2015ലെ പാരീസ് ഉടമ്പടിയില്‍നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 2017 ജൂണ്‍ ഒന്നിലെ പ്രഖ്യാപനം ആഗോളതലത്തിലെ കാലാവസ്ഥാപ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലെത്തിച്ചിരുന്നു. പാരീസ് ഉടമ്പടി 'അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതും  യു.എസിന് സ്ഥിരമായ കോട്ടം സമ്മാനിക്കുന്നതുമാണ്' എന്നായിരുന്നു ട്രംപിന്റെ വാദം. ആഗോള കാര്‍ബണ്‍ പുറംതള്ളലിന്റെ സിംഹഭാഗവും സംഭാവനചെയ്യുന്ന അമേരിക്ക, കാലാവസ്ഥാക്കരാറില്‍നിന്ന് പിന്‍വാങ്ങിയത് കാര്‍ബണ്‍ വിസര്‍ജനം കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിനല്‍കിയിരുന്നു. തുടര്‍ന്നുള്ള കാലാവസ്ഥാ ഉച്ചകോടികള്‍ പ്രത്യേക ഫലങ്ങളൊന്നും സൃഷ്ടിക്കാഞ്ഞതിന്റെ പ്രധാന കാരണവും ട്രംപിന്റെ നിലപാടിലെ കാര്‍ക്കശ്യംതന്നെയായിരുന്നു.
ആഗോളകാലാവസ്ഥയിലെ   നിരീക്ഷിക്കപ്പെട്ട മാറ്റങ്ങള്‍

വ്യാവസായികയുഗംതൊട്ടുള്ള കാലംമുതല്‍ ആഗോള ശരാശരി താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നു. താപവര്‍ധനയിലെ ഈ വമ്പിച്ച മാറ്റം സ്വാഭാവികവ്യതിയാനങ്ങളാല്‍മാത്രം വിശദീകരിക്കാന്‍ കഴിയില്ലെന്നും അവയോടൊപ്പം മനുഷ്യപ്രവര്‍ത്തനങ്ങള്‍മൂലമുള്ള മാറ്റങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും കാലാവസ്ഥാശാസ്ത്രജ്ഞര്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.

വ്യാവസായികകാലഘട്ടത്തിലെ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം,  ഉയര്‍ന്ന എയറോസോള്‍ സാന്ദ്രത, ഭൂവിനിയോഗത്തിലും ഭൗമാവരണത്തിലുംവന്ന വ്യതിയാനങ്ങള്‍ എന്നിവ അന്തരീക്ഷഘടനയെ ഗണ്യമായി മാറ്റിമറിച്ചു. അത്  ഗ്രഹങ്ങളുടെ ഊര്‍ജസന്തുലിതാവസ്ഥയില്‍ വരുത്തിയ മാറ്റം ഇന്ന് നാം അനുഭവിക്കുന്ന തരത്തിലുള്ള കാലാവസ്ഥാവ്യതിയാനത്തിന് പ്രധാന കാരണമായിത്തീര്‍ന്നു.

1950 മുതലുള്ള താപവര്‍ധന ആഗോളതലത്തില്‍ കാലാവസ്ഥയിലും അതിതീവ്ര കാലാവസ്ഥാസംഭവങ്ങളുടെ തോതിലും ഗണ്യമായ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട് (ഉദാ: ചൂടുതരംഗങ്ങള്‍, വരള്‍ച്ച, കനത്ത മഴ, കടുത്ത ചുഴലിക്കാറ്റുകള്‍). മഴ, കാറ്റ് എന്നിവയുടെ സ്വഭാവങ്ങളിലെ മാറ്റങ്ങള്‍ (ആഗോള മണ്‍സൂണ്‍ വ്യവസ്ഥകളിലെ  പരിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ), താപനം ആഗോളസമുദ്രങ്ങളുടെ അമ്‌ളീകരണം, സമുദ്രത്തിലെ ഹിമവും ഹിമാനികളും ഉരുകുന്നത്, സമുദ്രനിരപ്പ് ഉയരുന്നത്, സമുദ്ര-ഭൗമ പരിസ്ഥിതിവ്യവസ്ഥകളിലെ മാറ്റങ്ങള്‍ എന്നിവയൊക്കെ ഇത്തരമൊരു താപവ്യതിയാനത്തിന്റെ ഫലമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ഗ്രഹങ്ങളുടെ താപവര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത അടുത്ത കാലത്തായി ശാസ്ത്രജ്ഞര്‍ അടിവരയിട്ടു സൂചിപ്പിക്കുന്നു.

1.5 ഡിഗ്രി ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണ് ബൈഡന്റെ ആതിഥേയത്വത്തില്‍ നടക്കാനിരിക്കുന്ന നേതൃ ഉച്ചകോടിയുടെയും ഇഛജ26ന്റെയും പ്രധാന ലക്ഷ്യം. 1.5 ഡിഗ്രി സെല്‍ഷ്യസായി ആഗോളതാപനം പരിമിതപ്പെടുത്തണമെങ്കില്‍ നിലവിലുള്ള സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗത്തില്‍ വന്‍തോതിലുള്ള വെട്ടിക്കുറവുകള്‍ ആവശ്യമായിവരും. വിശ്വസനീയമായ ശാസ്ത്രീയകണക്കുകള്‍ സൂചിപ്പിക്കുന്നത് എല്ലാ രാജ്യവും തങ്ങളുടെ പ്രതിജ്ഞകള്‍ നിറവേറ്റുന്നെങ്കില്‍ക്കൂടിയും ഭൂമിയുടെ ശരാശരി താപനില 2.6-3.2 സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്ന അപകടകരമായ ചുവന്നവരയ്ക്ക് അപ്പുറമാണിത്.

താപനില ഉയരുമ്പോള്‍

രണ്ടുഡിഗ്രി സെല്‍ഷ്യസ് ഉയരുന്നതോടുകൂടി 'നിയന്ത്രണബാഹ്യമായ കാലാവസ്ഥാവ്യതിയാന'ത്തിന് (runaway climate change) വര്‍ധിച്ച സാധ്യതയുണ്ട്. കാലാവസ്ഥാവ്യതിയാനസാധ്യത ഉയര്‍ത്തുന്ന ഒട്ടേറെ 'അനുകൂല പ്രതികരണകണ്ണികള്‍' (positive feedback loops) കാരണം നമ്മുടെ ഓരോ പ്രവൃത്തിയും താപനില വര്‍ധിപ്പിക്കുന്നതും കാലാവസ്ഥാവ്യവസ്ഥകള്‍ തകര്‍ക്കുന്നതുമായിരിക്കും. സാങ്കേതികവിദ്യകളുടെ നവീകരണംകൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല കാലാവസ്ഥാവ്യതിയാനം എന്ന കാര്യത്തില്‍ അടിസ്ഥാനബോധ്യം പ്രധാനമാണ്.

എന്താകണം അടിയന്തര ഇടപെടലുകള്‍?

സുസ്ഥിരത(sustainability)

കാര്‍ബണ്‍ ഉദ്ഗമനത്തിന്റെ തോത് വികസിതരാജ്യങ്ങളുടേത് 2030 ആകുമ്പോഴേക്കും, വികസ്വരരാജ്യങ്ങളുടേത് 2040 ആകുമ്പോഴേക്കും പൂജ്യത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. (CO2 ഉദ്ഗമനം തുല്യക്രമത്തില്‍ ആയിരിക്കണം). മൊത്തം ആഗോള ഉപഭോഗം സുസ്ഥിര നിലവാരത്തിലേക്ക് ചുരുക്കണം എന്നര്‍ഥം.

സമത (equity)

ലോകത്തിലെ എല്ലാ ആളുകള്‍ക്കും ഏറ്റവും കൂടിയതുതൊട്ട് കുറഞ്ഞതുവരെയുള്ള വരുമാനം അല്ലെങ്കില്‍ ഊര്‍ജ ഉപഭോഗം തമ്മിലുള്ള അനുപാതം രണ്ടില്‍ കവിയാന്‍ പാടില്ല.

വികേന്ദ്രീകരണം

ഭരണം വികേന്ദ്രീകൃതവും ജനാധിപത്യപരവുമായിരിക്കണം. എല്ലാ ഭരണവിവരങ്ങളും പൊതുഡൊമെയ്നില്‍ ആയിരിക്കണം.

പരിസ്ഥിതി പുനഃസ്ഥാപനം

മണ്ണ്, ജലം, വായു, ഒരു പരിധിവരെ ജൈവവൈവിധ്യം എന്നിവയെ നാശത്തില്‍നിന്ന് രക്ഷിച്ച് വ്യാവസായികയുഗത്തിനുമുമ്പുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആസൂത്രണംചെയ്യണം.

നാശനഷ്ടങ്ങള്‍ക്കുള്ള ഉത്തരവാദിത്വം

ചരിത്രപരമായ ഉദ്ഗമനത്തിന്റെ (historical emission) ആനുപാതികമായ കുടിയൊഴിപ്പിക്കല്‍, സ്വത്തുനഷ്ടം, പാരിസ്ഥിതികനാശം തുടങ്ങിയവയുടെ ഉത്തരവാദിത്വം എല്ലാ രാജ്യങ്ങളും/പ്രദേശങ്ങളും ഏറ്റെടുക്കണം.