madhava menonഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന മലബാറിലെ നേതാക്കളിൽ മറക്കാനാവാത്ത നാമധേയമാണ് കോഴിപ്പുറത്ത് മാധവമേനോന്റേത്. ഒന്നാം നിസ്സഹകരണ പ്രസ്ഥാനത്തോടെ കേരളത്തിലെ ഹോംറൂൾ ലീഗ് കമ്മിറ്റികൾ ഒന്നൊന്നായി കോൺഗ്രസ് കമ്മിറ്റികളായി മാറിത്തുടങ്ങി. ബോംബെയിൽനിന്ന് പഠിപ്പുപേക്ഷിച്ച് കെ.കേളപ്പൻ  കോഴിക്കോട്ട് തിരിച്ചെത്തി.  കോൺഗ്രസിലെ അന്നത്തെ മുൻനിരനേതാക്കളായ  കെ. മാധവൻനായർ, യു. ഗോപാലമേനോൻ, പി. രാവുണ്ണിമേനോൻ  തുടങ്ങിയവർ മുൻകൈയെടുത്ത്  മലബാറിൽ കോൺഗ്രസിന് സംഘടനാരൂപം നൽകി. മലബാർ കലാപത്തെത്തുടർന്ന് വികലമായ മലബാറിലെ സാമൂഹികാന്തരീക്ഷത്തിൽ മാറ്റം കൊണ്ടുവരാൻ ഇവർക്ക് സാധിച്ചു. 

ചരിത്രപ്രസിദ്ധമായ ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനം നടന്നത് ഇക്കാലത്താണ്. സ്വാഗതസംഘം അധ്യക്ഷനായ പി. രാവുണ്ണിമേനോനായിരുന്നു മുഖ്യസംഘാടകൻ. ബ്രിട്ടീഷ് സർക്കാർ, സമരത്തെ തകർക്കാനെന്നോണം അതിന്റെ ശില്പിയായ രാവുണ്ണിമേനോനെ മർദിച്ച് ഒറ്റപ്പാലത്തെ നിരത്തുകളിലൂടെ വലിച്ചിഴച്ചു. ഇതുകണ്ട്  സഹിക്കാനാവാതെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ചെറുപ്പക്കാരായ കോഴിപ്പുറത്ത് മാധവമേനോൻ, അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയവർ  രാവുണ്ണിമേനോനെ പോലീസിൽനിന്ന് മോചിപ്പിച്ച്  പ്രഥമശുശ്രൂഷനൽകി. പിന്നീട് കോഴിക്കോട്ടെത്തിച്ച് ചികിത്സ നൽകി. രോഗശയ്യയിൽ കിടന്നുകൊണ്ടാണ് രാവുണ്ണിമേനോൻ മാതൃഭൂമി പത്രം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായത്. അന്ന് രാവുണ്ണിമേനോനുമായി തുടക്കമിട്ട ബന്ധമാണ് മാധവമേനോനെ മാതൃഭൂമിയുമായി അടുപ്പിക്കുന്നത്. 1925-ൽ മാധവമേനോൻ  എ.വി. കുട്ടിമാളുഅമ്മയെ വിവാഹം കഴിച്ചു. പിന്നീടുള്ള മലബാറിലെ കോൺഗ്രസ് ചരിത്രത്തിൽ ഇവർ മാതൃകാദമ്പതിമാരായി.

  നിയമബിരുദം നേടിയശേഷം കോഴിക്കോട്ട് അഭിഭാഷകനായി പ്രവർത്തനം തുടങ്ങിയ കോഴിപ്പുറത്ത് മാധവമേനോൻ താമസിയാതെ മലബാറിലെ പ്രമുഖ വക്കീലായി ഉയർന്നു. കള്ളുഷാപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത ഇരുവരുടെയും ദേഹത്ത് മലവും കള്ളും ചേർത്ത് ഒഴിച്ച് അവഹേളിച്ച് പറഞ്ഞയക്കാനാണ്  അധികാരികൾ ശ്രമിച്ചത്. ഒരിഞ്ചുപോലും പിൻവാങ്ങാതെ ‘മഹാത്മാഗാന്ധി കീ ജയ്’ എന്ന് ഉറക്കെ മുദ്രാവാക്യം മുഴക്കിയ ഇവർ ജനങ്ങളുടെ ആവേശമായിമാറി.

 ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന്  എ.വി. കുട്ടിമാളുഅമ്മയെ ജയിൽശിക്ഷയ്ക്ക് വിധിച്ചപ്പോൾ ദിവസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായാണ് അവർ ജയിലിൽപ്പോയത്. അഭിമാനത്തോടെയാണ് മാധവമേനോൻ ഇക്കാര്യം അനുസ്മരിച്ചിരുന്നത്.  കോഴിക്കോട് നഗരത്തിൽ പി. കുമാരൻ തുടങ്ങിയവരോടൊപ്പം കോൺഗ്രസ് പ്രവർത്തനത്തിൽ മുഴുകിയ മാധവമേനോൻ താമസിയാതെ മുനിസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊണ്ടപ്പോൾ കെ. കേളപ്പനൊപ്പം കോൺഗ്രസിൽ ഉറച്ചുനിന്നു. മഹാരാഷ്ട്രയിൽനിന്നുള്ള നേതാവായ നന്ദഗോലിയർക്ക് അന്ന് കേരളത്തിലെ കോൺഗ്രസിന്റെ ചുമതല നൽകി. ആ കമ്മിറ്റിയിൽ കെ.പി.സി.സി.യുടെ ഭാരവാഹിയായിരുന്നു കോഴിപ്പുറത്ത് മാധവമേനോൻ. അന്ന് പല സമരങ്ങളിലും പങ്കെടുത്ത് കണ്ണൂർ, കോഴിക്കോട്, ബെല്ലാരി, വെല്ലൂർ ജയിലുകളിൽ പലതവണയായി മാധവമേനോൻ തടവിലായി. 1937-ൽ മദിരാശി അസംബ്ലി കൗൺസിലിലേക്ക് മത്സരിച്ച് ജയിച്ചു.

  1942-ൽ ക്വിറ്റ് ഇന്ത്യാസമരത്തിന് ശേഷം വെല്ലൂരിൽനിന്ന് ജയിൽമുക്തനായി നാട്ടിലെത്തിയ ശേഷമാണ് കെ.പി.സി.സി.യുടെ അധ്യക്ഷനാവുന്നത്. വീണ്ടും മദിരാശി അസംബ്ലിയിലേക്ക് മത്സരിച്ച് അംഗമായി.  അന്ന് രാജാജിയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഗാന്ധിജി ആഗ്രഹിച്ചത്. കാമരാജ് നാടാർ ഇതിനെ എതിർത്തു.  ഈഘട്ടത്തിൽ മാധവമേനോന്റെ പേര് കാമരാജ് മുന്നോട്ടുവെച്ചു.  തമിഴ്‌നാട്ടുകാരൻ മുഖ്യമന്ത്രിയാവട്ടെ എന്നുപറഞ്ഞ് മാധവമേനോൻ മത്സരത്തിൽനിന്ന് പിന്മാറി. അങ്ങനെയാണ് ആന്ധ്രാകേസരിയെന്ന് അറിയപ്പെട്ട പ്രകാശം മുഖ്യമന്ത്രിയാവുന്നത്. പക്ഷേ, അല്പായുസ്സായ ആ സർക്കാരിനുശേഷം  ഓമന്തൂർ രാമസ്വാമി റെഡ്ഡിയാർ മുഖ്യമന്ത്രിയായപ്പോൾ ആ മന്ത്രിസഭയിൽ വനം, നിയമ മന്ത്രിയായി മാധവമേനോൻ ചുമതലയേറ്റു.

   കൊൽക്കത്തയിൽനടന്ന കമ്യൂണിസ്റ്റ് പാർട്ടി സമ്മേളത്തിൽ കോൺഗ്രസിനെ കടന്നാക്രമിക്കാൻ തീരുമാനിച്ചു.  തുടർന്നുനടന്ന സമരങ്ങളിൽ  മലബാറിൽ നടന്ന പോലീസ് വെടിവെപ്പിൽ രണ്ട്പേർ കൊല്ലപ്പെട്ടു.  മദിരാശി സർക്കാരിൽ മന്ത്രിയായ മാധവമേനോനാണ് ഇതിനെല്ലാം ഉത്തരവാദി എന്ന പ്രചാരണം ശക്തമായി. 1952-ൽ രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് മുൻമ്പായി കേരളത്തിലെ കോൺഗ്രസിൽ അന്തച്ഛിദ്രം ശക്തമായി. കെ. കേളപ്പന്റെ ഗ്രൂപ്പും കോഴിപ്പുറത്ത് മാധവമേനോൻ, സി.കെ. ഗോവിന്ദൻനായർ എന്നിവർ നയിക്കുന്ന ഗ്രൂപ്പും രണ്ടായി പിരിഞ്ഞു. 

കേളപ്പനും ദാമോദരമേനോനും ആചാര്യകൃപലാനിയുടെ പ്രജാപാർട്ടിയിൽ ചേർന്നതോടെ പിളർപ്പ് പൂർണമായി. ആഘട്ടത്തിൽ  മദിരാശി അസംബ്ലിയിലേക്ക് മാധവമേനോൻ  ഒറ്റപ്പാലത്തുനിന്ന് മാറി  വയനാട്ടിൽനിന്നാണ് മത്സരിച്ചത്.  സോഷ്യലിസ്റ്റ്‌ നേതാവ്‌ പത്മപ്രഭയോട് ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.  തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും  കെ.പി.സി.സി.പ്രസിഡന്റ്, രാജ്യസഭാംഗം തുടങ്ങിയനിലകളിൽ  പിന്നെയും ദീർഘകാലം മാധവമേനോൻ  മലബാറിന്റെ രാഷ്ട്രീയത്തിലെ ഉയരങ്ങളിൽ നിറഞ്ഞുനിന്നു. അദ്ദേഹം എന്നും സ്നേഹിച്ചു വളർത്തിയ മാതൃഭൂമിയുടെ  ജോയന്റ് മാനേജിങ്‌ ഡയറക്ടർ, ചെയർമാൻ, ഡയറക്ടർ തുടങ്ങിയ നിലകളിൽ മാതൃഭൂമിയെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ അവസാനം വരെ മുഴുകി.