ഓരോ ലേബർ ഓഫീസിലുമെത്തുന്ന ഓരോ പരാതിക്കും ഒരു പൊതുസ്വഭാവമുണ്ട്. ആ പരാതികൾക്ക് കണ്ണീരിന്റെ നനവും നിവൃത്തികെട്ടവന്റെ യാചനയുമുണ്ടെന്നതാണത്. കൂലികിട്ടാത്ത പരാതിക്കാരിൽ ഏറെയും സ്ത്രീകളാണ് എന്നതാണ് മറ്റൊരു വസ്തുത. കണക്കിലെ വലിയ ശമ്പളവും കൈയിൽ കിട്ടുന്നത് അതിന്റെ തുച്ഛവിഹിതവുമാകുന്നവരും സ്ത്രീകളാണ്. അൺ എയ്‌ഡഡ് സ്കൂൾ അധ്യാപകർ, സ്വകാര്യ ആശുപത്രി നഴ്‌സുമാർ എന്നിവർ ഇതിൽ എണ്ണത്തിൽ കൂടും. ‘പേര് പറയരുത് സാറേ... ഉള്ളജോലിയും പോകും’ എന്ന അപേക്ഷ പരാതിപറയുന്നതിനൊപ്പം അവർ ചേർക്കും. ഇതെല്ലാം കേൾക്കുമ്പോഴും നിസ്സഹായരാവുകയാണ് ലേബർ ഓഫീസർമാർ. ഒന്നു വിളിച്ച് വിരട്ടിയും ഒന്നു കണ്ണുരുട്ടിയും ഇത്തരിപ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കാനാകുന്നുണ്ടെന്നത് മാത്രമാണ് അവരുടെ ആശ്വാസം.
നിയമപിൻബലമില്ലാതെ നിസ്സഹായരായി
മിനിമം വേതനം ഉറപ്പാക്കാനുള്ള നിയമപിൻബലമില്ല എന്നതാണ് ഒരു പ്രശ്നം. സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത് നിയമപരമായിട്ടാണെന്ന് ഉറപ്പുവരുത്താൻ കഴിയാത്തതാണ് മറ്റൊരു പ്രശ്നം. തൊഴിലാളികളുടെ ക്ഷേമവും പരാതിപരിഹാരവും നിർവഹിക്കേണ്ട ലേബർ ഉദ്യോഗസ്ഥർ, പരാതി കേൾക്കാൻപോലുമാകാതെ നിസ്സഹായമാകുന്നുവെന്നതാണ് സത്യം. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾ 3.5 ലക്ഷവും അതിലെ ജീവനക്കാർ 35 ലക്ഷവുമാണ്. രജിസ്‌ട്രേഷൻ എടുത്ത സ്ഥാപനങ്ങളുടെ കണക്കാണിത്. ഇതേ നിയമത്തിനുകീഴിൽ തൊഴിൽവകുപ്പിന്റെ രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിക്കുന്നവയും അതിലെ ജീവനക്കാരും ഏകദേശം ഇത്രതന്നെ വരും. വകുപ്പിന് നേരിട്ട് രജിസ്‌ട്രേഷൻ അധികാരമുള്ള 10 ലക്ഷംവരുന്ന സ്ഥാപനങ്ങളിൽ മൂന്നരലക്ഷം മാത്രമാണ് രജിസ്‌ട്രേഷൻ എടുത്തിട്ടുള്ളത്. ഇതു കൂടാതെ ഫാക്ടറികൾ, മോട്ടോർ നിർമാണ കമ്പനികൾ, സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങൾ, പാരലൽ എൻട്രൻസ് കോച്ചിങ് സെന്ററുകൾ തുടങ്ങിയവ ഉൾപ്പെടെ എകദേശം പത്തുലക്ഷം സ്ഥാപനങ്ങൾ സംസ്ഥാനത്ത് തൊഴിൽദാതാക്കളായുണ്ട്. ചുരുക്കത്തിൽ 20 ലക്ഷം സ്ഥാപനങ്ങളിലായി ഒന്നരക്കോടിയോളം വരുന്ന തൊഴിലാളിസമൂഹത്തിന്റെ സേവന-വേതന പരിരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിൽവകുപ്പിനുണ്ട്.
മൂന്നുവർഷം ഓടിയാലും കാണാത്ത സ്ഥാപനങ്ങൾ
സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകുന്നതിനുമായി 102 അസിസ്റ്റന്റ് ലേബർ ഓഫീസർമാരാണ് സംസ്ഥാനത്തുള്ളത്. താലൂക്കാണ് ഇവരുടെ അധികാരപരിധി. തൊഴിൽവകുപ്പിൽ രജിസ്റ്റർചെയ്തിട്ടുള്ള മൂന്നരലക്ഷം സ്ഥാപനങ്ങളിൽ വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തണമെങ്കിൽ ഒരു അസിസ്റ്റന്റ് ലേബർ ഓഫീസർ കുറഞ്ഞത് 4411 സ്ഥാപനങ്ങളിലെത്തണം. രജിസ്‌ട്രേഷനില്ലാത്ത പതിനാറരലക്ഷം സ്ഥാപനങ്ങളുൾപ്പെടെയുള്ള ഇരുപതുലക്ഷം സ്ഥാപനങ്ങളിൽ പരിശോധന നടത്തണമെങ്കിൽ ഒരു ഉദ്യോഗസ്ഥൻ സന്ദർശിക്കേണ്ട സ്ഥാപനങ്ങളുടെ എണ്ണം 19,602 ആകും. ഈ കണക്കുവെച്ച് ഒരു അസിസ്റ്റന്റ് ലേബർ ഓഫീസർ മാസത്തിൽ 1634 സ്ഥാപനങ്ങൾ പരിശോധിക്കണം. എന്നാൽ, പ്രതിമാസ സ്ഥാപന പരിശോധന ടാർജറ്റ് 50 എണ്ണം മാത്രമാണ്. അതായത്, 33 മാസത്തിലൊരിക്കലാണ് ഒരു ഉദ്യോഗസ്ഥന് ഒരു സ്ഥാപനത്തിലെത്താനാകുക.
സ്ഥാപന പരിശോധനകളോടൊപ്പം മുപ്പതോളം ഇതര തൊഴിൽനിയമങ്ങളുടെ നടത്തിപ്പുചുമതലകളും അനുബന്ധ ക്ഷേമപദ്ധതികളുടെയും ചുമതലകളുടെ നിർവഹണവും അസിസ്റ്റന്റ് ലേബർ ഓഫീസർമാർക്കുണ്ട്. അതിനാൽ, 50 സ്ഥാപനങ്ങളുടെ സന്ദർശനം പോയിട്ട്, ലേബർ ഓഫീസർമാർ തൊഴിലിടംപോലും കാണാറില്ലെന്നതാണ് വസ്തുത. പരിശോധനയിൽ കണ്ടെത്തുന്ന ലംഘനങ്ങൾ പരിഹരിക്കാത്ത തൊഴിലുടമയ്ക്കെതിരേ പ്രോസിക്യൂഷൻ, മിനിമം വേതനംനൽകാൻ കൂട്ടാക്കാത്തവർക്കെതിരേ കുടിശ്ശിക ഈടാക്കി തൊഴിലാളികൾക്ക് നൽകുന്നതിനായി ക്ലെയിം പെറ്റീഷൻ ഫയൽ ചെയ്യൽ എന്നിവ നിർവഹിക്കേണ്ടതും അസിസ്റ്റന്റ് ലേബർ ഓഫീസർമാരാണ്.
ലേബർ ഓഫീസർമാരുടെ അവസ്ഥ
മറുനാടൻ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ‘ആവാസ്’ കാർഡ് വിതരണം, മെഡിക്കൽ ക്യാമ്പ് നടത്തൽ, അതിഥിതൊഴിലാളികൾ മരിച്ചാൽ മൃതദേഹം അവരുടെ നാട്ടിൽ എത്തിക്കൽ എന്നിവയും അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ ചുമതലയാണ്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ ആൻഡ് മാനേജ്‌മെന്റ് നടത്തിയ പഠനമനുസരിച്ച് കേരളത്തിൽ ഇരുപത്തിയഞ്ച് ലക്ഷം അതിഥിതൊഴിലാളികൾ ഉണ്ട്. ഈ കണക്കനുസരിച്ച് ഒരു അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് 24,500 മറുനാടൻ തൊഴിലാളികളുടെ ക്ഷേമ-ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതൊക്കെ കഴിഞ്ഞ് തൊഴിലിടത്തെ പരിശോധനയും തൊഴിലാളിയുടെ കൂലി ഉറപ്പാക്കലും നിർവഹിക്കാൻ ലേബർ ഓഫീസർമാർക്ക് എവിടെ സമയം. മിനിമം കൂലി കൊടുക്കണമെന്ന നിയമവ്യവസ്ഥകൂടി ഇല്ലെങ്കിൽ കൂലികിട്ടാത്ത മലയാളികളുടെ വേദനയ്ക്ക് അറുതിയുണ്ടാവില്ല. അതിനാൽ, തിരുത്തലും ചികിത്സയും തൊഴിൽവകുപ്പിൽനിന്ന് തുടങ്ങണം.
പാരമ്പര്യം വലുത്, പാരതന്ത്ര്യം അതിലുമേറെ
സ്വാതന്ത്ര്യത്തിനുമുമ്പ് പിറവികൊണ്ടതാണ് തൊഴിൽവകുപ്പ്. 1946 ജനുവരി 26-ന് അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിരതിരുനാളാണ് വകുപ്പിന് രൂപംനൽകിയത്. വകുപ്പ് നിലവിൽവന്ന് ഒരുകൊല്ലം കഴിഞ്ഞാണ് കേന്ദ്ര തൊഴിൽ തർക്കനിയമം വന്നത് എന്നതും ശ്രദ്ധേയമാണ്. വ്യവസായം, കൃഷി, സേവനം എന്നീ മേഖലകളിലെ തൊഴിലാളി-മുതലാളി ബന്ധം മെച്ചപ്പെടുത്തുക, വിവിധ തൊഴിൽനിയമ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിൽ തൊഴിൽ നിയമങ്ങൾ നടപ്പാക്കുക, വിവിധ ക്ഷേമപദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ തൊഴിലാളികൾക്കും അവരുടെ അവകാശികൾക്കും വിതരണംചെയ്യുക എന്നിവയാണ് വകുപ്പിന്റെ അടിസ്ഥാന ലക്ഷ്യം.രൂപംകൊണ്ടസമയത്ത് പത്തിൽതാഴെ തൊഴിൽ നിയമങ്ങളാണ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഇന്ന് 35 തൊഴിൽ നിയമങ്ങളിലായി 1.80 കോടി തൊഴിലാളികളുടെ സേവന-വേതന പരിരക്ഷയാണ് വകുപ്പിന്റെ ചുമതലയായുള്ളത്. ഇതിനുപുറമേ 75 ലക്ഷം തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം, പെൻഷൻ എന്നിവ കൈകാര്യംചെയ്യുന്നു.
‘പാരതന്ത്ര്യ വകുപ്പ്’
2011-ലെ സെൻസസ് പ്രകാരം സംഘടിതമേഖലയിൽ 11 ലക്ഷവും ഇതരമേഖലയിൽ 1.05 കോടിയും തൊഴിലാളികളുണ്ട്. ആഗോള സാമ്പത്തികമാന്ദ്യംമൂലം തൊഴിൽ നഷ്ടമായി തിരികെയെത്തിയ പ്രവാസികൾ, നിതാഖാത് പോലുള്ള സ്വദേശിവത്‌കരണം നിമിത്തം അറബ് നാടുകളിൽനിന്ന് മടങ്ങിയവർ, കോർപ്പറേറ്റുകളുടെ വരവോടെ രൂപംകൊണ്ട നൂതന തൊഴിൽമേഖലകൾ എന്നിവയെല്ലാം പരിഗണിക്കുമ്പോൾ 2021-ലെ അടുത്ത സെൻസസ് വരുമ്പോൾ തദ്ദേശത്തെ തൊഴിലാളികളുടെ എണ്ണം രണ്ടുകോടിയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. ജനസംഖ്യയിൽ വന്ന വർധന അടക്കമുള്ള കാരണങ്ങൾ പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും അധികാരപരിധികൾ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുകയോ കൂട്ടിച്ചേർക്കുകയോ വിഭജിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, തൊഴിൽവകുപ്പിൽ അത്തരം ഒരു പുനഃസംഘടനയോ അടിസ്ഥാനസൗകര്യ വികസനമോ നടത്തിയിട്ടില്ല. വലിയ പാരമ്പര്യവും അതിലേറെ പാരതന്ത്ര്യവും പരിഭവവുമുള്ള വകുപ്പായി ഇന്ന് തൊഴിൽവകുപ്പ് മാറിയിരിക്കുന്നു.
[അവസാനിച്ചു]