വലയിലാവാൻ  മലയാളി

‘ഭാഗ്യം’ കൊണ്ടുവരും സ്വർണച്ചേന
‘നിധിയായി കുഴിച്ചെടുക്കപ്പെട്ട കുഞ്ഞൻ സ്വർണച്ചേന. പണ്ടുകാലത്ത് പ്രമുഖ രാജാക്കന്മാർ ഉൾപ്പെടെയുള്ള പ്രമാണിമാർ സമുന്നതിക്കും സമൃദ്ധിക്കുംവേണ്ടി രഹസ്യമായി കൈവശംവെച്ചിരുന്ന വസ്തു. ഇത് വീട്ടിൽവെച്ചാൽ സമൃദ്ധി കുമിഞ്ഞുകൂടും’ -ഇത്തരമൊരു പ്രചാരണം അഴിച്ചുവിട്ടത് സാധാരണക്കാർ ആയിരുന്നില്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും ഒരു സ്ത്രീയും നേതൃത്വം നൽകിയ ഒരു സംഘമായിരുന്നു. ഈ തട്ടിപ്പിൽ 20ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയിൽ കേസെടുത്തപ്പോൾ അറസ്റ്റിലായത്‌ ഒരു ക്രൈംബ്രാഞ്ച് സി.ഐ. ഉൾപ്പെടെയുള്ളവർ. 

പലയിടങ്ങളിലും ഇവർ വിശ്വാസം ആർജിച്ചെടുക്കാൻ സ്വർണച്ചേനയുടെ ഒരു കഷണം എന്ന വ്യാ­ജേന മുറിച്ചുനൽകും. ഇതു പരിശോധിച്ച് സ്വർണം തന്നെയാണെന്നു സ്ഥിരീകരിച്ചശേഷമാണ് നിധിയായി ലഭിച്ച സ്വർണച്ചേന ഇടപാട് ഉറപ്പിക്കുന്നത്. പരിശോധനയ്ക്കു നൽകാൻ മാത്രമായി യഥാർഥ സ്വർണത്തിന്റെ ഒരു കഷണം പ്രത്യേകമായി സൂക്ഷിച്ചാണ് ഇവരുടെ തട്ടിപ്പ്. 
 ദോഷം തീരാൻ യന്ത്രം, 

സമ്പത്തേറാൻ സ്വർണപ്പാദുകം
‘ചില ദോഷങ്ങൾ തീരുന്നതോടെ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ അയവുവരും. ആ പ്രശ്നം തീരാൻ ഒരു പ്രത്യേക യന്ത്രം (തകിടിൽ പ്രത്യേക ചിഹ്നങ്ങൾ രേഖപ്പെടുത്തിയത്) ഉണ്ടാക്കി വീട്ടിൽ ചുമരിനുള്ളിൽ സ്ഥാപിച്ചാൽമതി’ -ഇങ്ങനെ പ്രചാരണം നടത്തി യന്ത്രങ്ങൾ നിർമിച്ച് സ്ഥാപിച്ചുനൽകുന്നതിന് ലക്ഷങ്ങൾ വാങ്ങുന്ന സംഘം സജീവമാണ്. ഈ കെണിയിൽപ്പെടുന്നവരിൽ ജാതി- മത വ്യത്യാസമില്ലെന്നതാണ് കൗതുകം. ഇരയായവരിൽ ഏറെപ്പേരും ബിസിനസുമായി ബന്ധപ്പെട്ടവരാണെന്നതാണ് പോലീസിനു ലഭിച്ച വിവരം.  

 സ്വർണപ്പാദുകം വീടിന്റെ കന്നിമൂലയിൽ തറനിരപ്പിൽനിന്ന് നിശ്ചിത ഉയരത്തിൽ സ്ഥാപിച്ചുനൽകി പണം തട്ടുന്നവരുമുണ്ട്‌. 18 ലക്ഷം വരെ ഇങ്ങനെ ചെലവിട്ട കരുനാഗപള്ളി സ്വദേശി അടുത്തിടെ പോലീസിൽ സംഭവം അറിയിച്ചിട്ടുണ്ട്. വാഗ്ദാനംചെയ്തത്ര ഭാഗ്യം തനിക്കു ലഭിച്ചില്ലെന്നാണ് ഇയാളുടെ പരാതി. 

ചെറുകിടക്കാരെ കുരുക്കി  പോപ്പുലർ തട്ടിപ്പ്
ചെറിയ മാസനിക്ഷേപത്തിന് വലിയതുക ലാഭം എന്ന ആകർഷകമായ ഓഫറുമായാണ് പോപ്പുലർ ഫിനാൻസ് എന്ന നിക്ഷേപ സ്വീകർത്താക്കൾ ജനഹൃദയങ്ങളിലേക്കു കടന്നത്. രോഗികളും മകളുടെ വിവാഹത്തിനുവേണ്ടി പണം നിക്ഷേപിച്ചവരുമായിരുന്നു ഈ തട്ടിപ്പിന് ഇരയായവരിൽ ഏറെയും. 

ഇങ്ങനെ പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനം തട്ടിച്ചത് 2000 കോടിയിലേറെ രൂപ. കോന്നി കേന്ദ്രീകരിച്ചുള്ള പോപ്പുലർ ചിട്ടി ഫണ്ടിന്റെ സ്ഥാപകൻ ഡാനിയേലിന്റെ മരണശേഷം പെട്ടെന്ന് പണം സമ്പാദിക്കാനുള്ള കുറുക്കുവഴിയാക്കി മകൻ റോയിയും കുടുംബവും ഫൈനാൻസ് സ്ഥാപനങ്ങളെ ഉപയോഗിച്ചു. കേരളത്തിനുപുറമേ മുംബൈയിലും ബെംഗളൂരുവിലും ചെന്നൈയിലുമെല്ലാമായി 284 ബ്രാഞ്ചുകളും ഇവരുണ്ടാക്കി. 

മോൺസണു മുമ്പേ നടന്ന്  സരിതയും സ്വപ്നയും
കോടികൾ വാഗ്ദാനംചെയ്തുള്ള തട്ടിപ്പ്. അതിൽ നാട്ടിലെ പൗരപ്രമുഖന്മാരായ ഒട്ടേറെപ്പേരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സാന്നിധ്യം. കൂടെനിന്ന് ഫോട്ടോ എടുത്തവരും മൊബൈലിൽ സംസാരിച്ചവരും ഉൾപ്പെടെയുള്ളവരെ സംശയത്തിന്റെ നിഴലിലാക്കുന്ന തട്ടിപ്പുരീതികളിൽ സരിതാ എസ്. നായരും സ്വപ്നാ സുരേഷും സഞ്ചരിച്ച പാതയിൽത്തന്നെ മോൺസൺ മാവുങ്കലും. കെട്ടുകാഴ്ചകൾകൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും അധികാരകേന്ദ്രങ്ങളെയും അതുവഴി സമൂഹത്തെയും കബളിപ്പിക്കാൻ കഴിയുന്ന തട്ടിപ്പുകാർ. 

ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയനേതൃത്വത്തെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും മതമേലധ്യക്ഷന്മാരെയുമെല്ലാം വലയിലാക്കുന്നതുവഴി സരിതയും സ്വപ്നയും മുന്നോട്ടുവെച്ച തട്ടിപ്പുരീതിതന്നെ മോൺസണും നടപ്പിൽവരുത്തിയത്. 

സൈബറിടത്തിൽ ഒറിജിനലിനെ  വെല്ലുന്ന വ്യാജന്മാർ
ഗൂഗിൾ പേ എന്ന പണമിടപാട് ആപ്ളിക്കേഷൻ ഉപയോഗിക്കുന്നതിനിടെ ചിലപ്പോൾ അയച്ച പണം ലക്ഷ്യസ്ഥാനത്ത് എത്താൻ താമസമുണ്ടാകാറുണ്ട്. ചിലപ്പോൾ മണിക്കൂറുകൾക്കുശേഷം തിരികെ അക്കൗണ്ടിൽ വരും. എന്നാൽ, ചിലർ ഇത് പണം നഷ്ടപ്പെട്ടെന്നു ധരിച്ച് പരാതി അറിയിക്കാൻ ഗൂഗിളിന്റെ സഹായത്തോടെ ശ്രമം നടത്തും. 

ഗൂഗിളിൽ അന്വേഷിക്കുമ്പോൾ അതിൽ കാണുന്ന ടോൾഫ്രീ നമ്പറിൽ വിളിക്കും. പണം നഷ്ടപ്പെട്ട ഇടപാടുവിവരങ്ങൾ അന്വേഷിച്ചറിയുന്നുവെന്ന ഭാവത്തിൽ അക്കൗണ്ട് വിവരങ്ങൾ അപ്പുറം കോൾ സെന്ററിൽ ഇരിക്കുന്നവർ നേടിയെടുക്കും. ഏതാനും നിമിഷങ്ങൾകൊണ്ട് അക്കൗണ്ടിൽ അവശേഷിച്ച പണംകൂടി നഷ്ടപ്പെട്ടെന്ന് വ്യക്തമാകും. അങ്ങനെയാണ് സൈബർ സാക്ഷരരെപ്പോലും കുരുക്കുന്ന കെണികളുടെ പോക്ക്. 

ഗൂഗിൾ പേയുടെ ആപ്പിൽ തന്നെയുള്ള പരാതി അറിയിക്കൽ സംവിധാനമാണ് യഥാർഥത്തിൽ ഉപയോഗിക്കേണ്ടതെന്നും സൈബർ വിദഗ്ധർ വ്യക്തമാക്കുന്നു.

തിമിംഗില വിസർജ്യം ഒട്ടകക്കുളമ്പ്‌
അപൂർവവും അമൂല്യവുമായ വസ്തുക്കളോടുള്ള ഭ്രമം ചൂഷണംചെയ്താണ് പുരാവസ്തുക്കളും അപൂർവവസ്തുക്കളും വ്യാജമായി നിർമിച്ച് ചിലർ ലക്ഷങ്ങൾ തട്ടുന്നത്. ഇങ്ങനെ ഭ്രമിപ്പിക്കാൻ എത്തുന്നവയിൽ കസ്തൂരിമാനിന്റെ വയറ്റിലെ ഗ്രന്ഥിയിൽനിന്ന് ശേഖരിക്കുന്ന സുഗന്ധവസ്തു, മെരുവിന്റെ കാഷ്ഠം, തിമിംഗില വിസർജ്യം (ആമ്പർഗ്രിസ്), ഒട്ടകത്തിന്റെ കുളമ്പ്, വിക്കൂനിയ പട്ട് വസ്ത്രം, പുലിത്തോൽ, കാട്ടിക്കൊമ്പ്, കരടിനെയ്യ്, തകർന്ന് സമുദ്രത്തിൽ പതിച്ച ബഹിരാകാശ പേടകത്തിന്റെ കഷണം, മുഗൾ രാജഭരണകാലത്തെ ആഭരണം, രവിവർമ-പിക്കാസോ ഉൾപ്പെടെയുള്ളവർ വരച്ച ചിത്രങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ചിലതുമാത്രം. ഇതിന്റെയെല്ലാം വ്യാജനെയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നതെന്നും ശരിക്കുള്ളത് തിരിച്ചറിയാൻ സാധാരണക്കാർക്ക് സാധിക്കില്ലെന്നതും തട്ടിപ്പിന് ആക്കംകൂട്ടും. 
ഇറിഡിയം അടങ്ങിയ റൈസ് പുള്ളർ വിറ്റ് കോടീശ്വരനാക്കാമെന്നു വിശ്വസിപ്പിച്ച് കോടികൾ തട്ടുന്നതും ഈകൂട്ടത്തിൽ ഏറെ. വാഷിങ്ടൺ ആസ്ഥാനമായുള്ള ‘ഗ്ലോബൽ സ്പേസ് മെറ്റൽസ്’ എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്നും ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞ് വർഷങ്ങളായി രാജ്യത്തുടനീളം റൈസ് പുള്ളർ തട്ടിപ്പുനടത്തിയ സംഘം കേരളത്തിലും ഒട്ടേറെപ്പേരെ കബളിപ്പിച്ചിട്ടുണ്ട്. 

40 ശതമാനംവരെ  പലിശ റെഡി
റിസർവ് ബാങ്ക് മുന്നോട്ടുവെക്കുന്ന ബാങ്കിങ് പലിശകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് കുറഞ്ഞകാലത്തെ നിക്ഷേപംകൊണ്ട് പണം ഇരട്ടിക്കുന്ന തട്ടിപ്പുകമ്പനികളും കൂണുകണക്കെ നാട്ടിലിപ്പോഴുമുണ്ട്. ഒരുകാലത്ത് ഓപ്പറേഷൻ കുബേരയെന്ന പോലീസ് സംയുക്ത പരിശോധനയുടെ പേരിൽ പിടിയിലായവർപ്പോലും വീണ്ടും സ്വർണാഭരണ വിഭൂഷിതരായി, തേച്ചുമിനുക്കിയ കുപ്പായമണിഞ്ഞ് ബ്ളേഡുമായി രംഗത്തുണ്ട്. 

40 ശതമാനംവരെ പലിശ വാഗ്ദാനംചെയ്ത് പണം പിരിച്ചെടുക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം പല രാഷ്ട്രീയകക്ഷികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ചില സിനിമാ നടന്മാരുടെയുമെല്ലാം പരിചയങ്ങൾ ദുരുപയോഗം ചെയ്യുന്നു. 


ദിവസങ്ങൾകൊണ്ട് ധനികരാകാൻ ‘മോറിസ് കോയിൻ’

 

15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപവീതം 300 ദിവസം ലാഭവിഹിതം ലഭിക്കും. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും. ഇതായിരുന്നു മോറിസ് കോയിന്റെ പേരിൽ വ്യാപകമായി നടന്ന സാമ്പത്തികത്തട്ടിപ്പ്. 

കേസിൽ ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി.യ്ക്കെതിരേയായിരുന്നു പോലീസ് അന്വേഷണം. മോറിസ് കോയിൻ നിക്ഷേപപദ്ധതി വഴി കൂടുതൽ പണം സ്വരൂപിച്ച നിക്ഷേപകരെയും അന്വേഷണപരിധിയിൽ കൊണ്ടുവന്നു. മണി ചെയിൻ ഇടപാടിലൂടെ കോടികളുടെ അനധികൃതനിക്ഷേപം സ്വീകരിച്ച സംഭവത്തിൽ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീംസ് (ബാനിങ്) ആക്ടുപ്രകാരമാണ് പോലീസ് കേസെടുത്തത്. അഞ്ചു ബാങ്ക് അക്കൗണ്ടുകളിലേക്കായി ഏതാനും മാസങ്ങൾകൊണ്ട് 1200 കോടിയുടെ നിക്ഷേപം എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 

(അവസാനിച്ചു.)