സാമൂഹികനീതിയുടെയും സുരക്ഷയുടെയും ആഗോള റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം പിന്നണിരാജ്യങ്ങളുടെ പിൻനിരയിലാണ്‌ എന്നു സ്ഥാപിക്കുന്ന പഠനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. പട്ടിണിയുടെ ലോക റാങ്കിങ്ങിൽ 2021-ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ സ്ഥാനം 101-ാമതാണെന്ന ഒട്ടും അഭിമാനകരമല്ലാത്ത വാർത്ത ഏറെ ചർച്ചചെയ്യപ്പെടുകയുണ്ടായി. സാമൂഹികനീതിയിൽ പിൻനിരയിലാണെങ്കിൽ അസമത്വത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകരാജ്യങ്ങളുടെ മുൻനിരയിലാണ്‌ എന്നാണ്‌ 2021-ലെ അസമത്വം സംബന്ധിച്ച റിപ്പോർട്ട്‌ വെളിവാക്കുന്നത്‌. പ്രമുഖ രാജ്യങ്ങളിലെ പെൻഷൻ സമ്പ്രദായങ്ങളെ താരതമ്യം ചെയ്തുകൊണ്ട്‌ പ്രസിദ്ധീകരിച്ച ആഗോള പെൻഷൻ ഇൻഡക്സും വലിയ ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ട്‌. 2021-ലെ കണക്കുകൾ പ്രകാരം 43 രാജ്യങ്ങളുടെ താരതമ്യത്തിൽ ഇന്ത്യയുടെ റാങ്ക്‌ നാല്പതാമത്തേതാണ്‌. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ പട്ടിണിയിലും പെൻഷനിലും മറ്റും ഇന്ത്യയുടെ സ്ഥാനം മോശമായിക്കൊണ്ടിരിക്കുന്നു എന്നതും ആശങ്ക വർധിപ്പിക്കുന്നു.

സി.എഫ്‌.എ. ഇൻസ്റ്റിറ്റ്യൂട്ടും മൊണാഫ്‌ സെന്ററും സംയുക്തമായാണ്‌ പെൻഷൻ ഇൻഡക്സ്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ചത്‌. പെൻഷൻ സമ്പ്രദായത്തിന്റെ പര്യാപ്തത തുടർച്ചാസാധ്യത, വിശ്വാസ്യത എന്നീ ഘടകങ്ങൾ പരിശോധിച്ചുകൊണ്ടാണ്‌ ഇൻഡക്സ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഇൻഡക്സ്‌ തയ്യാറാക്കുന്ന രീതിയിൽ മാറ്റം വരുത്തിയാൽ ഇന്ത്യയുടെ റാങ്കിങ്ങിൽ ചെറിയവ്യത്യാസം വന്നേക്കാം. പക്ഷേ, ഏറ്റവും മോശപ്പെട്ട പെൻഷൻസന്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ എന്ന യാഥാർഥ്യം അവശേഷിക്കും. യഥാർഥത്തിൽ ഇന്ത്യൻ തൊഴിൽസേനയിൽ നിസ്സാരമായ പങ്ക്‌ മാത്രമുള്ള സർക്കാർജീവനക്കാർക്കു മാത്രമാണ്‌ തൊഴിൽദാതാവ്‌ മുഴുവൻ ചെലവും ഏറ്റെടുക്കുന്ന ന്യായമായ പെൻഷൻ ലഭ്യമാവുന്നത്‌. 2004-നുശേഷം സർക്കാർമേഖലയും പങ്കാളിത്ത പെൻഷനിലേക്ക്‌ മാറ്റപ്പെട്ടു. സർക്കാർമേഖലയിൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന്‌ ജീവനക്കാർക്കു ന്യായമായ പെൻഷൻ ലഭിക്കുമോ എന്ന കാര്യത്തിൽ ആർക്കും ഉറപ്പുപറയാനാവാത്ത സ്ഥിതിയാണുള്ളത്‌. വേണ്ടത്ര സുതാര്യതയോടെയല്ല പങ്കാളിത്തപെൻഷൻ പദ്ധതിയുടെ നടത്തിപ്പ്‌ പുരോഗമിക്കുന്നത്‌. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയും ഉറപ്പും ഉണ്ടാവണം.

സംഘടിത മേഖലയിലെ പെൻഷൻ

അതിസൂക്ഷ്മ ന്യൂനപക്ഷമായ സർക്കാർജീവനക്കാരെ അപേക്ഷിച്ച്‌ എത്രയോ മോശമാണ്‌ ഇതരമേഖലകളിലെ തൊഴിലാളികളുടെയും സ്വയംതൊഴിൽ കണ്ടെത്തുന്നവരുടെയും സ്ഥിതി. ഇതിൽ കുറച്ചെങ്കിലും മെച്ചപ്പെട്ട പെൻഷൻ ലഭിക്കാൻ സാധ്യതയുണ്ടെന്നു പൊതുവേ വിശ്വസിക്കപ്പെടുന്ന വിഭാഗമാണല്ലോ സംഘടിതമേഖലയിലെ തൊഴിലാളികൾ. ഇതിൽ നവരത്ന കമ്പനികൾ ഉൾപ്പെടെയുള്ള പൊതുമേഖലയിലെ തൊഴിലാളികളും ഇരുപത്‌ പേരിൽക്കൂടുതൽ പണിയെടുക്കുന്ന സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടും. തൊഴിൽസേനയുടെ പത്തു ശതമാനത്തിൽ താഴെ മാത്രമാണ്‌ സംഘടിത മേഖലയിൽപ്പെടുക. സംഘടിത മേഖലയിലെ തൊഴിലാളികൾക്കു ബാധകമായിട്ടുള്ളത്‌ 1995-ൽ ആരംഭിച്ച എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷന്റെ (ഇ.പി.എഫ്‌.ഒ.) ആഭിമുഖ്യത്തിലുള്ള പെൻഷൻ സ്കീമാണ്‌. ഇ.പി.എഫ്‌. പെൻഷന്റെ ദയനീയസ്ഥിതി കാണുമ്പോൾ ഇന്ത്യയിലെ സംഘടിതമേഖലയിലെ തൊഴിലാളികൾപോലും വിരമിച്ചുകഴിഞ്ഞാൽ വൈകാതെ ദാരിദ്ര്യരേഖയ്ക്കു താഴേക്കു തള്ളിമാറ്റപ്പെടും എന്നത്‌ വ്യക്തമാവും. ജീവനക്കാരന്റെ ശമ്പളത്തിന്റെ 8.33 ശതമാനം തൊഴിലുടമയും 1.16 ശതമാനം സർക്കാരും പെൻഷൻഫണ്ടിലേക്ക്‌ നൽകണം എന്നാണ്‌ വ്യവസ്ഥ. തൊഴിലുടമയും സർക്കാരും ചേർന്ന്‌ ശമ്പളത്തിന്റെ 9.49 ശതമാനം പെൻഷൻഫണ്ടിലേക്ക്‌ നൽകണം എന്ന ആകർഷകമായ വ്യവസ്ഥയ്ക്കു പിന്നിൽ ഒരു ചതി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്‌. 

ജീവനക്കാരുടെ പെൻഷന്‌ അർഹമായ പ്രതിമാസ ശമ്പളത്തിന്റെ ഉയർന്ന പരിധി കേവലം 15,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു എന്നതാണ്‌ കെണി. 2014 വരെ ഉയർന്ന ശമ്പളപരിധി 6500 രൂപ മാത്രമായിരുന്നു! മൂലധനത്തിന്റെ താത്‌പര്യങ്ങൾ എത്ര കൈയടക്കത്തോടുകൂടിയാണ്‌ ഇന്ത്യൻ ഭരണകൂടം സംരക്ഷിക്കുന്നത്‌ എന്നു കാണുക. തൊഴിലുടമ എത്ര വലിയ സ്ഥാപനമായാലും ജീവനക്കാരന്റെ പെൻഷൻ ഫണ്ടിലേക്ക്‌ തുച്ഛവും തികച്ചും അപര്യാപ്തവുമായ തുകയേ നീക്കി വെക്കേണ്ടതുള്ളൂ എന്നു ഭരണകൂടംതന്നെ നിഷ്കർഷിക്കുന്ന സ്ഥിതി എത്ര ജുഗുപ്‌സാവഹമാണ്‌. ഇങ്ങനെയൊരു സമ്പ്രദായം നമ്മുടെ രാജ്യത്തു മാത്രമേ കാണാനാവൂ. 

തൊഴിലാളികളും തൊഴിലുടമകളും ധാരണയിലെത്തി ഇരുകൂട്ടരും കൂടുതൽ തുക പെൻഷൻഫണ്ടിലേക്ക്‌ അടച്ച്‌ മെച്ചപ്പെട്ട പെൻഷൻ ഉറപ്പാക്കുന്നതിനുള്ള ഒരു വ്യവസ്ഥ മുമ്പ്‌ നിയമത്തിൽ ഉണ്ടായിരുന്നു. എന്നാൽ, 2014-ൽ പാർലമെന്റ്‌ പാസാക്കിയ നിയമത്തിലെ പ്രസ്തുത വ്യവസ്ഥ ഇ.പി.എഫ്‌.ഒ. ഏകപക്ഷീയമായി എടുത്തുകളഞ്ഞു. തൊഴിലാളികളുടെ പരാതിയിൽ കേരളത്തിലേതടക്കമുള്ള ഹൈക്കോടതികൾ ഇ.പി.എഫ്‌.ഒ.യുടെ ഭേദഗതി റദ്ദുചെയ്തു. ഇ.പി.എഫ്‌.ഒ. സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളുകയും ചെയ്തു. എന്നിട്ടും പാർലമെന്റ്‌ പാസാക്കിയ നിയമത്തിന്റെയും കോടതിവിധികളുടെയും സ്പിരിറ്റ്‌ ഉൾക്കൊണ്ട്‌ മെച്ചപ്പെട്ട പെൻഷൻ അനുവദിക്കാൻ അധികാരികൾ തയ്യാറായില്ല. പകരം, കേന്ദ്രസർക്കാർ നേരിട്ടു സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുകയാണ്‌ ചെയ്തത്‌. സുപ്രീംകോടതിയാകട്ടെ, പെൻഷൻ കേസ്‌ മൂന്നംഗ ബെഞ്ചിനുവിടാൻ തീരുമാനിച്ചിരിക്കുകയാണ്‌.

മുടന്തൻ ന്യായങ്ങൾ

ദുർബലരും അസംഘടിതരുമയ പെൻഷൻകാർക്കു ദീർഘവും സങ്കീർണവുമായ വ്യവഹാരപ്രക്രിയയിൽ പിടിച്ചുനിൽക്കുക അസാധ്യമാണ്‌. അതുതന്നെയാണ്‌ കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടലും. പെൻഷൻ, വാർധക്യകാല സുരക്ഷ എന്നീ ആശയങ്ങൾതന്നെ ഇല്ലാതാക്കാനുള്ള പരിശ്രമമാണ്‌ നടക്കുന്നത്‌. ഇപ്പോഴത്തെ നിലയ്ക്കു സംഘടിതമേഖലയിൽ ഏറ്റവും ഉയർന്ന ശമ്പളത്തിൽ എത്തി വിരമിക്കുന്ന ജീവനക്കാർക്കുപോലും കിട്ടാവുന്ന പരമാവധി ഉയർന്ന പെൻഷൻ പ്രതിമാസം 7500 രൂപയാണ്‌. വളരെ കുറച്ചുപേർക്കു മാത്രമേ പരമാവധി പെൻഷനിലേക്കു എത്തിച്ചേരാനാകൂ. മഹാഭൂരിപക്ഷം പേരും പ്രതിമാസം 2500 രൂപയിൽതാഴെ പെൻഷൻ വാങ്ങുന്നവരാണ്‌. എത്രവർഷം കഴിഞ്ഞാലും പെൻഷൻ തുകയിൽ മാറ്റമുണ്ടാവില്ല. കാരണം, ഇ.പി.എഫ്‌. പെൻഷനിൽ ക്ഷാമബത്തയ്ക്ക്‌ വ്യവസ്ഥയില്ല. പെൻഷൻ ഇത്ര പരിഹാസ്യമായ വിധം കുറഞ്ഞിരിക്കുന്നതിനു കാരണം പെൻഷന്‌ അർഹമായ ശമ്പളം വളരെ കുറച്ചു നിശ്ചയിച്ചിരിക്കുന്നതാണെന്നു കണ്ടല്ലോ. 

രണ്ടാമത്തെ കാരണം, പെൻഷൻ കണക്കാക്കാൻ നിശ്ചയിച്ചിരിക്കുന്ന സമവാക്യത്തിന്റെ കുടിലതയാണ്‌. ലളിതമായി പറഞ്ഞാൽ പെൻഷന്‌ അർഹമായ ശമ്പളത്തെ സേവനംചെയ്ത വർഷങ്ങൾകൊണ്ടു ഗുണിച്ചിട്ട്‌ എഴുപതുകൊണ്ട്‌ ഹരിക്കുമ്പോൾ കിട്ടുന്ന തുകയാണ്‌ ഇ.പി.എഫ്‌. പെൻഷൻ. ഈ അദ്‌ഭുതസമവാക്യം ഉപയോഗിച്ചു കണക്കാക്കിയപ്പോൾ തുടക്കത്തിൽ ധാരാളം പേരുടെ പ്രതിമാസ പെൻഷൻ ഒരു രൂപയായിരുന്നു! പെൻഷൻകാരുടെ സംഘടന ഈ നാണക്കേട്‌ ചൂണ്ടിക്കാണിച്ചപ്പോഴാണ്‌ മിനിമം പെൻഷൻ 1000 രൂപയായി നിശ്ചയിച്ചത്‌. ഈ മിനിമം പെൻഷൻപോലും നിഷേധിക്കാൻ ഇ.പി.എഫ്‌.ഒ. കാണിക്കുന്ന അതിസാമർഥ്യം കുപ്രസിദ്ധമാണ്‌. ഇപ്പോഴും ആയിരം രൂപ തികച്ചു പെൻഷൻ ലഭിക്കാത്ത 27 ലക്ഷം പേരുണ്ട്‌.
ന്യായമായ പെൻഷൻ നിഷേധിക്കുന്നതിന്‌ പറയുന്ന ന്യായം പണമില്ല എന്നതാണ്‌. പെൻഷൻഫണ്ടിലേക്ക്‌ കൂടുതൽ വിഹിതം അടയ്ക്കാൻ തയ്യാറാകുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും അതിന്‌ അനുവദിച്ചാൽ കൂടുതൽ വിഭവം ലഭ്യമാകും. പെൻഷൻഫണ്ടിൽ അവകാശികളില്ലാതെ കിടക്കുന്ന 50,000 കോടി രൂപയോളം ചോർത്തിയെടുക്കുന്നതിനുള്ള നിർദേശം ഉപേക്ഷിച്ച്‌ അത്‌ കുറഞ്ഞ ശമ്പളക്കാർക്കു മിനിമം പെൻഷൻ ഉയർത്തിനൽകാൻ ഉപയോഗിക്കാവുന്നതാണ്‌. ഇ.പി.എഫ്‌.ഒ.യുടെ ഭരണച്ചെലവിനുള്ള പണം ദരിദ്രരായ തൊഴിലാളികൾ അടയ്ക്കുന്ന വിഹിതത്തിൽനിന്നു കവർന്നെടുക്കുന്നതിനുപകരം ബജറ്റിൽനിന്ന്‌ അനുവദിക്കുന്നതും അടിയന്തരമായി പരിഗണിക്കേണ്ട കാര്യമാണ്‌. കോർപ്പറേറ്റുകൾക്കു നികുതിയിളവു നൽകുന്നതിനും അവരുടെ കിട്ടാക്കടം എഴുതിത്തള്ളുന്നതിനും വർഷംതോറും ചെലവിടുന്ന പണത്തിന്റെ ചെറിയ ഒരംശം ഉപയോഗിച്ചാൽ പെൻഷൻരംഗത്തെ അനീതിയും നാണക്കേടും ഒഴിവാക്കാനാകും. മിനിമം കൂലി 300 രൂപയായി കണക്കാക്കുകയും അതിന്റെ പകുതിയെങ്കിലും പെൻഷനായി നൽകണമെന്നു നിശ്ചയിക്കുകയും ചെയ്താൽ മിനിമം പെൻഷൻ 4500 രൂപയായിരിക്കും. അതുകൊണ്ടാണ്‌ വിവിധസംഘടനകൾ 3000 രൂപയിൽ കുറയാത്ത പെൻഷൻ ഉറപ്പാക്കണം എന്ന്‌ ആവശ്യപ്പെടുന്നത്‌. ‌

സാമൂഹിക അനീതിയും അസമത്വവും

തൊഴിൽമേഖലയിലെ പത്തുശതമാനം വരുന്ന സംഘടിത മേഖലയിലെ തൊഴിലാളികളുടെ സ്ഥിതി ഇതാണെങ്കിൽ അസംഘടിത മേഖലയിലെ തൊണ്ണൂറു ശതമാനത്തിന്റെ സ്ഥിതി എന്താവും എന്ന്‌ ഈഹിക്കാവുന്നതേയുള്ളൂ. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വാർധക്യകാല സുരക്ഷയ്ക്കു പറയത്തക്ക സംവിധാനങ്ങൾ നിലവിലില്ല. കൂട്ടുകുടുംബങ്ങളുടെ തകർച്ചയും ആയുർദൈർഘ്യത്തിലെ വർധനയും ജനസംഖ്യയിലെ പ്രായമായവരുടെ അനുപാതത്തിലുള്ള വർധനയും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്‌. 
കേന്ദ്രസർക്കാരിന്റെ നാഷണൽ സോഷ്യൽ അസിസ്റ്റന്റ്‌ പ്രോഗ്രാമിന്റെ (എൻ.എസ്‌.­എ.പി.) ഭാഗമായി 60 വയസ്സിനും 79 വയസ്സിനും ഇടയ്ക്കുള്ളവർക്ക്‌ 200 രൂപ വെച്ചും 80 വയസ്സിനു മുകളിലുള്ളവർക്കു 500 രൂപ വെച്ചും പ്രതിമാസം നൽകുന്ന പെൻഷനാണ്‌ ആകെയുള്ള സഹായം (കേരളത്തിൽ ഏകദേശം 51 ലക്ഷം പേർക്കു പ്രതിമാസം 1600 രൂപയിൽ കുറയാത്ത സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നു എന്നത്‌ വേറിട്ട കഥയാണ്‌). കേന്ദ്ര സർക്കാർ നൽകുന്ന പെൻഷന്റെ ഏറെക്കാലം മുമ്പ്‌ നിശ്ചയിച്ച നിരക്കുകൾ ഉയർത്താൻ സാധ്യമല്ല എന്നു പാർലമെന്റിൽ അടുത്തകാലത്ത്‌ വ്യക്തമാക്കുകയുണ്ടായി. തുച്ഛമായ ഈ പെൻഷൻ നൽകുന്നതാവട്ടെ അർഹരായ പത്തുകോടിയോളം വരുന്ന വൃദ്ധജനങ്ങളിൽ കേവലം 25 ശതമാനം പേർക്കുമാത്രമാണ്‌. ആഗോള പെൻഷൻ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം പിറകിലായിപ്പോകുന്നതിന്റെ കാരണം ഇവിടെ പറഞ്ഞതിൽനിന്നു വ്യക്തമാണ്‌. രാജ്യത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി ഈ ­ദുഃസ്ഥിതിയെ ന്യായീകരിക്കാനാവില്ല. 
പണിയെടുക്കുന്നവരെയും ദരിദ്രരെയും അവഗണിക്കുകയും ശിക്ഷിക്കുകയും ഒപ്പം മൂലധനത്തെ വഴിവിട്ട്‌ തുണയ്ക്കുകയും ചെയ്യുന്ന നയങ്ങളാണ്‌ പട്ടിണി പെരുകുന്നതിനും വാർധ്യകാല സംരക്ഷണം അപകടത്തിലാകുന്നതിനും കാരണം. ദരിദ്രരെ കൂടുതൽ ദരിദ്രരും സമ്പന്നരെ കൂടുതൽ സമ്പന്നരുമാക്കുന്നതാണ്‌ ഭരണകൂടനയങ്ങൾ എന്നത്‌ പരക്കേ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌. ഇക്കാര്യം ഒന്നുകൂടി അടിവരയിടുന്നതാണ്‌ 2021-ലെ ആഗോള അസമത്വ റിപ്പോർട്ട്‌. തോമസ്‌ പിക്കറ്റിയെപ്പോലെയുള്ള വിഖ്യാതരായ സാമ്പത്തികശാസ്ത്രജ്ഞർ തയ്യാറാക്കിയ ഈ റിപ്പോർട്ട്‌ പ്രകാരം സ്വത്തിന്റെയും വരുമാനത്തിന്റെയും അസമത്വത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിലാണ്‌ ഇന്ത്യയുടെ സ്ഥാനം. 
ഇന്ത്യയിലെ കുത്തകമൂലധനം കശാപ്പുചെയ്യുന്നത്‌ പൊൻമുട്ടയിടുന്ന താറാവിനെയാണെന്ന്‌ അവർ അറിയുന്നില്ല. അധ്വാനശക്തിയുടെ സാമൂഹിക പുനരുത്‌പാദനം അസാധ്യമാകുന്നതരത്തിലാണ്‌ സാധാരണ ജനങ്ങളുടെ, വിശേഷിച്ചും തൊഴിലാളികളുടെ പാപ്പരീകരണവും ദാരിദ്ര്യവത്‌കരണവും നടക്കുന്നത്‌. ആരോഗ്യവും വിദ്യാഭ്യാസവും നൈപുണികളും ഉള്ള തൊഴിലാളികളുടെ പുതിയ തലമുറയെ വളർത്തിയെടുക്കാതെ മൂലധനത്തിനും സമ്പദ്ഘടനയ്ക്കം മുന്നോട്ടുപോകാനാവില്ല. 

സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിൽ പ്രൊഫസറാണ്‌ ലേഖകൻ