കുറഞ്ഞ കൂലി 600 രൂപ ലഭിക്കണമെന്ന മുദ്രാവാക്യമുയർത്തി ഒന്നിലേറെത്തവണ ദേശീയ പണിമുടക്ക് നടത്തിയ ട്രേഡ് യൂണിയനുകൾക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും, ഈ കേരളത്തിൽ പ്രധാനജോലികൾക്കുപോലും ആ കൂലി ഉറപ്പിക്കാനായിട്ടില്ലെന്നതാണ് വൈരുധ്യം. അസംഘടിതമേഖലയിൽ മേസ്ത്രി, തൂമ്പപ്പണി, പറമ്പുപണി എന്നിവർക്ക് ഒരു ദിവസം ആയിരം രൂപയ്ക്കുമുകളിൽ കൂലി ലഭിക്കുന്നുണ്ട്. എന്നാൽ, ഉയർന്ന യോഗ്യതയുള്ള യുവാക്കളായ മലയാളികൾ ജോലിചെയ്യുന്ന സ്വകാര്യമേഖലയിലെ ‘വെള്ളക്കോളർ’ ജോലിക്കാർക്ക് ഒരു ദിവസം കിട്ടുന്നത് ശരാശരി 300 രൂപ മാത്രമാണ്.
2011-ലെ കണക്കനുസരിച്ച് 1. 1 കോടി ആളുകൾ സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളാണ്. ഇന്നത് ഒന്നരക്കോടിയിലേറെയുണ്ടാകും. എന്നാൽ, കൂലിപുതുക്കുന്നതിനും കൂലി നിശ്ചയിക്കുന്നതിനും സർക്കാർജീവനക്കാർക്ക് നൽകുന്നതിന്റെ പകുതി പരിഗണനപോലും ഈ ഒന്നരക്കോടി തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.
ഞെട്ടിപ്പിക്കുന്ന വസ്തുതകൾ
തൊഴിൽവകുപ്പിൽ രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങൾ ആറുലക്ഷത്തിലധികമാണ്. അതിലെ ജീവനക്കാർ ഏകദേശം അറുപതുലക്ഷംവരും. ഫാക്ടറി ആക്ടിന്റെ പരിധിയിൽ രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 75,000. അതിലെ ജീവനക്കാർ എകദേശം 38 ലക്ഷത്തിലധികം. അൺഎയ്ഡഡ്, സമാന്തര-സ്വകാര്യ വിദ്യാഭ്യാസം, കോച്ചിങ് സ്ഥാപനങ്ങൾ എന്നിങ്ങനെ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന 26,000-ത്തിലധികം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. അതിലെ ജീവനക്കാർ ആറുലക്ഷം പേരുണ്ട്. മോട്ടോർവാഹനസ്ഥാപനങ്ങൾ 15,000. ജീവനക്കാർ 80,000. ഇവർക്കൊന്നും മിനിമംകൂലി ഉറപ്പാക്കാൻ നിയമവ്യവസ്ഥയുണ്ടാകുന്നില്ലെന്നത് ഞെട്ടിക്കുന്നതാണ്.
പത്തുവർഷംമുമ്പ് കാലഹരണപ്പെട്ട മിനിമംവേതന വിജ്ഞാപനങ്ങളിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവേതനം 3000 രൂപയാണ്. അഞ്ചുവർഷം കഴിഞ്ഞവയിൽ 4500 രൂപയുമാണ്. ഇതിന്റെകൂടെ ക്ഷാമബത്തകൂടി ചേരുമ്പോൾ 10 വർഷം കഴിഞ്ഞ മേഖലയിലുള്ളവർക്ക് ശരാശരി 9000 രൂപയും അഞ്ചുവർഷം കഴിഞ്ഞവർക്ക് 10000 രൂപയുമാണ് നിലവിൽ ലഭിക്കുന്നത്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും മിനിമംവേതനം പുതുക്കിനിശ്ചയിച്ച് വിജ്ഞാപനമിറക്കേണ്ടതാണ്. ആ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കൽ നടന്നിരുന്നെങ്കിൽ 80 മുതൽ 100 ശതമാനംവരെ വേതനവർധന ലഭിക്കുമായിരുന്നു. പുതുക്കിയ വിജ്ഞാപനങ്ങളിലെല്ലാം അതുണ്ടായിട്ടുണ്ട്.
ഒരു സമിതിയും 250 തൊഴിൽമേഖലയും
ആയിരം തൊഴിലാളികളുള്ള മേഖലകളിൽ മിനിമംവേതന വിജ്ഞാപനം നടത്തുക എന്നതാണ് പൊതുവേ സ്വീകരിക്കുന്ന രീതി. ഇതനുസരിച്ചാണെങ്കിൽ സംസ്ഥാനത്ത് 250 മേഖലകളിലെങ്കിലും മിനിമംവേതനവിജ്ഞാപനം ഇറക്കണം. സംസ്ഥാനത്ത് ഇപ്പോൾ ആകെ നിലവിലുള്ളത് 81 വിജ്ഞാപനങ്ങൾമാത്രമാണ്. അവയിൽ അഞ്ചുവർഷംകഴിഞ്ഞ് പുതുക്കാത്തതിനാൽ അൻപതിലധികം കാലഹരണപ്പെട്ടു. ദേശീയതലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഇരുനൂറിലധികം തൊഴിൽമേഖലകളിലെങ്കിലും മിനിമംവേതന വിജ്ഞാപനങ്ങൾ നിലവിലുണ്ട്.
ഒരു മേഖലയിൽ മിനിമംകൂലി നിശ്ചയിക്കുന്നതിനും അത് വിജ്ഞാപനംചെയ്യുന്നതിനും രണ്ടുവർഷംവരെ വേണ്ടിവരുന്നുണ്ട്. തൊഴിലാളി, തൊഴിലുടമ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരെ നേരിൽ കേട്ട് അഭിപ്രായങ്ങളും ആക്ഷേപങ്ങളും പരിഗണിച്ചാണ് കരടുവിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് സംസ്ഥാനസർക്കാർ അന്തിമ അംഗീകാരംനൽകി ഗസറ്റിൽ പ്രസിദ്ധീകരിക്കണം. ഇതാണ് നടപടിക്രമം.
മിനിമംവേതനം നിർണയിക്കുന്നതും വിജ്ഞാപനം തയ്യാറാക്കാൻ ശുപാർശസമർപ്പിക്കുന്നതും മിനിമംവേതന ഉപദേശകസമിതിയാണ്. മറ്റുസംസ്ഥാനങ്ങളിൽ അഞ്ചുമുതൽ പത്തുവരെ മിനിമംവേതന നിർണയസമിതികൾ നിലവിലുള്ളപ്പോൾ കേരളത്തിലുള്ളത് പി.കെ.ഗുരുദാസൻ അധ്യക്ഷനായ ഒരു സമിതിമാത്രമാണ്. ഈ സമിതിതന്നെ വേതനനിർണയവും അത് സർക്കാരിലേക്ക് ശുപാർശനൽകുകയും വേണം. ഈ സമിതിക്ക് നിലവിലുള്ള വിജ്ഞാപനങ്ങളിൽപ്പോലും മുകളിൽപ്പറയുന്ന നടപടികൾ പാലിച്ച് അഞ്ചുവർഷത്തിലൊരിക്കൽ പുതുക്കുക അസാധ്യമാണ്. ഇതിനുപുറത്താണ് പുതിയ മേഖലയിൽ കൂലി നിശ്ചയിക്കേണ്ടത്. അഞ്ചുവർഷം എന്ന സമയപരിധി പാലിച്ചുകൊണ്ട് നിലവിലുള്ളവ പുതുക്കുന്നതിനും പുതിയ മേഖലകളിൽ വിജ്ഞാപനം നടത്തുന്നതിനും കൂടുതൽ വേതനനിർണയസമിതികൾ രൂപവത്കരിക്കേണ്ടതുണ്ട്.
പൊതുഭരണവകുപ്പിന്റെ മേൽനോട്ടത്തിൽ തൊഴിൽവകുപ്പ് പുനഃസംഘടനയും ജോലിഭാരവും സംബന്ധിച്ച് 2010-ൽ നടത്തിയ പഠനത്തിൽ ഇതുസംബന്ധിച്ച് സർക്കാരിലേക്ക് ശുപാർശനൽകിയിരുന്നു. ശുപാർശനൽകുമ്പോൾ 38 മിനിമംവേതന വിജ്ഞാപനങ്ങളാണ് നിലവിലുണ്ടായിരുന്നത്. ഈ ഘട്ടത്തിൽ കുറഞ്ഞത് മൂന്ന് മിനിമംവേതനനിർണയസമിതികളെങ്കിലും വേണമെന്നാണ് ഉദ്യോഗസ്ഥപൊതുഭരണവകുപ്പ് സർക്കാരിനുനൽകിയ ശുപാർശ. നിലവിൽ 81 വിജ്ഞാപനമുണ്ട്. 200 മേഖലകളിലായി പുതിയ വിജ്ഞാപനങ്ങൾ നടത്തേണ്ടതുമുണ്ട്. എന്നിട്ടും പഴയ ശുപാർശ ഫയലിൽത്തന്നെയാണ്.
കാലഹരണപ്പെട്ട പ്രധാന മിനിമംവേതന വിജ്ഞാപനങ്ങളും കാലാവധികഴിഞ്ഞ വർഷവും
(തുടരും)