എതിർക്കുന്നത് കപടസദാചാരബോധം

 പി.എം. ഗീത
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 
കോഴിക്കോട് ജില്ലാപ്രസിഡന്റ് )

വിദ്യാഭ്യാസം ജീവിതപരിശീലനമല്ല, ജീവിതം തന്നെയാണെന്ന് പ്രശസ്ത വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂയി അഭിപ്രായപ്പെടുന്നു.
ആണും പെണ്ണും ട്രാൻസ്‌ജെൻഡർ മനുഷ്യരും എല്ലാം ചേർന്ന പാരസ്പര്യമാണ് സാമൂഹികജീവിതത്തിന്റെ അടിത്തറ. ഈ സാമൂഹികജീവിതത്തിന്റെ പരിച്ഛേദമാകണം വിദ്യാലയങ്ങൾ. വീടും വിദ്യാലയവും എല്ലാ ലിംഗവിഭാഗങ്ങളും തുല്യതയോടെയും പരസ്പര ബഹുമാനത്തോടെയും ഇടപെടുന്ന ജനാധിപത്യ ഇടങ്ങളാവുമ്പോഴാണ് ജനാധിപത്യസമൂഹത്തിന് അടിത്തറ പാകപ്പെടുന്നത്. അതിനു തീർച്ചയായും സഹവിദ്യാഭ്യാസം അനിവാര്യമാണ്.
37 വർഷത്തെ അധ്യാപനജീവിതത്തിൽ സിംഗിൾ ജെൻഡർ സ്കൂളിൽ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. എങ്കിലും സ്കൂളുകൾ മിശ്രലിംഗ വിദ്യാലയത്തിന്റെ മേന്മ തിരിച്ചറിഞ്ഞ ഒരു അനുഭവമുണ്ടായി. 2006 മുതൽ 2011 വരെ എ.എ. ബേബി കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ലിംഗപദവിയുമായി ബന്ധപ്പെട്ട ചില പരിഷ്കാരങ്ങൾ വരുത്തുകയുണ്ടായി. ഹാജർപട്ടികയിൽ പെൺകുട്ടികളുടെ പേരുകൾ ആൺകുട്ടികളുടെ മുഴുവൻ പേരുകളും എഴുതിയതിനുശേഷം ചുവന്ന മഷിയിൽ എഴുതുന്നത് അവസാനിപ്പിച്ചുകൊണ്ടും മൊത്തം കുട്ടികളെ അക്ഷരമാലാക്രമത്തിൽ എഴുതാൻ ഉത്തരവിട്ടുകൊണ്ടുമുള്ളതായിരുന്നു അതിലൊന്ന്. സീനിയർ അധ്യാപികയായിരുന്ന എനിക്കായിരുന്നു പരീക്ഷാ നടത്തിപ്പുചുമതല. പതിവുപോലെ ഹാജർ പട്ടികയിലെ ക്രമമനുസരിച്ച് പരീക്ഷാഹാളിൽ ഇരിപ്പിടക്രമീകരണം നടത്തി. ആൺകുട്ടിയും പെൺകുട്ടിയും ഒരേ ബെഞ്ചിൽ വരാനിടയുണ്ടെന്നും അതു പ്രശ്നമാണെന്നും ചില അധ്യാപകർ എനിക്ക്‌ ഉപദേശം തന്നെങ്കിലും ഞാനത് കാര്യമായെടുത്തില്ല. പരീക്ഷയുടെ ഒന്നാംദിവസം ഞാൻ എല്ലാ ക്ലാസ്‌മുറികളും സന്ദർശിച്ചു. ആർക്കെങ്കിലും എന്തെങ്കിലും പ്രയാസങ്ങളുണ്ടോ എന്നന്വേഷിച്ചു. ‘ഇല്ല ടീച്ചർ’ എന്ന മറുപടി എല്ലാവരും ഒന്നിച്ചാണ് പറഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞുവന്ന അധ്യാപകരോട് ചോദിച്ചു: ‘‘ആണും പെണ്ണും ഒരു മുറിയിൽ, ഒരു ബെഞ്ചിൽ ഇരുന്നതുകൊണ്ട് എന്തെങ്കിലും...?’’ നേരത്തേ ഉപദേശം തന്നവരുൾപ്പെടെ, പരീക്ഷാഹാൾ മുമ്പത്തെക്കാൾ ശാന്തവും സമാധാനപരവുമായിരുന്നെന്ന് സന്തോഷത്തോടെ പറഞ്ഞു. എതിർലിംഗ സൗഹൃദങ്ങളും വ്യക്തിപരമായ മൂല്യബോധങ്ങളും അവയുടെ പ്രകടനപരതയും അഭിമാനബോധവുമൊക്കെ (പ്രത്യേകിച്ച് എതിർലിംഗത്തിൽപ്പെട്ടവരുടെ മുന്നിൽ) ഏറ്റവും പുഷ്‌കലമാകുന്ന കാലഘട്ടങ്ങളാണ് ബാല്യകൗമാരങ്ങൾ. അതാണ് പരീക്ഷാഹാൾ അച്ചടക്കമുള്ളതായി മാറാൻ കാരണം. 

കൗമാരക്കാരിൽ സ്വാഭാവികമായും ഉണ്ടായിവരുന്ന ഈ പരസ്പര ബഹുമാനത്തെ തകർക്കുകയും മേധാവിത്വ/വിധേയത്വ മൂല്യങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് പുരുഷാധിപത്യമൂല്യങ്ങൾ പേറുന്ന വീടും വിദ്യാലയവുമാണ്. കുട്ടികളെ ഇടകലർത്തി ഇരുത്തി എന്ന് ആക്ഷേപിച്ചുകൊണ്ട് ഒരു ജാഥ പിറ്റേന്ന് സ്കൂളിൽ വന്ന് ബഹളംവെക്കുകയും ഇരിപ്പിടക്രമം മാറ്റുകയും ചെയ്യേണ്ടിവരുകയും ഞാൻ പരീക്ഷാ ചുമതലയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യേണ്ടിവന്നെന്നത് ബാക്കിപത്രം. ഈ കപടസദാചാര ബോധമാണ് സഹവിദ്യാഭ്യാസത്തെ എതിർക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നത്.
ഇന്ന് കേരളസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തികളും കുട്ടികളും നേരിടുന്ന ലൈംഗികാതിക്രമങ്ങളാണ്. ഒട്ടുമിക്ക വികസന സൂചികകളിലും കേരളം ഒന്നാമതായിരിക്കുമ്പോഴും ഇന്ത്യയിൽ ഏറ്റവുമധികം വിദ്യാസമ്പന്നർ വസിക്കുന്ന ഈ ദേശം സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും നിർഭയമായി ജീവിക്കാൻപറ്റാത്ത ഒരിടമായി അടയാളപ്പെടുത്തപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം നാം നൽകുന്ന വിദ്യാഭ്യാസത്തിൽത്തന്നെ അന്വേഷിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ആന്തരികവും ഭൗതികവുമായ ഘടനയിലും ഉള്ളടക്കത്തിലും ലിംഗനീതി പരിഗണനയോ ലൈംഗിക വിദ്യാഭ്യാസപാഠങ്ങളോ ഇല്ല. ചെറുപ്പംമുതൽ ഒന്നിച്ചിരുന്ന്, ഒരേ വേഷമണിഞ്ഞ, ഒരേ അവകാശങ്ങളനുഭവിച്ച്, തന്റെയും മറ്റുള്ളവരുടെയും ശരീരശാസ്ത്രം പഠിച്ച്, പരസ്പരം അറിഞ്ഞുവളരുന്ന കുട്ടികളിൽ തുല്യതാബോധവും ജനാധിപത്യ ബോധവും ആരോഗ്യകരമായ ലൈംഗികാവബോധവുമുണ്ടാകും.

മാറണം പുരോഗമനകേരളം

 വി.പി. സാനു
(എസ്.എഫ്.ഐ. അഖിലേന്ത്യാ 
പ്രസിഡന്റ്)
അദ്‌ഭുതകരമായ വേഗത്തിൽ മനുഷ്യവികാസം സാധ്യമാകുന്ന കാലത്തും നമ്മുടെ വിദ്യാലയങ്ങളിൽ ആൺ, പെൺ വേർതിരിവുകൾ നിലനിൽക്കുന്നുവെന്നത് നിരാശാജനകമായ യാഥാർഥ്യമാണ്. ഇടകലർന്ന് പഠിച്ചും ജീവിച്ചും മാത്രമേ സമൂഹത്തിൽ ലിംഗപരമായ തുല്യതയും നീതിബോധവും ഉറപ്പാക്കാൻ കഴിയൂ.  ഈ സാമൂഹികമാറ്റത്തിന് ചാലകശക്തിയാകേണ്ടത് സ്കൂളുകളും കോളേജുകളും അവിടത്തെ പഠന, പഠനേതര പ്രവർത്തനങ്ങളുമാണെന്നതിൽ സംശയമില്ല. ലിംഗവേർതിരിവില്ലാത്ത യൂണിഫോം പരിഷ്കരണത്തിലൂടെയും ആൺ-പെൺ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളും ക്ലാസ്‌മുറികളും വേർതിരിക്കുന്ന പ്രവണതയവസാനിപ്പിച്ചും നമുക്ക് അനിവാര്യമായ ഈ മാറ്റത്തിലേക്ക് കൂടുതൽ വേഗത്തിൽ നടന്നടുക്കാൻ സാധിക്കും.   ലിംഗനീതിയെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ആൺ-പെൺ ദ്വന്ദ്വങ്ങളിലേക്കു മാത്രം ഒതുങ്ങരുത്. ക്വീർ സമൂഹത്തെയും അവരെക്കൂടി ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ അന്തരീക്ഷത്തെപ്പറ്റിയും പുരോഗമന കേരളം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. സർക്കാർ ഇടപെടലുകൾക്കൊപ്പം ലിംഗപരമായ വേർതിരിവുകളെ മറികടക്കുന്നതിന് സാമൂഹികമായ സമ്മർദംകൂടി അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് മാതൃഭൂമിയുടെ ഇടപെടൽ പ്രശംസിക്കപ്പെടേണ്ടത്.

 

വേണം, ലിംഗസമത്വനയം 

 

 കെ.എം. അഭിജിത്
(കെ.എസ്.യു. 
സംസ്ഥാന പ്രസിഡന്റ്)

സഹവിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചും ലിംഗവേർതിരിവില്ലാത്ത യൂണിഫോമുകളെക്കുറിച്ചും മാതൃഭൂമി തുടങ്ങിവെച്ച ചർച്ച അർഥവത്തായ സംവാദമായി രൂപപ്പെടുന്നുണ്ട്. കുട്ടിക്കാലംമുതൽ തുടങ്ങുന്ന ആൺ-പെൺ വേർതിരിവുകളും വിവേചനങ്ങളുമാണ് പിൽക്കാലത്ത് തുല്യതയും പരസ്പരബഹുമാനവുമില്ലാത്ത സ്ത്രീ-പുരുഷ ബന്ധങ്ങളിലേക്കും കുടുംബബന്ധങ്ങളിലേക്കും നയിക്കുന്നത്. അതിനാൽ പ്രീപ്രൈമറി, പ്രൈമറി ക്ലാസുകളിൽനിന്ന് തുല്യതയുടെ പാഠങ്ങൾ ആരംഭിക്കണം. ലോകമേറെ മാറിക്കഴിഞ്ഞിട്ടും ആൺ- പെൺ വിദ്യാലയങ്ങൾ തുടരുന്നത് സമൂഹത്തിന്റെ മുന്നോട്ടുപോകലിനെയല്ല സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട സർക്കാർ മൗനം പുലർത്തുകയാണ്. ഇപ്പോൾ തുടങ്ങിയിരിക്കുന്ന ചർച്ചകൾ യൂണിഫോമിലും മിക്‌സഡ് വിദ്യാലയങ്ങളിലും മാത്രമായി നിർത്തരുത്‌. പാഠ്യപദ്ധതിയിലും സിലബസിലും പാഠപുസ്തകങ്ങളിലും പോലും വിവേചനമുണ്ട്. സ്കൂളിലായാലും കോളേജിലായാലും പാഠ്യപദ്ധതി രൂപപ്പെടുത്തുന്ന സമിതികളിൽ വനിതാപ്രാതിനിധ്യം വളരെ കുറവാണ്. കേരളത്തിലെ കരിക്കുലം സ്റ്റിയറിങ്‌ കമ്മിറ്റിയിലെയും വിദ്യാഭ്യാസ സമിതികളിലെയും വനിതകളുടെ പങ്കാളിത്തം ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. സമഗ്രമായൊരു ലിംഗസമത്വനയം വിദ്യാഭ്യാസത്തിന്റെ എല്ലാതലങ്ങളിലും ഉണ്ടാവേണ്ടതുണ്ട്.

 

തുല്യതാബോധം അധ്യാപകരിലും വേണം

 അതുല്യ പി.എസ്.
(വിദ്യാർഥി, കാലിക്കറ്റ് 
യൂണിവേഴ്‌സിറ്റി കാമ്പസ്)
പാഠ്യപദ്ധതിയിൽ ലിംഗാധിഷ്ഠിത വിവേചനത്തെ സംബന്ധിച്ച കുറിപ്പുകളോ ലേഖനങ്ങളോ എഴുതിച്ചേർത്തതുകൊണ്ടോ പഠിപ്പിച്ചതുകൊണ്ടോ ഗുണപരമായ എന്തെങ്കിലുമൊരു ഫലം ഉണ്ടാവുമോ എന്നതു സംശയമാണ്. നാം പരിചയിച്ച പതിവു രീതികളൊന്നുംതന്നെ വളരെ സ്വാഭാവികമായൊരു തുല്യതാബോധം കുട്ടികളിൽ എന്നല്ല, അധ്യാപകരിൽപ്പോലും ഉണർത്തുന്നതിന് പര്യാപ്തവുമല്ല. അതുകൊണ്ടുതന്നെ പാഠ്യപദ്ധതിയിലെ ലിംഗവിഭജനത്തെ പ്രശ്നവത്‌കരിക്കുന്നതോടൊപ്പം പഠിപ്പിക്കുന്ന അധ്യാപകരിൽ ഇപ്പറഞ്ഞ വിവേകമുണ്ടോ എന്ന് വിലയിരുത്തേണ്ടതും അത്യന്താപേക്ഷിതമാണ്. ഒരു കുട്ടിയുടെ പഠന ജീവിതകാലഘട്ടം എന്നത് ക്ലാസ്‌റൂമുകൾ മാത്രമല്ല.  കളിസ്ഥലങ്ങൾ, ഭക്ഷണമുറികൾ, ലൈബ്രറികൾ, ലാബുകൾ എന്നിങ്ങനെ അവർ തമ്മിൽ പരസ്പരം കണ്ടുമുട്ടാനിടയുള്ള സ്ഥലങ്ങളും സമയങ്ങളും സാഹചര്യങ്ങളുമെല്ലാം അവരുടെ സാമൂഹിക ജീവിതത്തിൽ തുല്യപരിഗണനയർഹിക്കുന്നതാണ്. സിലബസുകൾക്ക് അതിൽ വളരെ പരിമിതമായൊരു ഉത്തരവാദിത്വമേ നിറവേറ്റാനുള്ളൂ. 

മുഖംതിരിക്കരുത്‌
 ടി. അനൂപ് കുമാർ
(സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.ടി.യു.)

കുട്ടികളുടെ മാനസിക സാമൂഹിക വളർച്ചയ്ക്ക് സഹവിദ്യാഭ്യാസമാണ് മികച്ചതെന്ന് വിദ്യാഭ്യാസ വിചക്ഷണരും മനഃശാസ്ത്രജ്ഞരും ആവർത്തിച്ചു പറയുമ്പോഴും സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തോട് മുഖംതിരിഞ്ഞാണിരിക്കുന്നത്. പല സ്കൂളുകളിലും ഈ മാറ്റമാവശ്യപ്പെട്ട് പി.ടി.എ.കൾ അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ തീരുമാനമിതുവരെ അനുകൂലമായിട്ടില്ല. ശബരിമലയിൽ യുവതീപ്രവേശനത്തിനായി മതിലുകെട്ടിയ സർക്കാർ, ചില സ്വകാര്യ മാനേജ്‌മെന്റുകളുടെ താത്പര്യത്തിന് കൂട്ടുനിൽക്കുന്നതുകൊണ്ടാണ് ഈ വിവേചനം ഇന്നും നിലനിൽക്കുന്നത്.

കാലാനുസൃതമാവണം
 എം. സലാഹുദീൻ
(കെ.പി.എസ്.ടി.എ. സംസ്ഥാന 
പ്രസിഡന്റ്)
സ്ത്രീ, പുരുഷ സമത്വം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ആൺ, പെൺ വ്യത്യാസമില്ലാതെയുള്ള പള്ളിക്കൂടങ്ങളാണ് നല്ലത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന പഴയകാലത്ത് അവരെ വിദ്യാഭ്യാസത്തിന്റെ മുൻനിരയിലേക്ക്‌ കൊണ്ടുവരുന്നതിനായി അക്കാലത്ത് പെൺ പള്ളിക്കൂടങ്ങൾവരെ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. എല്ലാ മേഖലയിലും തുല്യതയാണ്. കാലഘട്ടത്തിനനുസരിച്ച്, ആൺ-പെൺ വ്യത്യാസമില്ലാതെ പള്ളിക്കൂടങ്ങൾ പ്രവർത്തിക്കണം.

അകന്നിരിക്കേണ്ടതില്ല
 പി. വേണുഗോപാലൻ
(കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ്)

ലിംഗാതീതമായ കാഴ്ചപ്പാടുള്ള ആധുനിക പാഠ്യപദ്ധതിയുടെ വിനിമയം അതിനുവിരുദ്ധമായ അന്തരീക്ഷത്തിൽ നടക്കുക എന്നത് വലിയ വൈരുധ്യമാണ്. ആധുനിക കാലത്തിനു യോജ്യമാംവിധം ക്ലാസ്‌മുറികൾ മാറേണ്ടതുണ്ട്. എതിർലിംഗപദവിയെ അംഗീകരിക്കാനും മനസ്സിലാക്കാനും കഴിയുക അകന്നിരിക്കുമ്പോഴല്ല. സ്ത്രീസദസ്സുകൾ സംഘടിപ്പിച്ച് ലിംഗപദവിയെക്കുറിച്ച് ചർച്ചചെയ്യുന്ന സാമ്പ്രദായിക രീതിക്ക് തുല്യമാണത്. ഒരുമിച്ചിരുന്ന് പഠിക്കാനും പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയുന്ന ക്ലാസ് മുറികളാണ്‌ ആധുനികകാലഘട്ടത്തിന് അഭികാമ്യം.

മാറ്റം അധ്യാപകരിലൂടെയാവട്ടെ

 സിന്ധുസാജൻ
അധ്യാപിക, അട്ടപ്പാടി ട്രൈബൽ സ്കൂൾ
തുല്യത ഒരു ജീവിതശൈലി തന്നെയാകണം.വിദ്യാലയങ്ങളിൽ അധ്യാപകർ തന്നെയാകണം മാറ്റങ്ങളുടെ പതാകവാഹകർ. പല വിദ്യാലയങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്വതന്ത്രമായി ഇടപെടാനും ഊഷ്മളമായ സൗഹൃദംപങ്കിടാനും ഇപ്പോഴും അനുവാദമില്ല. ക്ലാസ്‌മുറിക്കകത്ത് ഇരുവശത്തുമായി വേർതിരിച്ചാണ് കുട്ടികളെ ഇരുത്തുന്നത്. സ്കൂൾ അസംബ്ലികളാണ് വിവേചനത്തിന്റെ ആദ്യക്ഷരങ്ങളാവുന്നത്. ആൺകുട്ടികൾക്ക് പിറകിൽ അണിനിരക്കാനാണ് പെൺകുട്ടികൾക്കവസരമുള്ളത്. ചിലയിടങ്ങളിൽ പെൺകുട്ടികൾക്ക് പ്രത്യേക വരികൾ തന്നെയാണ്.  
സ്കൂൾ ഗ്രൂപ്പ് ഫോട്ടോകളാണ് വേർതിരിവിന്റെ മറ്റൊരു പ്രധാന തെളിവ്. ക്ലാസ് അധ്യാപികയ്ക്ക് ഇരുവശവും അച്ചടക്കത്തോടെ അവർ ഇരിക്കും. ക്ലാസ് അടിച്ചുവാരുന്ന ജോലി പെൺകുട്ടികൾക്കും ബെഞ്ചും ഡസ്‌കും പിടിക്കൽ ആൺകുട്ടികൾക്കും എന്ന് വേർതിരിക്കുന്ന അധ്യാപകർ ഇപ്പോഴുമുണ്ട്. ക്ലാസ് മുറിയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ വരിയിൽ ആദ്യം നിൽക്കേണ്ടത് ആൺകുട്ടികൾ ആണെന്ന് കരുതുന്ന അധ്യാപകരുമുണ്ട്.
 അധ്യാപകർക്കിടയിൽപ്പോലും ഇപ്പോഴും ഈ വേർതിരിവ് നിലവിലുണ്ട്. സ്കൂളിൽ നടക്കുന്ന ഒരു പൊതുചടങ്ങിൽ മുൻനിരയിൽ പുരുഷ അധ്യാപകരാവും. സ്റ്റേജും മൈക്കും അവർ പിടിച്ചുവെച്ചിരിക്കും. പെൺകുട്ടികളും സ്ത്രീ അധ്യാപകരും ബൊക്കെ കൊടുക്കാനും ചായ കൊടുക്കാനും ഏറിവന്നാൽ പ്രാർഥന ചൊല്ലാനുമാകും സ്റ്റേജിലെത്തുക.
ടോട്ടോചാൻ എന്ന പുസ്തകത്തിൽ കൊബായാഷി മാസ്റ്റർ കുട്ടികളെ നീന്തൽക്കുളത്തിലേക്ക് കൊണ്ടുപോയ ഒരനുഭവമുണ്ട്. എത്ര സ്വാഭാവികമായാണ് സ്ത്രീയും പുരുഷനും തമ്മിൽ വേർതിരിവില്ല എന്ന തുല്യതയുടെ സാമൂഹികപാഠങ്ങൾ അദ്ദേഹം കുട്ടികളിലേക്കെത്തിച്ചത്.
തുല്യത എന്ന ആശയം ഇന്ന് വിദ്യാലയങ്ങളിൽ കൃത്യമായി ഉറപ്പിക്കുന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് എന്ന ആശയം. ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ ഒരു വേർതിരിവും ഈ പദ്ധതിയിലില്ല. ഒരേ പാറ്റേൺ വസ്ത്രം, ഒരേതരം ഉത്തരവാദിത്വങ്ങൾ. ഇത് പെൺകുട്ടികളിലുണ്ടാക്കുന്ന ആത്മവിശ്വാസം ഏറെ വലുതാണ്. ശരീര വേവലാതി ഇല്ലാതെ കൈയും കാലും വീശി, നെഞ്ചുവിരിച്ചു നടക്കാൻ പെൺകുട്ടികൾക്ക് എസ്.പി.സി. നൽകുന്ന ആത്മബലം ഏറെ മാതൃകാപരമാണ്. പ്രശംസനീയമാണ്.
തുല്യതയെക്കുറിച്ച് ഇനിയും നമ്മൾ ആവലാതിപ്പെടേണ്ടതില്ല. ആദ്യം ക്ലാസ്‌മുറിക്കുള്ളിലെ വേർതിരിവുകൾ മാറട്ടെ. ആണും പെണ്ണും ഒരേ ബെഞ്ചിൽ ഇടകലർന്നിരിക്കട്ടെ. ഇടവേളകളിൽ ഭക്ഷണം പങ്കിട്ടുകഴിക്കട്ടെ. അസംബ്ലിയിലെ ആൺ-പെൺ വരികൾ ഇല്ലാതാകട്ടെ. ഉയരക്രമത്തിൽ എല്ലാവരും ഇടകലർന്ന് നിൽക്കട്ടെ. ഗ്രൂപ്പ് ഫോട്ടോകളിലും കുട്ടികൾ ഇടകലർന്നു നിൽക്കട്ടെ.  
പ്രിയപ്പെട്ട അധ്യാപകസുഹൃത്തുക്കളേ, രക്ഷിതാക്കളേ ... അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ കെട്ടിയിടാതെ അവരെ കൈകാലുകളിളക്കി ഓടിച്ചാടി നടക്കാൻ അനുവദിക്കൂ. അവർ തുല്യരായി വളർ­ന്നോളും.