ഇന്ത്യാ-ചൈന അതിർത്തിയിൽ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണ് ഇന്ത്യ കഴിഞ്ഞ ഒമ്പതുമാസമായി നയങ്ങൾ രൂപവത്‌കരിച്ചതും പ്രവർത്തിച്ചതും. ചർച്ചകൾ, യുദ്ധത്തിന് തയ്യാറെടുക്കൽ, സാമ്പത്തികനിയന്ത്രണങ്ങൾ എന്നിവയായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്ന നടപടികൾ. ഇവ ഫലപ്രദമായിത്തീരുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ലഡാക്കിൽ ചൈന ആക്രമിച്ച നാലുപ്രദേശങ്ങളിൽ രണ്ടും പൂർവസ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയും ചൈനയും അവരവരുടെ പഴയസ്ഥാനങ്ങളിലേക്ക് പിന്മാറിത്തുടങ്ങിയിരിക്കുന്നു. മറ്റു പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴും ഗ്യാൻവാനിലും പാംഗോങ്‌ തടാകത്തിന്റെ ഇരുവശത്തും ഇന്ത്യയും ചൈനയും പിന്മാറുന്നു എന്നുള്ളത് ആശ്വാസകരമാണ്.

സൈന്യങ്ങളുടെ പിൻവാങ്ങലിനെപ്പറ്റി ആദ്യം ചൈനയും പിന്നീട് ഇന്ത്യയും നടത്തിയ പ്രസ്താവനകളിൽ ഊന്നിപ്പറഞ്ഞത് അത് ഘട്ടംഘട്ടമായും ഏകോപനത്തോടും സമകാലീനതയോടുംകൂടി ആയിരിക്കും എന്നുമായിരുന്നു. ‘വിശ്വസിക്കുക എന്നാൽ ദൃഢീകരിക്കുക’ എന്നതാണല്ലോ ഒരു നയതന്ത്രതത്ത്വം. ആദ്യഘട്ടത്തിൽ പിൻവാങ്ങുന്നത് ടാങ്കുകളും മറ്റു ഭാരവത്തായ ആയുധങ്ങളുമായിരിക്കും. പാംഗോങ്‌ തടാകത്തിന്റെ തെക്കൻകരയിൽനിന്ന് ഇന്ത്യയും വടക്കൻകരയിൽനിന്ന് ചൈനയും പിന്മാറിക്കഴിഞ്ഞാൽ ഇന്ത്യ ഫിംഗർ 3 എന്നും ഥാപ്പാ പോയന്റ് എന്നും അറിയപ്പെടുന്ന സ്ഥലത്തും ചൈന ഫിംഗർ 8 എന്ന് അറിയപ്പെട്ട സ്ഥലത്തും നിലയുറപ്പിക്കും. അവിടെയായിരുന്നു ഇന്ത്യയും ചൈനയും ഏപ്രിൽ 2020 വരെ നിന്നിരുന്നത്.

പിൻവാങ്ങലിന്റെ ഭാഗമായി രണ്ടുസൈന്യങ്ങൾക്ക് ഇടയിലുണ്ടാകുന്ന സ്ഥലത്ത് മുൻകാലത്ത് രണ്ടുസൈന്യങ്ങളും റോന്തുചുറ്റിയിരുന്നു. ഇത്തവണത്തെ കരാറനുസരിച്ച് ഈ റോന്തുചുറ്റൽ താത്കാലികമായി നിർത്തിവെക്കാൻ രണ്ടുരാജ്യങ്ങളും സമ്മതിച്ചിരിക്കുകയാണ്. തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങളും ഏറ്റുമുട്ടലും അവസാനിപ്പിക്കാനാണ് ഈ നടപടി. ഇപ്പോൾ ആ സ്ഥലം ‘ആരുടേതുമല്ലാത്ത’ സ്ഥലമാക്കാനാണ് സാധ്യത. അതിർത്തി നിശ്ചയിച്ചതിനുശേഷമേ ഈ സ്ഥലം ആരുടേതാണെന്ന് തീരുമാനിക്കാൻ സാധ്യമാകുകയുള്ളൂ.

ഏപ്രിൽ 2020-ലെ സ്ഥാനങ്ങളിലേക്ക് പിൻവാങ്ങിയതുകാരണം കഴിഞ്ഞ ഓഗസ്‌റ്റിൽ ഇന്ത്യൻസൈന്യം ആദ്യമായി പ്രവേശിച്ച ഇന്ത്യയുടെവശത്തുള്ള കൈലാസ് മലകളിൽനിന്ന് ഇന്ത്യക്ക് പിന്മാറേണ്ടിവന്നു. അതൊരു നഷ്ടമായി കണക്കാക്കുന്നവർ ഇന്ത്യയിലുണ്ട്. ഇന്ത്യ കൈലാസ് മലകളിൽ സ്ഥാനമുറപ്പിച്ചത് അതിനുതാഴെയുണ്ടായിരുന്ന െചെനീസ് സൈന്യത്തിന് ഭീഷണി സൃഷ്ടിച്ചതുകൊണ്ടാണ് ചൈന പിൻവാങ്ങാൻ സമ്മതിച്ചതെന്നും അതിനാൽ ഇന്ത്യ അവിടെ തുടരേണ്ടതായിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ, പൂർവസ്ഥിതിയിലേക്ക് നീങ്ങുകയെന്നത് പ്രധാനതത്ത്വം ആയിരുന്നതിനാൽ ഇന്ത്യക്ക് കൈലാസ് മലകളിൽനിന്ന്‌ പിന്മാറേണ്ടിവന്നു.

ചൈനയും ഇന്ത്യയും തമ്മിലുള്ള വിശ്വാസ്യത കുറവായിരിക്കുന്നതിനാൽ പിൻവാങ്ങലിന്റെ ഓരോ ഘട്ടവും വിഷമം നിറഞ്ഞതായിരിക്കും. അതിനാൽ ഇന്ത്യയുടെ പ്രതിരോധമന്ത്രി നേരത്തേ അംഗീകരിച്ച കരാറുകൾ പാലിക്കണമെന്നും നിയന്ത്രണരേഖയെ ബഹുമാനിക്കണമെന്നും ഇരുരാജ്യങ്ങളും ബലം പ്രയോഗിക്കുകയില്ല എന്ന രീതി തുടരണമെന്നും ഊന്നിപ്പറഞ്ഞു.

അടുത്ത ഘട്ടത്തിലെ പിൻവാങ്ങൽ ഗോഗ്രി, ഡെപ്പസാങ് എന്നീ പ്രദേശങ്ങളിലാണ് ഉണ്ടാകേണ്ടത്. ഈ രണ്ടുപ്രദേശങ്ങളും ഇന്ത്യക്കും ചൈനയ്ക്കും തന്ത്രപ്രധാനമാണ്. അതുകൊണ്ട് ആദ്യഘട്ടത്തിലെ പിൻവാങ്ങൽ ഒരു തുടക്കംമാത്രമാണ്. ബാക്കിയുള്ള പ്രദേശങ്ങളെപ്പറ്റി ധാരാളം ചർച്ചകളും ക്രമീകരണങ്ങളും ആവശ്യമായി വരും. അതിനാൽ അതിർത്തിപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നോ സമാധാനം സ്ഥാപിക്കപ്പെടുമെന്നോ വിശ്വസിക്കാൻ സാധ്യമല്ല.

ഇപ്പോഴത്തെ തീരുമാനങ്ങളെ വിമർശിക്കുന്നവർ വാദിക്കുന്നത് ഇന്ത്യ സ്വന്തം താത്‌പര്യങ്ങളെ സംരക്ഷിച്ചിട്ടില്ലെന്നും ഇന്ത്യ വളരെയധികം സൗജന്യങ്ങൾ നൽകിയെന്നുമാണ്. പക്ഷേ, ഇന്ത്യൻ പ്രതിരോധമന്ത്രി പറഞ്ഞത് ഒരിഞ്ച് ഭൂമിപോലും ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്നാണ്. ചൈന 2020 ഏപ്രിലിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ മുഴുവൻ സ്വതന്ത്രമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി കാണേണ്ടത്.

അതിനുശേഷം ഉണ്ടാകുന്ന അതിർത്തി ചർച്ചകളിലായിരിക്കും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടിവരുക. കൈലാസ് മലകളിൽനിന്ന് നാം പിൻവാങ്ങുമ്പോൾ ആ മലകൾ ഇന്ത്യയുടെ നിയന്ത്രണത്തിൽത്തന്നെ ആയിരിക്കും. പിൻവാങ്ങുന്ന സ്ഥലങ്ങളിൽനിന്ന് നാം പുതുതായി നിർമിച്ച കെട്ടിടങ്ങളും മറ്റും എടുത്തുമാറ്റിയത് ഒരു നഷ്ടമായി കണക്കാക്കേണ്ടതില്ല. റോന്തുചുറ്റൽ വേണ്ടെന്നുവെച്ചത് താത്‌കാലികമായി പ്രശ്‌നങ്ങൾ ഒഴിവാക്കാൻമാത്രമാണ്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലം നാം ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ല. ചൈനയോട് കിടപിടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നും നാം പരാജയപ്പെട്ടിരിക്കുകയാണെന്നുമുള്ള വാദം പ്രതിപക്ഷത്തിന്റെ അസംതൃപ്തി മാത്രമായി കണക്കാക്കാവുന്നതാണ്.

ഇപ്പോഴത്തെ പിൻവാങ്ങലിന്റെ പ്രസക്തിയെപ്പറ്റി പറയുമ്പോൾ 1962 ജൂലായിൽ നടന്ന ഒരു ചൈനീസ് പിൻവാങ്ങലിന്റെ കഥ പുറത്തുവന്നിരിക്കുന്നു. ലഡാക്കിൽനിന്ന് ചൈന പിൻവാങ്ങിയതിൽ തൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ഒരു പ്രസ്താവന നടത്തുകയുണ്ടായി. എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് 1962 ഒക്ടോബറിൽ ചൈന ഇന്ത്യയെ ആക്രമിക്കുകയാണുണ്ടായത്. ഇത്തവണ ആ ചരിത്രം ആവർത്തിക്കുകയില്ല എന്ന വിശ്വാസം അസ്ഥാനത്തായേക്കാം. അതു മനസ്സിലാക്കിവേണം നാം ഇപ്പോഴത്തെ സംഭവവികാസങ്ങളെ സ്വാഗതംചെയ്യേണ്ടത്.

വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ