പെൺകുട്ടികൾക്കു മാത്രമായുള്ള വിദ്യാലയങ്ങൾക്ക് ഒരുകാലത്ത് ചരിത്രപരമായ സാംഗത്യം ഉണ്ടായിരുന്നു. ആ കാലം കഴിഞ്ഞിട്ടും സഹവിദ്യാഭ്യാസം ഇല്ലാത്ത സ്കൂളുകൾ തുടരുന്നതിനുകാരണം മതാധിഷ്ഠിത ധാർമികതയും സമൂഹത്തിന്റെ അനാവശ്യ ഭീതിയുമാണ് എന്നുവേണം കരുതാൻ. ഇന്ന് സമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ലിംഗസമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കാര്യത്തിൽ പുതുതലമുറ അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ഇതരലിംഗത്തിൽ പെട്ടവരോട് ഇടപെടാനുള്ള സങ്കോചമൊക്കെ അവർക്കു നന്നേ കുറവാണ്. എന്നാൽ, സഹവിദ്യാഭ്യാസം ഇല്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളാകട്ടെ, സമൂഹത്തിന്റെ സ്വാഭാവിക ഘടനയിൽനിന്ന് ഭിന്നമായ ഒരു കൃത്രിമാന്തരീക്ഷത്തിലാണ് കഴിയുന്നത്. പ്രത്യേകിച്ചും വിദ്യാലയത്തിനു വെളിയിൽ ഇതര ലിംഗത്തിലുള്ളവരോട് ഇടപഴകാനുള്ള അവസരം ലഭിക്കാത്തവർക്ക്. 

ഇതരലിംഗത്തിലുള്ളവരെപ്പറ്റി കുടുംബങ്ങളും മാധ്യമങ്ങളും അതേ ലിംഗത്തിൽപ്പെട്ട സുഹൃത്തുക്കളും വഴി ലഭിക്കുന്ന പാഠങ്ങളാവും അവരെ നയിക്കുന്നത്. അറിയാത്ത ഒന്നിനെപ്പറ്റി മനുഷ്യർക്ക് പലതരം അബദ്ധധാരണകൾ ഉണ്ടാകാം. അമിത കൗതുകംമുതൽ പേടിവരെ തോന്നാം. അറിയാത്തതെല്ലാം അപകടകരം ആണെന്ന ധാരണ ഉണ്ടാവാം; ആക്രമിച്ച് കീഴ്‌പ്പെടുത്തേണ്ടതാണ് എന്നും തോന്നാം. ഇതരലിംഗത്തിൽനിന്നുള്ള അംഗീകാരത്തിന്റെയും നിരാസത്തിന്റെയും അനുഭവങ്ങളോട് സമരസപ്പെടാനുള്ള അവസരം അവർക്ക് ലഭിക്കാതെപോകുന്നു. അങ്ങനെ പുറംലോകത്തിന്റെ സ്വാഭാവികാനുഭവം ഉണ്ടാകാതെ വളരുന്ന കുട്ടികൾ കോളേജ് പഠനത്തിനുശേഷം കുടുംബജീവിതത്തിലേക്ക് കടക്കുമ്പോൾ അവർക്ക്  പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. പരസ്പര സഹകരണം, പരസ്പര ബഹുമാനം, ആരോഗ്യകരമായ ശരീരബോധം, ബന്ധങ്ങളെ സംബന്ധിച്ച യാഥാർഥ്യബോധം എന്നീ മേഖലകളിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം. 
സ്കൂളിലും കോളേജിലും ചെലവഴിക്കുന്ന കാലം ഭാവിജീവിതത്തിനുള്ള തയ്യാറെടുപ്പുകൂടിയാണ്.

പഠനം എന്നത് പുസ്തകത്തിലും സിലബസിലുമുള്ള അറിവു സമ്പാദിക്കുന്നത് മാത്രമല്ലല്ലോ. അവരവരെയും മറ്റുള്ളവരെയും മനസ്സിലാക്കാനുള്ള പഠനംകൂടിയാണ് വിദ്യാലയങ്ങളിൽനിന്ന് ലഭിക്കേണ്ടത്. വേർതിരിവുകൾ ഇല്ലാത്ത ലോകത്തെപ്പറ്റിയുള്ള നേരനുഭവവും പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസമാണ്, അത് വിദ്യാർഥികളുടെ അവകാശവുമാണ്. ആരോഗ്യകരമായ മനോസാമൂഹിക വികാസത്തിന് അത് ആവശ്യമാണ്.
 ലിംഗപദവിയുടെ സാമ്പ്രദായിക റോളുകളിൽനിന്ന് പുറത്തുകടക്കാൻ നമ്മുടെ യുവത്വം ശ്രമിക്കുന്ന സമയമാണിത്. പൊതുസമൂഹമാകട്ടെ, ട്രാൻസ്ജെൻഡറിനെ ഉൾക്കൊള്ളുന്ന രീതിയിലേക്ക് പരുവപ്പെട്ടിട്ടുണ്ട്. സഹവിദ്യാഭ്യാസത്തിനായി നമ്മുടെ വിദ്യാലയങ്ങളെല്ലാം തുറന്നുകൊടുക്കാൻ പറ്റിയ സമയം ഇതാണ് എന്നു തോന്നുന്നു.ഒപ്പംതന്നെ പറയട്ടെ, പെൺകുട്ടികൾക്ക് മാത്രമായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളുടെ അക്കാദമിക് പ്രകടനവും ആത്മവിശ്വാസവും ഉയർന്നതാണ് എന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പക്ഷേ, മറ്റു ഒട്ടേറെ ന്യൂനതകളെ അപേക്ഷിച്ചുനോക്കുമ്പോൾ ഈ നേട്ടം പരിഗണനാർഹമല്ലതന്നെ.


തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലെ ​സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസറാണ്‌ ലേഖകൻ