കോപ്-26 പൂർണപരാജയം -ഗ്രെറ്റ ത്യുൻബെ 
(സ്വീഡിഷ് കാലാവസ്ഥാപ്രവർത്തക)

ഗ്ലാസ്ഗോ കാലാവസ്ഥാസമ്മേളനം (കോപ്-26) പൂർണപരാജയമാണെന്നത് പരസ്യമാണ്. സാധാരണപോലെ വ്യവസായം മുമ്പോട്ടുകൊണ്ടുപോവാനുള്ള ബ്ലാ ബ്ലാ ബ്ലാ തന്നെയാണ് അവിടെയും നടന്നത്. സ്വയം നേട്ടങ്ങളുണ്ടാക്കാൻ രാഷ്ട്രത്തലവന്മാർ പഴുതുകൾ തിരയുകയാണ്. നമ്മെ ഇങ്ങനെയൊരു ദുരിതത്തിലേക്കെത്തിച്ച അതേവഴിയിലൂടെ പോയാൽ ദുരിതമില്ലാതാക്കാനാവില്ല എന്നുറപ്പാണ്. കാർബൺ അടക്കമുള്ള വാതകങ്ങളുടെ ബഹിർഗമനം എത്രയും വേഗം വെട്ടിക്കുറയ്ക്കുകയാണു വേണ്ടത്. ലോകം അക്ഷരാർഥത്തിൽ തീയിൽ പൊള്ളുന്നു. നമ്മുടെ ഭാവിയെ ഗൗരവമായി കാണുന്നുവെന്ന് ലോകനേതാക്കൾ അഭിനയിക്കുകയാണ്


ഇങ്ങനെയാകുമോ മനുഷ്യന്റെ അവസാനം -സർ ഡേവിഡ് ആറ്റൻബറോ 
(പ്രകൃതിശാസ്ത്രജ്ഞൻ)

നമ്മൾ ഇതിനകംതന്നെ കുഴപ്പത്തിലായിക്കഴിഞ്ഞു. മുമ്പെങ്ങുമില്ലാത്ത വേഗത്തിലും തോതിലും കാർബൺ അന്തരീക്ഷത്തിലേക്കെത്തുന്നു. നമ്മളെല്ലാം ആശ്രയിക്കുന്ന നാഗരികത തകരുകയാണ്. ഇങ്ങനെയായിരിക്കുമോ മനുഷ്യനെന്ന ഏറ്റവും മിടുക്കരായ ജീവിവർഗത്തിന്റെ കഥ അവസാനിക്കുക? വലിയ ലക്ഷ്യങ്ങൾക്കുപകരം അല്പായുസ്സുള്ള ലക്ഷ്യങ്ങൾ നിറവേറ്റാൻവേണ്ടി സ്വയം നശിച്ചുള്ള അവസാനം. ഈ ഗ്രഹത്തെ സംരക്ഷിക്കാനും അസ്ഥിരപ്പെടുത്താനും ഒരേപോലെ മനുഷ്യന് ശക്തിയുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടവർ വരാനിരിക്കുന്ന വിദൂരതലമുറ മാത്രമല്ല, ഇന്നു ജീവിക്കുന്ന പുതുതലമുറയും കൂടിയാണ്.


നെറ്റ് സീറോ 2070-ഓടെ -നരേന്ദ്രമോദി (പ്രധാനമന്ത്രി)

2070-ഓടെ ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോ (പുറന്തള്ളലും ഒഴിവാക്കലും തുല്യമാക്കൽ)യിലെത്തിക്കും. 2030-ഓടെ 500 മെഗാവാട്ടിന്റെ ഫോസിൽ ഇതര ഇന്ധനശേഷി കൈവരിക്കും. രാജ്യത്തെ ഫോസിൽ ഇതര ഇന്ധന ഉപയോഗം ഇക്കാലയളവിൽ പകുതിയാക്കും (50 ശതമാനം). 20 കൊല്ലംകൊണ്ട് കാർബൺ വാതക പുറന്തള്ളലിന്റെ 100 കോടി ടണ്ണിന്റെ കുറവുവരുത്തും. സാമ്പത്തികവളർച്ചയ്ക്ക് കാർബൺ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇക്കാലയളവുകൊണ്ട് 45 ശതമാനത്തിൽ താഴെയാക്കും. കാലാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ വികസിതരാജ്യങ്ങളാണ് മുൻകൈയെടുക്കേണ്ടത്. വികസ്വര രാജ്യങ്ങളെ അവർ സാമ്പത്തികമായി സഹായിക്കണം.  


ചരിത്രം നമ്മെ വിലയിരുത്തും  -ബോറിസ് ജോൺസൺ 
(ബ്രിട്ടീഷ് പ്രധാനമന്ത്രി)

കാലാവസ്ഥാവ്യതിയാനം തടയാൻ ഇപ്പോൾ മുൻകൈ എടുത്തില്ലെങ്കിൽ ഇനിയൊരിക്കലും അതിൽനിന്നൊരു മോചനമുണ്ടാകില്ല. സകലജീവജാലങ്ങളുടെയും അന്ത്യം കുറിക്കുന്ന ദുരന്തമാണത്. അതിൽനിന്നുള്ള സംരക്ഷണത്തിന് ഇന്നത്തെ നേതാക്കൾ എന്തുചെയ്തെന്ന് വരാനിരിക്കുന്ന തലമുറ വിലയിരുത്തും. നമ്മൾ പരിധിവിട്ടുകൂടാ. ഇവിടെ തോറ്റുപോയാൽ ഭാവിതലമുറ നമ്മോടു ക്ഷമിക്കില്ല. കാലാവസ്ഥാ വ്യതിയാനത്തിൽ ദുരിതമനുഭവിക്കുന്ന ഏഷ്യയിലെയും പസഫിക്കിലെയും പിന്നാക്കരാഷ്ട്രങ്ങൾക്ക് ബ്രിട്ടൻ 290 മില്യൺ പൗണ്ട് സഹായധനം നൽകും. 


എന്റെ നാട്ടുകാർ  പട്ടിണിയിൽ -എലിസബത്ത് വാതുറ്റി
 (കെനിയൻ പരിസ്ഥിതിപ്രവർത്തക)

ഞാൻ ഗ്ളാസ്‌ഗോയിലെ കോൺഫറൻസ് സെന്ററിൽ സുഖമായി ഇരിക്കുമ്പോൾ എന്റെ രാജ്യത്തെ 20 ലക്ഷത്തിലധികം ആളുകൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾകാരണം പട്ടിണിയിലാണ്. വരൾച്ചകാരണം പലർക്കും ഭക്ഷണംപോലും ലഭിക്കുന്നില്ല.


മനുഷ്യർ സ്വയം ശവക്കുഴി തോണ്ടുന്നു -അന്റോണിയോ ഗുട്ടെറസ് 
(യു.എൻ. സെക്രട്ടറി ജനറൽ)


ആർക്കും ഒളിച്ചോടാനാവില്ല -ജോ ബൈഡൻ
(യു.എസ്‌. പ്രസിഡന്റ്‌)

ശാസ്ത്രം വ്യക്തമാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ നിർണായകപതിറ്റാണ്ടാണിത്. കോവിഡ് എന്ന മഹാമാരിക്കുമുമ്പിൽ ഒരു രാഷ്ട്രത്തിനും ചുവരുകൾ അടച്ചുകെട്ടാൻ സാധിക്കാത്തതുപോലെ കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരിതങ്ങളിൽനിന്ന് ഒരു രാജ്യത്തിനും രക്ഷയില്ല. പക്ഷേ, ഒരുമിച്ചുനിന്നാൽ അതു തടയാൻ നമുക്കുമുന്നിൽ വഴികളുണ്ട്.


മീഥെയ്ൻ ബഹിർഗമനം കുറയ്ക്കാൻ സ്വന്തമായി പദ്ധതി -ഷി ജിൻപിങ്
(ചൈനീസ്‌ പ്രസിഡന്റ്‌)

മീഥെയ്ൻ ബഹിർഗമനം കുറയ്ക്കാൻ ചൈന ഒറ്റയ്ക്കൊരു പദ്ധതിയുണ്ടാക്കും. ഹരിത പരിവർത്തനം ത്വരപ്പെടുത്തുന്നതിൽ രാജ്യങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കണം. ശാസ്ത്ര-സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം. കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തിന് ജി20 രാജ്യങ്ങളാണ് നേതൃത്വം നൽകേണ്ടത്. വികസിതരാജ്യങ്ങൾ വികസ്വര-ദരിദ്ര രാജ്യങ്ങൾക്ക് സഹായധനം നൽകണം. 

തയ്യാറാക്കിയത്: ഷിനില മാത്തോട്ടത്തില്‍