ലോകവന്യജീവി ദിനം ആചരിക്കുന്ന ഈ അവസരത്തിൽ സമകാലീന ഇന്ത്യയുടെ പാരിസ്ഥിതികഭാവിക്ക് രൂപംനൽകിയ ഒരപൂർവ സൗഹൃദത്തെക്കുറിച്ചുള്ള ഓർമകളാണ് മനസ്സിലേക്കുവരുന്നത്. പാരിസ്ഥിതിക വിഷയങ്ങൾ ചർച്ചചെയ്യുന്നതും പരിസ്ഥിതിയോടുള്ള സ്നേഹം പ്രദർശിപ്പിക്കുന്നതും ലോകനേതാക്കൾക്ക് ഇന്ന് സാംസ്കാരിക അനിവാര്യതയാണ്. എന്നാൽ, ഇങ്ങനെയല്ലാത്ത ഒരു കാലമുണ്ടായിരുന്നു. 1972 ജൂണിൽ, സ്റ്റോക്‌ഹോമിൽവെച്ചുനടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസമ്മേളനം ലോക പാരിസ്ഥിതിക സംവാദങ്ങളിൽ എന്നും ഉയർത്തിക്കാട്ടുന്ന ഒന്നാണ്. ആ സമ്മേളനത്തിൽ ആതിഥേയരാജ്യത്തെ മന്ത്രിയല്ലാതെ മറ്റു രാജ്യങ്ങളിൽനിന്നായി ഒരേയൊരു പ്രധാനമന്ത്രി മാത്രമാണ് പങ്കെടുത്തത്. അത് ഇന്ത്യയിൽനിന്നുമായിരുന്നു, ഇന്ദിരാഗാന്ധി.

ഇന്ദിര ഒരേസമയം ആരാധ്യയും വിവാദനായികയുമായിരുന്നു. ‘പ്രകൃതിയെ സംരക്ഷിക്കുന്നവരെ പ്രകൃതി തിരിച്ചു സംരക്ഷിക്കുന്നു’ എന്ന ആശയത്തിലൂന്നിയ പരിസ്ഥിതിയോടുള്ള അവരുടെ കരുതലാണ് രാജ്യത്തെ പ്രധാനപ്പെട്ട പരിസ്ഥിതിസംബന്ധമായ നിയമങ്ങളുടെ പിറവിയുടെ അടിസ്ഥാനം. അതിന് ഇന്ദിരയ്ക്ക് ശക്തിയേകിയതും പ്രേരണയായതും ലോകംകണ്ട ഏറ്റവും വലിയ പക്ഷിനിരീക്ഷകനും പ്രകൃതിശാസ്ത്രപണ്ഡിതനുമായ സാലിം അലിയുമായുള്ള അവരുടെ സൗഹൃദമായിരുന്നു. ഇന്ദിരയുമായുള്ള അദ്ദേഹത്തിന്റെ കത്തിടപാടുകൾ നെഹ്രു മെമ്മോറിയൽ മ്യൂസിയത്തിലും ലൈബ്രറിയിലുമായും നാഷണൽ ആർക്കൈവ്‌സിലുമായി സൂക്ഷിച്ചിട്ടുണ്ട്.

വെറുമൊരു പക്ഷിനിരീക്ഷകൻ മാത്രമായിരുന്നില്ല സാലിം അലി, ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുമായി അദ്ദേഹം അടുത്തുപ്രവർത്തിച്ചിരുന്നു. വാഷിങ്ടണിലെ സ്മിത്സോനിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പക്ഷിശാസ്ത്രജ്ഞനായ സിഡ്‌നി ഡില്ലൻ റിപ്ലിയുമായിച്ചേർന്ന് മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം പ്രവർത്തിച്ചു. അതിന്റെഫലമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ച് 10 വാല്യങ്ങളുള്ള പുസ്തകങ്ങൾ അവരുടേതായുണ്ട്. 

വന്യജീവിസംരക്ഷണ നിയമം -1972, ജലമലിനീകരണ നിയന്ത്രണ നിയമം -1974, വനസംരക്ഷണനിയമം -1980, വായുമലിനീകരണ സംരക്ഷണനിയമം -1981 തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട പരിസ്ഥിതി നിയമങ്ങളെല്ലാം ഇന്ദിരയുടെ സജീവമായ ഇടപെടലിന്റെ ഭാഗമായി ഉണ്ടായവയാണ്. അതുപോലെ, വംശനാശഭീഷണി നേരിടുന്ന വിവിധ ഇനം പക്ഷിമൃഗാദികളുടെ സംരക്ഷണപരിപാടികളും ഇന്ദിരയുടെ കാലത്ത് രൂപംകൊണ്ടതാണ്, പ്രോജക്ട് ടൈഗർ അതിനൊരുദാഹരണം മാത്രം. ഭരത്പുർ പക്ഷിസങ്കേതം, ഒഡിഷയിലെ ചിൽകാ തടാകം, കേരളത്തിലെ സൈലന്റ്‌വാലി, ബസ്തറിലെ സാൽ വനങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി ഇന്ദിര കൈക്കൊണ്ട തീരുമാനങ്ങളുടെ ദൂരവ്യാപകഫലങ്ങൾ ഇന്നും ഇന്ത്യൻ പരിസ്ഥിതിക്ക്‌ വിലമതിക്കാനാകാത്തതാണ്.

ഇന്ത്യ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനുള്ള റംസർ കൺവെൻഷന്റെ ഭാഗമാകണമെന്ന് ഇന്ദിരയെ ഉപദേശിച്ചതും സാലിം അലി ആയിരുന്നു. ദേശാടനപ്പക്ഷികളുടെ സംരക്ഷണത്തിനായി യു.എസ്.എസ്.ആറുമായി കരാറിലൊപ്പുവെക്കണമെന്ന നിർദേശവും സാലിം അലിയുടെ ഭാഗത്തുനിന്നുമുണ്ടായതാണ്. 1983-ലാണ് അത് സംഭവിക്കുന്നത്. അതേവർഷം, സൈബീരിയൻ കൊക്കുകളുടെ സംരക്ഷണത്തിനായി ഇന്ത്യയുമായി സഹകരിക്കണമെന്ന് പാകിസ്താൻ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളോട് ആവശ്യപ്പെടുകയുമുണ്ടായി.

ഇന്ദിരയിൽ പ്രകൃതിയോടുള്ള താത്‌പര്യം ജനിപ്പിക്കുന്നത് അച്ഛൻ ജവാഹർലാൽ നെഹ്രുവാണ്. പ്രകൃതിയെപ്പറ്റിയുള്ള പുസ്തകങ്ങൾ വായിച്ചുതുടങ്ങിയാണ് അവർ പിന്നീട് വലിയ വായനക്കാരിയും പുസ്തകസ്നേഹിയുമായത്. സാലിം അലിയെപ്പറ്റി ഇന്ദിര അറിയുന്നതും നെഹ്രുവിലൂടെയാണ്. ‘ഭൂരിഭാഗം ഇന്ത്യക്കാരെയുംപോലെ ഞാൻ പക്ഷികളെ പ്രത്യേകമായൊന്നും കണ്ടില്ലായിരുന്നു. എന്നാൽ, ദെഹ്‌റാദൂൺ ജയിലിൽനിന്ന് അച്ഛൻ അയച്ച സാലിം അലിയുടെ മനോഹരമായ പുസ്തകത്തിലൂടെയാണ് പക്ഷികളുടെ അദ്ഭുതലോകത്തെപ്പറ്റി ഞാൻ മനസ്സിലാക്കുന്നത്... ഇന്നും നഗരങ്ങളിൽപ്പോലും പക്ഷികളുമൊത്താണ് നമ്മൾ ജീവിക്കുന്നത് എന്നത് വലിയ ഭാഗ്യമാണ്...’ -സാലിം അലിയുടെ പുസ്തകം വായിച്ച് പക്ഷിനിരീക്ഷണത്തിലേക്കെത്തിയ ഇന്ദിര ഇങ്ങനെ കുറിച്ചു.

1942 സെപ്റ്റംബർ 11 മുതൽ 1943 മേയ് 13 വരെ ഇന്ദിരാഗാന്ധി അലഹാബാദിലെ നൈനി സെൻട്രൽ ജയിലിലുണ്ടായിരുന്നു. സാലിം അലിയുടെ പുസ്തകം വായിച്ച് പക്ഷിനിരീക്ഷണം ഗൗരവമായി എടുക്കുന്നതും അവിടെ​െവച്ചാണ്. 1950-ൽ സ്ഥാപിതമായ ഡൽഹി പക്ഷിനിരീക്ഷണ സംഘത്തിന്റെ ആറു സ്ഥാപകരിൽ ഒരാളാണ് ഇന്ദിര.

ഇന്ദിരാഗാന്ധിയും സാലിം അലിയുമായുള്ള കൂടിക്കാഴ്ച ഇന്ദിരയുടെ ഓഫീസിലും വീട്ടിലുമായാണ് നടന്നിരുന്നത്. എന്നാൽ, പ്രധാനമായും കത്തുകളായിരുന്നു അവരുടെ ആശയവിനിമയമാർഗം. ഒരിക്കൽ 1979-ൽ,  സൈലന്റ് വാലിയിൽ ജലസേചനപദ്ധതിയുടെ ആലോചനകൾ നടക്കുന്ന സമയത്ത് ഒരു കത്തിൽ ഇന്ദിര ഇങ്ങനെയെഴുതി: ‘കുറച്ചുമുന്നെയാണ് താങ്കളയച്ച കത്ത് ലഭിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള സൈലന്റ് വാലിയെപ്പറ്റിയുള്ള താങ്കളുടെ ആശങ്കകളിൽ ഞാനും പങ്കുചേരുന്നു. പ്രദേശത്തിന്റെ സംരക്ഷണത്തിനായി എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യും...’  ഇന്ദിര ഭരണത്തിലില്ലാത്ത സമയമായിരുന്നു അത്. അതുകഴിഞ്ഞ് 1980 ജനുവരി ഒമ്പതിന് അവർ തിരിച്ച് ഭരണത്തിൽ കയറിയപ്പോൾ സാലിം അലി ടെലഗ്രാമയച്ചു. ‘സബാഷ്. ഞാൻ സന്തോഷത്തിലാണ്.’  രാജ്യം പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുക എന്ന ശക്തമായ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിൽ ഈ സൗഹൃദവും അതിലൂടെ നിറവേറിയ ലക്ഷ്യങ്ങളും ഏവർക്കും പ്രചോദനമാകട്ടെ.