ലിംഗനീതിയെക്കുറിച്ചു സജീവ ചർച്ചകൾ നടക്കുന്ന ഇന്നത്തെക്കാലത്ത്‌ ഏക ലിംഗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാലാനുസൃതമല്ലാത്ത ഒന്നായി (Anachronism) മാത്രമേ കാണാൻ സാധിക്കൂ.  
അവസരസമത്വവും ലിംഗനീതിയും സമൂഹത്തിൽ നടപ്പാവണമെന്ന ആശയം കേരളത്തിൽ സജീവമായി ചർച്ചചെയ്യുന്ന കാലഘട്ടമാണിത്. പരമ്പരാഗതമായ പല ധാരണകളും പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന പ്രധാനപ്പെട്ട ഒരാശയമാണ് ‘ജെൻഡർ  സെൻസിറ്റൈസേഷൻ’.  ഈയൊരു അന്തരീക്ഷത്തിലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുള്ള കോളേജുകളുടെ പ്രസക്തിയെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരുന്നത്. തീർച്ചയായും സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ വിരളമായിരുന്ന കാലത്ത് ഉയർന്നുവന്ന വനിതാകലാലയങ്ങൾക്ക് ചരിത്രപരമായ ദൗത്യം നിറവേറ്റാനുണ്ടായിരുന്നു. എന്നാൽ, പൊതുകലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ഭൂരിപക്ഷവും പെൺകുട്ടികളായിരിക്കുന്ന ഇക്കാലത്ത് ‘വനിതാകലാലയം’ എന്ന രീതിയിൽ കോളേജുകൾ പ്രവർത്തിക്കുന്നത് ഒട്ടും അഭികാമ്യമല്ല. കേവലം വിഷയാധിഷ്ഠിതപഠനത്തിനപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ അവബോധം നേടുകയെന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾ പൊതു സമൂഹസൃഷ്ടിക്ക് ദിശാബോധം നൽകേണ്ടവരാണ്. ആൺ-പെൺ ദ്വന്ദ്വത്തിനപ്പുറം വൈവിധ്യമാർന്ന െജൻഡറുകളെയും അംഗീകരിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേലികെട്ടിത്തിരിക്കുന്ന വിദ്യാഭ്യാസസമ്പ്രദായം മാറ്റേണ്ടതുണ്ട്.

ഒന്നാവണം  ജീവിതാവബോധങ്ങൾ
 പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മാത്രമായിട്ടുള്ള കോളേജുകളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ പൊതുസമൂഹത്തിൽ ഇടപെടുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ പഠനം നടത്തേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ നേടുന്ന ജീവിതാവബോധവും  ‘വേർതിരിക്കപ്പെട്ട (Segregated)’ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ നേടുന്ന ജീവിതാവബോധവും വ്യത്യസ്തമായിരിക്കും. ‘വേർതിരിക്കപ്പെട്ട’ കലാലയങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് കുടുംബജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് സൈക്കോളജിസ്റ്റുകൾ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ‘പരസ്പര സഹകരണം, പരസ്പര ബഹുമാനം, ആരോഗ്യകരമായ ശരീരബോധം, ബന്ധങ്ങളെ സംബന്ധിച്ച യാഥാർഥ്യബോധം എന്നീ മേഖലകളിൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകളുണ്ടായേക്കാം’ എന്നാണ് അവർ പറയുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിക്കുന്ന കലാലയങ്ങളിലാണ് ലിംഗസമത്വമെന്ന ആശയം ഉയർന്നുവരുന്നത്. ബഹുമുഖമായ ജെൻഡറുകളെ സ്വീകരിക്കപ്പെടുന്നതും ഇത്തരം കലാലയങ്ങളിലാണ്.

ഒരുമിച്ചിരുന്ന്‌ പഠിക്കുന്നത്‌ അപരാധമല്ല
 കലാലയങ്ങൾ മിക്സഡ് ആവുന്നതോടൊപ്പം സ്കൂൾ/കോളേജ് അധികൃതരുടെ ബോധത്തിലും മാറ്റംവരേണ്ടതുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതും ഇടപഴകുന്നതും വലിയ അപരാധമായി കാണുന്ന ചില അധ്യാപകർ ഇന്നും നമ്മുടെ കാമ്പസുകളിലുണ്ടെന്ന കാര്യം പറയാതെ വയ്യ. നിർഭയത്തോടെ പെരുമാറാൻ വിദ്യാർഥികളെ പ്രാപ്തരാക്കേണ്ട അധ്യാപകർതന്നെ കുട്ടികളിൽ ഇതരലിംഗത്തോട് ഭയവും പകയും ഉണ്ടാക്കുന്നുവെന്നത് ഖേദകരംതന്നെ. ഇത്തരം ആളുകളെക്കൂടി മാറ്റിത്തീർക്കുന്നതിനാണ് കാമ്പസിൽ ഊന്നൽ നൽകേണ്ടത്.   ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും യൂണിഫോംതൊട്ട്‌ തുടങ്ങുന്ന ഈ വേർതിരിവ് ക്ലാസ്‌മുറികളിലെ ഇരിപ്പിട സജ്ജീകരണത്തിലും കാമ്പസിലെ മറ്റു വേദികളിലും കാണാനാകും. യൂണിയൻ പ്രവർത്തനത്തിൽപ്പോലും നിഷ്കർഷിക്കപ്പെട്ട ഇടങ്ങളിൽ മാത്രമേ സ്ത്രീസാന്നിധ്യം  കാണുന്നുള്ളൂവെന്നത് നാം ഇപ്പോഴും വെച്ചു പുലർത്തുന്ന സ്ത്രീവിരുദ്ധനിലപാടിന് ഉദാഹരണമാണ്. വിദ്യാർഥികൾക്ക് അനുവദിക്കപ്പെട്ട വിഷയങ്ങളോടുള്ള സമീപനത്തിലും ജെൻഡർപരമായ വേർതിരിവുകൾ കാണാൻ കഴിയും. നഴ്‌സിങ്‌ മേഖല പെൺകുട്ടികൾക്കും എൻജിനിയറിങ്‌ രംഗം ആൺകുട്ടികൾക്കുമാണ് അഭികാമ്യമെന്നതരത്തിൽ ചിന്തിക്കുന്ന ഒരുപാട് രക്ഷിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ട്. മിക്സഡ് കോളേജിൽ പഠിച്ചാൽ മകൾ വഴിതെറ്റിപ്പോവുമെന്ന് ഭയന്ന് വനിതാകോളേജിലേക്ക് നിർബന്ധിതമായി അവരെ പറഞ്ഞുവിടുന്ന രക്ഷിതാക്കളും വിരളമല്ല. ഇങ്ങനെ മെരുക്കി വളർത്താനുള്ള ഇടങ്ങൾ ഇനിയും കേരളത്തിൽ ആവശ്യമുണ്ടോയെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
വർധിച്ചുവരുന്ന സ്ത്രീധനമരണങ്ങളും പ്രണയ നിരാസകൊലപാതകങ്ങളും ദുരഭിമാനഹത്യകളും വിരൽചൂണ്ടുന്നത് നമ്മുടെ സമൂഹത്തിൽ ലിംഗസമത്വം ഇനിയും പ്രാപ്യമായിട്ടില്ല എന്ന വസ്തുതയിലേക്കാണ്. ആൺകുട്ടികളെ പഠിപ്പിക്കുന്നത് തൊഴിൽ നേടാൻ പ്രാപ്തരാക്കാനും പെൺകുട്ടികളെ പഠിപ്പിക്കുന്നത് നല്ല കുടുംബം വളർത്താനുമാണെന്ന ചിന്ത മാറ്റിയേതീരൂ.  കലാലയങ്ങളിൽ ലിംഗപദവി ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉയരണമെങ്കിൽ ആദ്യം വേണ്ടത് വൈവിധ്യ പൂർണമായ ജെൻഡറുകളെ ഉൾക്കൊള്ളുന്ന ഇടങ്ങളായി കലാലയം മാറ്റുക എന്നതാണ്. സ്നേഹവും സൗഹാർദവും സുതാര്യതയുമുള്ള കാമ്പസുകളിൽ മാത്രമേ ജനാധിപത്യബോധമുള്ള തലമുറയെ വാർത്തെടുക്കാനാവൂ.

മുന്നോട്ടേക്കിതാഒരു ചുവട്‌
2019-’20-ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ആർട്‌സ് ആൻഡ്‌ സയൻസ് , കൊമേഴ്‌സ് വിഭാഗങ്ങളിലായി 3.32 ലക്ഷം വിദ്യാർഥികൾ എൻറോൾ ചെയ്തിരിക്കുന്നതിൽ 67.68 ശതമാനം പെൺകുട്ടികളാണ്.  സർവകലാശാലാ അടിസ്ഥാനത്തിലുള്ള വിശകലനങ്ങൾ സൂചിപ്പിക്കുന്നത് ചെറുപ്പക്കാരായ അധ്യാപകരുടെ വിഭാഗത്തിൽ സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായാണ് ( All Kerala Higher Education Survey 2020) ഇത്തരത്തിൽ കോളേജുകളിൽ പെൺകുട്ടികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാവുകയും ആൺകുട്ടികൾ കുറയുകയും ചെയ്യുന്നതിനാൽ പെൺകുട്ടികൾക്ക് മാത്രമായി കോളേജുകൾ നിലനിർത്തേണ്ടതില്ല.  ഹോസ്റ്റൽ സമയം, ലൈബ്രറി സമയം, പൊതുപരിപാടികളുടെ സമയം എന്നിവയൊക്കെ ലിംഗഭേദമില്ലാതെ തുല്യമായിത്തീരണം. അത്തരത്തിൽ ലിംഗഭേദമില്ലാത്ത അവസരസമത്വമുള്ള ഒരു കാമ്പസിന്റെ നിർമിതിയാണ് വേണ്ടത്. 
അതിനാണ് ഉന്നതവിദ്യാഭ്യാസവകുപ്പു തുടക്കമിട്ടിരിക്കുന്നത്. എല്ലാ കാമ്പസിലും ജെൻഡർ ജസ്റ്റിസ് ഫോറം രൂപവത്‌കരിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. സെമിനാറുകൾ, ഡിബേറ്റുകൾ, സർവേകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ച് ലിംഗസമത്വാവബോധം കാമ്പസുകളിലും സമൂഹത്തിലുമുണ്ടാക്കുകയാണ് ജെൻഡർ ജസ്റ്റിസ് ഫോറങ്ങളുടെ ഉത്തരവാദിത്വം. ലിംഗവിവേചനമില്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയെന്ന വലിയൊരു ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. അതിന്റെ തുടക്കം കാമ്പസിൽനിന്നാവുന്നുവെന്നതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ട്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലവഹിക്കുന്ന അഡീഷണൽ ചീഫ്‌ സെക്രട്ടറിയാണ്‌ ലേഖകൻ