രാജ്യം വരൾച്ചയിലേക്കോ?

രാജ്യത്ത് ആകെ ലഭിക്കേണ്ട കാലവർഷത്തിൽ 44 ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ പലയിടത്തും ജലവിതരണം നിലച്ചിരിക്കുന്നു. ജാർഖണ്ഡ്, ബിഹാർ, ഒഡിഷ എന്നിവിടങ്ങൾ ഉഷ്ണതരംഗത്തിന്റെ ആഘാതത്തിലാണ്. ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും ജലസംഭരണികളിൽ കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും കുറഞ്ഞ അളവാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ജലകമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.

ജൂൺ പകുതിയോടെ ഇന്ത്യയുടെ പകുതിഭാഗത്ത് എത്തിച്ചേരേണ്ട മഴ, ഇപ്പോഴും കേരളത്തിലും കർണാടകയിലും മാത്രമേ എത്തിയിട്ടുള്ളൂ. മഹാരാഷ്ട്ര-ഗുജറാത്ത് മേഖലകളിൽ ഇടയ്ക്കു പെയ്തത് ‘വായു’ ചുഴലിക്കാറ്റ് മൂലമുള്ള മഴയാണ്. രാജ്യത്തെ അരി, ഗോതമ്പ്, കരിമ്പ്, എണ്ണക്കുരു തുടങ്ങിയവയുടെ വിളവ് കാലവർഷത്തെ അനുസരിച്ചിരിക്കുമെന്നതും ഈ സാഹചര്യത്തിൽ എടുത്തുപറയേണ്ടതാണ്.

വൈകിയാലും കുറയില്ല

rain mapജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷത്തിന്റെ അളവ് കണക്കുകൂട്ടുന്നത്. നിലവിൽ കാലവർഷത്തിനു ക്ഷാമം തന്നെയാണെന്ന് അധികൃതർ സമ്മതിക്കുമ്പോഴും 2019-ലെ കാലവർഷത്തിന്റെ ആകെയുള്ള അളവിൽ കുറവുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തറപ്പിച്ചുപറയുന്നു. 2016-ലും കാലവർഷം വൈകിയിരുന്നെന്നാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
‘വായു’ ചുഴലിക്കാറ്റ് ഉൾപ്പെടെ പ്രാദേശികമായ പല ഘടകങ്ങൾ ചേർന്നതാണ് വൈകലിന് കാരണം. തെക്കുപടിഞ്ഞാറുനിന്നുള്ള കാറ്റ് ഇപ്പോൾ ശക്തിപ്പെട്ടിട്ടുണ്ട്. വടക്കൻബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്ച ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ കാലവർഷം സജീവമാകും. അതോടെ കേരളത്തിന്റെ എല്ലാ മഴക്ഷാമവും പരിഹരിക്കപ്പെടും -അധികൃതർ വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ ഏക സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് ശരാശരിയിൽ താഴെ മാത്രം മഴയാണ് ഈ കാലവർഷത്തിൽ പ്രവചിച്ചിരിക്കുന്നത്.

അണക്കെട്ടിന്റെ കണക്കുകൾ

ജൂൺ 10 മുതൽ 20 വരെയുള്ള കണക്കെടുത്താൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിലെ അണക്കെട്ടുകളിൽ ഏറ്റവും കുറഞ്ഞ ജലശേഖരം രേഖപ്പെടുത്തിയിരിക്കുന്നത് 2017-ലും 2019-ലുമാണ്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് ആവശ്യത്തിന് മഴ പെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണഅധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും അവിടെ മഴ കുറവാണെന്ന് കെ. എസ്.ഇ.ബി. ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകളിൽ നീരൊഴുക്ക് വളരെ കുറവാണ്. ജൂൺ 20-ലെ കണക്കിൽ സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം കൂടി 468 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള ജലമാണുള്ളത്. കഴിഞ്ഞവർഷം ഇതേ സമയത്ത് 1713 ദശലക്ഷം യൂണിറ്റിനുണ്ടായിരുന്ന സ്ഥാനത്താണിത്.

rain keralaമഴകുറയാനുള്ള കാരണങ്ങൾ
നമ്മുടെ കാലവർഷത്തിന്റെ ഫ്ളാഗ് ഓഫ് നടക്കുന്ന മഡഗാസ്കർ ദ്വീപിന്റെ സമീപപ്രദേശത്ത് ന്യൂനമർദം ഉണ്ടാകാൻ വൈകി. വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ഉണ്ടായാലേ തെക്കുപടിഞ്ഞാറുനിന്നുള്ള കാറ്റ് ശക്തമാകുകയുള്ളൂ. അപ്പോൾ മാത്രമേ കാലവർഷം ശക്തമാകൂ. അത് വൈകി. അറബിക്കടലിൽനിന്ന് വരേണ്ട കാറ്റിനെ  ‘വായു’ ചുഴലിക്കാറ്റ് വിഴുങ്ങി.

പശ്ചിമഘട്ടത്തെ മറക്കരുത് - ഡോ. മാധവ്‌ ഗാഡ്ഗിൽ

  • കാലവർഷം വൈകാൻ കാരണം കാലാവസ്ഥാവ്യതിയാനമാണോ?
  •  ആഗോളതാപനത്തെ തുടർന്ന് തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നടന്നുവരുന്നുണ്ട്. ഞാൻ താമസിക്കുന്ന മഹാരാഷ്ട്രയിൽ ഉൾപ്പെടെ വലിയ ജലക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതേസമയം കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഒരിക്കലും നമുക്ക്  ഉറപ്പ്‌ പറയാനാവില്ല. കാത്തിരുന്നു തന്നെ കാണാം.
  • പശ്ചിമഘട്ടം കാലവർഷത്തെ എത്രത്തോളം സഹായിക്കുന്നുണ്ട്?
    തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിനെ പശ്ചിമഘട്ടം തടഞ്ഞുനിർത്തിയാണ് കേരളം മുതൽ കൊങ്കൺ തീരം വരെ മഴ പെയ്യിക്കുന്നത്. പശ്ചിമഘട്ടത്തിലെ വനനശീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഈർപ്പമുള്ള ഭൂപ്രദേശങ്ങൾ കുറയാൻ കാരണമാകും. സൂര്യപ്രകാശം പ്രതിഫലിക്കുന്ന പ്രതലത്തിലുണ്ടാകുന്ന ഈ മാറ്റം കാലവർഷത്തെ പ്രതികൂലമായി ബാധിക്കും.
  • പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ട് നടപ്പാക്കുന്ന തുമായി ബന്ധപ്പെട്ടുള്ള പുരോഗതികൾ അന്വേഷിക്കാറുണ്ടോ? അപകടകാരിയായ ആത്മാർഥതയുള്ള വ്യക്തി' എന്ന നിലയ്ക്കാണ് സർക്കാർ 2012-ൽ എന്നെ ഔദ്യോഗികസ്ഥാനത്തുനിന്ന് മാറ്റിയത്. മറ്റ് താത്പര്യങ്ങളുടെ മേൽ ഞങ്ങളുടെ റിപ്പോർട്ട് ഒഴിവാക്കപ്പെടുകയായിരുന്നു. ഇപ്പോൾ ഒരു സാധാരണ പൗരനെന്ന നിലയ്ക്ക് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഞാൻ അന്വേഷിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരണം.

rain kerala

''കാലവർഷം പുരോഗമിച്ചുതുടങ്ങിയിട്ടുണ്ട്. കേരള, കർണാടക, കൊങ്കൺ തീരങ്ങളിൽ നല്ല മഴ ലഭിച്ചുതുടങ്ങി. ആറുമാസത്തോളം സുലഭമായി മഴ ലഭിക്കുന്ന കേരളത്തിന് ഇപ്പോൾ പരിഭ്രമിക്കാനൊന്നുമില്ല. 45 ദിവസം മാത്രം മഴപെയ്യുന്ന രാജസ്ഥാനോ മറ്റോ ആണെങ്കിൽ ആശങ്ക പറയാമായിരുന്നു’’- ഡോ. കെ. ജെ. രമേശ്, ഡയറക്ടർ ജനറൽ, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ്‌

(കടപ്പാട്‌: IMD, State Load Dispatch Centre)

 

Content Highlights: rain statistics in india