ലയാളിയുടെ  മനസ്സില്‍ നിറയുന്ന വലിയ ബിംബമാണ് ആനകള്‍. എത്രയെത്ര ആനകളും ആനക്കഥകളുമാണ് ഇന്നും മലയാളിയുടെ മനസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. നാട്ടുവര്‍ത്തമാനങ്ങളില്‍ പോലും ആനച്ചൂരും ആനക്കഥകളും വലിച്ചുകൊണ്ടുവരുന്നവരാണ് പ്രത്യേകിച്ച് തൃശ്ശൂരുകാര്‍. ഉത്സവങ്ങളില്‍ ദേവന്‍മാരോടൊപ്പം തന്നെ പ്രാധാന്യം ആനകള്‍ക്കുമുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൂരങ്ങള്‍ തലയെടുപ്പുള്ള കൊമ്പന്‍മാരുടെ ഉത്സവം കൂടിയാണ്.

രൗദ്രസൗന്ദര്യത്തില്‍ കടലെന്നപോലെ ആസ്വാദനമേകുന്ന വിധമാണ് ഗജവിരന്മാരുടെ കാര്യവും. സുപ്രസിദ്ധിയും, കുപ്രസിദ്ധിയും നേടിയ ആനകള്‍. തിടമ്പേറ്റാനുള്ള ആനകളുടെ മത്സരത്തില്‍ തല കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതാപിയായ കീരങ്ങാട്ട് കേശവന്‍, മന്നാടിയാരുടെ ശാന്തഗംഭീരനായ ആന, സാത്വികനായ കൂടലാറ്റുപുറം, ഗജസൗന്ദര്യത്തില്‍ കേമനായ പനമന, കൂടപ്പുഴ മാണിക്യന്‍, പന്തല്‍മാണിക്യന്‍, ചെറിയരവി, വെണ്‍ചാമരം കിട്ടിയാല്‍ താളത്തിനൊത്ത് വീശാന്‍ വൈദഗ്ദ്ധ്യമുള്ള വലിയ രവി, നാടോടി ഗാനത്തില്‍ വീരനായകനായ കവളപ്പാറ കൊമ്പന്‍, ഈ ഗജകേസരികളെല്ലാം ഉത്സവത്തിന്റെ ഗതകാല സ്മരണകളുണര്‍ത്തുന്നവയാണ്.

എത്രയെത്ര ആനകളാണ് നമ്മുടെമുന്നിലൂടെ തന്റെ ജീവിതക്കാലത്തെ അറിയിച്ച് കടന്നുപോയിരിക്കുന്നത്. സാക്ഷാല്‍ ഗുരുവായൂര്‍ കേശവന്‍. ചെങ്ങല്ലൂര്‍ രംഗനാഥന്‍, കാച്ചാംകുറിശ്ശി കേശവന്‍, കവളപ്പാറക്കൊമ്പന്‍, വലിയരവി, പന്തല്‍ മാണിക്യന്‍, പാലിയം ഗോവിന്ദന്‍, കുടലാറ്റുപുറം രാമചന്ദ്രന്‍, ചെറിയരവി, പാലിയം ചന്ദ്രശേഖരന്‍, ചെങ്ങാലൂര്‍ മാണിക്യന്‍, പട്ടാമ്പി നാരായണന്‍, കൊല്ലംകോട്  അയ്യപ്പന്‍, കാച്ചാംകുറിശ്ശി അയ്യപ്പന്‍, കൂടല്‍മാണിക്യം ലക്ഷ്മണന്‍ എന്നുവേണ്ട തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍, തിരുവമ്പാടി ശിവസുന്ദര്‍, കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍ തുടങ്ങി നൂറുകണക്കിന് പേരുകളിലൂടെയാണ് ആ ആനപ്പെരുമ നീങ്ങുന്നത്. അവരില്‍ ചിലര്‍ എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നു. എവിടെ നിന്നോ വന്ന് പലവഴികളിലൂടെ ഒഴുകിഒടുവില്‍ താരമായിമാറുന്ന രാസപരിണാമമാണ് ഓരോ കൊമ്പനും പറയാനുള്ളത്.

സുപ്രസിദ്ധികൊണ്ടു പ്രശസ്തരായവരാണ് ഈ കൊമ്പന്‍മാരില്‍ പലരും. തമിഴ്നാട്ടില്‍ നിന്ന് ചെങ്ങല്ലൂര്‍ മനയിലെത്തിയ ചെങ്ങല്ലൂര്‍ രംഗനാഥന്‍ കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനകളിലൊന്നായിരുന്നു. എന്നാല്‍ ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളിച്ച് നിര്‍ത്തിയപ്പോള്‍ പാലിയം ഗോവിന്ദന്‍ എന്ന ആന കുത്തി വീഴ്ത്തി. അന്ത്യം അവിടെവെച്ചായിരുന്നു. എന്നാല്‍ രംഗനാഥനെ കുത്തിയ പാലിയം ഗോവിന്ദന് മാറാരോഗം വപ്പോള്‍ ഉടമസ്ഥര്‍ തൃപ്പുണ്ണിത്തറ ദേവസ്വത്തിലേക്ക് ആനയെ വഴിപാടായി സമര്‍പ്പിച്ചു. എന്നാല്‍ നില്‍ക്കാന്‍ കഴിയാതെ തളര്‍ന്നുവീണ ഗോവിന്ദന്റെ കാലുകളില്‍ ചിതല്‍രോഗം പിടിപ്പെട്ടു. വളരെക്കാലം രോഗാവസ്ഥയില്‍ കഴിഞ്ഞ ഗോവിന്ദന്റെ അന്ത്യം ദയനീയമായിരുന്നു.

തലയെടുപ്പുള്ള ആനയായ കവളപ്പാറ കൊമ്പന്റെ അന്ത്യം ചങ്ങലയില്‍ കിടന്നായിരുന്നു. ഇരുപതിലധികംപേരെ ഇടഞ്ഞ് കൊന്നിട്ടുള്ള കവളപ്പാറ അവസാനം കൊന്നത് കൊടുങ്ങല്ലൂരില്‍ വെച്ച് സ്വന്തം പാപ്പാനായിരുന്ന കുഞ്ഞന്‍നായരെയായിരുന്നു. എവിടെപ്പോയി ആളെ കൊന്നാലും തീര്‍ത്ഥകുളത്തില്‍ പുലകുളി നടത്തിയ ആനയായിരുന്നു എന്നാണ് കവളപ്പാറ കൊമ്പന്റെ വിശേഷണം. ഒരു ആനയെക്കുറിച്ച് ഒരു ഖണ്ഡകാവ്യം ഉണ്ടായത് കവളപ്പാറ കൊമ്പനെക്കുറിച്ചായിരുന്നു.

അറുപതാം വയസ്സില്‍ ചരിഞ്ഞ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ കഥകളുടെ തമ്പുരാനായിരുന്നു. നോവലും സിനിമയും ഉണ്ടായത് ഈ കൊമ്പനുവേണ്ടിയാണ്. ഗുരുവായൂരിന്റെ ആനകളില്‍ പേര് ഇന്നും  ഗുരുവായൂര്‍ കേശവനാണ്. കുട്ടികളോട് വലിയ സ്നേഹം ഉണ്ടായിരുന്ന ആന എന്ന പേരും കേശവന് ഉണ്ടായിരുന്നു. ലക്ഷണമൊത്ത ആന, ഗുരുവായൂരപ്പനോട് അദമ്യമായ ഭക്തിയുള്ള ആന, ഗുരുവായൂര്‍ ക്ഷേത്ര ഉത്സവ ചടങ്ങുകള്‍ പറയാതെ തന്നെ അറിഞ്ഞിരുന്ന ഗജവീരന്‍ തുടങ്ങിയ വിശേഷണങ്ങളും കേശവനുണ്ടായിരുന്നു. ഏകാദശി ദിവസം ചരിഞ്ഞ ആനയെന്നത് ഗുരുവായൂര്‍ ഭക്തര്‍ക്ക് കേശവനോട് ആദരവ് കൂടാന്‍ കാരണമായി.

പൂരങ്ങളിലെ സ്റ്റാര്‍ ആയിരുന്ന കാച്ചാംകുറിശ്ശി കേശവനും വളരെക്കാലം തളര്‍ന്നു നിന്ന ആനയാണ്. പിന്നീട് കിടപ്പിലായശേഷം ആ കിടപ്പില്‍ നിന്ന് എഴുന്നേറ്റില്ല. പത്തുകോല്‍ മൂന്ന് ഇഞ്ച് ഉയരം അതായിരുന്നു തലയെടുപ്പുള്ള വലിയ രവി. കൂടല്‍ മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ വലിയ ദീപസ്തംഭത്തിന്റെ രണ്ട് തട്ട് തെക്കോട്ട് ചരിഞ്ഞിരിക്കുന്നത് വലിയ രവി മദിച്ച് തട്ടിയതെന്നാണ് പറയപ്പെടുന്നത്.

ഓടുന്ന ആനയെന്നാണ് പാലിയം ചന്ദ്രശേഖരന്‍ അറിയപ്പെടുന്നത്. ആരെയും ഉപദ്രവിക്കില്ലെങ്കിലും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍പ്പോലും ചന്ദ്രശേഖരന്‍ ഓടുമായിരുന്നു. കൂട്ടാന ഇടഞ്ഞാല്‍, വലിയ ശബ്ദംകേട്ടാല്‍ എല്ലാം ചന്ദ്രശേഖരന്‍ ഓടും. ലക്ഷണമൊത്ത ആനയെന്നാണ് പനമന രാമചന്ദ്രന്‍ അറിയപ്പെടുന്നത്. മാതംഗലീലയില്‍ പറയുന്ന ആനയുടെ ഭൂരിഭാഗം ലക്ഷണങ്ങളും രാമചന്ദ്രന് ഇണങ്ങുമായിരുന്നു. കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ആറാട്ട കഴിഞ്ഞ് മടങ്ങും വഴി അവിട്ടത്തൂരില്‍ വെച്ച് വെടിയേറ്റാണ് രാമചന്ദ്രന്‍ ചരിഞ്ഞത്.

കുംഭകോണം സ്വാമിയുടെ വകയായിരുന്നു കൊല്ലംകോട് അയ്യപ്പന്‍. ആനയെ പ്രണയിച്ച കീരങ്ങാട്ടു മനയില്‍ വാസുദേവന്‍ നമ്പൂതിരി ബീഹാറില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍. ആറ്റാശ്ശേരി അര്‍ജ്ജുനന്‍ എന്നായിരുന്നു ആദ്യപേര്. തൃശ്ശൂരില്‍ പൂരങ്ങള്‍ക്ക് ആനയെ ഏര്‍പ്പെടുത്തി കൊടുക്കുന്ന ഇടനിലക്കാരനായ കെ. എന്‍. വെങ്കിടാദ്രി ബിഹാറിലെ സോണാപൂര്‍ ചന്തയില്‍ നിന്ന് 1980ല്‍ വാങ്ങിയ കുട്ടികൊമ്പനാണ് ഇന്നത്തെ തെച്ചികോട്ടുകാവ് രാമചന്ദ്രന്‍. ഗണേശനെന്നാണ് ആദ്യ പേര്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആനയായാണ് തെച്ചികോട്ടുകാവ് രാമചന്ദ്രനെ ഗണിക്കുന്നത്. കോടനാട് വനത്തില്‍ വാരിക്കുഴിയില്‍ വീണ പിടിയാനയുടെ കുട്ടിയാണ് പില്‍ക്കാലത്ത് തിരുവമ്പാടി ശിവസുന്ദറായത്. പൂക്കോടന്‍ ശിവനെന്നായിരുന്നു ആദ്യപേര്. പിന്നീട് ടി.എ.സുന്ദര്‍മേനോന്‍ ആനയെ വാങ്ങി തിരുവമ്പാടി കണ്ണന് കാഴ്ചവെച്ചു. അതോടെ പൂക്കോടന്‍ ശിവന്‍ തിരുവമ്പാടി ശിവസുന്ദറായി.

ആനയുടെ ആയുസ്സ് 120 വയസ്സ് വരെയാണെന്നാണ് ആനയെക്കുറിച്ച് വിവരിക്കുന്ന കൃതിയായ മാതംഗലീല പറയുന്നത്. ഗജഉത്പത്തി, ശുഭലക്ഷണം, അശുഭലക്ഷണം, ആയുസ്സ്, വയസ്സ്, മാനം, മൂല്യവിശേഷം, സത്യം, മതേഭദം, ആനപിടുത്തം, സംരക്ഷണം, ഋതുചര്യ, ആനക്കാരന്റെ ലക്ഷണം എന്നിവ അടങ്ങുന്ന 12 അദ്ധ്യായങ്ങളാണ് മാതംഗലീലയില്‍ ഉള്ളത്. രായമംഗലം ക്ഷേത്രത്തില്‍ ധ്യാനിച്ചിരുന്ന ഒരു പണ്ഠിതനാണ് ഇത് രചിച്ചത് എന്ന് കരുതപ്പെടുന്നു.

മാതംഗലീലപ്പോലെ പ്രശസ്തമാണ് ഹസ്ത്യായൂര്‍വ്വേദം. പാലകാപ്യം എന്നും ഈ ഗ്രന്ഥത്തിന് പേരുണ്ട്. ആനയെക്കുറിച്ചാണ് ഇതും വിവരിക്കുന്നത്. സാധാരണയായി ആനകളുടെ ആയുസ്സ് അറുപത് മുതല്‍ 70 വയസ്സ് വരെയാണ് കണക്കാക്കുത്. ഗുരുവായൂര്‍ കേശവന്‍ 60-ാം വയസ്സില്‍ ചരിഞ്ഞപ്പോള്‍ കൂടലാറ്റുപുറം രാമചന്ദ്രന്‍, കാച്ചാംകുറിശ്ശി കേശവന്‍ എന്നീ ആനകള്‍ 56 വയസ്സുവരയെ ജീവിച്ചിരുന്നുള്ളു.

തൃപ്പുണിത്തുറ ദേവസ്വംവകയായി ഒന്നാന്തരത്തില്‍ പെട്ട നിരവധി ആനകള്‍ ഉണ്ടായിരുന്നു. അവയില്‍ ഗോപാലന്‍, രാമചന്ദ്രന്‍, പദ്മനാഭന്‍, ഗണപതിക്കുട്ടി, ഗംഗാധരന്‍, രാമന്‍കുട്ടി എന്നീ ആനകള്‍ പേരുകേട്ടവയാണ്. ഗോപാലനും പദ്മനാഭനും ഗണപതിക്കുട്ടിയും താപ്പാനകളായിരുന്നു. ഗോപാലനും രാമചന്ദ്രനും ഉയരംകൊണ്ട്  ഒന്നാംകിടയില്‍ പെടുത്താറുണ്ട്.

രാമചന്ദ്രന്‍ കൂട്ടാനയെ കുത്തുക എന്ന സ്വഭാവക്കാരനാണ്. ഒരു കൊല്ലം പറയ്‌ക്കെഴുന്നള്ളിച്ച് രാത്രി  തൃപ്പൂണിത്തുറ കൊട്ടാരത്തിന്റെ പരിസരത്തില്‍ക്കൂടി പോകുമ്പോള്‍ രാമചന്ദ്രന്‍ ഒരു ചങ്ങല ഇളകുന്ന ശബ്ദം കേട്ടു. അല്‍പം അകലെ രാമന്‍കുട്ടിയെ തളച്ചിരുന്നു. ആനക്കാരുടെ നിയന്ത്രണത്തില്‍നിന്നു തെറ്റി രാമചന്ദ്രന്‍ രാമന്‍കുട്ടിയുടെ സമീപത്തെത്തി  കുത്തിത്തുടങ്ങി. രാമന്‍കുട്ടി കുത്തുകള്‍ തടുത്തു. അപ്പോഴേക്കും ജനങ്ങളും നിറഞ്ഞു. രാമചന്ദ്രന്റെ പുറത്ത് കോലവും കുടയും പിടിച്ച് രണ്ട് ശാന്തിക്കാര്‍ ഇരിപ്പുണ്ട്. രാമന്‍കുട്ടിയുടെ ആനക്കാരന്‍ വന്നു ഓലത്തുഞ്ചുകള്‍ കത്തിച്ച് രണ്ടാനകളുടെയും മധ്യത്തിലേക്ക് എറിഞ്ഞുതുടങ്ങി. അല്‍പസമയത്തിനുള്ളില്‍ തീ ആളിക്കത്തിത്തുടങ്ങി. ആനകള്‍ രണ്ടും പിന്മാറിയ സമയത്ത് രാമന്‍കുട്ടിയുടെ കെട്ടഴിച്ച് ആനക്കാരന്‍ വിടുകയും അവന്‍ ഇരുട്ടില്‍ എവിടെയോ ഓടിയൊളിച്ച് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് രാമചന്ദ്രന്‍ നിയന്ത്രണത്തിന് വഴങ്ങിക്കൊടുത്തു. പറ എഴുന്നള്ളിപ്പ് തുടരുകയും ചെയ്തു.

അടുത്ത കൊല്ലം രാമചന്ദ്രന്റെ പുറത്ത് എഴുന്നള്ളിച്ച് പറക്ക് പോകുമ്പോള്‍ കരിങ്ങാച്ചിറപ്പുഴ ഇറങ്ങിക്കടക്കുമ്പോള്‍ രാമചന്ദ്രന്റെ കാല്‍ ചളിയില്‍പൂണ്ട് ആന കീഴ്‌പ്പോട്ട് ഇരുന്നു തുടങ്ങി. ഏതാണ്ട് പുഴയുടെ കിഴക്കേ വക്കിനു എത്താറായപ്പോഴാണ് ഇത് സംഭവിച്ചത്. കോലം ഏതാണ്ട് വെള്ളത്തില്‍ താഴും എന്ന ഘട്ടം വരെ വന്നു. ആനയുടെ സാഹസശ്രമത്തില്‍ പുഴവക്കില്‍ വളര്‍ന്നുനിന്നിരുന്ന കൈതക്കൂട്ടത്തില്‍ ചുറ്റിപ്പിടിച്ച് തലമാത്രം രക്ഷപ്പെടുത്തിക്കൊണ്ടുള്ള നിലയായി. പിന്നീട് രണ്ടുമണിക്കൂര്‍ നേരത്തെ ജനങ്ങളുടെ പരിശ്രമഫലമായി ആന ഒരു വിധത്തില്‍ കരയ്ക്കുകയറി. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. രാമചന്ദ്രന്‍ ചത്തത് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന്റെ അടുത്ത് വെച്ചാണ്.

രാമന്‍കുട്ടിയുടെ നെറ്റിക്കുള്ള വീതി പോലെ മറ്റൊരാനക്കും ഇല്ല. ചെങ്ങല്ലൂര്‍ ആനക്കുള്ള നെറ്റിപ്പട്ടം കെട്ടിച്ചാലും നെറ്റി മുഴുവന്‍ മൂടുകയില്ല. ഉയരം കുറവാണെങ്കിലും കാണാന്‍ ഭംഗിയുള്ള ആനയായിരുന്നു. വളരെ ആനക്കാര്‍ അവന്റെ കൊമ്പിനു ഇരയാവാന്‍ ഇടവന്നിട്ടുണ്ട്.

ഗംഗാധരന്‍ ആദ്യകാലങ്ങളില്‍ വളരെ ഇടച്ചില്‍ ഉള്ള ആനയായിരുന്നു എന്നും ആനക്കാര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ കുരു അരച്ച് കണ്ണില്‍ തേച്ച് ആനക്ക് കാഴ്ച ഇല്ലാതാക്കിയതാണ് എന്നും കേള്‍വിയുണ്ട്. കണ്ണുകള്‍ രണ്ടും ഉപയോഗശൂന്യമായിരുന്നു എന്നത് പരമാര്‍ത്ഥമാണ്. കയറ്റി എഴുന്നള്ളിപ്പിന് വളരെ ഭംഗിയുള്ള ആനയായിരുന്നു. മതില്‍ക്കകത്ത് ഇടഞ്ഞുനില്‍ക്കുമ്പോള്‍ രാജകുടുംബത്തിലെ കുഞ്ഞിക്കിടാവ് തമ്പുരാനെ കുത്തുകയുണ്ടായി. തമ്പുരാന്‍ ചികിത്സകൊണ്ട് രക്ഷപ്പെടുകയും ചെയ്തു.

famous elephants in kerala

ചെങ്ങല്ലൂര്‍ രംഗനാഥന്‍

കേരളത്തില്‍ എങ്ങും പ്രശസ്തനായിരുന്ന, പല വൈശിഷ്ട്യങ്ങളുമുണ്ടായിരുന്ന ഒരു നാട്ടാനയായിരുന്നു ചെങ്ങല്ലൂരാന എന്നറിയപ്പെട്ടിരുന്ന ചെങ്ങല്ലൂര്‍ രംഗനാഥന്‍. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആനയെന്ന് പുകള്‍പ്പെറ്റ ഗജരാജനാണ് ചെങ്ങല്ലൂര്‍ രംഗനാഥന്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ആനപ്രമികലെ ആവേശംകൊള്ളിക്കാന്‍ രംഗനാഥനു കഴിഞ്ഞിരുന്നു.

11.5 അടിയായിരുന്നു പൊക്കം. ഇപ്പോഴും ഈ ഉയരം ചരിത്രമാണ്. സാധാരണ ആനകളുടെ ശരാശരി ഉയരം പത്തടിക്ക് തൊട്ടു മുകളില്‍ മാത്രമാണ്. ഭീമാകാരനായിരുന്ന ഈ ആനയുടെ അസ്ഥിപഞ്ജരമാണ് തൃശ്ശൂര്‍ മൃഗശാലയിലെ പുരാവസ്തു മ്യൂസിയത്തിന്റെ പ്രവേശനഹാളില്‍  പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരുപാടു ചരിത്രങ്ങളില്‍ രംഗനാഥന്‍ ഇടംനേടിയിട്ടുണ്ട്.

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീരംഗം ക്ഷേത്രത്തിലാണു രംഗനാഥന്റെ ജീവിതചരിത്രം തുടങ്ങുന്നത്. ക്ഷേത്രത്തിലെ ആനക്കുട്ടിയായിരുന്നു രംഗനാഥന്‍. കാവേരിനദിയില്‍ നിന്ന് വലിയ അണ്ടാവുകളില്‍ നിറച്ച വെള്ളം കോവിലിലെ ആവശ്യങ്ങള്‍ക്കായി അകത്ത് എത്തിച്ചുകൊടുക്കലായിരുന്നു  ജോലി. വളരെ വേഗത്തില്‍ ഉയരം വെച്ചുകൊണ്ടായിരുന്നു അവന്‍ വളര്‍ന്നുവന്നത്. ഒടുവില്‍ ക്ഷേത്രഗോപുരം കടന്ന് അകത്തുകയറാനാകാത്തവിധം അവന്‍ വളര്‍ന്നുകഴിഞ്ഞപ്പോള്‍ ക്ഷേത്രാധികാരികള്‍ അവനെ വില്‍പ്പനക്കു വച്ചു. 

ഇതറിഞ്ഞ ആനക്കമ്പക്കാരനായ, തൃശ്ശൂര്‍ അന്തിക്കാട്ടുള്ള ചെങ്ങല്ലൂര്‍ നമ്പൂതിരി അവനെ വാങ്ങിക്കൊണ്ടുവന്നു. 1905 -ല്‍ നടന്ന ഈ കച്ചവടത്തില്‍ ആനയുടെ വില 1500 രൂപയായിരുന്നു. കേരളത്തിലെത്തിയപ്പോള്‍ കിട്ടിയ പരിചരണങ്ങളുടെ ഫലമായി ആന പൂര്‍ണ്ണ ആരോഗ്യവാനും അതികായനുമായി മാറി. പോഷണസമൃദ്ധമായ ഭക്ഷണമാണ് ചെങ്ങല്ലൂര്‍ മനയില്‍ നിന്ന് രംഗനാഥനു ലഭിച്ചത്. രംഗനാഥന്‍ തടിച്ചുകൊഴുത്ത് അഴകുള്ള ആനയായി. ഉയരക്കൂടുതലുണ്ടായിരുന്നതുകൊണ്ട് ഉത്സവങ്ങളില്‍ രംഗനാഥനായിരുന്നു തിടമ്പേറ്റിയിരുന്നത്. മലയാളക്കരയാകെ ഇതിന്റെ ആകാര ഭംഗിയെ പറ്റിയുള്ള സംസാരം പടര്‍ന്നു. മഹാകവി വള്ളത്തോള്‍ പോലും ഇതിനെ വാഴ്ത്തി പാടി. വലുപ്പത്തേക്കാള്‍ ഉപരി ഇതിന്റെ ശാന്ത സ്വഭാവം ആയിരുന്നു പലരുടെയും മനസ് കീഴടക്കിയിരുന്നത്. തൃശ്ശൂര്‍ പൂരത്തിലെ പ്രസിദ്ധമായ മഠത്തില്‍ വരവിന് ഈ ആനയെക്കൊണ്ട് വെഞ്ചാമരം വീശിപ്പിക്കാറുണ്ടായിരുന്നു. തൃശ്ശൂര്‍പൂരത്തിനു വര്‍ഷങ്ങളായി തിരുവമ്പാടിയുടെ തിടമ്പേറ്റിയിരുന്ന പൂമുള്ളി ശേഖരന്‍ എന്ന ആനയെ പുറന്തള്ളികൊണ്ടാണു രംഗനാഥന്‍ തിരുവമ്പാടിയുടെ തിടമ്പേറ്റിയത്. പൊക്കത്തില്‍ മാത്രമല്ല സ്വഭാവത്തിലും വലിയ ഗുണഗണങ്ങല്‍ രംഗനാഥനുണ്ടായിരുന്നു. എത്ര പ്രകോപനം ഉണ്ടായാലും ഒരിക്കലും കുറുമ്പുകാട്ടാത്തവന്‍ എന്നാണ് രംഗനാഥനെക്കുറിച്ചെഴുതിയ ചെങ്ങല്ലൂരാന എന്ന പുസ്തകത്തിലെ പരാമര്‍ശം.

1914-ല്‍ ആറാട്ടുപുഴ പൂരത്തിന്ന് ശാസ്താവിന്റെ തിടമ്പേറ്റിനിന്നിരുന്ന രംഗനാഥനെ തൊട്ടരികിലുണ്ടായിരുന്ന അകവൂര്‍ ഗോവിന്ദന്‍ എന്ന ആന കുത്തിവീഴ്ത്തി. അങ്ങനെ വയര്‍ പിളര്‍ന്ന് കുടല്‍മാല പുറത്തുചാടി. അതോടെ അരങ്ങൊഴിഞ്ഞ രംഗനാഥന്‍ 1917 ല്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.'ചെങ്ങല്ലൂരാന' എന്നപേരില്‍ ഈ ആനയുടെ കഥ വിസ്തരിക്കുന്ന ഒരു പുസ്തകം പ്രചാരത്തിലുണ്ടായിരുന്നു. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ഉത്സവങ്ങളില്‍ ഭൂരിഭാഗവും എഴുന്നള്ളിപ്പിന്റെ നേതൃസ്ഥാനം രംഗനാഥനായിരുന്നു. 

ആയിടക്കു തൃശൂര്‍ മ്യൂസിയം സ്ഥാപിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ചുമതലയുള്ള സായിപ്പും മേല്‍പ്പറഞ്ഞ രംഗനാഥനെ പറ്റി കേട്ടിരുന്നു. ഇത്രയും ഭീമകരത്വം ഉള്ള ആനയെ ചുമ്മാ കുഴിച്ചിട്ടു കളയാന്‍ അയാള്‍ തയാറായില്ല. നമ്പൂതിരിയില്‍ നിന്നും അനുവാദം വാങ്ങി സായിപ്പ് ആനയുടെ മൃതദേഹം കൊണ്ടുപോയി ശാസ്ത്രീയായി ദ്രവിപ്പിച്ചു. പിന്നീട് എല്ലുകള്‍ കൃത്യമായി എണ്ണി പെറുക്കി വീണ്ടും ഒന്നിപ്പിച്ചു. 1938-ല്‍ മ്യൂസിയം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തപ്പോള്‍ രംഗനാഥനും അതില്‍ ഉണ്ടായിരുന്നു. മണ്മറഞ്ഞു നൂറ്റാണ്ടു പിന്നിട്ടിട്ടും രംഗനാഥന്റെ ഉയരമുള്ള അസ്ഥിപഞ്ചരം ഇന്നും കാണികള്‍ക്ക് വിസ്മയം ആയി തൃശൂര്‍ മ്യുസിയത്തില്‍ സ്ഥിതി ചെയ്യുന്നു.

famous elephants in kerala

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍. ഉയര്‍ന്ന മസ്തകം, കൊഴുത്തുരുണ്ട ഉടല്‍, ഉറച്ചകാലുകള്‍, ആനച്ചന്തത്തിന്റെ പര്യായമാണ് രാമചന്ദ്രന്‍. ഉത്സവ എഴുന്നള്ളത്തിനു തിടമ്പേറ്റിയാല്‍ തിടമ്പിറക്കും വരെയും തലയുയര്‍ത്തിപ്പിടിച്ചിരിക്കും എന്നതാണു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പ്രത്യേകത. എട്ടി ഉയരവുമായി ബീഹാറിലെ സോണ്‍പുര്‍ മേളയില്‍ നിന്ന് വാളയാര്‍ ചുരം കടന്നുവന്ന മോട്ടിപ്രസാദ് എന്ന ആനക്കുട്ടി പിന്നീട് ഗണേശന്‍ എന്ന പേരില്‍ അറിയപ്പെടുകയും അത് പിന്നീട് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഭാഗമായപ്പോള്‍ തെച്ചിക്കോട്ടുകാവ്  രാമചന്ദ്രനായി മാറുകയും ചെയ്തു. പിന്നെ നടന്നത് വിസ്മയിപ്പിക്കുന്ന ചരിത്രം. ഒരു ദേശത്തിന്റെ പേര് ഒരു ആനയുടെ പേരില്‍ ലോകം മുഴുവന്‍ അറിയപ്പെട്ടു എന്നതാണ് ഈ ആനയുടെ പ്രസക്തി. 

ഇവനെ അറിയാത്ത മലയാളികള്‍ വിരളമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ആനകളില്‍ രണ്ടാമന്‍. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആന. ഉത്സവകേരളത്തിന്റെ കിരീടംവെയ്ക്കാത്ത ഗജരാജനെന്നും രാമചന്ദ്രനെ വിശേഷിപ്പിക്കാം. ലക്ഷണമൊത്ത പതിനെട്ടു നഖവും നിലംമുട്ടുന്ന തുമ്പികൈയ്യുമെല്ലാം ഈ ഗജരാജന്റെ സൗന്ദര്യം ഉയര്‍ത്തുന്നു. 1982-ലാണ് ആന ഏജന്റായ വെങ്കിടാന്ദ്രി മോട്ടിപ്രസാദ് എന്ന ആനയെ വാങ്ങി കേരളത്തിലെത്തിക്കുന്നത്. 1984-ലാണ് തെച്ചിക്കോട്ടുകവു ദേവസ്വം ആ ആനയെ വാങ്ങി രാമചന്ദ്രന്‍ എന്ന പേരു നല്‍കുന്നത്. ഒരു എഴുന്നള്ളിപ്പിന് 2.5 ലക്ഷം രൂപ ഏക്കം ലഭിച്ചതിന്റെ റെക്കോഡും രാമചന്ദ്രന് സ്വന്തം. 

ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള, അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ആന. അങ്ങിനെ വിശേഷണങ്ങള്‍ ഏറെയുണ്ട് നാട്ടാനകളിലെ ഏക ഛത്രാധിപതി എന്ന് കേള്‍വികേട്ട രാമചന്ദ്രന്. തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലത്താണ് തെച്ചിക്കോട്ടുകാവ്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അറിയുന്നവര്‍ അവനൊരു കൊലയാളി ആനയെന്ന് സമ്മതിച്ചു തരില്ല. കേരളത്തിലെ ഏറ്റവും മികച്ച ആനയെന്നതിനൊപ്പം തന്നെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഒരാന കൂടിയാണവന്‍. മദക്കാല ബന്ധനത്തില്‍ പോലും പരിചയക്കാര്‍ ചെന്ന് ഭക്ഷണം നല്‍കാന്‍ ധൈര്യപ്പെടുന്ന ഒരാന. 1964-ല്‍ ബീഹാറില്‍ ജനിച്ച രാമചന്ദ്രനെ തൃശൂരിലെ വെങ്കിടാദ്രി സ്വാമിയാണ് വാങ്ങി കേരളത്തില്‍ എത്തിച്ചത്. വലതുകണ്ണിനു രാമചന്ദ്രനു കാഴ്ചകുറവായിരുന്നു. ചട്ടം പഠിപ്പിക്കുന്ന കാലത്ത് ഏതോ ഒരു പാപ്പാന്‍ കാണിച്ച ക്രൂരതയാണ് രാമന്റെ ഒരു കണ്ണ് ഇല്ലാതാക്കിയത് എന്നൊരു ശ്രുതി ആന പ്രേമികള്‍ക്കിടയിലുണ്ട്. പത്തരയടിയാണു രാമചന്ദ്രന്റെ ഉയരം. ആരെയും മയക്കുന്ന ആകാരഭംഗിയും, ലക്ഷണങ്ങളും കേരളത്തില്‍ രാമചന്ദ്രന് ആരാധകലക്ഷങ്ങളെ സമ്മാനിച്ചു. തലപ്പൊക്ക മത്സരവേദികളും, പൂരപ്പറമ്പുകളും രാമചന്ദ്രന്റെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സിന് മുന്നില്‍ ആര്‍ത്തിരമ്പി. രാമചന്ദ്രന്റെ സാന്നിധ്യം പൂരപ്പറമ്പുകള്‍ക്ക് നല്‍കുന്ന ആര്‍ജ്ജവം തന്നെയാണ് അവന് കിട്ടിയ അനുഗ്രഹവും, ശാപവും.
 
വലിയ രവി

കൊച്ചി മഹാരാജാവ് കൂടല്‍മാണിക്ക്യം ദേവസ്വത്തിലേക്ക് നടയിരുത്തിയ ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയത്രേ വലിയ രവി. രവി എന്ന പേരില്‍ മറ്റൊരാന കൂടി ഉണ്ടായിരുന്നതിനാല്‍ സംശയലേശമെന്യേ ഇവന്‍ വലിയ രവിയായി. ഒരു പുള്ളിപ്പാട് പോലും ഇല്ലാത്ത കരിവണ്ട് നിറമുള്ള ഇവന്റെ ഉയരം അന്നത്തെ കണക്കു പ്രകാരം 5 കോല്‍ 2 അംഗുലം 2 നെല്ല് ആയിരുന്നു. (ഒരു കോല്‍ = രണ്ടടി നാലേകാല്‍ ഇഞ്ച്). കൊമ്പിലേയ്ക്ക് കൈ എത്താത്തതിനാല്‍ മണിച്ചങ്ങല (കഴുത്തിലെ ചങ്ങല) പിടിച്ചാണ് പാപ്പാന്മാര്‍ ഇവനെ കൊണ്ടുപോകാറുള്ളത്.

താന്നിശ്ശേരി വാടച്ചിറയുടെ അടുത്ത് കുറുവീട്ടില്‍ എന്ന ഒരു നായര്‍ കുടുംബം ഉണ്ട്. അവിടുത്തെ പുരുഷന്മാര്‍ പഴയ കൊച്ചി രാജ്യത്തെ പുകഴ്പെറ്റ പാപ്പാന്മാരായിരുന്നു. ആനയുടെ ചികിത്സാവിധിയും മര്‍മ്മശാസ്ത്രവും സംരക്ഷണരീതിയും നല്ലപോലെ ഗ്രാഹ്യമുള്ളവര്‍. ഇവര്‍ തന്നെയായിരുന്നു കൂടല്‍മാണിക്ക്യം ദേവസ്വത്തിലേയും ആനക്കാര്‍. ഇക്കൂട്ടര്‍ ആനയുടെ കണ്ണില്‍ നോക്കിയാല്‍ ആന ഭയം കൊണ്ട് ചുരുളുമായിരുന്നത്രേ. ഇവരുടെ സസൂക്ഷ്മമായ ശിക്ഷണവും പരിചരണവും കൂടിയായപ്പോള്‍ രവി ഒന്നുകൂടി 'വലിയ'വനായി.

ചളി കണ്ടാല്‍ കവച്ചു വച്ചു പോവുകയും വൃത്തിയുള്ള സ്ഥലത്ത് മാത്രം കിടന്നുറങ്ങുകയും ചെയ്യുന്നത് അവന്റെ സ്വഭാവ സവിശേഷതകളില്‍ ചിലത് മാത്രം. ആരേയും അവന്‍ ദ്രോഹിച്ചിട്ടില്ല. എന്നാല്‍ കുട്ടിക്കുറുമ്പ് കാണിച്ചു അങ്ങിങ്ങ് ഓടുക അവനു ഒരു കൗതുകമായിരുന്നു. ഒരിക്കല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം കടന്ന് കണ്ഠേശ്വരം ഭാഗത്തേയ്ക്കു ഓടിയ അവന്‍ ആരോ ഒരാള്‍ കച്ചേരിപ്പാലത്തിന്റെ (ഇന്നത്തെ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിന്റെ മുന്നില്‍) അടിയിലേയ്ക്കു പോകുന്നത് കണ്ടു. എന്നാല്‍ അവന്‍ അവിടെച്ചെന്നു ആ വ്യക്തിയെ എടുത്തു കൊമ്പത്ത് വെച്ച് തിരിച്ച് അമ്പലത്തിലേയ്ക്ക് തന്നെ നടന്നുവത്രേ.

ഇന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വലിയ ദീപസ്തംഭം പ്രദക്ഷിണം ചെയ്തു കിടക്കുന്ന ചങ്ങല വലിയരവിയ്ക്ക് വേണ്ടി കൊച്ചി മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേകമായി പണിഞ്ഞതാണു. നവസാരം വെള്ളാരംകല്ല് പൊടിച്ചത് പിച്ചളപ്പൊടി എന്നിവ ചേര്‍ത്ത് ഓരോ കണ്ണിയുടെയും ചെരിച്ചു ചെത്തിയ രണ്ടറ്റങ്ങള്‍ തമ്മില്‍ വിളക്കിയാണ് നാടന്‍ കരുവാന്മാര്‍ അക്കാലത്ത് ചങ്ങല പണിഞ്ഞിരുന്നത്. സാധാരണ ചങ്ങലപണിയ്ക്കായി ഉപയോഗിച്ചിരുന്ന കമ്പികളുടെ ഏകദേശം ഇരട്ടിയോളം വലിപ്പമുള്ള കമ്പികളാണു ഈ ചങ്ങലയുടെ ഓരോ വട്ടക്കണ്ണിയിലും ഉപയോഗിച്ചിരിക്കുന്നത്.
വലിയദീപസ്തംഭത്തിന്റെ രണ്ടാമത്തെ തട്ട് കുറച്ചു തെക്കോട്ട് ചരിഞ്ഞിരിയ്ക്കുന്നത് ഇവന്‍ കൊമ്പ് കൊണ്ട് തട്ടിയതാണത്രെ!. അതുപോലെ തന്നെ കൂത്തമ്പലത്തിന്റെ തെക്ക് കിഴക്കേ മൂലയില്‍ നാഗപത്തിയുടെ ചുവട്ടില്‍ ചെമ്പോല മേഞ്ഞ ഭാഗത്ത് രണ്ടു സുഷിരങ്ങള്‍ ഉണ്ടായിരുന്നു. വലിയരവി നിന്ന നില്‍പ്പില്‍ മേല്‍പ്പോട്ട് കുത്തിയതാണത്.

famous elephants in kerala

ഗുരുവായൂര്‍ കേശവന്‍  

കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയായിരുന്നു ഗുരുവായൂര്‍ കേശവന്‍. 1922-ല്‍ നിലമ്പൂര്‍ വലിയ തമ്പുരാന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടക്കിരുത്തിയതോടേ ഗുരുവായൂര്‍ കേശവന്‍ ആയി. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവയൂരപ്പന്റെ തിടമ്പ് 40-ല്‍ കൂടുതല്‍ വര്‍ഷങ്ങള്‍ സ്ഥിരമായി എടുത്തിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാന്‍ പറയാതെ തന്നെ തളച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാര്‍ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കല്‍ പാപ്പാനോട് പിണങ്ങിപൊകുമ്പോള്‍ ഒരിടവഴിയില്‍ വച്ച് എതിരെവന്ന കുട്ടികള്‍ക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുന്‍കാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതല്‍ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാല്‍ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.

ഗുരുവായൂര്‍ അമ്പലത്തില്‍ 50 വര്‍ഷം സേവനം ചെയ്തതിന്റെ ബഹുമാനാര്‍ത്ഥം കേശവനെ 'ഗജരാജന്‍' എന്ന ബഹുമതി നല്‍കി 1973-ല്‍ ആദരിച്ചു. 54 വര്‍ഷം ഗുരുവയൂര്‍ ദേവസ്വത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഈ ആന ഗുരുവായൂര്‍ ഏകാദശി ദിവസമായിരുന്ന 1976 ഡിസംബര്‍ 2-ന് പുലര്‍ച്ചെ മൂന്നുമണിയോടെ ചരിഞ്ഞു. ചരിയുമ്പോള്‍ കേശവനു 72 വയസ്സായിരുന്നു. ഇന്നും ഏകാദശിയോടനുബന്ധിച്ച് 'ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം' എന്നപേരില്‍ ആനകളുടെ ഒരു ഘോഷയാത്രയുണ്ടാകാറുണ്ട്. ഒരു ആനയായി ജനിച്ച് മനുഷ്യകുലത്തെ പോലും അസൂയപെടുത്തുന്ന സല്‍പേരും പ്രശസ്തിയും നേടിയ ഗുരുവായൂര്‍ കേശവന്‍ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയാണ്.

നിലമ്പൂര്‍ കാടുകളില്‍ കളിച്ചു വളര്‍ന്ന കുട്ടിക്കൊമ്പന്‍ ആരോ കുഴിച്ച വാരിക്കുഴിയില്‍ വീണു. അവിടെനിന്നാണ് നിലമ്പൂര്‍ കോവിലകത്തെത്തിയത്. നിലമ്പൂര്‍ കോവിലകത്തെ രണ്ടാമത്ത കുട്ടിക്കൊമ്പനായി വിലസുന്ന സമയത്താണ് മലബാറിലാകമാനം മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടത്. മലബാര്‍ ലഹളയുടെ ഭീതി കൂടിക്കൂടി വന്നപ്പോള്‍ ആക്രമണം ഭയന്ന് നിലമ്പൂര്‍ കോവിലകം വലിയ രാജ തൃശൂര്‍ക്ക് താമസം മാറ്റി. സ്വത്തു വഹകളെല്ലാം കാര്യസ്ഥനെ ഏല്‍പിച്ചു. എന്നാല്‍ ലഹളക്കാര്‍ കാര്യസ്ഥനെ വധിച്ചപ്പോള്‍ കാര്യങ്ങളെല്ലാം അവതാളത്തിലായി. തന്റെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടാന്‍ തുടങ്ങിയെന്നറിഞ്ഞ തമ്പുരാന്‍ പരിഭ്രാന്തനായി ഗുരുവായൂരപ്പനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. നഷ്ടപ്പെട്ട സ്വത്തെല്ലാം തിരികെ ലഭിച്ചാല്‍ ഒരു കൊമ്പനാനയെ ഗുരുവായൂരപ്പനു നടയിരുത്താമെന്ന് നേര്‍ന്നു. ദൈവഹിതം മറ്റൊന്നായിരുന്നില്ല. തമ്പുരാന് സ്വത്തെല്ലാം തിരികെ ലഭിക്കുകയും കൊമ്പനെ നടക്കിരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1922 ജനുവരി 4-ാം തിയതി കുട്ടിക്കൊമ്പന്‍ കേശവനെ നടയ്ക്കിരുത്തിയത്.

ക്ഷേത്രത്തില്‍ നടയിരുത്തുമ്പോള്‍ കേശവന്‍ ചെറിയ കുട്ടിയാനയായിരുന്നു. അന്ന് അവിടുത്തെ കേമനായ കൊമ്പന്‍ പത്മനാഭനായിരുന്നു. അന്ന് ശീവേലിക്ക് രണ്ടു നേരവും എഴുന്നള്ളിച്ചിരുന്നത് കേശവനെയായിരുന്നു. ഗുരുവായൂരപ്പന്റെ സുരക്ഷിത വലയത്തില്‍ പിന്നെ കേശവന്‍ വളര്‍ന്നു. കേശവന്റെ രണ്ടു പാപ്പാന്‍മാരായിരുന്നു മാണി നായരും ചെറിയ അച്ചുതന്‍ നായരും. മാണിനായര്‍ കരുത്തനും ആരോഗ്യ ദൃഢഗാത്രനുമായിരുന്നെങ്കില്‍ അച്ചുതന്‍ നായര്‍ ശുഷ്‌കിച്ച ദേഹപ്രകൃതക്കാരനായിരുന്നു.

കരുത്തനായ മാണിനായര്‍ എപ്പോഴും കേശവനെ പേടിപ്പിച്ചു നിര്‍ത്തുന്ന പ്രകൃതക്കാരനായിരുന്നെങ്കിലും അച്ചുതന്‍ നായര്‍ സ്‌നേഹം കൊണ്ടായിരുന്നു കേശവനെ കൊണ്ടു നടന്നിരുന്നത്. സ്വന്തം മകനെ പേരു വിളിച്ചു പെരുമാറുന്ന പോലെ മോനേ, കുട്ടാ, കേശവാ എന്നൊക്കെ പറഞ്ഞു കേശവനെ പരിലാളിച്ചു. ആനയഴകിന്റെ അപാരതയും തലയെടുപ്പിന്റെ സവിശേഷതയും കൊണ്ട് കേശവന്‍ അന്ന് ദേവസ്വത്തിലെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന പത്മനാഭനെ മെല്ലെ മെല്ലെ മറികടക്കാന്‍ തുടങ്ങി. തിടമ്പേറ്റിയാല്‍ പിന്നെ തലയുയര്‍ത്തിയുള്ള കേശവന്റെ നില്‍പ് മറ്റാനകളെ അസൂയപ്പെടുത്തുന്ന വിധത്തിലായിരുന്നു. കുറച്ചു കാലത്തിനു ശേഷം പത്മനാഭന്‍ ചരിഞ്ഞപ്പോള്‍ കേശവന്‍ പിന്നെ ഗുരുവായൂരപ്പന്റെ യശസുയര്‍ത്തുന്ന ഗജരാജനായി മാറി. മാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തില്‍ നിര്‍ദേശിക്കുന്ന സമസ്ത രാജകീയ ചൈതന്യങ്ങളും രാജകീയ സ്വഭാവവും പ്രൗഢിയും ഒത്തിണങ്ങിയ അപൂര്‍വ ജന്മം.

ഉയരമോ 11.5 അടി, കൊമ്പിന്റെ കടവായില്‍ നിന്നു പുറത്തേക്കുള്ള ദൂരം 4.5 അടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങള്‍. ഇതിനെല്ലാം പുറമേ അപൂര്‍വതയുള്ള അനേകം സ്വഭാവ സവിശേഷതകളും. പേരും പെരുമയും കേശവന് ഒരുപാട് കിട്ടിയെങ്കിലും പേരിനോടൊപ്പം ഭ്രാന്തന്‍ കേശവന്‍ എന്ന ചെല്ലപ്പേരും കിട്ടി. മദപ്പാടു കാലത്ത് ചില വേലത്തരങ്ങള്‍ കാണിക്കുന്ന കേശവന്‍ ഇടഞ്ഞോടിയാല്‍ പിന്നെ ഗുരുവായൂരില്‍ ചെന്നേ നില്‍ക്കൂ. തനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യാന്‍ കൂട്ടാക്കാത്ത കേശവന്‍ ഏറ്റെടുക്കുന്ന ജോലി ഭംഗിയോടെ ചെയ്യും. കേശവന്റെ ഭ്രാന്ത് മാറുന്നതിനു വേണ്ടി വിധി പ്രകാരം ക്ഷേത്രത്തില്‍ 41 ദിവസം ഭജനവുമായി കഴിച്ചു കൂട്ടിയെന്നും അതിനു ശേഷം കേശവന്റെ മനസ്സു മാറിയെന്നും പറയുന്നു. സ്വഭാവത്തില്‍ ഒരുപാട് സവിശേഷതകളുള്ള കേശവന്‍ ആരെയും അകാരണമായി ഉപദ്രവിച്ചതായി അറിവില്ല. നേരിന്റെ വഴിയിലൂടെയേ എന്നും നടന്നിട്ടുള്ളൂ.

ഒരിക്കല്‍ തൃശൂരിനടുത്തുള്ള കൂര്‍ക്കഞ്ചേരി പൂയത്തിനു എഴുന്നള്ളിപ്പിനായി കേശവന്‍ പുറപ്പെട്ടു. എന്നാല്‍ പുഴക്കല്‍ പാടത്ത് എത്തിയപ്പോള്‍ കേശവന് എന്തോ അനിഷ്ടം തോന്നി പോകേണ്ടെന്ന് തീരുമാനിച്ചുറച്ചു. കേശവന്‍ തിരിഞ്ഞു നടന്നു, നേരെ ഗുരുവായൂര്‍ക്ക്. പുലര്‍ച്ചെ ഗുരുവായൂര്‍ കിഴക്കേ നട വഴി വന്ന് വടക്കു ഭാഗത്ത് നിലയുറപ്പിച്ചു. പാപ്പാന്‍മാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും അന്ന് കേശവന്‍ വഴങ്ങിയില്ല. പിന്നീടൊരിക്കല്‍ കൂപ്പില്‍ പണിക്കു പോയപ്പോള്‍ പാപ്പാന്‍മാരെ പേടിപ്പിച്ച് ചില്ലറ നാശനഷ്ടങ്ങളൊക്കെ വരുത്തി ഗുരുവായൂര്‍ക്ക് തിരിച്ചു. അന്ന് കേശവനെ വെടി വെക്കാന്‍ പോലീസുകാരൊക്കെ തയ്യാറായി വന്നതാണ്. പക്ഷേ ഗുരുവായൂരപ്പന്റെ ആനയെ വെടി വെക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. എവിടുന്നു ഇടഞ്ഞാലും നേരെ കണ്ണന്റെ അടുത്തേക്ക് ഓടിയെത്തുന്ന സ്വഭാവം കേശവന്റെ പ്രത്യേകതയായിരുന്നു.

കേശവന്റെ പേരും പ്രശസ്തിയും വര്‍ദ്ധിച്ചപ്പോള്‍ ദേവസ്വം അധികൃതരും ആരാധകരും ചേര്‍ന്നൊരുക്കിയ ഗജസംഗമത്തില്‍ 'ഗജരാജന്‍' എന്ന സ്ഥാനപ്പേരു നല്‍കി. അതിനു ശേഷം ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പക്ഷേ ഗജരാജപട്ടം കിട്ടിയ ആദ്യ കൊമ്പന്‍ കേശവനായിരിക്കാം. 1976 ഗുരുവായൂര്‍ എകാദശി നവമി വിളക്കില്‍ രാത്രി സ്വര്‍ണക്കോലമേന്തി നിന്നിരുന്ന കേശവന് എന്തോ ദേഹാസ്വാസ്ഥ്യം നേരിട്ടു. ചെറിയ വിറയല്‍ ആരംഭിച്ചു. ഉടന്‍ തന്നെ കോലം മറ്റൊരാനപ്പുറത്തേക്ക് മാറ്റി കേശവനെ കിഴക്കേ ഗോപുരം വഴി കോവിലകം പറമ്പിലേക്ക് മാറ്റി. പിറ്റേന്ന് ദശമി. ജലപാനം പോലും കഴിക്കാതെ കേശവന്‍ കിടന്നു. കേശവന്റെ ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് ഏകാദശി. അന്ന് നേരം പുലര്‍ന്നത് ഗുരുവായൂര്‍ കേശവന്‍ ഇഹലോകം വെടിഞ്ഞെന്ന വാര്‍ത്തയുമായാണ്. സാധാരണ ആന ചരിഞ്ഞു എന്നാണ് പറയുക.

ക്ഷേത്രത്തില്‍ ഇപ്പോള്‍ കാണുന്ന സ്വര്‍ണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂര്‍ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തില്‍ വര്‍ഷങ്ങളോളം അവന്‍ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങള്‍ക്കും സ്വര്‍ണ്ണക്കോലം കേശവന്റെ ഉയര്‍ന്ന ശിരസില്‍ തന്നെയായിരുന്നു . ഗുരുവായൂരപ്പന്റെ കൊടിമരം നോക്കി നമസ്‌ക്കരിച്ചു കിടന്നാണ് കേശവന്‍ അന്ത്യശ്വാസം വലിച്ചത്. കേശവന് വേണ്ടി പിന്നീട് സ്മാരകം ഉണ്ടായി. കേശവന്റെ ചരമ ദിവസം ദേവസ്വം വര്‍ഷാവര്‍ഷം നിരവധി ആനകളുടെ അകമ്പടിയോടു കൂടി ഹാരാര്‍പ്പണം നടത്തി ഓര്‍മ പുതുക്കുന്നു. കേശവന്റെ രണ്ടു കൊമ്പുകളാണ് ക്ഷേത്രകവാടത്തിന്റെ ഇരുവശവും ഇന്ന് കാണുന്നത്. കേശവനെക്കുറിച്ച് നിരവധി പുസ്തകങ്ങളും കവിതകളും സിനിമകളും ടിവി സീരിയലുകളും ഇറങ്ങിയിട്ടുണ്ട്.

1977-ല്‍ എം.ഒ ജോസഫ് നിര്‍മ്മിച്ച് ഭരതന്‍ സംവിധാനം ചെയ്ത് ജയഭാരതി, സോമന്‍, ശങ്കരാടി, ബഹദൂര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ഗുരുവായൂര്‍ കേശവനിലെ പി.ഭാസ്‌കരന്‍, ദേവരാജന്‍ ടീമിന്റെ പാട്ടുകള്‍ ഇന്നും ഹിറ്റാണ്.

കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകള്‍ കിഴക്കേ നടയില്‍ കൊടിമരച്ചുവട്ടില്‍ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആ വലിയ കൊമ്പുകള്‍ കാണുന്ന ആര്‍ക്കും കേശവനെ ഓര്‍ക്കാതിരിക്കാനാവില്ല.. ഇന്നും ഗുരുവായൂരിലെ ആനക്കൊട്ടിലായ പുന്നത്തൂര്‍ കോട്ടയ്ക്കു ഒരു രാജാവേ ഉള്ളു, പേരിന്റെ കൂടെ കിട്ടിയ പദവിക്ക് (ഗജരാജന്‍) അലങ്കാരമായി മാറിയ സാക്ഷാല്‍ കേശവന്‍. ആന ചരിഞ്ഞാലും ജീവിച്ചാലും പന്തീരായിരം എന്ന പഴമൊഴി മാറ്റിപ്പറയുകയാണെങ്കില്‍ കേശവനെ ഇങ്ങനെ വിശേഷിപ്പിക്കാം, കേശവന്‍ ജീവിച്ചിരുന്നപ്പോഴും ചരിഞ്ഞപ്പോഴും പ്രശസ്തന്‍ എന്ന്. അതുകൊണ്ടു തന്നെ കേശവന്റെ കാലം കഴിയുന്നില്ല, ഗജപുരാണങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം.

famous elephants in kerala

കുടലാറ്റുപുറം രാമചന്ദ്രന്‍

കേരള ചരിത്രത്തിലെ ഏറ്റവും ലക്ഷണമൊത്ത ആന. ഒരു കാലത്ത് ആനകളുടെ സാമ്രാജ്യത്തിലെ രാജാവായിരുന്നു 'കൂടന്‍' എന്ന വിളിപേരുള്ള കുടലാറ്റുപുറം രാമചന്ദ്രന്‍. 1920-1921 - ല്‍ കുടലാറ്റുപുറം മനയ്ക്കല്‍ നാരായണന്‍ നമ്പുതിരിപ്പാട് വാങ്ങിയ ഈ ആന 34 വര്‍ഷത്തോളം കുടലാറ്റുപുറം മനയില്‍ ജിവിച്ചിരുന്നു. 1924-ലാണ് ഗോപാലന്‍ നായര്‍ ഈ ആനയുടെ പാപ്പാന്‍ ആകുന്നത്. മുപ്പത് വര്‍ഷത്തോളം ഗോപാലന്‍നായരും ആനയും തമ്മിലുള്ള ആത്മബന്ധം നിലനിന്നിരുന്നു.

സുന്ദരമായ പെരുമുഖം, എഴുന്നുള്ളിപ്പിനുള്ള നിലവ്. മിഴിവായ തുമ്പി, ആകൃതി പൂണ്ട കൊമ്പുകള്‍, പതിനെട്ട് നഖങ്ങള്‍ എന്നീ വിവിധ ഗുണങ്ങള്‍ നിറഞ്ഞ രാമചന്ദ്രനെ പോലെ മുന്‍കാലുകളുടെ വണ്ണവും വാല്‍കുടവും ഇത്ര വലുതായും ഭംഗിയായും ഉള്ള ആനകള്‍ വളരെ കുറവാണ്. കീരങ്ങാട്ട് കേശവന്റെ കാലത്തിനുശേഷം ഒന്നൊന്നര വ്യാഴവട്ടകാലം കയറ്റി എഴുന്നുള്ളിക്കുക എന്ന ബഹുമതി രാമചന്ദ്രന് തന്നെയായിരുന്നു. മദപ്പാട് കാലത്ത് പോലും ഈ ആന സാധു ആണ്. നീരൂള്ളപ്പോള്‍ തന്നെ എഴുന്നള്ളിക്കാന്‍ തക്ക ശാന്തനായിരുന്നു. തൃശ്ശൂര്‍ പൂരം, ആറാട്ടു പുഴ പൂരം,  പെരുവനം പൂരം എന്നീ പ്രസിദ്ധ പൂരങ്ങളില്‍ വളരെ കാലത്തോളം തിടമ്പാനയായിരുന്നു. കൂടന്‍ രാമചന്ദ്രനും പാപ്പാന്‍ ഗോപാലന്‍ നായരും തമ്മിലുള്ള സ്നേഹബന്ധം ഒന്നു എടുത്തു പറയേണ്ടത് തന്നെയാണ്. അദ്ദേഹം ആനയെ മോനെ എന്നേ വിളിക്കാറുള്ളൂ. നല്ല അനുസരണ ശീലമുള്ള ഈ ആനയെ അടിക്കാറില്ലായിരുന്നു. ഗോപാലന്‍ നായര്‍ എന്തു വാങ്ങി കഴിക്കുന്നണ്ടെങ്കിലും അതിലൊരു പങ്ക് രാമചന്ദ്രന് കൊടുക്കും. സന്ധ്യ ആയാല്‍ ഗോപാലന്‍ നായര്‍ക്ക് ഷാപ്പില്‍ പോകുന്ന ശീലമുണ്ടായിരുന്നു. പിന്നെ കുറെ കഴിഞ്ഞു നാലു കാലില്‍ ആയിരിക്കും പാപ്പാന്റെ വരവ്. ആന ഈ പാപ്പാനെ തുമ്പി കൈ കൊണ്ട് താങ്ങിയെടുത്ത് വീട്ടില്‍ കൊണ്ട് വിടും അതാണ് പതിവ്. 

ആനയ്ക്ക് രാത്രിയില്‍ ഒറ്റയ്ക്ക് ഉറങ്ങാന്‍ ഭയമാണ് അത് കൊണ്ട് ഗോപാലന്‍ നായര്‍ പലപ്പോഴും ആനയുടെ കുടെ കിടന്നു ഉറങ്ങുകയാണ് പതിവ്. വേനല്‍ക്കാലത്ത് കുടലാറ്റുപുറം മനയ്ക്കലെ മാവില്‍ ചുവട്ടില്‍ കളിക്കാനും മറ്റും കുറെ കുട്ടികള്‍ വരുമായിരുന്നു. അതില്‍ ബുദ്ധിമാദ്ധ്യമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടി ഈ ആനയുടെ കൊമ്പിന്‍ മേല്‍ തുങ്ങി കളിക്കുമായിരുന്നു. ആന ആ കുട്ടിയെ ഉപദ്രവിച്ചത് പോലുമില്ല. 1954-ല്‍ കുടലാറ്റുപുറം രാമചന്ദ്രന്‍ ഗജലോകത്തോട് വിടപറഞ്ഞു.

famous elephants in kerala

കാച്ചാംകുറിശ്ശി കേശവന്‍

ഒരു കാലത്ത് പൂരപ്പറമ്പുകളില്‍ നിറഞ്ഞു നിന്നിരുന്ന മൂന്നു താരങ്ങള്‍. മൂന്നു പേര്‍ക്കും ഒരേ പേര്, 'കേശവന്‍'. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍, കാച്ചാംകുറിശ്ശി കേശവന്‍, കീരങ്ങാട്ട് കേശവന്‍. മൂന്നു പേരും പ്രശസ്തന്മാര്‍. ഉയരത്തില്‍ ഗുരുവായൂര്‍ കേശവനെക്കാളും അഞ്ചാറുവിരല്‍ കുറവുണ്ടാവും കാച്ചാംകുറിശ്ശിക്ക്. അതു കൊണ്ടു തന്നെ ഗുരുവായൂര്‍ കേശവനില്ലെങ്കില്‍ കാച്ചാംകുറിശ്ശിക്കു തന്നെ തിടമ്പ്. പാറമേക്കാവ് വിഭാഗത്തിനായിരുന്നു കാച്ചാംകുറിശ്ശി കേശവന്‍.

കൊല്ലങ്കോടു രാജാവിന്റെ സ്വകാര്യ വനമായ തെന്‍മല രാജാക്കാടിലെ വാരിക്കുഴിയില്‍ വീണ ആനക്കുട്ടി. രാത്രി കാട്ടാനകളുടെ ചിന്നം വിളി കേട്ട് പരിചാരകര്‍ പന്തവും കൊളുത്തി പാട്ടയും കൊട്ടി ആനകളെ ഓടിച്ചു. നോക്കുമ്പോള്‍ വാരിക്കുഴിയില്‍ കുഞ്ഞു തുമ്പിയും പൊക്കി കരഞ്ഞു പരിഭ്രമിച്ചു നില്‍ക്കുന്ന ഒരു ആനക്കുട്ടി. കുഴി ഇടിച്ചു കയറ്റി. പന്തിച്ചട്ടം പഠിപ്പിച്ചു. ലക്ഷണശ്രീമാന്‍, സര്‍വ്വ ലക്ഷണങ്ങളും തികഞ്ഞ അവനെ ഭക്തനായ രാജാവ് കാച്ചാംകുറിശ്ശി ക്ഷേത്രത്തില്‍ നടയിരുത്തി. അവനാണ് കേരളം മുഴുവന്‍ അറിയപ്പെട്ടിരൂന്ന കാച്ചാംകുറിശ്ശി കേശവന്‍.

വിദഗ്ധരായ ചട്ടക്കാരുടെ ശിക്ഷണത്തിലും പരിചരണത്തിലും കേശവന്‍ വളര്‍ന്നു ഒത്ത ഒരാനയായി. രാവിലെ വിസ്തരിച്ചു കല്ലിനു തേച്ചു കഴുകും. തിരിച്ചും മറിച്ചും കിടത്തി പിന്നെ ഇരുത്തി കോട്ടം തീര്‍ക്കലാണ്. അതു കഴിഞ്ഞ് ക്ഷേത്രത്തിലെത്തിയാല്‍ അഞ്ചിടങ്ങഴി അരിയുടെ നിവേദ്യച്ചോറ്. കൂടെ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ക്കും. ഇന്നത്തെ ആനകള്‍ കരയില്‍ നിന്ന് പൈപ്പുവെളളത്തിലാണു കുളി. ഉണങ്ങിക്കഴിഞ്ഞാല്‍ അവിടവിടെ ചെളി ചെമ്പന്‍ നിറത്തില്‍ കാണാം. വെള്ളത്തില്‍ ഇറക്കിത്തന്നെ കഴുകണം. നന്നായി തണുക്കണം. തേങ്ങയുടെ തൊണ്ടു ചെത്തി അതു കൊണ്ടും കല്ലുകൊണ്ടും കൈ പാടില്ലാതെ ഉരച്ചു കഴുകണം. രണ്ടര മൂന്നു മണിക്കുറെടുക്കും. ഉരച്ചു കഴുകുമ്പോള്‍ ഒരു മസാജിങ് ആണ് ആനയുടെ ശരീരത്തിന് ലഭിക്കുക. പുണ്ണുകളും മുറിവുകളും വൃത്തിയാക്കും വേഗത്തില്‍ കരിയും. എരണ്ട കെട്ടുവരില്ല. ആനയും ആനക്കാരനും തമ്മില്‍ നല്ല ഒരു ബന്ധമുണ്ടാകും 'തീറ്റയുടെ പകുതി കുളി' എന്നാണ് പ്രമാണം.

നല്ല അജ്ഞന കല്ല് പൊട്ടിച്ച പോലത്തെ കറുപ്പു നിറം, നല്ല വിസ്താരമുള്ള പെരുമുഖം അങ്ങനെ വലിയ പെരുമുഖമുള്ള ആനകള്‍ അന്നു ചുരുക്കം. സാധാരണ തലേക്കെട്ടു പോര വലിയതു വേണം. ഉയര്‍ന്നു വിരിഞ്ഞ തലക്കുന്നി, സാമാന്യത്തിലധികം ഉയര്‍ന്ന വായു കുംഭം ഇങ്ങനെയുളള ആനയെ തലേക്കെട്ടുകെട്ടിച്ചു നിര്‍ത്തിയാല്‍ വായു കുംഭത്തിന്റെ ഭാഗം നന്നായി ഉയര്‍ന്നിരിക്കും. അതിന്റെ ഭംഗി ഒന്നു വേറെ തന്നെ. ചരലുവാരി എറിഞ്ഞ പോലെ പെരുമുഖത്ത് മദഗിരിപ്പുള്ളികള്‍. വിട്ടകന്ന പുള്ളികള്‍ വായു കുംഭംത്തില്‍ വരെ കേറിക്കിടക്കുന്നു. തേന്‍ നിറമാര്‍ന്ന കണ്ണുകള്‍, കീറലും തുളയുമില്ലാത്ത വലിയ ചെവികള്‍ എടുത്തകന്ന അറ്റംകൂര്‍ത്തു വളഞ്ഞ ഭംഗിയുള്ള കൊമ്പുകള്‍. സൂക്ഷിച്ചു നോക്കിയാല്‍ ഇടത്തേക്കൊമ്പ് തെല്ലുയര്‍ന്നതാണ്. ആനക്കാരന്റെ ആന. 'ഇടത്തെക്കൊമ്പുയര്‍ന്നീടില്‍ ആനക്കാരനുത്തമം' എന്നു ഫലശ്രുതി. നീണ്ടു തടിച്ച് നിലത്ത് മടക്കുകളായിക്കിടക്കുന്ന ലക്ഷണത്തുമ്പി. കനത്ത് വണ്ണമുള്ള ഉറച്ച നടയമരങ്ങള്‍. 18 നല്ല നഖങ്ങള്‍, നല്ല ഇടനീളം, തടിച്ച ദേഹം, വാല്‍ നീളം പാകത്തിന്, നല്ല പീലി രോമങ്ങള്‍, നല്ല തലയെടുപ്പ് പ്രശസ്തമായ എല്ലാ പൂരങ്ങളിലും കാച്ചാംകുറിശ്ശി കാണും.

ചേന്ദമംഗലത്തിനടുത്താണ് മൂത്തകുന്നം ശങ്കരനാരായണ ക്ഷേത്രം. അവിടത്തെ ഉത്സവം കഴിഞ്ഞാല്‍ അടുത്ത ദിവസം രാവിലെ 11 മണിയോടെ ഒമ്പതാ നകളും പാലിയം നടയിലെത്തും. ദൂരെനിന്നേ ചങ്ങല കിലുക്കം കേള്‍ക്കാം. എല്ലാവരും ഇടവഴിയുടെ അറ്റത്തെത്തും. ഇതില്‍ പ്രായപരിധി ഇല്ല. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമെല്ലാം. കാരണവന്‍മാരാണ് കൂടുതലും അതാസ്വദിച്ചിരുന്നത്. എല്ലാ ആനകളേയും അവര്‍ക്കറിയാം. അന്ന് കൂടുതലും വന്നിരുന്നത് കിഴക്കേടന്‍ കേശവന്‍, പാലിയം കുട്ടികൃഷ്ണന്‍, വനം വകുപ്പിന്റെ അനന്തപത്മനാഭന്‍, കൊല്ലങ്കോട് അയ്യപ്പന്‍, ചേന്ദമംഗലം ബാലന്‍ പിളളയുടെ കുട്ടികൃഷ്ണന്‍, നായരമ്പലം ആന, പാമ്പും മേക്കാട് ഗോപാലകൃഷണന്‍, ചെറായ് മിന്ന പ്രഭുവിന്റെ ആന ഇവരൊക്കെയാണ്. ആനകള്‍ പാലിയം നടയിലെത്തിയാല്‍ ആല്‍ത്തറക്ക് ചുറ്റും നിര്‍ത്തില്‍ വലിയ കോല്‍ ചാരി തൊട്ടപ്പുറത്തെ കൃഷ്ണന്‍കുട്ടി മേനോന്റെ കടയില്‍ക്കയറി ചായ കുടിക്കും -ബാലന്‍ പിള്ളേടെ ആനയും, പാലിയം കുട്ടികൃഷ്ണനും അവരവരുടെ വീടുകളിലേക്കും പോകും.

അന്ന് പറവൂര്‍ ചേന്ദമംഗലം പാലം മരം കൊണ്ടുള്ളതാണ് (അയ്യപ്പന്‍ പാലം) അതിന്റെ ജീര്‍ണ്ണിച്ച അവസ്ഥ ഇന്നും കാണാം. ആനകള്‍ തെക്കുംപുറം പുഴ നീന്തിയാണ് പറവൂരെത്തുന്നത്. ഒരു തവണ കാച്ചാംകുറുച്ചി തിരിച്ചു പോകുമ്പോള്‍ പുഴ കടക്കാന്‍ കൂട്ടാക്കിയില്ല. ഒരുപാടു ശ്രമിച്ചിട്ടും നടന്നില്ല. അന്ന് ചേന്ദമംഗലത്ത് കൊടികയറിക്കിടക്കുന്നു. ആനയുടെ കൂടെ പുഴ വരെ പോയ നാട്ടുകാര്‍ ആനക്കാരെ ഉപദേശിച്ചു. കൊടികയറിയ ക്ഷേത്ര മുറ്റത്തു കൂടി പോന്നതല്ലേ, ഒരു പ്രാവശ്യം അവിടെ എഴുന്നള്ളിക്കൂ, അവന്‍ പുഴ കടന്നോളും. അങ്ങിനെ ഉച്ചകഴിഞ്ഞു കാച്ചാംകുറിശ്ശി വീണ്ടും പാലിയം നടയ്ക്കലെത്തി  രാത്രി വിളക്കിനു കോലമേന്തി.

അടുത്ത ദിവസം ചേന്ദമംഗലം അമ്മുണ്ണി നായരുടെ നേതൃത്വത്തില്‍ ആറേഴുചട്ടക്കാരുമായി ആന പുഴക്കരയിലെത്തി. ചേന്ദമംഗലം വലിയാനപ്പന്തലില്‍ ദീപസ്തംഭത്തിനു ചുവട്ടിലായി പാലിയം ഗംഗാധരന്റേയും, ശേഖരന്റേയും, ചന്ദ്രമതിയുടേയും ചങ്ങലകള്‍ അവരുടെ കാലശേഷം ചുറ്റി ഇട്ടിരുന്നു. ഈ ചങ്ങലകളും കൊണ്ടുപോയിരുന്നു. ആനയുടെ മെയ്ച്ചങ്ങലയുടെ അറ്റത്ത് ബാക്കിയുള്ള ചങ്ങലകള്‍ നീട്ടിക്കൊള്ളുത്തി മറ്റേ അറ്റം മറുകരയില്‍ തെങ്ങില്‍ കൊളുത്തി ഭേദ്യം തുടങ്ങി. അവന്‍ മുട്ടുവരെ വെളളത്തില്‍ ഇറങ്ങും കയറി പോരും. ഇടയ്ക്ക് വെച്ച് ചങ്ങല നിഷ്പ്രയാസം പൊട്ടിച്ചോടി. എന്നാല്‍ പുറത്തിരുന്ന തോട്ടി പ്രയോഗത്തില്‍ പെട്ടെന്നു തന്നെ നിന്നു. പിന്നെ വലിയ കോല്‍പ്രയോഗങ്ങള്‍. ഓലച്ചൂട്ടു കത്തിച്ചുള്ള പ്രയോഗം. ഏതാണ്ടു മൂന്നു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ അവന്‍ അക്കരെ എത്തി. 

കാച്ചാംകുറിശ്ശി കേശവന് കുട്ടാനക്കുത്ത് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. 'കൊല്ലങ്കോട് അയ്യപ്പന്‍' എന്ന ആന ഒരു തവണ ആക്രമിച്ചതില്‍ പിന്നീടാണ് ഈ സ്വഭാവം തുടങ്ങിയത്. കാച്ചാംകുറുച്ചി കേശവന്റെ അന്ത്യവും ദുരിതം നിറഞ്ഞതായിരുന്നു. വലതുകാലിലെ ഒരു പരിക്ക് ഗുരുതരമായി. കിടന്നാല്‍ എഴുന്നേല്‍ക്കില്ല എന്നറിയാവുന്ന കേശവന്‍ കിടക്കാതായി. പാദരോഗങ്ങളും പിടിപെട്ടു. താമസിയാതെ കാഴ്ചയും ഇല്ലാതായി. നിത്യ വേദന. കരിമ്പു പോലും തിന്നാതായി. ചികിത്സകള്‍ ഫലിക്കാതെ അവന്‍ വേദനകളും പൂരങ്ങളും ഇല്ലാത്ത ലോകത്തേക്കു യാത്രയായി.

പുഴ കടക്കുമ്പോള്‍ മര്‍മ സ്ഥാനത്തേറ്റ ഒരു മുറിവ്. അതു മാരകമായി. സാധാര ഭേദ്യം ചെയ്യുമ്പോള്‍ മര്‍മ്മങ്ങളില്‍ കൊളളാതെ ആനകള്‍ ഒഴിഞ്ഞുമാറും. എന്നാല്‍ നാലും അഞ്ചും പേര്‍ വന്നാല്‍ അസാദ്ധ്യമാകും. എന്തായാലും ആനക്കേരളത്തിന്റെ പൂരപ്പറമ്പുകളുടെ ഒരു കാലത്തെ നായകന്‍ ആയി വിലസിയ: ഗജവിസ്മയം കാച്ചാംകുറിശ്ശി കേശവന്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ച് യാത്രയായി.

famous elephants in kerala

പാലിയം ചന്ദ്രശേഖരന്‍

പാലിയം തറവാട്ടില്‍ ഒരു കാലത്ത് നാല് ആനകള്‍ ഒരേ സമയത്തുണ്ടായിരുന്നു. അതിനു ശേഷം ഒരുപാടു കാലം ആനകളില്ലായിരുന്നു. ഭൂപരിഷ്‌ക്കരണ നിയമം വന്നത്തോടെ സ്വത്തുക്കള്‍ അധികവും പലരുടേയും കൈകളിലായി. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികയായിക്കിടന്നു, ബുദ്ധിമുട്ടിലായി. അന്ന് മുള്ളൂര്‍ക്കരയിലാണ് ദേവസ്വം ഓഫീസ്. പാലിയത്തു വലിയച്ചന്‍ റെയില്‍വേ സ്റ്റേഷന് അടുത്താണ് താമസം. രവിയച്ചനാണ് ദേവസ്വം കാര്യങ്ങള്‍ നോക്കിയിരുന്നത്. അദ്ദേഹം മൂള്ളൂര്‍ക്കര സ്‌കൂളിനു മുന്നിലുളള പാലിയത്താണ് താമസം. നല്ല ഒരു ആനക്കമ്പക്കാരന്‍. അദ്ദേഹത്തിന്റെ മകന്‍ രഘുവിനെ എനിക്കു നന്നായി അറിയാം.

ഈ സമയത്താണ് ഒരു ആനയെ പാലിയം വാങ്ങുന്നത്. ചെറിയ ആനയല്ല വലിയ ആന. ഉയരത്തിലല്ല പ്രായത്തില്‍. അന്ന് ഒരു മുപ്പത്തി അഞ്ച് നാല്‍പതു വയസ് പ്രായം കാണും. പാലിയം ദേശദേവന്റെ പേരു തന്നെ അവനിട്ടു 'ചന്ദ്രശേഖരന്‍'. നല്ല ഇടനീളം. ഉയര്‍ന്നു വിരിഞ്ഞു നീളമുള്ള മസ്തകം. ഉയര്‍ന്നു വിരിഞ്ഞു അല്‍പം പരന്ന വായു കുംഭം. ഉയര്‍ന്ന തലക്കുന്നി. പാകത്തിനു ചെവി വലുപ്പം. കീറലോ തുളയോ ഇല്ല. ഐശ്വര്യമാര്‍ന്ന മദഗിരിപ്പുളളികള്‍. എടുത്തകന്ന വണ്ണമുള്ള ജോഡിക്കൊമ്പുകള്‍ - പാല്‍ക്കൊമ്പുകള്‍'. കൊമ്പുകളില്‍ ചാലുണ്ട്. തടിച്ചു നീണ്ട തുമ്പി നിലത്തിഴയും - നല്ല നടകളും അമരങ്ങളും - 18 നല്ല നഖങ്ങള്‍ - നല്ല വാലിറക്കം വളവുകളോ ഒടിവോ ഇല്ല -വാലില്‍ പീലി രോമങ്ങള്‍ - തേന്‍ നിറം കണ്ണുകള്‍ - മാന്‍കഴുത്ത് - നല്ല സ്വഭാവം - വര്‍ഷത്തില്‍ മദപ്പാട് - മദപ്പാടില്‍ കിട്ടിയതെടുത്തെറിയും-എന്നാല്‍ ചാമിയുടെ വീട്ടുകാരിക്ക് അത്യാവശ്യം കാര്യങ്ങള്‍ ചെയ്യാം - അതിനുളള സ്വാതന്ത്രം അവന്‍ കൊടുത്തിട്ടുണ്ട്.

അധികവും മുള്ളൂര്‍ക്കര തന്നെയാണ് ചന്ദ്രശേഖരന്‍ - ഉത്സവത്തിനേ ചേന്ദമംഗലത്തു വരാറുള്ളു - ചന്ദ്രശേഖരന്റെ ചട്ടക്കാരന്‍ മണ്ണാര്‍ക്കാടു ചിറയ്ക്കല്‍ചാമിക്കു 16 മക്കള്‍ - മക്കള്‍ക്കും ആന ചട്ടം. മംഗലാംകുന്നു ഗണപതിയുടെ ആദ്യകാല ചട്ടക്കാരനായിരുന്ന ശങ്കരനാരായണന്‍, സുന്ദരന്‍, ഉണ്ണിക്കുട്ടന്‍ എന്നിവരെല്ലാം ചാമിയുടെ മക്കളാണ് - ഇതില്‍ ഉണ്ണിക്കുട്ടന്‍ ചാമിയുടെ കൂടെ ചന്ദ്രശേഖരനില്‍ നിന്നിരുന്നു - 39 കൊല്ലം ചാമി ചന്ദ്രശേഖരന്റെ ചട്ടക്കാരനായിരുന്നു - 1980കളില്‍ വിദേശ ചാനല്‍ ചന്ദ്രശേഖരനെയും ചാമിയേയും ഉള്‍പ്പെടുത്തി ഒരു ഹ്രസ്വചിത്രം നിര്‍മ്മിച്ചു - 'ലോഡ് ഓഫ് ദ അനിമല്‍സ് ' എന്ന പേരില്‍.

ചന്ദ്രശേഖരന്റെ മുന്‍ കാലുകളില്‍ വക്കത്തഴമ്പ് വീര്‍ത്ത് പൊട്ടി ഒരു തുളയായി എപ്പോഴും കാണും - ഇടക്ക് ഒരു പിണങ്ങിപ്പോക്കുണ്ട് - ഒരിക്കല്‍ ഉണ്ണിക്കുട്ടന്‍ ആനയെ കുളിപ്പിക്കാനായി ക്ഷേത്രക്കുളത്തിലിറക്കി - ചാമി ഊണുകഴിഞ്ഞു മുറിയില്‍ വിശ്രമിക്കുന്നു - വെളളത്തില്‍ ഇരുത്തി. കിടക്കാന്‍ പറഞ്ഞെങ്കിലും അവനൊന്നുമടിച്ചു - ഉണ്ണിക്കുട്ടന്‍ കാരക്കോല്‍ ഒന്നു പ്രയോഗിച്ചു - അടുത്ത നിമിഷം അവന്‍ ചാടി എഴുന്നേറ്റ് കയറി ഒരു പോക്ക് - നേരെ കച്ചേരി മാളികക്കു മുന്നില്‍ നിന്നു - ഉണ്ണിക്കുട്ടന്‍ ഒന്നും മിണ്ടാതെ അപരാധിയെപ്പോലെ പുറകില്‍ മാറി നില്‍പുണ്ട് - വിവരം അറിഞ്ഞു ചാമി എത്തി. ദൂരേന്നേ ചിരിച്ചുകൊണ്ടാണ് വരവ് - വന്ന പാടെ തന്റെ കുട്ടിയെ എന്തടാ ചെയ്തേ എന്നൊരു ചോദ്യവും - തൊട്ടുപോയാല്‍ നിന്റെ മണ്ട ഞാന്‍...... അതു കേട്ടു ചന്ദ്രശേഖരന്‍ ശാന്തനായി.

ഗജറാണി ഗുരുവായൂര്‍ ദേവസ്വം ലക്ഷ്മി

പിടിയാനയാണെങ്കിലും ഒരു കൊമ്പന്റെ വീറോടെ ഗുരുവായൂരപ്പന്റെ ഇഷ്ടഭാജനമായിരുന്നു ഗജറാണി ലക്ഷ്മി. 1970കളില്‍ വനങ്ങള്‍ ദേശസാത്കരിക്കുന്നതിനു മുന്‍പ് സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം സ്ഥലത്തുള്ള വനങ്ങളില്‍ വാരിക്കുഴികള്‍ കുഴിച്ച് ആനകളെ പിടിക്കാമായിരുന്നു. അക്കാലത്ത്, 1920കളുടെ തുടക്കത്തില്‍ ദേശമംഗലം മന വകയായിരുന്ന കാടുകളില്‍ കുഴിച്ച വാരിക്കുഴികളില്‍ ഒരു കൊമ്പനാനയും പിടിയാനയും വീണു. അതില്‍ ഒരാനയെ ഗുരുവായൂരപ്പനു നല്‍കാമെന്ന് അവര്‍ കരുതിയിരുന്നു. അതിനുവേണ്ടി പ്രശ്‌നം വെച്ച് നോക്കിയപ്പോള്‍ ഗുരുവായൂരപ്പനു പിടിയാനയെയാണു വേണ്ടതെന്നാണ് തെളിഞ്ഞു കണ്ടത്. അങ്ങിനെ 1923ല്‍ ആ പിടിയാനക്കുട്ടിയെ ഗുരുവായൂരില്‍ നടയിരുത്തി ലക്ഷ്മിയെന്ന പേരുമിട്ടു.

ആ കാലത്ത് ഗുരുവായൂരില്‍ ആകെ അഞ്ചോ ആറോ ആനകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവയ്ക്ക് മദപ്പാടോ എഴുന്നെള്ളിപ്പോ കാരണം തന്റെ നിത്യശീവേലി മുടങ്ങരുതെന്ന് ഗുരുവായൂരപ്പന്‍ വിചാരിച്ചിരിക്കണം. അങ്ങനെ ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ആനയായി ലക്ഷ്മി വളര്‍ന്നു. പോകെ പോകെ കേരളത്തിലെ ഏറ്റവും വലിയ പിടിയാന ലക്ഷ്മി ആയി മാറി. പിടി ആണെങ്കിലും ഒരു കൊമ്പന്റെ മട്ടും ഭാവവും ആയിരുന്നു ലക്ഷ്മിക്ക്. അത്യാവശ്യം വഴക്കും താന്‍ പോരിമയുമെല്ലാം ഉണ്ടായിരുന്നെങ്കിലും ഒരിക്കല്‍ തന്റെ കൂടെ താമസിച്ച ആനക്കാരെ ലക്ഷ്മി ഒരിക്കലും മറക്കുന്ന പതിവില്ലായിരുന്നു. അക്കാലത്ത് ഗുരുവായൂരിലുണ്ടായിരുന്ന ഭരതന്‍ എന്ന കീഴ്കൊമ്പന്‍ ആനയുമായി അല്‍പസ്വല്‍പം അടുപ്പവും ലക്ഷ്മിക്കുണ്ടായിരുന്നു. ലക്ഷ്മിയുടെ വലിപ്പവും കേമത്തവും കാരണം ആദ്യ കാലങ്ങളില്‍ തേറ്റയിന്മേല്‍ കൊമ്പുകള്‍ പിടിപ്പിച്ച് എഴുന്നെള്ളിച്ചതായി പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അന്നുണ്ടായിരുന്ന ആനകളില്‍ കേശവന്‍ ഒഴികെയുള്ള കൊമ്പന്മാരെ ഒന്നും ലക്ഷ്മി വകവെച്ചിരുന്നില്ലത്രേ. മരപ്പണിയിലും ലക്ഷ്മി കരുത്ത് തെളിയിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ കാട്ടില്‍ മരം പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഒരു മരം തലക്കുന്നിയിലേക്ക് വീണു ലക്ഷ്മിക്ക് പരിക്കേറ്റു. അതിനു ശേഷം മരപ്പണി നിര്‍ത്തി.

ക്ഷേത്രത്തിലെ ചിട്ടകള്‍ ഇത്രയും ഹൃദിസ്ഥമായ മറ്റൊരാന ഉണ്ടായിരുന്നില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പള്ളിവേട്ട ആറാട്ടിന്റെ താരമായിരുന്നു ലക്ഷ്മി. പള്ളിവേട്ടക്ക് ഒമ്പതും, ആറാട്ടിനു പതിനൊന്നും പ്രദക്ഷിണം ആണ് പതിവ്. പതിനൊന്നാമത്തെ പ്രദക്ഷിണം കഴിഞ്ഞാല്‍ ലക്ഷ്മിയെ കൊണ്ട് പന്ത്രണ്ടാമത് ഒന്ന് ഓടിക്കാന്‍ ആര്‍ക്കും പറ്റില്ല. ചിട്ടകളില്‍ അത്ര കണിശക്കാരി ആയിരുന്നു ലക്ഷ്മി. ഭക്തരുടെ തിരക്ക് കാരണം നിന്നു തിരിയാന്‍ സ്ഥലമുണ്ടാവാത്ത സമയങ്ങളിലും ആ തിരക്കിനിടയിലൂടെ സൂക്ഷിച്ച് ലക്ഷ്മി ഓടുമായിരുന്നു. ഓട്ടത്തിനിടയില്‍ നില്‍ക്കേണ്ട സമയത്തും സ്ഥാനത്തും നില്‍ക്കാന്‍ ലക്ഷ്മിക്ക് അറിയാം. മറ്റെല്ലാ ചടങ്ങുകളും അതുപോലെ തന്നെ. 1980 കളുടെ അവസാനത്തില്‍ പ്രായാധിക്യം മൂലം ഈ സ്ഥാനം നന്ദിനിക്ക് കൈമാറി.

1975 തുടക്കത്തില്‍ ഒരു ദിവസത്തെ ചുറ്റുവിളക്കിന്  ലക്ഷ്മി, വലത്തെ കൂട്ടായി ഗോപാലന്‍, ഇടത്തെ കൂട്ടായി എലൈറ്റ് നാരായണന്‍ കുട്ടി എന്നിങ്ങനെ അണിനിരന്നു നില്‍ക്കുകയായിരുന്നു. എഴുന്നെള്ളിച്ച് നില്‍ക്കുന്ന സമയത്ത് അന്നത്തെ ആനക്കാര്‍ തമ്മില്‍ ഉള്ള എന്തോ സൗന്ദര്യ പിണക്കത്തിന്റെ ഭാഗമായി ഒരാള്‍ ഇടത് വശത്തേക്കും മറ്റേയാള്‍ വലത് വശത്തേക്കും ആനയോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ആന ഒന്നാമന്‍ വിളിച്ച ഇടത്തേക്കാണു നീങ്ങിയത്. ഇതില്‍ കുപിതനായ മറ്റേ ആനക്കാരന്‍ അരിശം തീര്‍ക്കാന്‍ കാരാക്കോലെടുത്ത് ലക്ഷ്മിക്കിട്ട് അടി കൊടുത്തു. ആവശ്യമില്ലാതെ തന്നെ പ്രഹരിച്ചതില്‍ ദേഷ്യം വന്ന ലക്ഷ്മി ഒന്ന് വെട്ടിത്തിരിഞ്ഞു. പുറത്തിരുന്ന നമ്പൂതിരിമാരില്‍ ചിലര്‍ താഴെ വീണു പരിക്കേറ്റു. ഇടത്തേ കൂട്ട് നിന്നിരുന്ന നാരായണന്‍ കുട്ടിയുടെ അന്നത്തെ പാപ്പാന്‍ ദിവാകരനോടായി പിന്നെ ലക്ഷ്മിയുടെ കലി. നാരായണന്‍കുട്ടിയുടെ താടിക്കടിയിലൂടെ അയാള്‍ രക്ഷപ്പെട്ടു. പിന്നെ നാരായണന്‍ കുട്ടിയോടായി ലക്ഷിയുടെ ദേഷ്യം തീര്‍ക്കല്‍. കാരണവത്തി നാരായണന്‍ കുട്ടിയെ ചെവിയില്‍ കടിച്ച് പൊക്കി. കാരണവത്തിയുടെ കോപം കണ്ട് ഭയന്ന നാരായണന്‍ കുട്ടി എങ്ങനെയോ രക്ഷപ്പെട്ടു മാറിയതിനാല്‍ ജീവന്‍ തിരിച്ച് കിട്ടി. കലികൊണ്ട ലക്ഷ്മിയെ ഒടുവില്‍ ഒന്നാമന്‍ തന്നെ അനുനയിപ്പിച്ചു. ആനയെ അകാരണമായി അടിച്ച് കുഴപ്പങ്ങള്‍ക്ക് വഴി വച്ച രണ്ടാമനു പിറ്റേന്ന് തന്നെ സസ്‌പെന്‍ഷനും കിട്ടി.

ഏറ്റവും കൂടുതല്‍ കാലം ഗുരുവായൂരപ്പനെ സേവിച്ച ആനയെന്ന റെക്കോര്‍ഡിനുടമയും മറ്റാരുമല്ല. നീണ്ട 74 വര്‍ഷം ഭഗവാന്റെ അരുമയായി കഴിഞ്ഞ ലക്ഷ്മിയെ 1983 മാര്‍ച്ച് നാലിന് ഗജറാണി പട്ടം നല്‍കി ആദരിച്ചു. അത് ലക്ഷ്മി ഗുരുവായൂരില്‍ എത്തിയതിന്റെ അറുപതാം വാര്‍ഷികത്തിലായിരുന്നു. ഇപ്രകാരം കേരളത്തിലെ ഏറ്റവും പ്രശസ്തയായ പിടിയാന ആയി മാറിയ ഗജറാണി ലക്ഷ്മി 1997ല്‍ ഇഹലോകവാസം വെടിഞ്ഞ് ഭഗവദ്പാദത്തില്‍ ചേര്‍ന്നു. ലക്ഷ്മിക്കൊപ്പം കുഴിയില്‍ വീണ ഒരു കൊമ്പനെ കുറിച്ച് പറഞ്ഞില്ലേ. ആ ആനയാണ് സാക്ഷാല്‍ ദേശമംഗലം ഗോപാലന്‍ എന്നു പ്രസിദ്ധപ്പെട്ട ആന എന്നു പറഞ്ഞു കേള്‍ക്കുന്നു.

'അകവൂര്‍ ഗോവിന്ദന്‍ വീരഗാഥ'

'88 വര്‍ഷങ്ങള്‍ക്കുമുന്‍പ് ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരത്തിന് ഇടഞ്ഞ ഗജകേസരി'. കീരങ്ങാട് കേശവന്‍, ഗുരുവായൂര്‍ പഴയ പത്മനാഭന്‍, ചെങ്ങല്ലൂര്‍ രംഗനാഥന്‍. തുടങ്ങി പേരെടുത്ത ഒട്ടനവധി ഗജകേസരികള്‍ അരങ്ങുവാണിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് അകവൂര്‍ ഗോവിന്ദന്‍ എന്ന വഴക്കാളിയും ഉത്സവപറമ്പുകളില്‍ നിറഞ്ഞുനിന്നിരുന്നത്.

കൂട്ടാനകുത്ത് എന്ന ദുശീലവും പ്രവചിക്കാന്‍ കഴിയാത്ത സ്വഭാവവും ഗോവിന്ദന് കൊലയാളി എന്നപേര് ആദ്യമേ കല്‍പിച്ചുനല്‍കിയിരുന്നു. എങ്കിലും അഴകും തലയെടുപ്പും നിറഞ്ഞ ഗോവിന്ദന്‍ ആന പൂരപ്പറമ്പുകള്‍ക്കു ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി കൊണ്ടു. പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ തറവാട് എന്നനിലക്ക് പ്രസിദ്ധമായ കിളിമാന്നൂര്‍ കോവിലകത്തുനിന്നാണ് ഗോവിന്ദന്‍ അകവൂരില്‍ എത്തുന്നത്. രവിവര്‍മ്മയുടെ ചിത്രകലാനൈപുണ്ണ്യത്തില്‍ പ്രിയപ്പെട്ട ഏതോ നാട്ടുരാജാവ് ഗോവിന്ദന്‍ ആനയെ അദ്ദേഹത്തിന് സമ്മാനിച്ചതാണ് എന്ന് വിശ്വസിച്ചുവരുന്നു.

കാഴ്ചക്ക് ഉത്തമനായിരുന്നുവെങ്കിലും പുള്ളിക്കുത്തുകള്‍ വീണ  മേലണ്ണാക്കും, നാവും ഉത്സവകാലത്തെ മദപ്പാടും അപശകുനങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. അകവൂര്‍ ഗോവിന്ദന്‍, അഘോരി ഗോവിന്ദന്‍ എന്നീ പേരുകളില്‍ ആന അറിയപ്പെട്ടിരുന്നു. ആറാട്ടുപുഴ, തൃപ്പൂണിത്തുറ, ത്രിശൂര്‍ എന്നീ പ്രമുഖ ഉത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗോവിന്ദന്‍.

1930 ഗുരുവായൂര്‍ ആനയോട്ടത്തില്‍ സാക്ഷാല്‍ ഗുരുവായൂര്‍ കേശവനോട് ഇഞ്ചോടിഞ്ചു മത്സരിച്ച കഥയും ഗോവിന്ദന്‍ എന്ന ആനക്ക് പറയാനുണ്ട്. അകവൂരില്‍ നിന്ന് പലകൈമറിഞ്ഞാണ് ആന പാലിയം തറവാട്ടിലേക്ക് എത്തുന്നത്. അങ്ങനെ അവന്‍ പാലിയം ഗോവിന്ദന്‍ ആയി. അകവൂര്‍ ആനയുടെ കുത്തുകൊണ്ടുചെരിഞ്ഞ ജഗവീരന്മാര്‍ ഒരുപാടുണ്ടെന്നുപറയപെടുന്നു. അതില്‍ പ്രമുഖനാണ് കേരളം കണ്ടത്തില്‍വെച്ച് ഏറ്റവും വലിയ ആന എന്ന് വാഴ്ത്തപ്പെടുന്ന 'ചെങ്ങല്ലൂര്‍ രംഗനാഥന്‍'.

famous elephants in kerala

തിരുവമ്പാടി ചന്ദ്രശേഖരന്‍

ഗുരുവായൂര്‍ കേശവന് ശേഷം കേരളം കണ്ട ഈശ്വര ചൈതന്യം ഉള്ള ഗജരാജന്‍. ശക്തമായ എഴുന്നെള്ളിപ്പ് ചിട്ട, വൃത്തിയായുള്ള ഒറ്റ നിലവ്, ആരെയും കൂസാത്ത ഗൗരവം, തികഞ്ഞ ശാന്തത ഇതെല്ലം ഒരുമിച്ച ആനയായിരുന്നു ചന്ദ്രശേഖരന്‍. എഴുന്നെള്ളിച്ചുനിര്‍ത്തിയാല്‍ മുമ്പില്‍ നില്‍ക്കുന്ന കുത്ത് വിളക്കിന് ഇടയിലൂടെ ആരെയും കടത്തില്ല. കടന്നു കഴിഞ്ഞാല്‍ അപ്പോള്‍ ആന തടയും തുമ്പി കൊണ്ട് നീക്കും. പിന്നെ ആരും അധികം മുന്നില്‍ നിന്ന് കളിക്കാന്‍ ആന സമ്മതിക്കില്ല. ആളാവാന്‍ വേണ്ടി കൊമ്പില്‍ തൊടുക, മുന്നില്‍ കേറി നില്‍ക്കുക ഒക്കെ ചെയ്താല്‍ അപ്പൊ ആന തുമ്പിക്ക് തട്ടും. എന്നാല്‍ ചെയ്തത് ആരും അറിയില്ല. തട്ട് കിട്ടിയ ആള്‍ പേടിച്ചു പരിഭ്രാന്തി കാണിച്ചാലും ആന ശാന്തത കൈ വിടാതെ നില്‍ക്കുന്നത് കാണാം. ചിലപ്പോള്‍ കൂട്ടാനകള്‍ ഒന്ന് വട്ടം തിരിഞ്ഞാലും ഇദ്ദേഹം അവിടെ തന്നെ നില്‍ക്കുന്നത് കാണാം. തൊണ്ണൂറുകളിലെ തൃശൂര്‍ പൂരം തെക്കോട്ടിറക്കസമയത്ത് നടന്ന അപ്രതീക്ഷിത ലാത്തി ചാര്‍ജ്ജില്‍ എല്ലാവരും പരക്കം പാഞ്ഞിട്ടും തിരുവമ്പാടി കണ്ണനെയും ഭഗവതിയെയും ശിരസ്സിലേറ്റി നില്‍ക്കുന്ന ചന്ദ്രശേഖരന്‍ തന്റെ ചിട്ടയും തറവാടിത്തവും എല്ലാവര്‍ക്കും കാണിച്ച് കൊടുത്തതും. ഇന്നും മറക്കാനാവാത്ത സംഭവങ്ങളാണ്. ഉയരം ഒന്‍പതടി പത്തിഞ്ച് പക്ഷേ അസാധ്യ നിലവായിരുന്നു ചന്ദ്രശേഖരന്. ഗുരുവായൂര്‍ കേശവന്റെ ആനക്കാര്‍ക്ക് പോലും ചന്ദ്രശേഖരന്റെ ഒറ്റനിലവ് നല്ല മതിപ്പായിരുന്നു എന്നു കേട്ടിട്ടുണ്ട്. അഴകും സ്വഭാവസവിശേഷതകളും ദൈവീകത്വവും ഒറ്റനിലവും തറവാടിത്തവും എല്ലാം ഒത്തുചേര്‍ന്ന ഈ അസാധാരണ ഗജകേസരി അക്ഷതൃതീയ ദിവസമാണ് മോക്ഷം പ്രാപിച്ചത്.

Content Highlights: famous elephants in kerala