാര്യവും മറ്റും. 

റഷ്യയിൽ പഠിക്കുന്ന കാലത്ത് അവധിക്കു വന്നപ്പോൾ വീടിന്റെ പണിക്ക് മൺവെട്ടിയെടുത്ത് പണിയുന്ന ഡീക്കൻ മത്തായിയെപ്പറ്റി സഹോദരൻ എം.എ. അന്ത്രയോസ് പറഞ്ഞിട്ടുണ്ട്. 

ബാല്യത്തിൽ കരപ്പൻ വന്ന് മരിച്ചുപോകുമെന്ന അവസ്ഥയിൽ മകനെ ദൈവവേലയ്ക്ക് നേർന്നെങ്കിലും പ്രീഡിഗ്രി കഴിഞ്ഞപ്പോഴാണ് ‘വൈദികനാകണം’ എന്ന ആഗ്രഹം മത്തായി ക്ലാസ്സിൽ ഉറക്കെ പ്രഖ്യാപിച്ചത്. അന്ന് ക്ലാസ്സ്‌ ടോപ്പർ ആയിരുന്ന എം.എ. മത്തായിയോട് അധ്യാപകൻ രാജശേഖരൻ നായർ ഇങ്ങനെ പ്രതികരിച്ചു: ‘ഇയാൾ ഫിസിക്സ് അല്ലേ പഠിക്കുന്നത്?’ 

പ്രീഡിഗ്രിക്ക് ഫിസിക്സിൽ മിടുമിടുക്കനായിരുന്ന മത്തായി പക്ഷേ, ഡിഗ്രിക്ക് സ്പെഷ്യൽ കെമിസ്ട്രിയെടുത്താണ് പഠിച്ചത്. എന്നാൽ രസതന്ത്രപഠനം അവിടംകൊണ്ട് അവസാനിച്ചു. കാരണം, തുടർന്നുപഠിക്കാൻ പണമില്ല. ഡിഗ്രിക്ക് 59 ശതമാനം മാർക്ക് കിട്ടിയെങ്കിലും സ്കോളർഷിപ്പിൽ തുടർപഠനം നടത്താൻ 60 ശതമാനം മാർക്ക് വേണ്ടിയിരുന്നു.\

എന്നാൽ, ജീവിതത്തിന്റെ ഊർജതന്ത്രവും രസതന്ത്രവും തന്റെ കുടുംബത്തിൽനിന്ന് പഠിച്ചതിനാൽ ജീവിതത്തിൽ മറ്റൊരു മാറ്റത്തിന് മത്തായി തയ്യാറായി: ‘‘അന്ന് അപ്പൻ രോഗിയായി കിടപ്പിലായിരുന്നു. മൂത്ത സഹോദരിക്ക്‌ ചുഴലിദീനം. ആശുപത്രിയിലൊന്നും കൊണ്ടുപോകാൻ കഴിഞ്ഞില്ല. ആ സഹോദരി മരിച്ചു. ഒരു സഹോദരൻ ജോലിതേടി മലബാറിൽ പോയി. മറ്റൊരു സഹോദരി നഴ്‌സായി ഒഡിഷയിലായിരുന്നു. വീട്ടിൽ ഇളയസഹോദരൻ മാത്രം. ഡിഗ്രി കഴിഞ്ഞപ്പോൾ അപ്പനും മരിച്ചു’’. 
ഇതിനുശേഷമാണ് സെമിനാരിയിൽ ചേരുന്നത്. സെമിനാരിയിൽ ചേരാൻ അഞ്ഞൂറ്‌ രൂപ അടയ്ക്കണം. അതിന് വീട്ടിൽ ബാക്കിയുണ്ടായിരുന്ന രണ്ട് പശുക്കളിൽ ഒന്നിനെ വിറ്റു. അതിന് ഇരുനൂറ്റിയൻപത് രൂപ കിട്ടി. ബാക്കി പണം പള്ളിയിൽനിന്ന്‌ നൽകി. ഇങ്ങനെയായിരുന്നു മറ്റത്തിൽ അന്ത്രയോസ് മത്തായി, സഭയുടെ സേവനത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്.