വംശനാശം നേരിടുന്ന ഒരു പക്ഷിയെ രക്ഷിക്കാനുള്ള തീവ്രശ്രമം വിജയിക്കുന്നു... അതോടൊപ്പം പക്ഷിയുടെ വാസസ്ഥലമായ രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ മരുഭൂമിയില്‍ പച്ചപ്പും കാണാം. വിജയത്തിനു പിന്നില്‍ ഒരു മലയാളിയായ വനം വകുപ്പ് ഉദ്യോസ്ഥനുണ്ട് ജയ്‌സാല്‍മര്‍ വന്യമൃഗ സങ്കേതത്തിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനായ കെ.ആര്‍. അനൂപ്, ഇരിങ്ങാലക്കുട സ്വദേശി. കൊക്കിന്റെ ആകൃതിയിലുള്ളതാണ് പക്ഷി.  'ബസ്റ്റാര്‍ഡ് പക്ഷി' എന്ന് വിളിക്കും മരുഭൂമിയിലെ ജ്വലിക്കുന്ന ചൂടും ശൈത്യകാലത്ത് മനുഷ്യന്റെ എല്ലുകള്‍ മരവിക്കുന്ന തണുപ്പും നേരിടുന്ന പക്ഷി. വംശനാശത്തില്‍ നിന്ന് ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേല്പിന്റെ പാതയിലാണ് ഈ പക്ഷി.

കാല്‍നൂറ്റാണ്ട് മുമ്പ് ഒരു സൗദി രാജകുമാരന്‍ ജയ്‌സാല്‍മറില്‍ എത്തി, പക്ഷിയെ തോക്കിന് ഇരയാക്കിയപ്പോള്‍ അത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. രാജകുമാരന്റെ വേട്ട വിവാദമയി. വന്യജീവി സംരക്ഷണ നിയമം ഇന്ത്യയില്‍ പ്രാബല്യത്തിലിരിക്കെ, പക്ഷിയെ വെടിവച്ച് വീഴ്ത്തിയത് ഇന്ത്യന്‍ പരിസ്ഥിതി പ്രേമികളുടെ മുറവിളിക്കിടയാക്കി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് പ്രശ്‌നം ശമിപ്പിച്ചു. തുടര്‍ന്നാണ് പക്ഷിക്ക് സംരക്ഷണവലയം കിട്ടുന്നത്.പക്ഷിക്ക് ഇന്ന് പൂര്‍ണ സംരക്ഷണമുണ്ട്. വനംവകുപ്പ് മാത്രമല്ല, മറ്റ് സര്‍ക്കാര്‍ വകുപ്പുകളും അതിര്‍ത്തി രക്ഷാ സേനയും പോലീസും പരിസ്ഥിതിപ്രേമികളും കൈകോര്‍ത്തു കൊണ്ടാണ് സംരക്ഷണമെന്ന് അനൂപ് 'മാതൃഭൂമി നഗര' ത്തോട് പറഞ്ഞു.  രാജസ്ഥാന്‍ കേഡറിലുള്ള ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോസ്ഥനായ അദ്ദേഹം, മുമ്പ് ഭരത്പൂര്‍ പക്ഷിസങ്കേതത്തിലെ വാര്‍ഡനായിരുന്നു. ഇപ്പോള്‍ ഭരത്പൂര്‍ വാര്‍ഡന്‍ കോതമംഗലം സ്വദേശിയായ ബിജോ േജായ് ആണ്.

ഒരു വര്‍ഷത്തില്‍ ഒരു മുട്ട മാത്രമേ ഈ പക്ഷി ഇടാറുള്ളു. മണ്ണില്‍ കൂടുകൂട്ടിയാണ് പക്ഷി മുട്ടയിടുന്നത്. പലപ്പോഴും മരുഭൂമിയില്‍ പച്ചപ്പുള്ള ചിലയിടങ്ങളില്‍ കാലിമേയ്ക്കാന്‍ ഇറങ്ങുന്നവരെ കണ്ടാല്‍ പക്ഷി പേടിച്ച് ഓടിപ്പോകും. മുട്ട വിരിയിക്കാന്‍ പെണ്‍പക്ഷിക്ക് കഴിയാതെ പോകുന്നു. പക്ഷിയെ ശല്യപ്പെടുത്തുന്ന മറ്റ് മൃഗങ്ങളുമുണ്ട്. പക്ഷിയുടെ വംശം നശിക്കാനുള്ള പ്രധാന കാരണമിതാണ്.അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന സംരക്ഷണ പ ദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. 12 കോടി രൂപ അതിനായി നീക്കിവെച്ചിട്ടുണ്ട്. കാലിമേച്ചിലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗ്രാമവാസികള്‍ വനം വകുപ്പുമായി ഏറ്റുമുട്ടി. അത് സംഘര്‍ഷത്തില്‍ കലാശിച്ചുവെങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിട്ട്, പക്ഷിയെ സംരക്ഷിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡനായ അനൂപ് അതിനായി നടത്തിയ ആത്മാര്‍ഥ ശ്രമങ്ങള്‍ക്ക്, ഇപ്പോള്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണ കിട്ടിക്കഴിഞ്ഞു. സംരക്ഷണ നടപടികളുെട ഭാഗമായി മരുഭൂമിയില്‍ പലയിടങ്ങളിലും പച്ചപ്പ് കാണാന്‍ തുടങ്ങിയതും അനൂപിന്റെ ശ്രമഫലമായിട്ടാണ്.

മരുഭൂമിപ്രദേശത്ത് ചിലയിടങ്ങളിലായി ഗ്രാമവാസികള്‍ അനധികൃത കൃഷി നടത്തിയിരുന്നു. അത് നിര്‍ത്തലാക്കാന്‍ സര്‍ക്കാറിന്റെ പിന്തുണ കിട്ടി. പയര്‍ വര്‍ഗത്തില്‍പ്പെട്ട ഒരു ധാന്യം വിളവെടുത്തിരുന്നു. ഇതിന് ഒരു ക്വിന്റലിന് 35,000 രൂപ വരെ വില ഉയര്‍ന്നിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ ഭൂമി കൈയേറി നടത്തിയ അനധികൃത കൃഷി വലിയൊരു പരിധിവരെ തടയാന്‍ കഴിഞ്ഞതാണ് പക്ഷി സംരക്ഷണത്തിന് മുതല്‍ക്കൂട്ടായത്.

കൈയേറ്റക്കാരെ നേരിടാന്‍ പോലീസിന്റെ സഹായവും വേണ്ടത്ര ലഭിച്ചതായി അനൂപ് പറഞ്ഞു. 3,162 ചതുരശ്ര കിലോമീറ്ററാണ് 'ഡെസര്‍ട്ട് നാഷണല്‍ പാര്‍ക്കി'ന്റെ വിസ്തീര്‍ണം. സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയോടെ 3,200 ഹെക്ടര്‍ ഭൂമികൂടി പാര്‍ക്കിനോട് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2014ല്‍ 103 പക്ഷികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍, ഇപ്പോള്‍ എണ്ണം വര്‍ധിച്ച് 140 ആയിട്ടുണ്ട്. എണ്ണം ക്രമേണ കൂടും. വനപരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ ജനപങ്കാളിത്തം കിട്ടിയതോടെ പക്ഷിയുടെ ഉയിര്‍ത്തെഴുന്നേല്പിന് വേഗം കൂടി. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ പക്ഷിയുണ്ട്.  പക്ഷേ, വിരലിലെണ്ണാവുന്നവ മാത്രം.