1921 ഫെബ്രുവരി 16-ാം തീയതിയാണ്‌ കെ. മാധവൻ നായരെയും യാക്കൂബ്‌ ഹസനെയും ഗോപാലമേനോനെയും അറസ്റ്റുചെയ്തത്‌.  ആ സംഭവത്തെക്കുറിച്ച്‌  മാധവൻനായർ തന്റെ പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുണ്ട്‌. പുതുതായി രൂപവത്‌കരിക്കപ്പെട്ട കോൺഗ്രസ്‌ കമ്മിറ്റിയുടെ ആദ്യ തീരുമാനത്തിൽ നിന്നുതന്നെ ആയിരുന്നു ആ അറസ്റ്റിലേക്ക്‌ നയിച്ച സംഭവങ്ങളുടെ തുടക്കം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അറസ്റ്റുവരിക്കപ്പെട്ട ആദ്യത്തെ നേതാക്കളുടെ ഗണത്തിൽ ആ ധീരർ ഇടം നേടുകയായിരുന്നു 

നൂറുവർഷം പിന്നിടുന്ന മലബാർ സ്പെഷ്യൽ പോലീസിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാനായി കെ. മാധവൻനായരുടെ ‘മലബാർ കലാപം’ ഒരിക്കൽക്കൂടി തുറന്നപ്പോഴാണ്‌ ആ ഗ്രന്ഥകർത്താവിന്റെ മഹിമയെക്കുറിച്ച്‌ നേരത്തേ ശ്രദ്ധിക്കാതെപോയ പല കാര്യങ്ങളും ശ്രദ്ധയിൽപ്പെട്ടത്‌. കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഒരു നൂറ്റാണ്ടു തികയ്ക്കുന്ന ഈ അവസരത്തിൽ ആ പ്രസ്ഥാനത്തിന്റെ ആദ്യത്തെ കാര്യദർശികൂടിയായിരുന്ന ആ ഗ്രന്ഥകർത്താവിനെക്കുറിച്ച്‌, അകാല ചരമംമൂലം കേരളത്തിനും ഭാരതത്തിനും നഷ്ടപ്പെട്ട ആ അസാമാന്യവ്യക്തിത്വത്തെക്കുറിച്ച്‌ രണ്ടുവാക്കു പറയാതെവയ്യ, എഴുതാതെവയ്യ.
കാരുതൊടിയിൽ മാധവൻനായർ 1882 ഡിസംബർ 2-ാം തീയതി ജനിച്ചത്‌ മലപ്പുറത്താണ്‌. തന്റെ ചുരുങ്ങിയ ജീവിതകാലത്തിന്‌ പൂർണപ്രഭാവം നേടിക്കൊടുത്തത്‌ നാടിന്‌ അദ്ദേഹം നൽകിയ നിസ്വാർഥസേവനം ആയിരുന്നു. ‘മലബാർ കലാപം’ എന്ന ഗ്രന്ഥത്തിന്റെ ആമുഖം, അവതാരിക എന്നിവയിൽനിന്നാണ്‌ ഈ അപൂർവവ്യക്തിയെക്കുറിച്ച്‌ താഴെ കുറിക്കുന്ന ചില വിവരങ്ങൾ ഞാൻ ശേഖരിച്ചത്‌. മലപ്പുറത്തും മഞ്ചേരിയിലും ആന്ധ്രയിലെ പറളാക്കിമെഡിയിലും ബ്രിട്ടീഷ്‌ കൊച്ചിയിലും പാലക്കാട്ടുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കെ. മാധവൻനായർ, കോട്ടയം സി.എം.എസ്‌. കോളേജിൽനിന്ന്‌ എഫ്‌.എ.യും തിരുവനന്തപുരം രാജാസ്‌ കോളേജിൽനിന്ന്‌ ബി.എ.യും പിന്നീട്‌ ബി.എൽ. പരീക്ഷയും പാസായി. 

മഞ്ചേരിയിലും കോഴിക്കോട്ടും വക്കീലായി ജോലി തുടങ്ങിയ മാധവൻനായർ രാഷ്ട്രീയകാര്യങ്ങളിലും തത്‌പരനായി. 1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ ജില്ലാ രാഷ്ട്രീയസമ്മേളനത്തിൽ നേതൃത്വം വഹിച്ചു. 1921 ജനുവരി അന്ത്യത്തിൽ കേരള സംസ്ഥാന കോൺഗ്രസ്‌ കമ്മിറ്റി നിലവിൽവന്നപ്പോൾ അതിന്റെ ആദ്യത്തെ രണ്ടുകാര്യദർശികളിൽ ഒരാളായി. (യു. ഗോപാലമേനോൻ ആയിരുന്നു മറ്റൊരു കാര്യദർശി). ഇന്ത്യയിൽ ആദ്യമായി നിയമം ലംഘിച്ച്‌ അറസ്റ്റുവരിച്ച കോൺഗ്രസുകാരിൽ ഒരാൾ മാധവൻ നായരായിരുന്നു. 

സംഭവങ്ങളുടെ തുടക്കം

1921 ഫെബ്രുവരി 16-ാം തീയതിയാണ്‌ ആ അറസ്റ്റ്‌ നടന്നത്‌. ഇന്നേക്ക്‌ കൃത്യം നൂറുവർഷം മുമ്പ്‌. ആ സംഭവത്തെക്കുറിച്ച്‌ മാധവൻനായർ തന്റെ പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുണ്ട്‌. പുതുതായി രൂപവത്‌കരിക്കപ്പെട്ട കോൺഗ്രസ്‌ കമ്മിറ്റിയുടെ ആദ്യ തീരുമാനത്തിൽ നിന്നുതന്നെ ആയിരുന്നു ആ അറസ്റ്റിലേക്ക്‌ നയിച്ച സംഭവങ്ങളുടെ തുടക്കം. മലബാറിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കോൺഫറൻസുകൾ കൂടി കോൺഗ്രസിന്റെയും ഖിലാഫത്തിന്റെയും കമ്മിറ്റികൾ സ്ഥാപിക്കുക എന്ന ചുമതല കാര്യദർശികൾക്ക്‌ നൽകപ്പെട്ടു. ഈ വിവരം മലബാർ ജില്ലാ അധികാരികളെ അസ്വസ്ഥരാക്കി. ഫെബ്രുവരി 5-ാം തീയതി മലബാർ കളക്ടർ തോമസ്‌, യു. ഗോപാലമേനോന്റെയും കെ. മാധവൻനായരുടെയും പേരിൽ ഒരു നോട്ടീസ്‌ പുറപ്പെടുവിച്ചു. ഏറനാടു താലൂക്കിൽ തുടർച്ചയായി അനേകം ഖിലാഫത്ത്‌ സഭകൾ കൂടാൻ ആലോചന ഉണ്ടെന്നും അത്‌ ലഹളകൾക്ക്‌  കാരണമാവാൻ സാധ്യതയുണ്ടെന്നും അതിനാൽ ഏറനാടുതാലൂക്കിൽ ഒരു പൊതുയോഗത്തിലും മേൽപ്പറഞ്ഞ കോൺഗ്രസ്‌ കാര്യദർശികളോ വാരിയൻകുന്നൻ കുഞ്ഞമ്മദ്‌ ഹാജിയോ പങ്കെടുത്തുകൂടാ എന്ന കല്പനയാണ്‌ ഇപ്രകാരം നടത്തപ്പെട്ടത്‌.

പിന്നീട്‌ മലബാർ കലാപത്തിന്റെ മുഖ്യനേതാവായി അറിയപ്പെട്ട വാരിയൻകുന്നൻ കുഞ്ഞമ്മദ്‌ ഹാജിയെക്കുറിച്ച്‌ ഗോപാലമേനോനോ താനോ അന്നുവരെ കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ലെന്ന്‌ മാധവൻ നായർ രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നതനുസരിച്ച്‌ ഖിലാഫത്ത്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ അതുവരെ ഒരു അക്രമവും മലബാർ ജില്ലയിൽ നടന്നിട്ടുണ്ടായിരുന്നില്ല. എന്നിട്ടും ജില്ലാ അധികാരികൾ ജില്ലമുഴുവനും 144-ാം വകുപ്പനുസരിച്ചുള്ള നിരോധനം പ്രഖ്യാപിക്കാൻ മദിരാശി സർക്കാരിൽനിന്ന്‌ അനുമതി തേടി. എന്നാൽ, അതിന്റെ ആവശ്യമില്ല, എവിടെയൊക്കെ കുഴപ്പത്തിനു സാധ്യതയുണ്ടോ അവിടെ മാത്രം 144 പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു മദിരാശിയിൽനിന്നുള്ള ഉപദേശം. തത്‌ഫലമായി ജില്ലയിൽ എവിടെയൊക്കെ ഖിലാഫത്ത്‌ സമ്മേളനങ്ങൾ നടത്താൻ ഉദ്ദേശിച്ചുവോ അവിടെയെല്ലാം ജില്ലാഭരണകൂടം നിരോധനം ഏർപ്പെടുത്താൻ തുടങ്ങി. കോഴിക്കോട്ട്‌ ഫെബ്രുവരി 
16-ാം തീയതി കൂടുന്ന യോഗത്തിൽ പ്രസംഗിക്കാനായി മദിരാശിയിൽനിന്ന്‌ യാക്കൂബ്‌ ഹസൻ വരുന്നുണ്ടായിരുന്നു. വളരെ ബഹുമാന്യനായ ഒരു മുസ്‌ലിംനേതാവായിരുന്ന അദ്ദേഹം പിന്നീട്‌ മദ്രാസ്‌ പ്രവിശ്യയിൽ മന്ത്രിയായും സേവനമനുഷ്ഠിക്കുകയുണ്ടായി. മാപ്പിളമാരോട്‌ അക്രമരഹിത സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പറഞ്ഞുമനസ്സിലാക്കാനാണ്‌ യാക്കൂബ്‌ ഹസൻ മലബാർ സന്ദർശിക്കാൻ തീരുമാനിച്ചത്‌. പക്ഷേ, 16-ാം തീയതി കോഴിക്കോട്‌ കടപ്പുറത്തുവെച്ച്‌ നടത്താനിരുന്ന പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള കല്പനയാണ്‌ യാക്കൂബ്‌ ഹസൻ ജില്ലാ തലസ്ഥാനത്തെത്തിയ ഉടനെ ലഭിച്ചത്‌.

ആ അറസ്റ്റ്‌

തുടർന്ന്‌ ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌ ആമു സാഹബ്‌ എത്തി-യാക്കൂബ്‌ ഹസനെയും ഗോപാലമേനോനെയും മാധവൻനായരെയും ഡിസ്‌ട്രിക്ട്‌ മജിസ്‌ട്രേറ്റുകൂടിയായ കളക്ടർ തോമസിന്റെ മുമ്പിൽ ഹാജരാക്കാനുള്ള വാറന്റുമായി. ക്രിമിനൽ നടപടിനിയമം 107-ാം വകുപ്പനുസരിച്ച്‌ സമാധാനലംഘനം നടത്താതിരിക്കാൻവേണ്ടി കച്ചീട്ടു നൽകേണ്ടതാണെന്ന നോട്ടീസും നടത്തപ്പെട്ടു. കളക്ടറുടെ മുമ്പിൽ ഹാജരായപ്പോൾ യാക്കൂബ്‌ ഹസൻ അക്രമരാഹിത്യത്തെക്കുറിച്ച്‌ സംസാരിക്കാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നും മറ്റുള്ളവർ നിരോധനാജ്ഞയെ അനുസരിക്കാൻ ഒരുക്കമാണെന്നും അറിയിച്ചു. എന്നാൽ, കല്പനയെ ആദരിക്കുന്നതാണെന്ന ഒരു കച്ചീട്ട്‌ കൊടുക്കണമെന്ന്‌ കളക്ടർ ആവശ്യപ്പെട്ടപ്പോൾ, ‘ഞങ്ങളുടെ വാക്കു തന്നെയാണ്‌ ഞങ്ങളുടെ കച്ചീട്ട്‌’ എന്ന സുധീരമായ മറുപടിയാണ്‌ മാധവൻ നായരും ഗോപാലമേനോന്റെ കൂടെ അറസ്റ്റുചെയ്യപ്പെട്ട പി. മൊയ്തീൻ കോയയും നൽകിയത്‌. കളക്ടർ തോമസ്‌ അവർക്ക്‌ ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. അങ്ങനെ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളിൽ അറസ്റ്റുവരിക്കാൻ മുന്നോട്ടുവന്ന ഏറ്റവും ആദ്യത്തെ നേതാക്കളുടെ ഗണത്തിൽ അവർ ഇടംനേടി.

‘യാക്കൂബ്‌ ഹസനെയും മറ്റും ജയിലിൽ അയച്ചതിന്റെ ഫലമായി കോൺഗ്രസ്‌, ഖിലാഫത്ത്‌ പ്രസ്ഥാനങ്ങൾക്കു ലഭിച്ച ശക്തി അവർണനീയമായിരുന്നു’ എന്നാണ്‌ മാധവൻ നായർ എഴുതുന്നത്‌. മലബാർ കലാപത്തെക്കുറിച്ച്‌ 1923-ൽത്തന്നെ ഇംഗ്ലീഷിൽ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ച മുൻ മലബാർ ഡെപ്യൂട്ടി കളക്ടർ സി. ഗോപാലമേനോൻ പറയുന്നത്‌, യാക്കൂബ്‌ ഹസന്റെ അറസ്റ്റാണ്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തെ വഴിതിരിച്ച്‌ അക്രമത്തിലേക്ക്‌ നയിച്ചതെന്നാണ്‌ (ഈ പുസ്തകത്തെ തോമസിനുശേഷം മലബാർ കളക്ടർ ആയ എല്ലിസ്‌ പ്രശംസിക്കുകയും ചെയ്തു).
 ഒരു ജില്ലാഭരണകൂടത്തിന്റെ വകതിരിവില്ലായ്മയുടെ മകുടോദാഹരണമാണ്‌ ഈ സംഭവമെന്ന്‌ ഒരു നൂറ്റാണ്ടിനുശേഷം വിലയിരുത്തുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു.

'റോ' തലവനായിരുന്നു ലേഖകൻ