ഈയടുത്താണ് മൂഴിക്കൽ സ്വദേശിയായ യുവാവിന്റെ ചരമവാർത്ത കിട്ടിയത്. കോവിഡ് മരണമാണ്, 41 വയസ്സേയുള്ളൂ. സഹോദരൻ ഗുരുതരാവസ്ഥയിൽ ഐ.സി.യു.വിലാണെന്നും മറ്റൊരു സഹോദരൻ മൂന്നുവർഷംമുമ്പ് മരിച്ചു  എന്നൊക്കെയുള്ള വിവരങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സുഹൃത്തുക്കൾ പരസ്പരം പങ്കുവെക്കുന്നു.

മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കളെക്കുറിച്ചാണ് ആദ്യം ഓർത്തത്, ഉപ്പയെ നഷ്ടപ്പെട്ട കുഞ്ഞുമുഖങ്ങളും മനസ്സിലേക്ക് പാഞ്ഞു. എന്തിനീ പരീക്ഷണമെന്ന് ഓർത്തു. ഈ മഹാമാരിക്കാലത്ത് ഇത്തരം വാർത്തകൾതന്നെയാണ് നാടൊട്ടുക്കും. ശ്മശാനങ്ങൾ നിറയുന്നതിനൊപ്പം ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊന്നുകൂടിയുണ്ട്, നിറഞ്ഞുകവിയുന്ന ചരമത്താളുകൾ. എഡിഷനുകൾ തിരിച്ച്, മാറ്റിനിർത്തിയാലും  ഒറ്റപ്പേജിൽ ഒതുങ്ങാത്തവിധം മരിച്ചവരുടെ മുഖങ്ങൾ വന്നുനിറയുന്നു.

സാധാരണഗതിയിൽ ചരമപ്പേജ് ഡ്യൂട്ടിയെന്നാൽ അല്പം സമ്മർദംകുറഞ്ഞ ഒരു ദിവസമായിരിക്കും. ഒരു യൂണിറ്റിനുകീഴിൽ വരുന്ന നാല്പത്തഞ്ചോ അമ്പതോ ചരമങ്ങൾ. കോവിഡിന്റെ ഒന്നാംവരവിൽ, കോവിഡ് മരണങ്ങൾ കൂടിത്തുടങ്ങിയപ്പോഴും വലിയ സമ്മർദമുണ്ടായിരുന്നില്ല. കാരണം, ആസമയത്ത് സാധാരണമരണം താരതമ്യേന കുറഞ്ഞു.

എന്നാൽ, തിരഞ്ഞെടുപ്പ് മഹാമഹം അടങ്ങിയപ്പോഴേക്കും കാര്യങ്ങൾ പതിയെ മാറിത്തുടങ്ങി. ഒരു എഡിഷൻ കഴിയുമ്പോഴേക്കും ദാ വരുന്നു, ഫോൾഡർ നിറയെ തലപ്പടങ്ങൾ. കുറഞ്ഞസമയംകൊണ്ട് ഇതെല്ലാം എങ്ങനെ ചെയ്തുതീർക്കുമെന്ന് തലയിൽ കൈവെച്ചുപോകും. പിന്നെ മനസ്സിലായി, അതത് പ്രാദേശിക എഡിഷനുകളിലെ മരണങ്ങൾപോലും ഒറ്റപ്പേജിൽ ഒതുക്കാനാകുന്നില്ലല്ലോയെന്ന്. 

ഒരൊറ്റയടിക്ക് ചരമവാർത്തകളുടെ എണ്ണം തൊണ്ണൂറോളമോ അതിൽക്കൂടുതലോ ആയ ദിനങ്ങൾ. കുന്നുകൂടുന്ന ചരമങ്ങൾ കുറഞ്ഞസമയംകൊണ്ട് അതത് എഡിഷനിൽ മാറ്റിവെക്കാനുള്ള ഓട്ടം. കോവിഡ് മരണങ്ങളായി വരുന്നവ അതത് പ്രാദേശിക പേജിലേക്ക് കൊടുക്കാം. എന്നാൽ സാധാരണമരണങ്ങൾ, ഇവയെല്ലാംകൂടി ഒറ്റത്താളിൽ എങ്ങനെയൊതുക്കുമെന്ന ആശങ്ക.
നാടൊട്ടുക്ക് കോവിഡ്‌മരണങ്ങൾ കൂടി, എന്നാൽ, ഇവയെക്കാൾ കൂടുതലാണ് ‘സാധാരണ’മെന്ന രീതിയിൽ വരുന്നവ. ചരമഫയലുകളിലെ ‘പ്രായം’ കുറഞ്ഞുവരുന്നതും ആധിയോടെയാണ് കാണുന്നത്. 35മുതൽ 60വരെയുള്ളവർ ധാരാളമായി ചരമത്താളിൽ ഇടംപിടിക്കുന്നു.  

ചിന്തകൾക്ക് അറുതിയില്ല, മഹാമാരിക്കാലത്ത് ചരമപ്പേജിനൊപ്പം സഞ്ചരിക്കുവോളം മരണചിന്തകൾ വേട്ടയാടിക്കൊണ്ടിരിക്കും. എങ്കിലും ഞങ്ങളറിയുന്നു, കോവിഡ് മഹാമാരിക്കാലത്ത് മുൻനിരയിൽനിന്ന് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമുന്പിൽ, ഒരിറ്റുശ്വാസത്തിനുവേണ്ടി ആയാസപ്പെടുന്ന രോഗികൾക്കുമുമ്പിൽ, ഉറ്റവരെ നഷ്ടപ്പെട്ടരുടെ തേങ്ങലുകൾക്കുമുമ്പിൽ, ഞങ്ങളുടെ ഈ തത്രപ്പാടുകളൊന്നും വലുതല്ലെന്ന്.

ശ്രദ്ധയോടെ നീങ്ങണം

: കോവിഡ് മരണങ്ങൾക്കൊപ്പം മറ്റു രോഗങ്ങൾ കാരണമുള്ള മരണങ്ങളും കൂടിയിട്ടുണ്ടെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രതിനിധി വ്യക്തമാക്കുന്നു. സാധാരണ ഗതിയിൽ പലവിധ രോഗങ്ങളാൽ ഗുരുതരാവസ്ഥയിലുള്ളവരാണ് മരണത്തിന് കീഴടങ്ങിയിരുന്നതെങ്കിൽ, കോവിഡിന്റെ രണ്ടാം വരവോടെ, പെട്ടെന്നൊരു ശ്വാസംമുട്ടലോ അസ്വസ്ഥതകളോ വന്ന് ആളുകൾ മരിക്കുന്നതായി കണ്ടുവരുന്നു. കോവിഡ് ബാധിച്ചവരും പെട്ടെന്ന് സ്ഥിതി മോശമായി മരണത്തിലേക്ക് പോകുന്ന സാഹചര്യവുമുണ്ട്. മാരകരോഗങ്ങൾ ബാധിച്ച് മരണാസന്നരായവരും കോവിഡ് ബാധയെത്തുടർന്ന് മരിക്കുന്നു. ആശുപത്രികളുടെ വാതിൽ എപ്പോഴും തുറന്നുവെച്ചിരിക്കുകയാണെന്ന ധാരണ മാറണം. നമ്മുടെ സൗകര്യങ്ങളും സംവിധാനങ്ങളും കുറഞ്ഞുവരുകയാണ്