കാലം ഏറെ മാറിയെങ്കിലും ആ മാറ്റത്തിന്റെ ഒരു ഗുണഫലവും  ദൃശ്യമാകാതെ സങ്കീർണമായി തുടരുന്ന പ്രാകൃത പ്രക്രിയയാണ് ഇപ്പോഴും നമ്മുടെ തിരഞ്ഞെടുപ്പുകൾ. ബാലറ്റ് പേപ്പറിനുപകരം ബാലറ്റ് ബോക്സ്‌ വന്നു എന്നതും സുതാര്യതയ്ക്കുവേണ്ടി വിവി പാറ്റ്‌ വന്നു എന്നും പറയുന്നതിൽ ഒതുങ്ങുന്നു മാറ്റങ്ങൾ. പരിഷ്കാരങ്ങൾ ഏറുമ്പോഴും പരിമിതി കുറയുന്നില്ല എന്നു മാത്രമല്ല, തിരഞ്ഞെടുപ്പ് അത് നടത്തുന്നവരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിക്കാനും മനുഷ്യാവകാശ ലംഘനത്തിനും നമ്മുടെ സാമ്പത്തിക, മാനവ വിഭവശേഷി പാഴ്‌ച്ചെലവിനും കൂടി കാരണമാകുന്നുണ്ട് എന്ന് പറയാതെ വയ്യ.

അശാസ്ത്രീയതയുടെ കൂത്തരങ്ങ്‌

റവന്യൂ വകുപ്പാണ്  ആവശ്യമുള്ള സർക്കാർ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുകയും അവർക്കുള്ള  പരിശീലന ക്ലാസുകൾ  നൽകുകയുംചെയ്യുന്നത്. ഈ ‘തിരഞ്ഞെടുപ്പിന്’ വ്യക്തമായ മാനദണ്ഡങ്ങൾ ഒന്നും ഇല്ല. 
തിരഞ്ഞെടുപ്പ് ജോലിക്കായി സ്ഥിരമായി ചുമതല ലഭിക്കുന്നവരും വർഷങ്ങളായി ജോലി ചെയ്യുന്നവരിൽ ഇന്നേ വരെ തിരഞ്ഞെടുപ്പ് ജോലി ലഭിക്കാത്തവരും അനവധിയുണ്ട്. എന്തൊരു അനീതിയാണിത്? ജോലി ചെയ്യാൻ നിഷ്കർഷിക്കുന്ന കമ്മിഷന് ഇക്കാര്യത്തിലെങ്കിലും ഒരു ധാരണ വേണ്ടേ? സ്ത്രീകളെ ഒഴിവാക്കണം എന്ന ഒരു നയം ഉണ്ടെങ്കിൽ, അതിന്റെ ഗുണം എല്ലാ സ്ത്രീകൾക്കും ലഭിക്കേണ്ടേ? തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരും ചെയ്യാത്തവരും തമ്മിൽ ഒരു വ്യത്യാസവുമില്ല. പിന്നെ ഈ അധികഭാരം വഹിക്കുന്നവർക്ക് എന്ത് ഉത്തേജനമാണ് ഉണ്ടാവുക? അവരെ സജ്ജരാക്കുക എന്ന പേരിൽ ക്ലാസുകൾ എടുക്കുന്നവരിൽ ഭൂരിഭാഗം പേരും ഒരിക്കൽപോലും പോളിങ്‌ ഓഫീസറായോ പ്രിസൈഡിങ്‌ ഓഫീസറായോ ജോലി ചെയ്ത്‌ യഥാർഥ അനുഭവം നേടിയവരല്ല എന്നത് മറ്റൊരു വൈരുദ്ധ്യം. 
തിരഞ്ഞെടുപ്പിന്റെ മൊത്തം ഉത്തരവാദിത്വം പ്രിസൈഡിങ്‌ ഓഫീസർക്കാണെന്നും അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ പദവിയാണെന്നും ഉള്ള ഭംഗിവാക്കുകൾ ആവർത്തിച്ചു കേൾക്കാം. അതുകൊണ്ടുതന്നെ, പ്രിസൈഡിങ്‌ ഓഫീസർ കാര്യങ്ങൾ നോക്കിക്കൊള്ളും എന്ന ധാരണയിൽ വരുന്ന തിരഞ്ഞെടുപ്പുദ്യോഗസ്ഥരും, ഞാനാണ് എല്ലാം എന്ന മട്ടിൽ വരുന്ന പ്രിസൈഡിങ്‌ ഓഫീസർമാരും ഉണ്ട്.
തിരഞ്ഞെടുപ്പ് തലേന്ന് കാലത്ത് എട്ടു മണിക്ക്‌ ഡ്യൂട്ടിക്ക് എത്തിച്ചേരണം എന്ന, ഗതാഗത വാർത്താവിനിമയ സംവിധാനം കുറഞ്ഞ ഒരു കാലഘട്ടത്തെ നിർദേശം ഇന്നും അതുപോലെ നടപ്പാക്കാൻ ശ്രമിക്കുന്നത് എത്ര ബാലിശമാണ്? ഇത്തവണ, കോവിഡ് നിയന്ത്രണങ്ങളുടെ  പേരിൽ, മിക്ക  സെന്ററുകളിലും എട്ടുമണി മുതൽ പന്ത്രണ്ടു മണി വരെ പ്രവേശന സമയം വിഭജിച്ച് നൽകിയിരുന്നു. 
അഭയാർഥി ക്യാമ്പുകളെക്കാൾ മോശമാണ് പൊതുവിൽവിതരണ കേന്ദ്രങ്ങൾ. ജോലിക്കെത്തി എന്നറിയിക്കാൻ ഒരു വരി, തിരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ മറ്റൊരു വരി. പെരുമാറ്റച്ചട്ടത്തിന്റെ പേടിയിൽ ഒരക്ഷരം മിണ്ടാതെ, ആരോഗ്യപ്രശ്നങ്ങൾ പോലും അവഗണിച്ച്, മധ്യവയസ്കർ ഉൾപ്പെടെയുള്ളവർ പൊരിവെയിലത്തുതന്നെ വരി നിൽക്കേണ്ടിവരും. അതു കഴിഞ്ഞ് തിരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങാൻ മറ്റു രണ്ടു വരികൾ. അതിന് ബൂത്തിലേക്ക് നിയോഗിക്കപ്പെടുന്നവരുമായി പോകാം. ഈ സാധനസാമഗ്രികൾ വാങ്ങി മണിക്കൂറുകൾ കാത്തിരുന്നാൽ പോകാനുള്ള ബസ് വരും. ബസിറങ്ങി അരക്കിലോമീറ്ററോളം ഈ സാധനസാമഗ്രികളും എടുത്ത് നടക്കേണ്ടിവരുന്നവർ പോലും ഉണ്ട്. 
പൊതുവിൽ സർക്കാർ എൽ.പി., യു.പി. സ്കൂളുകൾ ആണ് ബൂത്തായി ലഭിക്കുന്നത്. ഭക്ഷണം, ബാത്ത് റൂം തുടങ്ങിയ സംവിധാനങ്ങളുടെ ലഭ്യത ഉദ്യോഗസ്ഥരുടെ യോഗം  അനുസരിച്ചിരിക്കുന്നു. വല്ലതും ചോദിച്ചാൽ റൂട്ട്, സെക്ടറൽ, ബി.എൽ.ഒ.മാർ പരസ്പരം പഴിചാരുന്നത് കാണാം. രാവിലെ ഏഴു മണിക്ക്, ഫലത്തിൽ പുലർച്ചെ അഞ്ചരയോടെ, (അഞ്ചര മണിക്ക് മോക് പോൾ തുടങ്ങാനായിരുന്നു നിർദേശം) തിരഞ്ഞെടുപ്പ് ജോലികൾ തുടങ്ങിയാൽ അത് കഴിയുന്നത് വരെ ഒരു മിനിറ്റ് പോലും വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ ഉള്ള ഇടവേളകൾ ഇപ്പോൾ ഉദ്യാഗസ്ഥർക്കില്ല. ഇത്തവണ ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചതിനാൽ ചില സമയങ്ങളിൽ, തിരക്ക് നന്നേ കുറവായിരുന്നു. എങ്കിലും ഈ സമയം ആരെങ്കിലും വരും എന്നതിനാൽ ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനോ, പുറത്തേക്കിറങ്ങാനോ സാധ്യമല്ല. തിരഞ്ഞെടുപ്പ് കഴിയാതെ ഉദ്യോഗസ്ഥർക്ക് തങ്ങൾ തിരിച്ചേൽപ്പിക്കേണ്ട റിപ്പോർട്ടുകൾ മുഴുവനും എഴുതിത്തീർക്കാനും സാധിക്കില്ല. അതായത് വൈകീട്ട് ഏഴു മണിക്ക് വോട്ടെടുപ്പ് തീർന്നാലും ചുരുങ്ങിയത് ഒമ്പതു മണിയാകും ബൂത്തിലെ ജോലികൾ തീരുമ്പോൾ. വോട്ടെടുപ്പ് നീളുന്നതിനനുസരിച്ചു, ഈ സമയം വീണ്ടും നീളും. 

പീഡാനുഭവങ്ങൾ

തിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ, തിരഞ്ഞെടുപ്പ് വേളയിലും ഉപകരണങ്ങൾ എല്ലാം പ്രവർത്തിച്ചാൽ ഭാഗ്യം. പോളിങ്‌ ഓഫീസർമാർ മിടുക്കരല്ലെങ്കിൽ, പ്രിസൈഡിങ് ഓഫീസർ അവരുടെകൂടെ ഇരുന്നേ പറ്റൂ. ഇതിനിടയിൽ, ഓരോ മണിക്കൂറിലെയും വോട്ടു നില, സ്ത്രീ, പുരുഷൻ എന്നിവയൊക്കെ ചോദിച്ചു വരുന്ന പലരോടും മറുപടി പറയേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്. ലിസ്റ്റിൽ പേരില്ലെങ്കിലും ഏറെനേരം വരിയിൽ നിൽക്കേണ്ടിവന്നാലും ആ അമർഷമെല്ലാം ആളുകൾ തീർക്കുക പോളിങ് ഉദ്യഗസ്ഥരോടാണ്. 
തിരഞ്ഞെടുപ്പ് ജോലികൾ കഴിഞ്ഞാൽ വീണ്ടും ബസിനായി കാത്തുനിൽക്കണം, വിതരണകേന്ദ്രത്തിൽ എത്തിയാൽ, ചിലപ്പോൾ സീൽവെച്ച കവർ പൊട്ടിച്ചു കാണിക്കാനും തുറന്നു കൊടുത്ത കവർ സീൽവെച്ച് കൊടുക്കാനും പറയും. ഈ കാര്യങ്ങളിൽ ഒന്നും ഇന്നും ഒരു കൃത്യതയും ഇല്ല എന്നതാണ് വസ്തുത. റിട്ടേണിങ്‌ ഓഫീസർക്കനുസരിച്ച്‌ കാര്യങ്ങൾ മാറിമറിയും. ചുരുക്കത്തിൽ, വരിനിന്നു രണ്ടുമൂന്നു മണിക്കൂറോളം കാത്തുനിന്നാൽ മാത്രമേ, ആ ഉത്തരവാദിത്വങ്ങൾ തീർത്തു പുറത്തിറങ്ങാൻ സാധിക്കുകയുള്ളു.  അവിടെ വാക്കേറ്റവും തലചുറ്റി വീഴലും ഒക്കെ കാണാം. ക്ഷീണമാണ് അടിസ്ഥാന കാരണം. 
മണിക്കൂറുകൾ കൂട്ടി നോക്കുകയാണെകിൽ, ഏറ്റവും കുറഞ്ഞത്  36 -40 മണിക്കൂർ എങ്കിലും തുടർച്ചയായി  തൊഴിൽ ചെയ്യാൻ ബാധ്യസ്ഥരാണ് ഈ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ഏതു നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്? ഒരു പരിഷ്കൃത സമൂഹത്തിൽ, തിരഞ്ഞെടുപ്പ് നടത്താനായി ഇത്രയും പീഡനങ്ങൾ അനുഭവിപ്പിക്കേണ്ട ആവശ്യം ഉണ്ടോ? 

പാഴ്‌ച്ചെലവുകൾ

ഉപകരണങ്ങൾക്കു പുറമേ, ചെറുതും വലുതുമായ 98-ഓളം സാധനസാമഗ്രികളാണ് ഒരു പ്രിസൈഡിങ് ഓഫീസർ വിതരണകേന്ദ്രത്തിൽ വെച്ച് സ്വീകരിക്കേണ്ടത്. ഇതിനൊക്കെ പുറമേ, ഇത്തവണ 12 പോസ്റ്ററുകളും ഉണ്ടായിരുന്നു. സാനിറ്റൈസർ, പി.പി.ഇ. കിറ്റ് തുടങ്ങിയവ വേറെയും. എത്ര ജീവനക്കാരാണ് ഇവ തയ്യാറാക്കാനായി രാപകൽ അധ്വാനിക്കേണ്ടി വരുന്നത്? ഇന്നത്തെ വിപണിവിലയിൽ, സാനിറ്റൈസർ, പി.പി.ഇ. കിറ്റ് ഒഴിവാക്കിയാൽ പോലും കുറഞ്ഞത് ഒരു 800 രൂപയെങ്കിലും വരുന്ന ഇതിൽ പകുതിപോലും ഉപയോഗിക്കേണ്ടതായി വരുന്നില്ല. ഒരു തവണ ഉപയോഗിച്ച പ്രിസൈഡിങ് ഓഫീസറുടെ കൈപ്പുസ്തകം പോലും അടുത്തതവണ ഉപയോഗിക്കാൻ സാധ്യവുമല്ല. എന്തിനാണ് നാം നമ്മുടെ പണം ഇങ്ങനെ ധൂർത്തടിക്കുന്നത്? ഇതിനു ഒരറുതി വേണ്ടേ? 

എങ്ങനെ പൊളിച്ചെഴുതാം?

ത്രിതല, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്വഭാവസവിശേഷതകൾ വ്യത്യസ്തമാണ് എന്നതുകൊണ്ട് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനുള്ള ഒരു മാർഗമേയല്ല.  മറിച്ച് സാങ്കേതികവിദ്യ ഉപയോഗിച്ച്, അനാവശ്യ ജോലികൾ അവസാനിപ്പിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. 
പോൾ മാനേജർ എന്ന പേരിൽ ഒരു ആപ്പ് ഇപ്പോൾ ഉപയോഗിച്ചു വരുന്നുണ്ട്. ആവശ്യമുള്ള വിവരങ്ങൾ കൂടുതൽ ഉൾപ്പെടുത്തി ഈ ആപ്പ് വിപുലീകരിച്ചാൽ പല വിവരങ്ങളും ഇതിലൂടെ കൈമാറാവുന്നതേ ഉള്ളൂ. ഇപ്പോൾത്തന്നെ നൽകുന്ന പ്രിസൈഡിങ് ഓഫീസറുടെ ഡയറിയും 17 സിയിലും ആവശ്യമുള്ള കാര്യങ്ങൾ എഴുതി അവസാനിപ്പിക്കാം. 
തിരഞ്ഞെടുപ്പ് ജോലി, മുൻകാല പ്രാബല്യത്തോടെ,  നിർബന്ധിത സാമൂഹിക സേവന പരിധിയിൽ വരുത്തുക, ഉദ്യോഗക്കയറ്റത്തിനും മറ്റും ആ ജോലി ചെയ്യുന്നതിന് പ്രത്യേക മാർക്ക് നൽകുക. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പ് ജോലി ചെയ്യാൻ എല്ലാവരും സ്വമേധയാ മുന്നോട്ടു വരും. ഇപ്പോൾ നടക്കുന്നത് മറിച്ചാണ്.  
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്, ഓരോ ബൂത്തിലും വോട്ടെടുപ്പ് സാമഗ്രികൾ എത്തിച്ചു കൊടുക്കുകയും തിരിച്ചു സ്വീകരിക്കുകയും ചെയ്താലും നന്ന്.  ഒപ്പം, ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം കുറച്ച്, ബൂത്തുകളുടെ എണ്ണം കൂട്ടിയാൽ ഒരു ദിവസംകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ജോലി അവസാനിപ്പിക്കാം, ഉദാഹരണത്തിന്, ഒരു ബൂത്തിൽ ആകെ 500 എന്ന്‌ നിജപ്പെടുത്തിയാൽ, കാലത്ത് എട്ടിന്‌ മോക് പോൾ തുടങ്ങി, ഒമ്പത്‌ മുതൽ, വൈകീട്ട് ആറു മണി വരെ ഉള്ള സമയം കൊണ്ട്, സുഖമായി വോട്ടെടുപ്പ് അവസാനിപ്പിക്കാൻ കഴിയും. ഒരു സ്കൂളിൽ മൂന്നോ നാലോ ബൂത്ത് അനുവദിച്ച്‌ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം സാങ്കേതിക ജ്ഞാനം ഉള്ള ഒരാൾക്ക് നൽകുക. ഡിജിറ്റൽ ഒപ്പുപോലും ഇടാൻ കഴിയുന്ന ഇക്കാലത്തു നമുക്ക് പേപ്പറുകൾപോലും ഒഴിവാക്കാം.  

കുഫോസിൽ സാമ്പത്തിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ്‌  പ്രൊഫസറാണ്‌ ലേഖകൻ