kabul
ഭരണഘടനയുടെ ആത്മഗതങ്ങൾ.(നിക്കൊളാസ്‌ വൈൽഡിന്റെരചനയിൽനിന്ന്‌)

കുറേക്കാലത്തേക്ക് ഇനി കാർട്ടൂണിൽ കാബൂൾ തന്നെ ആയിരിക്കും. ഇന്റർനെറ്റ് തുറന്നാൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, മലയാളം തുടങ്ങിയ വിശ്വഭാഷകളിലൊക്കെയും താലിബാന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചിത്രീകരണങ്ങളാണ്.
പലയിടത്തുമുള്ള  കാർട്ടൂണിസ്റ്റുകളെ അഫ്‌ഗാനിസ്താനോട്‌ അടുപ്പിക്കുന്നത് യുദ്ധമാണ്. എത്ര ഒറ്റപ്പെട്ട വിദൂര വിസ്മൃത രാജ്യത്തെയും പുറം ലോകത്തിനു പരിചയപ്പെടുത്താൻ നല്ലൊരു യുദ്ധം മതി. അഫ്‌ഗാനിസ്താന് ഇക്കാര്യത്തിൽ ചെറുതല്ലാത്ത പാരമ്പര്യം തന്നെയുണ്ട്. ദശാബ്ദങ്ങളായി പ്രദേശം കലാപ കലുഷിതമാണ്‌. പ്രക്ഷോഭങ്ങൾക്കിടയ്ക്ക് അമേരിക്ക സർവശക്തിയും ഉപയോഗിച്ച്‌ നിലനിർത്താൻ ശ്രമിച്ച വ്യാജസ്ഥിരതയുടെ ഒരു ഇടവേളയാണ് ഇപ്പോൾ അവസാനിച്ചത്.

അഭയാർഥികൾ, സ്ത്രീകൾ, വ്യാപാരവാണിജ്യ താത്‌പര്യങ്ങൾക്ക്‌ ഇങ്ങനെ പല കാരണങ്ങളാൽ ലോകമൊട്ടുക്ക് രണ്ടാം താലിബാന്റെ കാര്യത്തിൽ വാർത്താദാഹം ഉണ്ട്. നേരിട്ട് ചെന്നോ ആവതും  അടുത്തെത്തി പാകിസ്താനിലോ മറ്റോ കേന്ദ്രീകരിച്ചോ ലേഖകർ റിപ്പോർട്ടുചെയ്യും.  കാർട്ടൂണിസ്റ്റിന്‌ എവിടെ ഇരുന്നും വരയ്ക്കാം. പ്രത്യേകിച്ച് യുദ്ധം ഏതാണ്ടൊരു സാർവലൗകിക ദൃശ്യഭാഷ ഒരുക്കുന്നതുകൊണ്ട്. ഏറ്റവും ദരിദ്രരാജ്യവും ഏറ്റവും വിലപിടിച്ച സന്നാഹങ്ങളോടെയാണ്  പോരാടുന്നത്, ഐ ഫോൺ ഉപയോഗിക്കുന്ന ഭിക്ഷക്കാരനെപ്പോലെ.   യുദ്ധം കാർട്ടൂണിനിണങ്ങുന്ന വൈരുധ്യങ്ങളുടെ കലവറയാണ്.

പ്രകടമായ സംഘർഷങ്ങൾ അടങ്ങിയാൽ വാർത്താ ലേഖകന്മാർ പിൻവാങ്ങും; വാർത്ത നിലച്ചാൽ കാർട്ടൂണിസ്റ്റുകളും. അത്തരമൊരു വെടിനിർത്തൽ കാലത്തെ  കാബൂളിവാലമാരുടെ കഥ പറയുന്ന പുസ്തകമാണ്  ‘കാബൂൾ ഡിസ്കോ’. അകന്നിരുന്നു വരച്ച യുദ്ധകാല കാർട്ടൂണിസ്റ്റുകൾ കാണാത്ത, യുദ്ധാനന്തര സമീപദൃശ്യങ്ങൾ ഈ കോമിക് രചനയിലുണ്ട്. മുൻവിധികൾക്കപ്പുറത്താണ് യാഥാർഥ്യം എന്ന സൂചന ഉപശീർഷകത്തിൽ തന്നെയുണ്ട്: ‘അഫ്‌ഗാനിസ്താനിൽ ഞാൻ തട്ടിക്കൊണ്ടു പോകപ്പെടാതിരുന്നതെങ്ങനെ’.
നിക്കൊളാസ്‌ വൈൽഡ് (Nicolas Wild) എന്ന ഫ്രഞ്ച് കാർട്ടൂണിസ്റ്റ് കണ്ടെഴുതി വരച്ച ഈ ആത്മകഥാഖ്യാനം  ഗ്രാഫിക് റിപ്പൊർട്ടാഷ്, കോമിക് ജേണലിസം എന്നൊക്കെ പറയുന്ന ഗണത്തിൽപ്പെടും. പടിഞ്ഞാറ്‌ ഇത് പത്രപ്രവർത്തനത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു.

2005-ൽ നിക്കൊളാസ്‌ എത്തുന്നത് അമേരിക്കയും സഖ്യസൈന്യങ്ങളും കാവൽ നിൽക്കുന്ന അഫ്ഗാൻ തലസ്ഥാനത്താണ്. രാഷ്ട്രത്തിന്റെ പുതിയ ഭരണഘടന കുട്ടികൾക്ക് വായിച്ചെടുക്കാൻ പാകത്തിൽ ഒരു കോമിക് പുസ്തകരൂപത്തിലാക്കാനുള്ള  പദ്ധതിയുടെ ഭാഗമായിട്ടാണ് വരവ്. സന്നദ്ധസംഘടനകളും സർക്കാർ എന്ന സങ്കല്പവും ചേർന്ന് നടത്തുന്ന ഒരു അവ്യക്ത പ്രതിഭാസമാണ് ഭരണം. കോടിക്കണക്കിന് ഡോളറുകൾ ഒഴുക്കി ഒരു പ്രത്യക്ഷ ജനാധിപത്യം ഉണ്ടാക്കിയെടുക്കുന്നത് പാഴ്‌വേലയാണെന്ന് വായനയുടെ പത്താംനിമിഷത്തിൽ നമുക്ക് വ്യക്തമാവും.
മൈനസ് പതിനഞ്ചു ഡിഗ്രി തണുപ്പത്തു  പുതച്ചുമൂടിയിരുന്നു നിക്കൊളാസ്‌ ഭരണഘടന പഠിച്ചുതുടങ്ങുന്നു. ഈ രാവായനയിൽ പലവട്ടം കീഴ്‌മേൽ മറിഞ്ഞ അഫ്ഗാൻ ചരിത്രം ഒറ്റയടിക്ക് അനാവൃതമാകുന്നു. 1960-കളിലൂടെ 1970-കളിലൂടെ 1980-കളിലൂടെ; രാജവാഴ്ച, മതാധിപത്യം, തദ്ദേശ കമ്യൂണിസ്റ്റു ഭരണം, സോവിയറ്റ് കമ്യൂണിസ്റ്റ് ഭരണം, അമേരിക്കൻ കോയ്മ തുടങ്ങി ഒട്ടേറെ പരീക്ഷണങ്ങളിലൂടെ  കടന്നുപോയ ഭരണഘടനാ ഗ്രന്ഥത്തെ റൂം ഹീറ്ററിന്റെ ചൂളയിലേക്ക് എറിഞ്ഞു കൊടുക്കുന്നതോടെ വായന സമ്പൂർണമാവുന്നു.

നിരന്തരം ആഘാതങ്ങൾ ഏറ്റുവാങ്ങിയ ജനതയുടെ ഏറ്റവും ഇളയ പ്രതിനിധിയെ നാം വഴിയേ  പരിചയപ്പെടുന്നു. ഉന്തുവണ്ടിയിൽ സിഗരറ്റ് വിൽക്കുന്ന ഒരു അഞ്ചു വയസ്സുകാരി. ബാലവേല നിരോധിച്ച ഭരണഘടന വരച്ചുണ്ടാക്കേണ്ടവനോട് മിടുക്കി വ്യാപാരം നടത്തുന്നത് എന്നും വില കൂട്ടി  പറഞ്ഞുകൊണ്ടാണ്. ഇത്തരം വഴിയോര അനുഭവങ്ങൾക്കപ്പുറം കാബൂൾ സമൂഹം നിക്കൊളാസിനോട്‌ അത്രയൊന്നും അടുക്കുന്നില്ല.  ഗൾഫു ജീവിതത്തിനിടയ്ക്ക് മലയാളി ഉണ്ടാക്കിയെടുക്കുന്ന തദ്ദേശ പരിചയങ്ങൾപോലും ഇവിടില്ല. ഈ ഇല്ലായ്മയാണ് ഈ കാർട്ടൂൺ കഥനത്തിന്റെ യഥാർഥ ഉള്ളടക്കം.

നിക്കൊളാസും കൂട്ടരും അമേരിക്കൻ സുരക്ഷയ്ക്കകത്തു നിന്നുകൊണ്ട് പല ജോലികൾ നിർവഹിച്ചു തിരിച്ചുപോവുന്നവരാണ്. പാരീസിന്റെയും ന്യൂയോർക്കിന്റെയും ദുർബല മാതൃകകൾ സൃഷ്ടിച്ച്‌  ആകാവുന്ന സായാഹ്നങ്ങൾ ഇവർ ആവുംവിധം രക്ഷപ്പെടുത്തിയെടുക്കുന്നു. ഇത്തരക്കാർ ചമച്ചുണ്ടാക്കിയ വ്യവസ്ഥയാണ് കഴിഞ്ഞമാസം കുമിള പോലെ പൊട്ടിയത്. അനായാസേന കടന്നുകയറിയ താലിബാനെ പ്രതിരോധിക്കാൻ മാത്രം വേരോട്ടമുള്ള ഒരു ബദലിന്റെ നാമ്പും പതിനാറു കൊല്ലം മുമ്പ് വരച്ചുണ്ടാക്കിയ ഈ രചനയിൽ കാണുന്നില്ല.