അഴുക്കുപുരണ്ട സമൂഹമനസ്സിനെ ശാസ്ത്രസത്യത്തിന്‍റെ തീർഥജലംകൊണ്ട്‌ കഴുകിവൃത്തിയാക്കിയ പറവൂർ ശ്രീധരൻ തന്ത്രികൾ,  ഉയർത്തിപ്പിടിച്ചതും നടപ്പാക്കാൻ ഉദ്ദേശിച്ചതുമായ ആശയാദർശങ്ങളുടെ സഫലീകരണമാണ്‌ സ്മൃതിമണ്ഡപത്തിലൂടെ സാധിക്കുന്നത്‌. തന്ത്രികൾ മുറുകെപ്പിടിച്ച ജ്യോതിശ്ശാസ്ത്രവും തന്ത്രശാസ്ത്രവും ജനങ്ങളിൽ എത്തിച്ച്‌ സാമൂഹിക പരിവർത്തനത്തിന്‌ ഉതകുന്ന ശക്തമായ മാധ്യമങ്ങളായി അവയെ രൂപപ്പെടുത്തുക എന്ന ദൗത്യമാണ്‌ ഈ സ്മൃതിമണ്ഡപത്തിലൂടെ ഏറ്റെടുത്തിട്ടുള്ളത്‌. പഠനത്തിനും സാധനയ്ക്കുമുള്ള അവസരമൊരുക്കുന്നതിനോടൊപ്പം ഗവേഷണത്തിനുള്ള സൗകര്യങ്ങളും സജ്ജമാക്കും. വർണ, വർഗ വ്യത്യാസമോ ജാതി ഭേദമോ കൂടാതെ എല്ലാ ശാസ്ത്രവിഷയങ്ങളും പഠിക്കാൻ ഏവർക്കും അർഹതയുണ്ടെന്നും അതിനാവശ്യമായ സ്ഥാപനങ്ങൾ ഉണ്ടാകണമെന്നുമുള്ള ശ്രീധരൻതന്ത്രിയുടെ ആശയാഭിലാഷം സാക്ഷാത്കരിക്കുകയാണ്‌ ഈ പദ്ധതിയുടെ ഉദ്ദേശ്യം.

കലശം, പ്രതിഷ്ഠ, ഉത്സവം, യജ്ഞം തുടങ്ങി ക്ഷേത്രങ്ങളിലെ താന്ത്രികച്ചടങ്ങുകൾ ഭാരിച്ച ചെലവുനിമിത്തം സാധാരണ ഗ്രാമവാസികൾക്ക്‌ ദുർവഹവും അസാധ്യവുമായിരുന്ന സമയത്ത്‌ ശാസ്ത്രവിധിയും നിഷ്ഠയും കൈവിടാതെ അവയെല്ലാം ജനപങ്കാളിത്തത്തോടെ തന്ത്രിയുടെ കാർമികത്വത്തിൽ ഭംഗിയായി നിർവഹിച്ചു. ഈ വിശാലവീക്ഷണമാണ്‌ സ്മൃതിമണ്ഡപത്തിന്‍റെ സന്ദേശവും ആശയപ്പൊരുളും.

ഭസ്മ, കുങ്കുമ, ചന്ദനാദികളാൽ പ്രശോഭിതമായ തന്ത്രിയുടെ പുഞ്ചിരിക്കുന്ന മുഖം കേരളീയർക്കെല്ലാം സുപരിചിതമാണ്‌ . അദ്ദേഹം ചെന്നെത്താത്ത ഗ്രാമങ്ങളില്ല.സാധാരണക്കാർക്ക്‌ വളരെ ലളിതമായി ആചാരാനുഷ്ഠാനങ്ങൾ വിശദീകരിച്ചുകൊടുത്ത്‌ അവരെയെല്ലാം സാംസ്കാരിക നവോത്ഥന പാതയിൽ അണിനിരത്തി. തന്ത്രശാസ്ത്ര വിദഗ്ധനായ മാധവ്ജിയും ഒത്തുചേർന്നു ക്ഷേത്രങ്ങളുടെ സമുദ്ധാരണത്തിനും പൂജാദിക്രിയാ പദ്ധതികളുടെ പ്രചാരണത്തിനും ചെയ്തിട്ടുള്ള സേവനങ്ങൾ ആർക്കും മറക്കാനാവില്ല. ഒരേ സംസ്കാരത്തിന്‍റെയും ധർമത്തിന്‍റെയും ഉടമസ്ഥാവകാശികളാണ്‌ നാമെല്ലാവരുമെന്ന ഏകാത്മകതയുടെ ദിവ്യമന്ത്രം അദ്ദേഹം എപ്പോഴും ഉരുവിട്ടു കൊണ്ടിരുന്നു. ഈ ജീവിതദർശനത്തിന്‍റെ ഉൾക്കരുത്താണ്‌ സ്മൃതിമണ്ഡപത്തിലൂടെ ഭാവിതലമുറയ്ക്ക്‌ പകർന്നുനൽകുന്നത്‌.

ശ്രീനാരായണ ഗുരുദേവന്‍റെ ദാർശനികവും അനുഷ്ഠാനപരവുമായ മാർഗങ്ങളെ അവലംബിച്ച്‌ ജനമനസ്സിൽ ആധ്യാത്മികവെളിച്ചം പകർന്നുകൊടുക്കാൻ ഒരു ജീവിതായുസ്സ്‌ മുഴുവൻ ഉഴിഞ്ഞുവെച്ച്‌ പ്രവർത്തിച്ച ത്യാഗധനനായ ജ്ഞാനജ്യോതിസ്സായിരുന്നു പറവൂർ ശ്രീധരൻ തന്ത്രി. മന്ത്രവും തന്ത്രവും ജ്യോതിഷവും സംസ്കൃതവുമെല്ലാം അനായാസേന കൈകാര്യംചെയ്യുക വഴി അവയോടെല്ലാം പലർക്കുമുണ്ടായിരുന്ന വൈമുഖ്യവും അകൽച്ചയും നീക്കംചെയ്ത്‌ കൂടുതൽ ജനകീയമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക്‌ ചെറുതല്ല. വലിയൊരു സാമൂഹിക പരിവർത്തനത്തിനും നവോത്ഥാനത്തിനും അത്‌ വഴിയൊരുക്കി.

ചെറായി വിജ്ഞാന വർധിനിസഭ വക ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ ശാന്തിയായി പ്രവർത്തിച്ചതോടെയാണ്‌ തന്ത്ര, മന്ത്ര വിഷയങ്ങളിലുള്ള പ്രായോഗികജീവിതം അദ്ദേഹം ആരംഭിക്കുന്നത്‌. തുടർന്ന്‌ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിന്‍റെ മേൽശാന്തിയായി. പഴമ്പിള്ളി ശ്രീഭദ്രകാളി ക്ഷേത്രത്തിലാണ്‌ ആദ്യമായി ക്ഷേത്രപ്രതിഷ്ഠ നടത്തിയത്‌. വർക്കല ശിവഗിരി മഠത്തിലുള്ള മഹാസമാധി മന്ദിരത്തിൽ ശ്രീധരൻതന്ത്രികളും കോരു ആശാനും ചേർന്ന്‌ ഗുരുദേവ പ്രതിമ പ്രതിഷ്ഠ നടത്തിയപ്പോൾ വലിയൊരു ചരിത്രസംഭവത്തിന്‌ അവർ സാക്ഷികളാവുകയായിരുന്നു. 

കാഞ്ചികാമകോടി പീഠം ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികളുടെ നേതൃത്വത്തിൽ നടന്ന ജ്യോതിശ്ശാസ്ത്ര സദസ്സിലും തന്ത്രിശാസ്ത്ര സെമിനാറിലും പങ്കെടുത്തു. ശാസ്ത്ര വിഷയങ്ങളിലുള്ള അഗാധപാണ്ഡിത്യവും അറിവും മനസ്സിലാക്കിയ കാഞ്ചി ശങ്കരാചാര്യർ പ്രത്യേകം ആദരിച്ച്‌ അംഗീകാരം നൽകി.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു വൈക്കം മഹാദേവ ക്ഷേത്രത്തിലെ ധ്വജ പുനഃപ്രതിഷ്ഠ. കൊടിമരച്ചുവട്ടിൽനിന്ന്‌ കിട്ടിയ നാണയങ്ങളും സ്വർണശകലങ്ങളും പുരാവസ്തുക്കളും സർക്കാരിന്‌ അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച്‌ അവയെല്ലാം സർക്കാർ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്‌ സാർവത്രികമായ പ്രതിഷേധത്തിനിടയാക്കി.

 ഭക്തജനങ്ങൾ രംഗത്തുവന്നതോടെ പ്രശ്നപരിഹാരത്തിന്‌ കൂടിയാലോചനകൾ നടന്നു. പുരാവസ്തു വകുപ്പ്‌ മന്ത്രി ആർ. ബാലകൃഷ്ണപിള്ള സ്ഥലത്തെത്തി ചർച്ചകൾ നടത്തി. കൊടിമരച്ചുവട്ടിലെ സാധനസാമഗ്രികൾ ആർക്ക്‌ അവകാശപ്പെട്ടതാണെന്നായിരുന്നു ചോദ്യം. പുരാവസ്തുക്കൾ സർക്കാരിന്റേതാണെന്ന വാദത്തിൽ മന്ത്രി ഉറച്ചുനിന്നു. തർക്കം പരിഹരിക്കാൻ ജസ്റ്റിസ്‌ ടി. ചന്ദ്രശേഖര മേനോനെ ഏകാംഗ കമ്മിഷനായി നിയമിച്ചു.

 നിധികുംഭം ധ്വജ പുനഃപ്രതിഷ്ഠാ വേളയിൽ വീണ്ടും കൊടിമരച്ചുവട്ടിൽ സ്ഥാപിക്കണമെന്ന്‌ അനേകം മഹാഗ്രന്ഥങ്ങളിലെ ഉദ്ധാരണങ്ങളും പ്രമാണങ്ങളും ചൊല്ലി കേൾപ്പിച്ച്‌ യുക്തിയുക്തം ശ്രീധരൻ തന്ത്രികൾ കമ്മിഷൻ മുൻപാകെ വാദിച്ചു. അങ്ങനെ ഒരു വർഷം വലിയ പ്രതിസന്ധികൾക്കും സംഘർഷങ്ങൾക്കും ഇടയാക്കിയ കൊടിമരപ്രശ്നം പരിഹൃതമായി. ഗുരുവായൂർ, ശബരിമല, ചോറ്റാനിക്കര തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ നടന്ന ദേവപ്രശ്നങ്ങളിൽ തന്ത്രികൾ പങ്കെടുത്തു. 

ശ്രീനാരായണ വൈദിക സംഘം രൂപവത്‌കരിച്ചു. തന്ത്രപഠന പരിഷത്ത്‌ സംഘടിപ്പിച്ചു. അന്തർദേശീയ തലത്തിലുള്ള അംഗീകാരമായി അമൃതകീർത്തി പുരസ്കാരം, പാവക്കുളം ക്ഷേത്രത്തിലെ പാവക്കുളത്തമ്മ പുരസ്കാരം, സ്വാമി മൃഡാനന്ദജി പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

ജന്മംകൊണ്ടല്ല അറിവും കഴിവും പരിഗണിച്ചാവണം പൗരോഹ്യത്യത്തിനുള്ള യോഗ്യത നിശ്ചയിക്കേണ്ടതെന്ന സുപ്രസിദ്ധ പാലിയം വിളംബരത്തിന്‍റെ ശില്പികളിൽ ഒരാളായിരുന്നു ശ്രീധരൻ തന്ത്രികൾ.