Kaithapram‘‘ഇക്കാണുന്നയാളേയല്ല, അന്നേരം അച്ഛൻ” കോഴിക്കോട് തിരുവണ്ണൂരിലെ ‘കാരുണ്യ’ത്തിൽ തൊട്ടടുത്തിരുന്ന് നിറപുഞ്ചിരിയോടെ നോക്കുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരിയെക്കുറിച്ചാണ് മകൻ ദീപാങ്കുരൻ പറയുന്നത്. സംഗീതം പഠിപ്പിക്കുമ്പോൾ, കർക്കശക്കാരനായ ഗുരുവായി ഭാവം മാറുന്ന അച്ഛനെ ഓർത്തെടുക്കുകയായിരുന്നു മകൻ.

‘‘അച്ഛനും വിശ്വപ്പനും (കൈതപ്രം വിശ്വനാഥൻ) പഠിപ്പിച്ചിട്ടുണ്ട്. വിശ്വപ്പൻ അങ്ങനെ വഴക്കൊന്നും പറയില്ല. ചെറിയ തെറ്റുകൾപോലും കണ്ടെത്തി കർക്കശമായി തിരുത്തിക്കും അച്ഛൻ. നല്ല വഴക്കും കിട്ടിയിട്ടുണ്ട്.’’ -സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്തെ ഓർമകൾ ദീപാങ്കുരൻ പങ്കിടുമ്പോൾ ചിരിച്ചുകൊണ്ടു ശരിവെക്കുന്നു അച്ഛൻ കൈതപ്രം: ‘‘ഞാൻ വഴക്കുപറഞ്ഞ് തിരുത്തിയില്ലെങ്കിൽ വേറെയാരുടെയെങ്കിലും വഴക്ക് കേൾക്കേണ്ടി വരില്ലേ?’’ എന്നൊരു ചോദ്യത്തോടെ.  

‘ആറ്റുനോറ്റുണ്ടായൊരുണ്ണി, അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി’ എന്ന വരികളെഴുതിയ കൈതപ്രത്തിന് കടിഞ്ഞൂൽപുത്രന്റെ ജനനത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ഒരു കഥ പറയാനുണ്ട്. അന്ന് മാതൃഭൂമിയിൽ തിരുവനന്തപുരത്താണ്  ജോലി. ദീപാങ്കുരൻ അമ്മയുടെ വയറ്റിലുണ്ട്. കൈതപ്രം ജോലികഴിഞ്ഞെത്തുമ്പോൾ പുലരാറാവും. വന്നു കുളിച്ചുകഴിഞ്ഞാൽപ്പിന്നെ വയറ്റിലുള്ള കുഞ്ഞിനുവേണ്ടി സംഗീതാലാപനമാണ്.

‘‘ബാലമുരളീകൃഷ്ണയാണ് അതു പറഞ്ഞുതന്നത്. അദ്ദേഹത്തെ ഗർഭം ധരിച്ചിരുന്നപ്പോൾ അമ്മ വീണ വായിച്ചിരുന്നു. ഗർഭാവസ്ഥയിൽ സംഗീതം കേൾക്കുന്നത് കുഞ്ഞിന് നല്ലതാണെന്ന അദ്ദേഹത്തിന്റെ വാക്കനുസരിച്ചായിരുന്നു പുലർകാലത്തുള്ള സംഗീതാലാപനം.’’

സംഗീതം തന്നെ സാന്ത്വനം എന്ന തിരിച്ചറിവിലേക്കുള്ള കൈതപ്രത്തിന്റെ വഴികളിലൊന്നായിരുന്നു അത്.

തനിക്ക് എല്ലാം നൽകിയ സംഗീതത്തിന്റെ വഴി മൂത്തമകൻ പിന്തുടരണമെന്ന കൈതപ്രത്തിന്റെ ആഗ്രഹമനുസരിച്ചു കൂടിയാണ് ദീപാങ്കുരൻ സ്വന്തം വഴി കണ്ടെത്തിയത്. ഉറച്ചു വിശ്വസിക്കുന്നവരെ സംഗീതം കൈവിടില്ലെന്ന ധൈര്യമാണ് മകനു വഴികാട്ടുമ്പോൾ കൈതപ്രത്തിനുണ്ടായിരുന്നത്.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ 14 കൊല്ലം പഠിച്ച കണ്ണാടി ഇല്ലത്തെ കേശവൻ നമ്പൂതിരിക്ക് സംഗീതംകൊണ്ട് കുടുംബത്തിന് സാമ്പത്തികസുരക്ഷിതത്വം നൽകാനായിരുന്നില്ല. ഒപ്പം പഠിച്ച അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും ഉള്ളിൽ കരുതുന്ന ഗാനഗന്ധർവൻ യേശുദാസ് കൈതപ്രത്തെ ഇല്ലത്തേക്കെത്തിയിരുന്നു, ജന്മശതാബ്ദി ആഘോഷവേളയിൽ. കണ്ണാടി ഭാഗവതർ എന്നു പേരുകേട്ട പ്രതിഭയായിട്ടും അദ്ദേഹത്തിന് സംഗീതംകൊണ്ട് ഒരു ജീവിതമുണ്ടാക്കാനായില്ല. അതിനാലാവാം മക്കൾ ആ വഴി തിരഞ്ഞെടുക്കേണ്ടെന്ന് അദ്ദേഹം അധൈര്യപ്പെട്ടത്.

എന്നാൽ, സംഗീതംപഠിക്കാൻ ചെന്നപ്പോൾ, വടക്കഞ്ചേരി രാമഭാഗവതർ കൈതപ്രത്തിനുമുന്നിൽ വെച്ചത് ഒരേയൊരു വ്യവസ്ഥ: ‘‘സംഗീതംകൊണ്ട് ജീവിക്കും എന്നുറപ്പുണ്ടെങ്കിലേ പഠിപ്പിക്കൂ.’’ പി. ലീല ഉൾപ്പെടെ ഒട്ടേറെ പ്രതിഭകളുടെ ഗുരുവാണ് അദ്ദേഹം. കൈതപ്രം ഗുരുവിന്  വാക്കുനൽകി: ‘‘സംഗീതംകൊണ്ട് ജീവിക്കും.’’ അതു പാലിക്കുകയും ചെയ്തു.

‘‘അച്ഛൻതന്നെയാണ് ഗുരു. പിന്നീട് പലരിൽനിന്നും പഠിച്ചിട്ടുണ്ട്. ഞങ്ങൾക്കു ചുറ്റും എന്നും സംഗീതമുണ്ടായിരുന്നു.’’ തിരുവണ്ണൂരിൽ സ്വാതിതിരുനാൾ കലാകേന്ദ്രത്തിൽ അനുജൻ ദേവദർശനൊപ്പം പഠിച്ചും പാടിയും  നടന്ന നാളുകളെക്കുറിച്ചുള്ള ഓർമകളിലാണ് ദീപാങ്കുരൻ.

 കോറോം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ‘നാവാമുകുന്ദഹരേ’ പാടിക്കൊണ്ട് ദീപാങ്കുരന്റെ സിനിമാപ്രവേശം. ‘ദേശാടനം’ എന്ന ചിത്രത്തിൽ മഞ്ജുമേനോനോടൊപ്പം ആലപിച്ച ഈ ഗാനം അക്കാലത്ത് ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതായിരുന്നു.

അച്ഛനും വിശ്വപ്പനുമുൾപ്പെടെയുള്ള ഗുരുക്കന്മാരുടെ ആ പരിശീലനമാണ് സംഗീതസംവിധായകനായി പ്രവർത്തിക്കുമ്പോൾ ആത്മവിശ്വാസം നൽകുന്നതെന്ന ദീപാങ്കുരൻ. എം.ബി.എ. പഠനത്തിനു സമാന്തരമായി ബോംബെ ഗന്ധർവ മഹാവിദ്യാലത്തിലെ ഏഴുവർഷത്തെ കോഴ്‌സിലൂടെ സംഗീതവിശാരദ് ഡിപ്ലോമ നേടിയശേഷം യു.കെ.യിൽ മ്യൂസിക് പ്രൊഡക് ഷനിൽ രണ്ടുവർഷം മാസ്റ്റേഴ്‌സിനു ചേർന്നു.

പാശ്ചാത്യസംഗീതത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും അനുഭവിച്ചറിയാനുമായിരുന്നു ലീഡ്‌സ് മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ ആ പഠനം. അക്കാലത്തു നടന്ന ഒരു മത്സരത്തിന്റെ കഥകൂടിയുണ്ട് പറയാൻ. സൗണ്ട് ഡിസൈനിങ്ങിൽ ലോകതലത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ നാലാംസ്ഥാനം ലഭിച്ചു. ഓസ്കർ ജേതാക്കൾ വിധികർത്താക്കളായ ആ മത്സരത്തിലെ നാലാംസ്ഥാനം വലിയ അംഗീകാരമാണെന്ന് ദീപാങ്കുരൻ തിരിച്ചറിയുന്നു.

സംഗീതം ജീവിതമാർഗമായി തിരഞ്ഞെടുക്കാനുള്ള അച്ഛന്റെ നിർദേശം സന്തോഷത്തോടെയാണ് ഈ മകൻ സ്വീകരിച്ചത്. ‘‘ചെയ്യുന്നതെന്തും നന്നായി വരുന്നതിൽപ്പരം ആഹ്ലാദമെന്തുണ്ട്? സംഗീതം ആ ആനന്ദമാണ് നൽകുന്നത്. നല്ല സംഗീതം സൃഷ്ടിക്കുക, അത് ആസ്വാദകർ സ്വീകരിക്കുക, അതിൽനിന്നു ജീവിക്കാനുള്ള വരുമാനമുണ്ടാകുക. ഇതിലേറെ സുകൃതമെന്തുവേണം.’’  അച്ഛനും ഗുരുവുമായ കൈതപ്രത്തിന്റെ അരികത്തിരുന്ന്, ചിരി പങ്കിട്ടുകൊണ്ട് ദീപാങ്കുരന്റെ ചോദ്യം.