Wild Photography

'സുല്‍ത്താന്റെ ദന്ത നിമിഷങ്ങള്‍...', 'കേസരിയുടെ ധൃതരാഷ്ട്രാലിംഗനം'. ഈ രണ്ട് ചിത്രങ്ങളെയും ഇങ്ങനെ വിവരിക്കാം: വന്യജീവി പ്രേമികളുടെ ഹൃദയം കവരുന്ന ഈ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ ആദിത്യ ഡിക്കി സിങ്ങാണ്. രാജസ്ഥാനിലെ രണ്‍തംഭോര്‍ കടുവ സങ്കേതത്തിന് സമീപമാണ് അദ്ദേഹത്തിന്റെ താമസം. നീണ്ട മുപ്പത് വര്‍ഷങ്ങളായി കടുവകളുടെ ഹൃദയത്തുടിപ്പുകളുമായി ബന്ധപ്പെട്ട വ്യക്തിയായ അദ്ദേഹം, എന്‍ജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും അത് ഉപേക്ഷിച്ച് കടുവാ മടകളിലേക്ക് ഇറങ്ങിച്ചെന്നു. കടുവയുടേത് രണ്‍തംഭോറില്‍ നിന്നുള്ള ചിത്രമാണ്. സിംഹത്തിന്റേത് ആഫ്രിക്കയിലെ ആഗോള പ്രശസ്തി നേടിയ മസായിമരോ വന്യമൃഗ സങ്കേതത്തിലേതും.

വന്യജീവി പ്രേമികള്‍ക്ക് സുപരിചിതമായ കടുവയാണ് രണ്‍തംദോറിലെ 'സുല്‍ത്താന്‍'. ഫോട്ടോഗ്രാഫര്‍മാരെ തിരിച്ചറിയാന്‍ ഈ കടുവയ്ക്ക് കഴിയും. വിദേശത്ത് നിന്ന് എത്തിയ പലര്‍ക്കും 'സുല്‍ത്താന്‍' പലപ്പോഴും പോസ് ചെയ്തു കൊടുത്തിട്ടുണ്ട്. സുല്‍ത്താന്റെ മുഖഭാവങ്ങളാണ് പലപ്പോഴും ക്യാമറയില്‍ പ്രമേയമായത്.  എന്നാല്‍, വ്യത്യസ്തമായ ഒരു ഭാവമാണ് ഈയിടെ ആദിത്യ ഡിക്കി സിങ്ങിന് കിട്ടിയത്. ഒരു ദിവസം ജീപ്പില്‍ യാത്ര ചെയ്യവേ, സുല്‍ത്താന്‍ സന്ദര്‍ശകരുടെ ആരവങ്ങളില്‍ നിന്ന് അകലെയായിരുന്നു. അര്‍ദ്ധമയക്കത്തില്‍ ജീപ്പില്‍ പത്തടി വരെ ദൂരത്തില്‍ ആദിത്യ ഡിക്കി സിങ് എത്തി ക്യാമറ ഫോക്കസ് ചെയ്തു.

ജീപ്പിന്റെ ഞരക്കം കേട്ടപ്പോള്‍ സുല്‍ത്താന്‍ ഉണര്‍ന്നു. കണ്ണുകള്‍ മെല്ലെ തുറന്നു. വായ് അല്പം പൊളിച്ചു. ക്രമേണ വായ് വിശാലമായി തുറന്നു. ''ഇത്രയ്ക്ക് വായ് തുറക്കുന്നത് ഇതുവരെ കണ്ടിട്ടില്ല'' അദ്ദേഹം പറഞ്ഞു. കോരിത്തരിച്ച നിമിഷം. ക്യാമറ മിന്നി. ആരെയും ആകര്‍ഷിക്കുന്ന ചിത്രത്തിന് ഒരു  സുഹൃത്ത് പേരിട്ടു: 'സുല്‍ത്താന്റെ ദന്ത നിമിഷങ്ങള്‍'. ഒരു ദന്ത ഡോക്ടര്‍ക്ക് മുന്നില്‍ സുല്‍ത്താന്‍ വായ് തുറക്കുന്നത് ഭാവനയില്‍ കണ്ടുകൊണ്ടാണ് ചിത്രത്തിന് പേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.  മുപ്പത് വര്‍ഷമായി ക്യാമറയുമായി കടുവയുടെ പിന്നാലെ നടക്കുന്ന ആദിത്യ ഡിക്കി സിങ്ങിന്റെ പക്കല്‍ രണ്ടര ലക്ഷം കടുവ ചിത്രങ്ങള്‍ ഉണ്ട്. ആദ്യകാലത്തെ ചിത്രങ്ങള്‍ക്ക് മിഴിവില്ല. പിന്നീട്, ഡിജിറ്റല്‍ ക്യാമറയുടെ രംഗപ്രവേശവും മികച്ച ലെന്‍സും ചിത്രങ്ങളുടെ പകിട്ട് കൂട്ടി. അദ്ദേഹത്തിന്റെ 'സ്പിരിറ്റ് ഓഫ് ദി ടൈഗര്‍' എന്ന പുസ്തകത്തിലെ ചിത്രങ്ങള്‍ ഭൂരിഭാഗവും അത്യപൂര്‍വമായതാണ്. പുസ്തകം പ്രസിദ്ധീകരിച്ച ശേഷമാണ് 'സുല്‍ത്താന്റെ ദന്ത നിമിഷങ്ങള്‍' ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നും രാവിലെ ആറ് മണിക്ക് മുമ്പ് അദ്ദേഹം ക്യാമറയുമായി ജീപ്പില്‍ സങ്കേതത്തില്‍ ചുറ്റിത്തിരിയും. നാല് മണിക്കൂര്‍ സവാരി നീണ്ടുനില്‍ക്കും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും കാട്ടിലേക്കിറങ്ങും. വൈകീട്ട് ആറ്് വരെ യാത്ര...ടൂറിസ്റ്റ് മോഹത്തിന്റെ പിടിയില്‍ അമര്‍ന്ന സങ്കേതമാണ് ഇത്. ചിലപ്പോള്‍ അനിയന്ത്രിതമായ സന്ദര്‍ശക പ്രവാഹം, പക്ഷേ, കടുവകളെ അത് അലോസരപ്പെടുത്താറില്ല. അവ ശാന്തരായി ജീപ്പിലിരിക്കുന്നവരെ വീക്ഷിക്കുന്നു. ടൂറിസ്റ്റുകളെയും വനം വകുപ്പ് ഗാര്‍ഡുമാരെയും ആക്രമിച്ച അവസരങ്ങളുമുണ്ട്. രണ്‍തംദോര്‍, മുമ്പ് രാജാക്കന്മാരുടെ നായാട്ട് കേന്ദ്രമായിരുന്നു. വന്യജീവി സംരക്ഷണ നിയമം 1972ല്‍ പ്രാബല്യത്തിലായതോടെ കടുവകള്‍ക്ക് പൂര്‍ണ സംരക്ഷണമായി.

കേസരിയുടെ ധൃതരാഷ്ട്രാലിംഗനം

Wildകാഴ്ചയില്‍ കാളയെപ്പോലുള്ള മൃഗത്തെ ആഫ്രിക്കയിലുള്ള മസായിമരോ വന്യമൃഗ സങ്കേതത്തിലെ സിംഹരാജന്‍ കീഴ്‌പ്പെടുത്തുന്നതാണിത്. സാധാരണ ഗതിയില്‍ മൃഗത്തെ ഓടിച്ചിട്ട് പിടിച്ച ശേഷം, കൂര്‍ത്ത പല്ലുകള്‍ കൊണ്ട് കഴുത്തില്‍ മുറിവുണ്ടാക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയാണ് പതിവ്. പക്ഷേ, ഇവിടെ വ്യത്യസ്തമായി ഒന്നു സംഭവിച്ചു. അല്പം പരിക്കേറ്റിരുന്ന മൃഗം, രണ്ട് സിംഹങ്ങള്‍ വഴിയരികില്‍ കിടന്നിരുന്നത് കണ്ടതേയില്ല. മുന്നില്‍ എത്തിയപ്പോഴാണ് സിംഹങ്ങളെ കണ്ട് ഞെട്ടിയത്. 

സിംഹം ഒറ്റച്ചാട്ടത്തിന് മൃഗത്തിന്റെ തലയ്ക്കടിച്ചു. തുടര്‍ന്ന് ആലിംഗനം ചെയ്യുന്നതു പോലെ മൃഗത്തെ തന്റെ കരവലയത്തില്‍ ഒതുക്കി നിര്‍ത്തി. പക്ഷേ, ഷോക്കേറ്റപോലെ മൃഗം കുഴഞ്ഞുവിണു. അല്പനേരം അത്ഭുതത്തോടെ മൃഗത്തെ സിംഹങ്ങള്‍ നോക്കി നിന്നു. മൃഗം ചത്തതായി ബോധ്യപ്പെടുകയും ചെയ്തു. മൃഗത്തെ പിന്നീട് സിംഹങ്ങള്‍ കീറിമുറിച്ച് തിന്നുകയും ചെയ്തു.ഈ ചിത്രം, ഇംഗ്ലണ്ടിലെ പ്രശസ്തമായ 'വുഡ്‌ലാന്‍ഡ് സ്മിത്ത് റൈസ്' സമ്മാനം ആദിത്യ ഡിക്കി സിങ്ങിന് നേടിക്കൊടുത്തു. ആഫ്രിക്ക വിഭാഗം മത്സരത്തില്‍ നിന്നാണ് സമ്മാനം. ബി.ബി.സി. വന്യജീവി ഫോട്ടോ അവാര്‍ഡ് പോലെ പ്രശസ്തമാണ് 'സ്മിത്ത് റൈസ്' അവാര്‍ഡും.