ജി.എസ്. ഉണ്ണികൃഷ്ണന്‍ 

എല്ലാ വര്‍ഷവും ഒരു നിശ്ചിതസമയത്ത് കടലാമകള്‍ കേരളത്തിലെ ചില തീരപ്രദേശങ്ങളില്‍ മുട്ടയിടാന്‍ എത്താറുണ്ട്. കുറെ പരിസ്ഥിതിസ്‌നേഹികള്‍ ഈ മുട്ടകള്‍ ശേഖരിച്ച് സുരക്ഷിതമായി വിരിയിച്ച് ആമക്കുഞ്ഞുങ്ങളെ തിരികെ കടലില്‍ വിടുന്നു. കടലാമകളുടെ വംശം ക്ഷയിക്കാതിരിക്കാന്‍ മനുഷ്യന്റെ ഒരു കൈത്താങ്ങ്. പല പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവുന്ന സീഡിലെ കൂട്ടുകാര്‍ക്കും ഈ മഹത്തായ യത്‌നത്തില്‍ പങ്കെടുക്കാം. അതിനായി കടലാമകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കോളൂ...

ആമകളുടെ 'അരിബാഡ'

'അരിബാഡ' (Arribada) എന്നു കേട്ടിട്ടുണ്ടോ? പ്രകൃതിയിലെ അപൂര്‍വ പ്രതിഭാസമാണിത്. ഒഡിഷയിലെ ഗഹിര്‍മാതാ തീരത്തും റിഷികുല്യാ നദീതീരത്തും ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട കടലാമകള്‍ ആയിരക്കണക്കിന് ഒരുമിച്ച് മുട്ടയിടാനെത്തുന്ന പ്രതിഭാസമാണ് 'അരിബാഡ'. നവംബറിലാണ് ഇവ കൂട്ടമായെത്തുന്നത്. എണ്ണം ഒരു വര്‍ഷത്തില്‍ ആയിരക്കണക്കിനു മുതല്‍ അര ലക്ഷം വരെയുണ്ടാകും. 1971-ല്‍ ആറ് ലക്ഷം ആമകളെത്തിയതാണ് റെക്കോഡ്. ഒലീവ്-റിഡ്‌ലിക്കു പുറമെ പച്ച കടലാമ (Green Turtle), ഹോക്‌സ്ബില്‍ (Hawksbill) ലെതര്‍ബാക്ക് (Leatherback), ലോഗര്‍ഹെഡ് (Loggerhead) എന്നീ ഇനങ്ങളും ഇന്ത്യയില്‍ മുട്ടയിടാനെത്തുന്നു. ലോഗര്‍ഹെഡ് തമിഴ്‌നാട്ടിലെ തെക്കന്‍ തീരപ്രദേശങ്ങളിലാണ് അപൂര്‍വമായി മുട്ടയിടാനെത്തുന്നത്. ഹോക്‌സ്ബില്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും പച്ച കടലാമകള്‍ ഗുജറാത്ത്, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഒലീവ് റിഡ്‌ലി ഇന്ത്യയിലെ കിഴക്കന്‍ തീരദേശങ്ങളിലും കൂടുതലായി മുട്ടയിടാനെത്തുന്നു.

ആമകള്‍ അടവിരിയുമ്പോള്‍

seed

കോഴികള്‍ മുട്ട അടവിരിയിക്കുന്നതുപോലെയാണ് ആമമുട്ടകളും അടവിരിയുന്നത്. ഇവിടെ മണലാണ് മുട്ടകള്‍ വിരിയാന്‍ വേണ്ട ചൂട് നല്‍കുന്നതെന്നു മാത്രം. മഴ നന്നായി പെയ്താല്‍, മുട്ട വിരിയാതെ നശിച്ചേക്കും. സാധാരണ, 45 മുതല്‍ 55 ദിവസങ്ങളാണു മുട്ട വിരിയാനെടുക്കുന്നത്. 
വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങള്‍ കൂട്ടമായി പുറത്തുവരാന്‍ കാക്കാറില്ല. വിരിയുന്ന ദിവസങ്ങളില്‍ കുഴിയിലെ മണ്ണ് ഇളകുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഒന്നോ രണ്ടോ ആമകള്‍ പുറത്തു വന്നാല്‍ കുഴി സാവധാനം മാന്തി ആമക്കുഞ്ഞുങ്ങളെയെല്ലാം പുറത്തെടുക്കാം. തുടര്‍ന്ന് കടല്‍വെള്ളം അല്ലെങ്കില്‍ ഉപ്പുവെള്ളം നിറച്ച ബക്കറ്റിലോ മറ്റോ ഇവയെ നിക്ഷേപിക്കുന്നു. ഇരപിടിയന്‍മാര്‍ കുറവായതിനാല്‍ സന്ധ്യാസമയമാണ് ആമക്കുഞ്ഞുങ്ങളെ കടലില്‍ വിടുന്നതിനു യോജിച്ച സമയം. 
രാത്രി ചാന്ദ്രവെളിച്ചത്തില്‍ കടല്‍ നന്നായി തിളങ്ങുമെന്നതിനാല്‍ ആമക്കുഞ്ഞുങ്ങള്‍ അതില്‍ ആകൃഷ്ടരായി നേരെ കടലിലേക്കുതന്നെ പോകും. മനുഷ്യരാല്‍ സംരക്ഷിക്കപ്പെടാതെ സ്വാഭാവികമായി വിരിഞ്ഞ് കടലിലേക്ക് പോകുന്ന കുഞ്ഞാമകള്‍ നായ്ക്കള്‍ മുതല്‍ ഞണ്ടുകളുടെ വരെ ഭക്ഷണമായേക്കും. അതിജീവിക്കുന്നവ കടലില്‍ തങ്ങളുടെ നീണ്ട യാത്ര തുടങ്ങുന്നു. 48 മണിക്കൂറിലേറെ നീങ്ങുന്ന ഈ സാഹസിക യാത്രയില്‍ ഇവ തീറ്റപോലും കഴിക്കാറില്ല. ഇരപിടിയന്‍ പക്ഷികളും കടല്‍ജീവികളുമൊക്കെ കുഞ്ഞാമകളെ തിന്നാനും ഇടയുണ്ട്. ഇതിനെയൊക്കെ മറികടക്കുന്ന ആമക്കുഞ്ഞുങ്ങള്‍ കടല്‍പായലുകളില്‍ പറ്റിപ്പിടിച്ചു കയറുന്നു. ക്രമേണ ഇവ തീറ്റതേടല്‍ ആരംഭിക്കും. 15 മുതല്‍ 30 വര്‍ഷം വരെ കടലാമകള്‍ യാത്ര തുടരുന്നു. പ്രായപൂര്‍ത്തിയാകുന്നത് ഈ സമയത്താണ്. 

seed​ കേരളത്തിലെ അതിഥികള്‍ 
കേരളത്തില്‍ പണ്ട് പലയിനം കടലാമകള്‍ മുട്ടയിടാന്‍ എത്തിയിരുന്നുവെങ്കിലും ഇന്ന് ഒലീവ് റിഡ്‌ലി മാത്രമാണെത്തുന്നത്. കാസര്‍കോട്ടെ നീലേശ്വരത്തുള്ള തൈക്കടപ്പുറം, കോഴിക്കോട് പയ്യോളിക്കടുത്തുള്ള കൊളാവിപ്പാലം എന്നിവയാണ് ഒലീവ് റിഡ്‌ലിയുടെ പ്രധാന മുട്ടയിടീല്‍ കേന്ദ്രങ്ങള്‍. മലബാറിലെ മറ്റു തീരദേശങ്ങളില്‍ ഇവയെത്തിയിരുന്നെങ്കിലും ഇന്ന് എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 
തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അപൂര്‍വമായി കടലാമകള്‍ മുട്ടയിടാന്‍ എത്തുന്നു. 2005-നും 2011-നുമിടയ്ക്ക് കാസര്‍കോട്ടെ ചെമ്പിരിക്ക, ചിറ്റാരി പ്രദേശങ്ങള്‍, കോഴിക്കോട്ടെ കൊളാവിപ്പാലം, തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ കടപ്പുറം, എടക്കഴിയൂര്‍, ആലപ്പുഴയിലെ തോട്ടപ്പള്ളി, പുന്നപ്ര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് എറ്റവുമധികം മുട്ടയിടീല്‍ നടന്നത്.
കേരളത്തില്‍ മണ്‍സൂണ്‍ കഴിഞ്ഞ് തീരപ്രദേശങ്ങളില്‍ വെയില്‍ കായുന്ന വേളയിലാണ് ഒലീവ് റിഡ്‌ലികളെത്തുന്നത്, സപ്തംബര്‍ മുതല്‍ ഫിബ്രവരി വരെ. അദ്ഭുതകരമായ ഒരു കാര്യം കൂട്ടുകാര്‍ക്കറിയാമോ? ഓരോ കടലാമയും അതു വിരിഞ്ഞിറങ്ങിയ തീരദേശം തന്നെയാണ് മുട്ടയിടാന്‍ തിരഞ്ഞെടുക്കുന്നത്. ആയിരക്കണക്കിനു കിലോമീറ്റര്‍ ആഴക്കടലിലൂടെ നീന്തി അമ്മയുടെ മണമുള്ളയിടത്തുതന്നെ ഇവ എങ്ങനെ എത്തുന്നുവെന്നത് ശാസ്ത്രത്തിന് ഇനിയും പൂര്‍ണമായി കണ്ടെത്താനായിട്ടില്ല. 

SEEDരക്ഷിക്കാം കടലാമകളെ

തങ്ങളുടെ വര്‍ഗത്തെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഏറെ പ്രയാസപ്പെട്ട് കടലാമകള്‍ തീരപ്രദശേങ്ങളിലെത്തുന്നത്. എന്നാല്‍ മനുഷ്യര്‍ ഇവയുടെ നിലനില്‍പ്പിന് പല ഭീഷണികളുയര്‍ത്തുന്നുണ്ട്. തീരത്തെ മണല്‍തിട്ടകളും മണല്‍പരപ്പുകളുമാണ് ഇവയുടെ മുട്ടയിടീല്‍ കേന്ദ്രങ്ങള്‍. കടല്‍ഭിത്തി നിര്‍മാണവും മണല്‍വാരലുമൊക്കെ ഈ തിട്ടകളെയും മറ്റും അപ്രത്യക്ഷമാക്കുന്നു. ആമകളുടെ വരവ് കുറയാന്‍ ഇതു കാരണമാകും. 
മാതൃതീരത്തെ നേരിയ മാറ്റംപോലും തിരിച്ചറിയാന്‍ ആമകള്‍ക്കു കെല്‍പ്പുണ്ട്. റിസോര്‍ട്ടുകളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളുമുണ്ടാക്കുന്ന കൂടിയതോതിലുള്ള വെളിച്ചവും ശബ്ദവും മാതൃതീരത്തെ സംബന്ധിച്ച് ആമകളില്‍ ആശയക്കുഴപ്പമുണ്ടാക്കും, ഭയപ്പാടും. ആമമുട്ടകള്‍ ശേഖരിച്ച് തിന്നുന്നവര്‍ ഇന്നുമുണ്ടെന്നതാണു മറ്റൊരു ദുര്യോഗം. ആമയിറച്ചിയും മുട്ടയും ആസ്തമയെ ശമിപ്പിക്കുമെന്ന തെറ്റായ ധാരണയും ആള്‍ക്കാര്‍ക്കുണ്ട്. ബോധവത്കരണവും കര്‍ശനമായ നിയമനിര്‍വഹണവുംകൊണ്ടേ ഇൗ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനാവൂ.

തീരത്തെ അമ്മത്തൊട്ടില്‍

SEED
രാത്രി, വേലിയേറ്റത്തിനും വേലിയിറക്കിത്തിനും ഇടയ്ക്കുള്ള വേളയിലാണ് ആമകള്‍ മുട്ടയിടാന്‍ കരയില്‍ കയറുന്നത്. വാവ് ദിവസങ്ങളില്‍ ഇവ കൂടുതലായെത്തും. രാത്രി ഏഴു മണിമുതല്‍ വെളുപ്പിനുവരെ കടലാമകള്‍ തീരത്തു കയറുന്നു. ഒറ്റയ്‌ക്കൊറ്റക്കാണ് ഇവയുടെ വരവ്. വേലിയേറ്റസമയത്ത് വെള്ളം കയറാത്ത ദൂരത്താണ് ഇവ മുട്ടയിടുക. ആദ്യമായി പിന്‍ കാലുകള്‍ ഉപയോഗിച്ച് മണല്‍ വകഞ്ഞു മാറ്റുന്നു. ഇങ്ങനെ രണ്ടടിയോളം ആഴത്തിലും ചുറ്റളവിലും മണലില്‍ കുഴിയുണ്ടാക്കും. ഇതില്‍ ഒരാമ 60 മുതല്‍ 150 മുട്ടകള്‍വരെ ഇടുന്നു. അതുകഴിഞ്ഞ് മുന്‍തുഴകള്‍ ഉപയോഗിച്ച് മണ്ണ് തെറിപ്പിച്ച് കുഴി മൂടും. ശരീരം അമര്‍ത്തി കുഴി ഉറപ്പിക്കുന്നതോടെ മുട്ടയിട്ടതിന്റെ യാതൊരു ലക്ഷണവും പുറമേ കാണില്ല. അതുകഴിഞ്ഞാല്‍ പെണ്ണാമകള്‍ കടലിലേക്കു മടങ്ങുന്നു. ഈ മുട്ടകള്‍ അങ്ങനെ കിടന്നാല്‍ പട്ടിയും കുറുക്കനുമൊക്കെ മാന്തിയെടുക്കാന്‍ സാധ്യതയുണ്ട്. ഇതു തടയാന്‍ പരിസ്ഥിതി സ്‌നേഹികള്‍ ഇവ ശേഖരിക്കും. ആമ, തീരത്തു ഇഴഞ്ഞു കയറിയതും മുട്ടയിട്ട ശേഷം തിരികെ പോയതുമായ അടയാളം മണലില്‍ നിരീക്ഷിക്കുന്നു. തുടര്‍ന്ന് മുട്ടയിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കമ്പ് ഉപയോഗിച്ച് സാവധാനം കുത്തി നോക്കും. മണ്ണ് ലോലമാണെങ്കില്‍ ശ്രദ്ധയോടെ കുഴിച്ച് മുട്ടകളും ചുറ്റുമുള്ള വഴുവഴുത്ത ദ്രാവകവും ബക്കറ്റിലോ മറ്റോ ശേഖരിക്കുന്നു. ഇവയെ കുറുക്കനും നായയുംമറ്റും കയറാത്ത വിധം വേലികെട്ടിത്തിരിച്ച ഹാച്ചറികളില്‍വെച്ചാണ് വിരിയിക്കുക. തീരത്തെ മണല്‍പരപ്പുതന്നെയാണ് കെട്ടിത്തിരിച്ച് ഹാച്ചറിയാക്കുന്നത്. ഇവിടെ രണ്ടടി ആഴത്തിലും ചുറ്റളവിലും കുഴിയുണ്ടാക്കി മുട്ട അതില്‍ നിക്ഷേപിച്ച് മൂടുന്നു. 

ഒലീവ് റിഡ്‌ലി

SEEDകടലാമകളില്‍  ഏറ്റവും ചെറിയ ഇനം. പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ സമുദ്രങ്ങളില്‍ കാണപ്പെടുന്നു. വംശനാശ സാധ്യതയുള്ളത് (Vulnerable). 2 അടി നീളവും 50 കിലോ വരെ ഭാരവും വെക്കുന്നു. ഒലീവ് നിറമാണ്. ജെല്ലിമത്സ്യം,  കൊഞ്ച്, ഒച്ച്, ഞണ്ട്, മത്സ്യങ്ങള്‍ തുടങ്ങിയവയാണ് ഇവയുടെ  ഭക്ഷണം.

SEED

സീഡിനൊപ്പം അണിചേരാം

മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയാണ് കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍. വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തില്‍ പങ്കാളികളാകുക എന്ന വലിയൊരു ദൗത്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കടലാമകള്‍ വരുന്ന കടല്‍ത്തീരങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെ സീഡ് വിദ്യാര്‍ഥികള്‍ കടലാമയുടെ മുട്ടകള്‍ കണ്ടെത്തുകയും അവ വിരിയിച്ച് കടലാമകളെ തിരിച്ച് കടലിലേക്ക് വിടുകയും ചെയ്യുന്ന പദ്ധതിയാണിത്.  കൂട്ടുകാര്‍ക്കും ഈ പദ്ധതിയില്‍ പങ്കാളികളാകാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

  •      കടലാമകള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളാണെന്നും അവയുടെ നിലനില്‍പ്പിനു തീരപ്രദേശങ്ങളിലെ മുട്ടയിടീല്‍ കൂടിയേതീരൂവെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുക.
  •      കടലാമകളുടെ മുട്ട ശേഖരിച്ചു തിന്നുന്നതും അവയെ പിടിച്ച് കശാപ്പു ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് പറഞ്ഞു മനസ്സിലാക്കുക.
  •      ലഘുലേഖകള്‍, ഡോക്യുമെന്ററികള്‍, യോഗങ്ങള്‍ എന്നിവയിലൂടെയും ഗൃഹസമ്പര്‍ക്കത്തിലൂടെയും ജനങ്ങളെ കടലാമ സംരക്ഷകരാക്കുക.
  •      അതിരാവിലെ കടല്‍തീരം നിരീക്ഷിച്ച് കടലാമയുടെ മുട്ടിയിടീല്‍ സ്ഥലങ്ങള്‍ കണ്ടെത്തി, മുട്ട ശേഖരിച്ച് സുരക്ഷിതമായി വിരിയിച്ച് കടലില്‍വിടുന്നതിന് പരിസ്ഥിതി സ്‌നേഹികളെ സഹായിക്കുക.
  •      കടലാമകളുടെ ചിത്രങ്ങള്‍, അവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍, ലേഖനങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി സ്‌കൂളുകളില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുക.
  •      കടലാമ മുട്ടയിടുന്ന കടല്‍തീരങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുരാത്രി ക്യാമ്പ് സംഘടിപ്പിക്കുക. കടലാമസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കടല്‍തീരങ്ങളില്‍ രാത്രി ഒരു പട്രോളിങ് ഗ്രൂപ്പും ഉണ്ടാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 9656000701

കടലില്‍നിന്നുള്ള വിരുന്നുകാര്‍ക്ക്  സീഡിന്റെ കൈത്താങ്ങ്

'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' ഇന്നുമുതല്‍

കോഴിക്കോട്: മുട്ടയിടാനായി   കരയിലെത്തുന്ന കടലാമകളുടെ  അതിജീവനത്തിന്  ഇനി 'മാതൃഭൂമി' സീഡിന്റെ കൈത്താങ്ങ്. 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' എന്ന പദ്ധതിക്ക് ശനിയാഴ്ച കണ്ണൂരില്‍ തുടക്കമായി. മരക്കാപ്പ് കടപ്പുറം ജി.എഫ്.എച്ച്.എസ്സില്‍ പ്രൊഫ. അംബികാസുതന്‍ മാങ്ങാട് പദ്ധതി ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച കോഴിക്കോട്ടും തൃശ്ശൂരും സമാനമായ പരിപാടികള്‍ ഉണ്ടാകും.
കടലാമമുട്ടകള്‍ കണ്ടെത്തി ശേഖരിച്ച്, മുട്ടവിരിഞ്ഞുണ്ടാകുന്ന ആമക്കുഞ്ഞുങ്ങളെ തിരിച്ച് കടലിലേക്ക് അയയ്ക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം. കടലാമയെയോ അവയുടെ മുട്ടകളോ കണ്ടെത്തിയാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട സന്നദ്ധപ്രവര്‍ത്തകരെ അറിയിക്കാം.  സംസ്ഥാനവനംവകുപ്പും ഈ പദ്ധതിക്കൊപ്പമുണ്ട് 
 കടലാമകള്‍ വംശനാശം നേരിടുന്നു എന്ന തിരിച്ചറിവാണ് സീഡിനെ ഇത്തരം ഒരു പദ്ധതി രൂപവത്കരണത്തിലേക്ക് നയിച്ചത്. 

seed
കടലാമയെക്കാരു താരാട്ട് മാതഭൂമി സീഡിന്റെ കടലാമ സംരക്ഷണ പരിപാടിയില്‍ നീലേശ്വരം: തൈക്കാപ്പ് കടപ്പുറത്ത് നൈയ്ത്ത് പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ ക്ലാസെടുക്കുന്നു
seed
മാതൃഭൂമി സീഡിന്റെ കാലാമയെക്കാരു താരാട്ട് ദൗത്യത്തിന്റെ പരിശീലന പരിപാടി കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്ത് അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു