cartoonതീരാറായ ഈ വർഷത്തെ വിലയിരുത്തുമ്പോൾ കാർട്ടൂണിസ്റ്റുകളെങ്കിലും വിട്ടുകളയാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. മാസങ്ങൾ നീണ്ടുനിന്ന  അവിശ്വസനീയമായ ഒരു പരീക്ഷണപരമ്പര. 

പരീക്ഷിക്കപ്പെട്ടത്‌ യാത്രക്കാരന്റെ ക്ഷമയാണ്. സാമാന്യജീവിതത്തെ ബാധിക്കുന്ന യാത്രച്ചെലവ് ക്രമത്തിൽ ഉയർന്നുകൊണ്ടേയിരുന്നു. കാർട്ടൂണിസ്റ്റുകളുടെവരെ പ്രതികരണശേഷിയെ വെല്ലുവിളിച്ചുകൊണ്ട് ചെറിയ  ഡോസുകളിൽ ഇന്ധനവില ക്രമത്തിൽ  കയറ്റി. എന്നും ഒരേ ആവേശത്തോടെ പ്രതിഷേധിക്കാനാവില്ലല്ലോ.ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന തന്ത്രശാലികൾക്ക് എത്രത്തോളം  വിലകൂട്ടണം, എപ്പോൾ കുറയ്ക്കണം, എന്നൊക്കെയറിയാം. ഇവരിൽ ചിലരെങ്കിലും ഒരു പഴയ ആർ.കെ. ലക്ഷ്മൺ കാർട്ടൂൺ കണ്ടുപഠിച്ചപോലുണ്ട്. ചിത്രത്തിൽ മന്ത്രി സഹായിയോട് പറയുന്നു: “ഉടൻ ചില കടുത്ത നടപടികൾ എടുക്കുക. അവയിൽ അയവുവരുത്തി ജനത്തിന്‌ അല്പം ആശ്വാസംപകരട്ടെ.” തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ ആശ്വാസംവരുന്നു. പെട്രോൾ-ഡീസൽ വില അല്പം കുറയുന്നു.
ദശകങ്ങളായി പല രൂപത്തിൽ കാർട്ടൂണിൽ എണ്ണ  പ്രത്യക്ഷപ്പെടുന്നുണ്ട്. പഴഞ്ചൻ വീപ്പകളായി; മണൽപ്പാടങ്ങളിലെ, നടുക്കടലിലെ ഖനികളിൽനിന്ന്‌ ബഹിർഗമിക്കുന്ന ഇരുണ്ട ഭീമൻ തുള്ളികളായി; പെട്രോൾപമ്പുകളിലെ പരിചിതസ്തൂപങ്ങളായി. ലോകത്തെവിടെയും വായനക്കാർക്ക്‌ മനസ്സിലാവുന്ന കാർട്ടൂൺചിഹ്നങ്ങളാണിവ.

ഇവയൊക്കെ കാർട്ടൂൺ ഭാഷയുടെ ഭാഗമാവാൻ തുടങ്ങിയത് ഗൾഫ്‌ രാഷ്ട്രങ്ങൾ അവരുടെ ഭൂഗർഭത്തിലെ ആസ്തി തിരിച്ചറിഞ്ഞ 1970-കളുടെ മധ്യത്തിലാണ്. എണ്ണയുത്‌പാദനത്തിന്‍റെ നിയന്ത്രണം ഉടമകൾ സ്വയം ഏറ്റെടുത്തു. വില കുത്തനെകയറി. അമേരിക്കൻ നിത്യജീവിതം ഒരുപക്ഷേ, ഏറ്റവും മാറ്റിമറിച്ച കാർ എന്ന അവശ്യവസ്തു പെട്ടെന്നൊരു ദിവസം ബാധ്യതയായി. കൂറ്റൻ അമേരിക്കൻ കാറുകൾ അതി ശ്രദ്ധയോടെ വരച്ചിരുന്ന കാർട്ടൂണിസ്റ്റുകൾ പോക്കറ്റ്‌ കാർട്ടൂണിലൊതുങ്ങുന്ന കളിപ്പാട്ടങ്ങൾപോലുള്ള ജാപ്പനീസ് കാറുകൾ വരച്ചുപഠിക്കാൻ തുടങ്ങി. സാമ്പത്തികത്തിനപ്പുറം എണ്ണയുടെ രാഷ്ട്രീയും പൊന്തിവന്നമുറയ്ക്ക് പടിഞ്ഞാറൻ കാർട്ടൂണുകളിൽ അറബിവേഷധാരികൾ വില്ലന്മാരായി. വഴിയേ നിലവിൽവന്ന ഇസ്‌ലാമോഫോബിയയുടെ വേരുകൾതേടിച്ചെന്നാൽ ഇവിടങ്ങളിലെത്താം. മറുഭാഗം പറഞ്ഞ വലിയ വരക്കാരുമുണ്ട്. വാങ്ങുന്ന എണ്ണയ്ക്കുപകരം ആയുധങ്ങൾ മാറ്റക്കച്ചവടംചെയ്ത സ്വന്തം സർക്കാരിനെ അമേരിക്കൻ കാർട്ടൂണിസ്റ്റ് ഹെർബ്ലോക്ക് വിമർശിച്ചിട്ടുണ്ട്. ഇറക്കുമതിചെയ്ത ഇന്ധനത്തിന്‍റെ നഷ്ടം പടക്കോപ്പുകൾ വിറ്റ്‌ നികത്താനുള്ള ശ്രമത്തെ അപലപിക്കുന്ന ഒരു കാർട്ടൂണിൽ അവനവന്‍റെ നേർക്ക് തിരിച്ചുപിടിച്ച തോക്ക് കൈമാറുന്ന പ്രസിഡന്റ്‌ ജെറാൾഡ് ഫോർഡിനെ കാണാം.  ആഗോള വൻശക്തിയുടെ ആത്മഹത്യപരമായ മണ്ടത്തരം.

എണ്ണവില ഏറിയതിന്‍റെ ഗുണം ഗൾഫ്‌രാജ്യങ്ങൾവഴി മലയാളിക്ക് കിട്ടിയതുപോലെ ആർക്കും കിട്ടിയിരിക്കില്ല. അങ്ങനെവന്ന വരുമാനംകൊണ്ട് റോഡുകളിലൊതുങ്ങാത്ത കൂറ്റൻ കാറുകൾ ഹരിതരാഷ്ട്രീയം പറയുന്നവരും ഓടിച്ചുനടക്കുന്നു. എണ്ണയുടെ വിലവിവരംവിടാതെ പിന്തുടരുന്ന ഇവിടത്തെ കാർട്ടൂണിസ്റ്റുകൾ  സമൂഹത്തിലെ ഇത്തരം വൈരുധ്യങ്ങൾ ശ്രദ്ധിക്കുന്നില്ല. കുണ്ടും കുഴിയുമില്ലാത്ത റോഡുകൾ വേണമെന്ന് എന്നും ശഠിക്കുന്ന ഇവർ  അവയോടുചേർന്ന് ഒരു സൈക്കിൾ ട്രാക്ക് ആവശ്യപ്പെടുന്നത് കണ്ടിട്ടില്ല. ദേശീയതലത്തിൽ വരയ്ക്കുന്നവരും എണ്ണയിൽ വഴുതിവീഴാറുണ്ട്‌. പണ്ടും  ഇടയ്ക്കൊക്കെ ഇന്ധനവില വർധിക്കുമ്പോൾ  ഇവരതിനെ  ജനദ്രോഹനടപടിയായി ചിത്രീകരിക്കും. ഇറക്കുമതിചെയ്യുന്ന എണ്ണയുടെ വില കൃത്രിമമായി താഴ്ത്തിനിർത്തി സ്വകാര്യ വാഹനയുടമകളെ പ്രീണിപ്പിക്കുന്നതിനെതിരേ ആഴ്ചകൾക്കകം ഇതേവീറോടെ ആഞ്ഞടിക്കും. സൗരോർജത്തെയും കാറ്റാടിയെയും കളിയാക്കാൻ മറക്കുകയുമില്ല.ഇങ്ങനെ അന്നന്നത്തെ അനുമോദനത്തിനുവേണ്ടി വരയ്ക്കുമ്പോൾ നഷ്ടപ്പെടുന്നത് തുടർച്ചകൾ രേഖപ്പെടുത്താനും തുടർവായനയ്ക്ക് പ്രേരിപ്പിക്കാനുമുള്ള കാർട്ടൂണിന്റെ അടിസ്ഥാനശക്തിയാണ്. കഴിഞ്ഞ പത്തമ്പതുകൊല്ലം ലോകത്തെവിടെയുംപോലെ ഇവിടെയും  ജീവിതത്തെ മാറ്റിമറിച്ച എണ്ണയുടെ കഥ കോർത്തിണക്കാനുള്ള അവസരമാണ്‌ ചോർന്നുപോയത്.ഇക്കാര്യത്തിൽ മലയാളിക്ക് ആകെയൊരു ആശ്വാസം സഗീർചെയ്ത,  ‘ഗൾഫുംപടി പി.ഒ.’ എന്ന ഗ്രാഫിക് നോവലാണ്. പത്രങ്ങളിലെ ദൈനംദിന കാർട്ടൂണുകൾക്കുപകരമാവില്ല ഇത്. എങ്കിലും  ഈ കൃതി ഗൾഫുവഴി എണ്ണ കൊണ്ടുവന്ന മലബാർ ഐശ്വര്യത്തിന്‍റെ പല വശങ്ങൾ നമുക്ക് അസാമാന്യകൈയടക്കത്തോടെ കാണിച്ചുതരുന്നു.