ഇന്ത്യൻ കാർട്ടൂണിൽ ട്രാക്ടർ നിറഞ്ഞുനിന്ന ഒരു വർഷമാണ് കടന്നുപോവുന്നത്. കേന്ദ്ര സർക്കാർ കൃഷിപാഠം പഠിച്ച അധ്യയനവർഷവും കൂടിയാണിത്; പ്രതിഷേധത്തിന്റെ ബാലപാഠങ്ങൾ പ്രതിപക്ഷവും. കാർഷികനിയമങ്ങളെ എതിർത്ത്‌ കർഷകർ സകുടുംബം സമരത്തിനിറങ്ങുന്നതുവരെ കേന്ദ്രത്തിലെ കൃഷിമന്ത്രി ആരാണെന്നു ചോദിച്ചാൽ ഡൽഹിയിലെ പത്രക്കാർക്കുപോലും അറിയില്ലായിരുന്നു. വിഗ്യാൻഭവനിൽ നീണ്ട ചർച്ചകൾ നടക്കുന്ന കാലത്തും സർക്കാർ ഭാഗത്തെ പ്രതിനിധീകരിച്ചവരിൽ ആരോ ഒരാൾ മാത്രമായിരുന്നു ബഹുമാനപ്പെട്ട വകുപ്പുമന്ത്രി നരേന്ദ്രസിങ്‌ തോമർ.
ഗ്രാമങ്ങളിൽ കുടികൊള്ളുന്നതെന്ന് ഗാന്ധിജി സാക്ഷ്യപ്പെടുത്തിയ യഥാർഥ  ഇന്ത്യയുടെ കൃഷിമന്ത്രിയുടെ പേര്‌ കുറേക്കാലമായി ക്വിസ്, സിവിൽ സർവീസ് പരീക്ഷക്കാർക്കുമാത്രം അറിയാവുന്ന ഒന്നായിട്ടുണ്ട്. എന്നും അങ്ങനെ ആയിരുന്നില്ല. സ്വതന്ത്രഭാരതത്തിലെ ആദ്യ കൃഷിമന്ത്രി ആ സ്ഥാനം ഒഴിഞ്ഞാണ് നമ്മുടെ ആദ്യ രാഷ്ട്രപതിയായത്‌; ബാബു രാജേന്ദ്ര പ്രസാദ്. നെഹ്രുകാല രാഷ്ട്രീയത്തിലും കാർട്ടൂണിലും ഒക്കെ നിറഞ്ഞുനിന്ന ഈ ബിഹാറുകാരൻ നിയമത്തിൽ സ്വർണമെഡലോടെ  ബിരുദവും ഡോക്ടറേറ്റും നേടിയിരുന്നു. ഇങ്ങനൊരാൾ കാർഷികനിയമനിർമാണം നടത്തിയാൽ അതിനുബലം ഉണ്ടാവുമായിരുന്നു. സർവോപരി ഇത്തരം നിയമങ്ങൾ  പ്രതിപക്ഷത്തെയും കർഷകരെത്ത ന്നെയും പറഞ്ഞു ബോധ്യപ്പെടുത്താനുള്ള വിശ്വാസ്യതയും ആർജവവും  ഉണ്ടായിരുന്നു.
ഇതുപോലെ മികവുള്ള ഒരു ഒന്നാംനിര നമ്മുടെ കൃഷിമന്ത്രാലയത്തെ പലപ്പോഴായി നയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ ദരിദ്രരാജ്യം കൊടുംപട്ടിണിയിൽനിന്ന്‌ ഒരുവിധം കരകയറിയത്. ഈ നേതാക്കളൊക്കെ കാർട്ടൂണുകളിലെ പതിവ് സന്ദർശകർ ആയിരുന്നു. സാക്ഷരത കുറഞ്ഞ, ടെലിവിഷൻ പ്രചാരത്തിലില്ലാത്ത കാലത്തും പത്രവായനക്കാർക്ക്‌ ഇവരെ കണ്ടാൽ അറിയാം. റേഡിയോ ശ്രോതാക്കൾക്ക്‌ പേരു കേട്ടാൽ അറിയാം, അത്രയും പൊതുശ്രദ്ധ പിടിച്ചുപറ്റാൻ മാത്രം ഉള്ള ജനസമ്പർക്കം ഇവർക്കുണ്ടായിരുന്നു. ഈ പരിചയംവെച്ചാണ് രണ്ടു മൂന്നു കോറൽ കൊണ്ട്‌ ഇവരെ വരച്ചിടാൻ ശങ്കറിനും കുട്ടിക്കും കഴിഞ്ഞത്.
ഒന്നാം പഞ്ചവത്സര പദ്ധതിയിൽ മുൻഗണന കൃഷിക്കായിരുന്നു. പദ്ധതിയുടെ പ്രാരംഭകാലത്തെ കൃഷിമന്ത്രി കെ.എം. മുൻഷി അന്നേ അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു. ഭരണഘടനാ സമിതി അംഗവും.  ഭാരതീയവിദ്യാഭവൻ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. പുറകേ വന്ന കൃഷിമന്ത്രിമാരിൽ മിക്കവരും ചില്ലറക്കാരല്ല. ജഗ്ജീവൻ റാം, അടൽ ബിഹാരി വാജ്‌പേയി, നിതീഷ് കുമാർ, രാജ്‌നാഥ് സിങ്‌, അടുത്തകാലത്ത് മൻമോഹൻ ഭരണകാലത്ത് ശരദ് പവാർ. മറാത്താ അതികായന്‌ ഈ വകുപ്പ് ഏറ്റെടുത്തു ഭരിക്കാൻ ഒരു  കുറച്ചിലും തോന്നിയില്ല.
ഇതിനിടെ 1964 മുതൽ  1966 വരെ കൃഷി കൈകാര്യം ചെയ്ത സി. സുബ്രഹ്മണ്യം ഹരിത വിപ്ലവത്തിനുതന്നെ  കളമൊരുക്കി. ഇപ്പറഞ്ഞവരൊക്കെ കുറ്റമറ്റവരൊന്നും ആയിരുന്നില്ല. അസംഖ്യം മനുഷ്യരുടെ വിശപ്പ്  കൈകാര്യം ചെയ്യുമ്പോൾ നിലയ്ക്കാത്ത െെകയടി പ്രതീക്ഷിക്കരുത്. പലരും വിമർശനം ഏറ്റുവാങ്ങിക്കൊണ്ടേയിരുന്നു. അതുകൊണ്ടും കൂടിയാണ് ഇവർ കാർട്ടൂണിൽ സ്ഥിരം പ്രത്യക്ഷപ്പെട്ടതും.
വകുപ്പുമന്ത്രി ആയിരുന്നില്ലെങ്കിലും വ്യാജ കർഷകസ്നേഹത്തിന്റെ  പേരിൽ കാർട്ടൂണിസ്റ്റുകളുടെ രോഷം ഏറ്റുവാങ്ങിയത് ചൗധരി ചരൺസിങ്ങാണ്. അടിയന്തരാവസ്ഥയെത്തുടർന്ന്‌ കേന്ദ്രത്തിൽ ഭരണംപിടിച്ച ആദ്യ കോൺഗ്രസിതര സർക്കാരിൽ വിലപേശി വഴിയെ ഉപപ്രധാനമന്ത്രിയും  ധനമന്ത്രിയും ആയി ഉത്തരപ്രദേശത്തെ ഈ പ്രബലൻ. 1979-ൽ ഇദ്ദേഹം ഗ്രാമീണ സൗഹൃദം എന്ന് സ്വയം വിളംബരം ചെയ്ത ബജറ്റ് അവതരിപ്പിച്ചു. കർഷക പ്രമാണിമാർക്കുമാത്രം ഗുണം ചെയ്യുന്ന, നഗരവാസിയെ കഠിനമായി ശിക്ഷിക്കുന്ന ഒന്നായിട്ടാണ് ഇതിനെ വരയ്ക്കുന്നവർ കണ്ടത്.
െെകയിലൊരു വൻ ചാക്കുമായി തോക്കുചൂണ്ടുന്ന പോലെ കലപ്പയേന്തി പലചരക്കു കടയിലേക്ക് കയറിവന്ന കൊള്ളക്കാരനായിട്ടാണ് പതിവിലേറെ രൂക്ഷമായി ആർ. കെ. ലക്ഷ്മൺ ധനമന്ത്രിയെ ചിത്രീകരിച്ചത്. ‘മാതൃഭൂമി’യിൽ ഒ.വി. വിജയൻ ആളെ ഒരു  പഴഞ്ചൻ കാരണവരാക്കി നിലവിളക്കിനുമുമ്പിൽ ഇരുത്തി സന്ധ്യാനാമം ചൊല്ലിച്ചു: ‘‘നാട്യ പ്രകാരം നഗരം ദരിദ്രം; ജാട്ടിൻ പുറം നന്മകളാൽ സമൃദ്ധം’’.
കർഷകരെയും നാട്ടിന്പുറത്തുകാരെയും ഒറ്റയടിക്ക് നന്നാക്കാൻ ഇറങ്ങിയ അക്ഷമരും മിടുക്കന്മാരും ഇവിടെ വിജയിച്ച ചരിത്രം കേട്ടിട്ടില്ല.